ന്യൂസ് അപ്ഡേറ്റ്സ്

എന്താണ് മലയാളിയുടെ പ്രശ്നം? ഡോ. എന്‍.എം മുഹമ്മദലി സംസാരിക്കുന്നു

പ്രശസ്ത മനോരോഗ ചികിത്സാ വിദഗ്ധനും എഴുത്തുകാരനും കെജിഒഎ മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന ഡോ. എന്‍ എം മുഹമ്മദലി (74) അന്തരിച്ചു.

കൊടുങ്ങല്ലുരിലെ അഴിക്കോട് 1942 നവംബര്‍ 13ന് എന്‍ കെ മുഹമ്മദ് കുട്ടിയുടേയും കെ കെ കുഞ്ഞാച്ചുമ്മയുടേയും മകനായി ജനിച്ച മുഹമ്മദാലി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് 1967 എംബിബിഎസ് നേടി. 1974ല്‍ റാഞ്ചിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയില്‍നിന്ന് മനോരോഗ ചികില്‍സയില്‍ ബിരുദാനന്തര ബിരുദം നേടി. 97 ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു.

മനശാസ്ത്രം മനസിന്റെ കാണാരോഗം, താളം തെറ്റിയ ജീവിത കഥകള്‍( അനുഭവ കുറിപ്പുകള്‍). ആത്മാവിലെ ഇരുട്ടും വെളിച്ചവും (നോവല്‍), നീലകുറിഞ്ഞി വീണ്ടും പൂക്കും (നോവല്‍),ഫ്രോയിഡിന്റെ ജീവിത കഥ, പരവ്വതാനിനകള്‍ വിരിക്കുന്നവര്‍, ശവമുറിയിലെ ജോലി (കഥകള്‍) മുഹമ്മദ് എന്ന മനുഷ്യന്‍, മതവും മനുഷ്യനും എന്നിവയാണ് പ്രധാന കൃതികള്‍.

അഴിമുഖം സീനിയര്‍ എഡിറ്റര്‍ സാജു കൊമ്പന്‍ ഡോ. എന്‍ എം മുഹമ്മദാലിയുമായി നടത്തി 2014 ജൂലൈ 13നു പ്രസിദ്ധീകരിച്ച അഭിമുഖം ആദരസൂചകമായി ഞങ്ങള്‍ പുനപ്രസിദ്ധീകരിക്കുന്നു.

സാജു കൊമ്പന്‍: മലയാളികള്‍ പൊതുവെ കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മനശാസ്ത്രജ്ഞനെന്ന നിലയില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തനാനുഭവത്തില്‍ നിന്ന് താങ്കള്‍ നിരീക്ഷിക്കുന്നതെന്താണ് ? 
ഡോ: എന്‍ എം മുഹമ്മദലി : മലയാളികള്‍ മാത്രമല്ല. പൊതുവെ ലോകത്തിലുള്ള ഒരുപാട് സമൂഹങ്ങള്‍ വളരെയധികം മാനസിക സമ്മര്‍ദ്ദത്തിലാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ഒരു മത്സരത്തില്‍ പങ്കെടുത്താലെ സാധിക്കൂ എന്ന അവസ്ഥ വന്നിട്ടുണ്ട്. കേരളത്തില്‍ ഈ മത്സരത്തിന്റെ ശക്തി കൂടുതലാണ്. നമ്മള്‍ നേടിയിട്ടുള്ള വിദ്യാഭ്യാസ പുരോഗതിയാണ് പ്രധാന കാരണം. ജീവിത മാര്‍ഗ്ഗം കണ്ടെത്തുന്നതിലുള്ള മത്സരം വലിയ മാനസിക സമ്മര്‍ദ്ദത്തിലേക്കു മലയാളിയെ നയിച്ചിട്ടുണ്ട്. മനുഷ്യനെ കരുക്കളാക്കി മാറ്റുന്ന കമ്പോള സമ്പദ്വ്യവസ്ഥയാണ് ഈ സ്ഥിതിവിശേഷത്തിന്റെ അടിസ്ഥാന കാരണം. വ്യവസായ വിപ്ളവത്തിന്റെ കാലം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ നമുക്കിത് മനസിലാകും. സമ്പദ്വ്യവസ്ഥയുടെ വികസനത്തിന് വേണ്ടിയാണ് യന്ത്രങ്ങള്‍ കണ്ടുപിടിച്ചത്. ഉത്പാദനം വര്‍ദ്ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. ചാര്‍ളി ചാപ്ളിന്റെ മോഡേണ്‍ ടൈംസില്‍ യന്ത്രത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്ന മനുഷ്യനെ കാണിക്കുന്നുണ്ട്. പുതിയ ഡിജിറ്റല്‍ സങ്കേതിക വിദ്യയുടെ കാലത്തും മനുഷ്യനും തൊഴിലിടങ്ങളും തമ്മിലുള്ള ബന്ധവും പഴയതിന്റെ ഏറ്റവും സങ്കീര്‍ണ്ണമായ തുടര്‍ച്ചയാണ്. മനുഷ്യന്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളെ സമൂഹത്തില്‍നിന്നു അടര്‍ത്തിയെടുത്ത് പരിശോധിക്കാന്‍ കഴിയില്ല. സമൂഹത്തില്‍തന്നെയാണ് അതിന്റെ വേരുകള്‍ കിടക്കുന്നത്.

സാ: വിദേശ രാജ്യങ്ങളിലേക്കുള്ള മലയാളിയുടെ ഒഴുക്കും പണത്തിന്റെ വല്ലാത്ത രീതിയിലുള്ള വരവുമാണോ മലയാളിയെ മാറ്റിമറിച്ചത്?
ഡോ: പണത്തിന്റെ വരവ് ഏതു കാലഘട്ടത്തിലായാലും ഏതു രീതിയിലായലും സമൂഹത്തെ മാറ്റിമറിക്കും. തൊഴില്‍ തേടിയുള്ള മലയാളിയുടെ യാത്ര വളരക്കാലം മുന്‍പ് തന്നെ തുടങ്ങിയതാണ്. കൊളംബ്, സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു ആദ്യ കാലങ്ങളില്‍ പോയിരുന്നത്. പിന്നീടാണ് ഗള്‍ഫിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ ഇത് മാറ്റിമറിച്ചു. പണത്തിന്റെ വന്‍പിച്ച ഒഴുക്കുണ്ടായി.അനിയന്ത്രിതമായ പണം ചിലവഴിക്കല്‍ സമൂഹത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ഗള്‍ഫില്‍ പോകാന്‍ കഴിയാത്തവര്‍ക്കും അവരുടെ ജീവിത നിലവാരത്തിനൊപ്പം ഉയരാന്‍ കഴിയാത്തവര്‍ക്കും ഇത് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കി. മറ്റ് ദേശങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്നവരുടെ കുടുംബങ്ങളിലുണ്ടാകുന്ന വേര്‍പെടലിന്റെ സംത്രാസം(Seperation Anxiety) മറ്റൊരു വശത്തുണ്ട്. ഇതൊരു മാനസിക രോഗാവസ്ഥയല്ല. ചിലരൊക്കെ ഇതിനെ ഗള്‍ഫ് സിന്‍ഡ്രോം എന്ന് തെറ്റായി വിളിക്കുന്നത് കാണാം. പൊതുവെ അസ്ഥിരമായ ഒരു ജീവിതാവസ്ഥ പ്രവാസജീവിതം കേരള സമൂഹത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ അസ്ഥിരതയാണ് ആകുലത സൃഷ്ടിക്കുന്നത്. കുറച്ചുകൂടി ആഴത്തില്‍ ചിന്തിച്ചാല്‍ കമ്പോള സമ്പദ്വ്യവസ്ഥയും അതിന്റെ ഫലമായുണ്ടാകുന്ന ആഗോളീകരണവും കൊളോണിയലിസത്തിന്റെ പുതിയ രൂപവും ഭാവവുമാണ്.

സാ: ഈ മാനസിക സമ്മര്‍ദ്ദമാണോ കുറുക്കു വഴിയിലൂടെ പണമുണ്ടാക്കണമെന്ന ആഗ്രഹത്തിലേക്കു മലയാളിയെ നയിച്ചത് ?
ഡോ: തീര്‍ച്ചയായിട്ടും. കമ്പോള സമ്പദ്വ്യവസ്ഥ സമൂഹത്തില്‍ വളരെയധികം പണം ഒഴുക്കുന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയിട്ടുണ്ട്. ഭീമമായ നിക്ഷേപങ്ങള്‍ കൂടാതെ താഴെ തട്ടിലും പണത്തിന്റെ ഒഴുക്ക് യഥേഷ്ടം നടക്കുന്നുണ്ട്. സ്വാഭാവികമായും കൂടുതല്‍ പണം വേണമെന്ന തോന്നലാണ് മഹാഭൂരിപക്ഷം ജനങ്ങള്‍ക്കുമുള്ളത്. പല തലങ്ങളിലൂടെ മനുഷ്യന്റെ മനസില്‍ പുതിയ പുതിയ ആവശ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മൊബൈല്‍ഫോണിന്റെ പരസ്യങ്ങള്‍ തന്നെ നോക്കുക. സാധാരണക്കാരന് ആശയവിനിമയ ഉപാധി മാത്രമായിരുന്ന മൊബൈല്‍ഫോണ്‍ ഇന്ന് ആഡംബര ചിഹ്നമായി മാറിയിരിക്കുന്നു. ഒരു കാറെങ്കിലും ഇല്ലാത്ത ഇടത്തരം കുടുംബം പോലും ഇല്ല. ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് ചിന്തിക്കാന്‍പോലും കഴിയാത്ത കാര്യമാണിത്. പെട്ടെന്ന് പണം സമ്പാദിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. കരം കൊടുക്കുന്നത് തെറ്റെല്ലയെന്ന മാനസികാവസ്ഥ (Tax evasion mentality) പോലെ കുറുക്കു വഴികളിലൂടെ പണം ഉണ്ടാക്കുന്നതില്‍ ആര്‍ക്കും കുറ്റബോധം തോന്നുന്നില്ല. ഈ മാനസികാവസ്ഥ സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനു കാരണമാകുന്നു. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന പല സംഭവങ്ങളുടെയും മനശാസ്ത്രതലം ഇതാണ്.

സാ: മലയാളി വിദ്യാഭ്യാസപരമായി ഏറെ പുരോഗമിച്ചുവെന്ന് പറയുമ്പോഴും മൂന്നു ലക്ഷം ആസ്തിയുള്ള സോളാര്‍ കമ്പനിയാണ് ഇത്രയേറെ വിദ്യാസമ്പന്നരെ പറ്റിച്ചിരിക്കുന്നത് എന്നത് ആശ്ചര്യകരമല്ലേ?
ഡോ: വിദ്യാഭ്യാസം വര്‍ദ്ധിച്ചുവെന്ന് പറയുമ്പോള്‍ മനുഷ്യരുടെ ത്യാജ്യ ഗ്രാഹ്യ ബോധം വര്‍ദ്ധിച്ചുവെന്ന് അര്‍ഥമില്ല. പൊതുവിദ്യാഭ്യാസം ഉണ്ടാകുമ്പോള്‍ വ്യക്തിയുടെ യുക്തിബോധം വര്‍ദ്ധിക്കും എന്ന ധാരണയാണ് പൊതുവേയുള്ളത്. ഒരു വ്യക്തിയില്‍ യുക്തിചിന്ത പ്രബലമാകണമെങ്കില്‍ മറ്റ് ചില വിചിന്തനങ്ങളുടെയും ആവശ്യമുണ്ട്. കാര്യകാരണ ചിന്ത വളര്‍ത്തിയെടുക്കാത്ത വ്യക്തികള്‍ വളരെ വേഗം ഇത്തരം പ്രചരണങ്ങള്‍ക്ക് അടിപ്പെട്ടുപോകും. ഇതിനെ മനശാസ്ത്രത്തില്‍ വശഗത്വം (Suggestibility) എന്നു പറയും. ഉദാഹരണമായി സോപ്പിന്റെ പരസ്യം തന്നെ നോക്കുക.ഏതെങ്കിലും സോപ്പ് ഉപയോഗിച്ച് കുളിച്ചാല്‍ സൌന്ദര്യം വര്‍ദ്ധിക്കുമെന്നു ആരെങ്കിലും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. പരസ്യങ്ങളുടെ വശഗത്വമാണ് നമ്മളെക്കൊണ്ട് അങ്ങിനെ വിശ്വസിപ്പിക്കുന്നത്. ഈ വശഗത്വത്തിന്റെ തന്ത്രമാണ് സരിത നായരെപോലുള്ളവര്‍ സാമ്പത്തിക തട്ടിപ്പിന് ഉപയോഗിക്കുന്നത്. അധികാര കേന്ദ്രങ്ങളിലെ തന്റെ സ്വാധീനം പ്രദര്‍ശിപ്പിച്ചാണ് അവര്‍ തന്റെ കമ്പനിയിലേക്ക് നിക്ഷേപം ആകര്‍ഷിച്ചത്.

സാ: ഒന്നുകില്‍ സരിത നായര്‍ അല്ലെങ്കില്‍ ശാലു മേനോന്‍. എന്തുകൊണ്ടാണ് സ്ത്രീകള്‍ വാര്‍ത്തകളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളാകുന്നത് ?
ഡോ: വശഗത്വവും സ്ത്രീകളും തമ്മില്‍ സ്വാഭാവികമായും ബന്ധമുണ്ട്. മാധ്യമങ്ങള്‍ പ്രയോഗിക്കുന്നതും ഇതേ തന്ത്രമാണ്. എന്തിനാണ് പരസ്യങ്ങളില്‍ സെക്‌സ് വളരെ നിഗൂഡമായി ഉള്‍പ്പെടുത്തുന്നത്. ഇത്തരം പരസ്യം കാണുന്ന ഒരാളുടെ ഉപബോധ മനസ് അത് പിടിച്ചെടുക്കുകയും അതിനോട് വൈകാരികമായ അടുപ്പം തോന്നുകയും ചെയ്യും. ഇതാണ് സെക്‌സിന്റെ മാസ്മരികത. അത് നിഷേധിക്കാന്‍ കഴിയില്ല. എല്ലാ ജീവജാലങ്ങളുടെയും ആനന്ദകരമായ അവസ്ഥയാണ് സെക്‌സ്. സെക്‌സിന്റെ പൂരണം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനുഷ്യര്‍ ആഗ്രഹിക്കുന്നുണ്ട്. സ്ത്രീകളെ വാര്‍ത്തകളുടെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ടിക്കുന്നതിനു പിന്നിലും പരസ്യങ്ങളില്‍ സ്ത്രീ ശരീരങ്ങളെ പ്രദര്‍ശിപ്പിപ്പിക്കുന്നതിന് പിന്നിലുമുള്ള കാരണമിതാണ്.

സാ: അതുപോലെ തന്നെ വിശകലനം ചെയ്യപ്പെടേണ്ട ഒന്നല്ലേ വര്‍ദ്ധിച്ചുവരുന്ന ഒളിഞ്ഞുനോട്ട മാനസികാവസ്ഥ?
ഡോ: മറ്റുള്ളവരുടെ സ്വകാര്യങ്ങള്‍ അറിയാനുള്ള ആഗ്രഹം മനുഷ്യസഹജമാണ്. ഒരു നോവല്‍ നമ്മളാസ്വദിക്കുന്നത് അതില്‍ മറ്റൊരാളുടെ ജീവിതം ഉള്ളതുകൊണ്ടാണ്. മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയായതു കൊണ്ടാണ് പലപ്പോഴും ഈ ആഗ്രഹം പരിധിവിടാതെ മാന്യമായി സംരക്ഷിക്കുന്നത്. എന്നാല്‍ ദൃശ്യ മാധ്യമങ്ങളുടെ അതിപ്രസര കാലത്ത് മറ്റുള്ളവരുടെ സ്വകാര്യത അറിയാനുള്ള ആഗ്രഹം എല്ലാ പരിധികളും ലംഘിച്ചു അന്യരുടെ ലൈംഗിക പെരുമാറ്റങ്ങള്‍ കാണാനുള്ള ത്വരയായി പരിണമിച്ചിട്ടുണ്ട്. ഒളി ക്യാമറകള്‍, മൊബൈല്‍ഫോണ്‍ ക്യാമറകള്‍ എന്നിവ ഉപയോഗിച്ച് സ്വകാര്യകതകള്‍ പകര്‍ത്തുന്നതും അതുപയോഗിച്ചു ഭിഷണിപ്പെടുത്തി പണം ഉണ്ടാകുന്നാതും ഇതിന്റെ പരിണതഫലമാണ്. പോര്‍ണോഗ്രഫി വലിയൊരു കാന്‍സറായി വളര്‍ന്നുകൊണ്ടിരിക്കുന്നത് കാണാതിരുന്നുകൂടാ. ഇതിനെ പ്രതിരോധിക്കാന്‍ കുറുക്കുവഴികളൊന്നുമില്ല. പ്രത്യായനം ചെയ്തുകൊണ്ട് അതായത് നിരന്തരമുള്ള ആവര്‍ത്തനങ്ങളിലൂടെ ശരി – തെറ്റ് ചിന്ത വളര്‍ത്തിയെടുക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ.

സാ: സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം വര്‍ദ്ധിച്ചുവരുന്ന സാഹചര്യവും ഇതോടൊപ്പം ചേര്‍ത്ത് വിശകലനം ചെയ്യേണ്ട കാര്യമല്ലേ?
ഡോ: സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം വര്‍ദ്ധിച്ചുവരുന്നു എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റില്ല. അതിന്റെ വാര്‍ത്തകള്‍ ഇപ്പോള്‍ കൂടുതല്‍ പുറത്തേക്ക് വരുന്നു എന്നതാണ് സത്യം. വസ്തുനിഷ്ഠമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വര്‍ദ്ധനവിന്റെ കാര്യം പറയാന്‍ പറ്റൂ. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഇപ്പോള്‍ കൂടുതലാണ്. ലൈംഗികമായി പൂര്‍ത്തീകരണത്തിനുള്ള ത്വര മനുഷ്യനുണ്ട്. ഒരു സമൂഹികജീവിയെന്ന നിലയില്‍ സംയമനത്തോടെയാണ് നമ്മള്‍ ജീവിക്കുന്നത്. ആ സംയമനം പലപ്പോഴും തകരുന്നതാണ് പ്രശ്‌നം. അഭ്യന്തര കലാപങ്ങളുടെ ഘട്ടത്തില്‍ നടക്കുന്ന ബലാത്സംഗങ്ങള്‍ ഉദാഹരണം. ചില വ്യക്തികളുടെ മനോഘടനയിലെ വൈകല്യമായിട്ടും ഇതിനെ കാണാം. ഒരു ബലാത്സംഗിയെപ്പോഴും ഇരയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. ബലാത്സംഗത്തിനു കാരണം അവളാണെന്ന മട്ടില്‍. പുരുഷ മേധാവിത്തത്തിന്റെ സാമൂഹ്യ സാഹചര്യവും സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണമാണ്. 

സാ: ഇത്തരമൊരു കലുഷിതമായ സാമൂഹ്യ സാഹചര്യത്തില്‍ കുട്ടികളുടെ മനസികാരോഗ്യത്തെക്കുറിച്ച്  മാതാപിതാക്കളുടെ ആശങ്കയെ ഡോക്ടര്‍ എങ്ങനെയാണ് വിലയിരുത്തുന്നത് ?
ഡോ: മുതിര്‍ന്നവര്‍ക്കു കിട്ടുന്ന അതേ വിവരങ്ങള്‍ കുട്ടികളുടെ മനസിലേക്കും കടന്നു ചെല്ലുന്നുണ്ട്. ഇന്നത്തെ കുട്ടികള്‍ മുന്‍കാലത്തെ കുട്ടികളേക്കാള്‍ മാനസികമായി ഉണര്‍വ്വുളളവരാണ്. ജോസ് തെറ്റയിലുമായി ബന്ധപ്പെട്ട വിഡിയോ ചാനലുകള്‍ സംപ്രേക്ഷണം ചെയ്ത സമയത്ത് മാതാപിതാക്കളില്‍ ഉണ്ടായ ആശങ്ക സ്വാഭാവികം മാത്രമാണ്. കുട്ടികളുടെ മുന്‍പില്‍വെച്ച് ടിവി ഒഫാക്കിയതുകൊണ്ടോ അവരെ അവിടെനിന്നു മാറ്റി നിര്‍ത്തിയതുകൊണ്ടോ പ്രത്യേകിച്ച് നേട്ടമൊന്നുമില്ല. ശരിതെറ്റുകള്‍ നിരന്തരം പറഞ്ഞു കൊടുക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്.

സാ: നമ്മുടെ കുടുംബ സംവിധാനത്തില്‍ ഉണ്ടായിട്ടുള്ള മാറ്റം മലയാളിയുടെ മാനസികാരോഗ്യത്തെ എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത് ?
ഡോ: സാമൂഹിക വികസന പ്രക്രിയയുടെ ഭാഗം തന്നെയാണ് കുടുംബ ഘടനയുടെ മാറ്റവും. ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ കാലത്ത് പ്രധാനമായും കൂട്ടുകുടുംബ വ്യവസ്ഥയാണ് നിലനിന്നിരുന്നത്. അന്നതല്ലാതെ സാധിക്കുമായിരുന്നില്ല. വരേണ്യരായ ഭൂവുടമകള്‍ക്ക് തങ്ങളുടെ വന്‍പിച്ച ഭൂസ്വത്ത് സംരക്ഷിക്കാന്‍ കൂട്ടുകുടുംബ വ്യവസ്ഥയാണ് അനുയോജ്യം. ഭൂസ്വത്തിന് പരിധി വന്നതോടെ കുടുംബത്തിന്റെ വലിപ്പം കുറഞ്ഞു വന്നു. അണുകുടുംബം എന്ന് ഞാന്‍ പറയില്ല. രണ്ട് മുതല്‍ അഞ്ച് വരെ അംഗങ്ങളുള്ള ചെറു കുടുംബങ്ങള്‍ ഉണ്ടായി. വലിയ കുടുംബങ്ങളില്‍ പ്രശ്‌നപരിഹാരത്തിന് കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകും. സാധാരണ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ചുരുങ്ങിയ ആളുകളില്‍ കേന്ദ്രീകരിച്ചു എന്നതാണ് ചെറു കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളി. കുടുംബത്തിലെ അംഗങ്ങള്‍ തമ്മിലുള്ള നല്ല ആശയ വിനിമയമാണ് ഇത് പ്രതിരോധിക്കാനുള്ള വഴി.

സാ: മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപ്പെടാനായി മലയാളി പുരുഷന്‍ കണ്ടെത്തിയ കുറുക്കുവഴിയാണോ വര്‍ദ്ധിച്ചു വരുന്ന മദ്യപാനം?
ഡോ : മനുഷ്യര്‍ മദ്യപാനത്തിന് അടിമയാകുന്നതിന് പല കാരണങ്ങളുണ്ട്. 10 – 12 വര്‍ഷക്കാലമായി ഡി അഡിക്ഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍. മദ്യപാനത്തില്‍ നിന്നുള്ള ലഹരിയാസ്വദിക്കുക മനുഷ്യന്റെ സഹജ വാസനയാണ്. എന്റെ അനുഭവത്തില്‍ ഭൂരിപക്ഷം ആളുകളും മദ്യം കഴിച്ചു തുടങ്ങുന്നത് ലഹരി ആസ്വദിക്കാന്‍ വേണ്ടിയാണ്. അല്ലാതെ എന്തെങ്കിലും മാനസികമായ സമ്മര്‍ദ്ദത്തില്‍ നിന്ന് വിമുക്തി നേടാന്‍ വേണ്ടിയല്ല. ഒരാള്‍ മദ്യം പതിവായി കഴിച്ചാല്‍ ലഹരി ആസ്വദിക്കാനുള്ള ആഗ്രഹം വര്‍ദ്ധിച്ചുവരും. ആദ്യം മാനസികമായി അടിമപ്പെടും. പിന്നെ ശാരീരികമായും. ചെറിയൊരു വിഭാഗം മദ്യപാനികളില്‍ കുടുംബ പ്രശ്‌നങ്ങള്‍, മാനസിക സമ്മര്‍ദ്ദങ്ങള്‍, ചില മാനസിക രോഗങ്ങള്‍ മദ്യപാനത്തെ ത്വരിപ്പിക്കും. ഉന്മാദാവസ്ഥയിലും വിഷാദാവസ്ഥയിലും ചിലര്‍ മദ്യം കഴിക്കും. പക്ഷെ ഇത്തരം ആളുകള്‍ ന്യൂനപക്ഷം മാത്രമാണ്. കേരളീയര്‍ കൂടുതല്‍ മദ്യപാനത്തിന് അടിമപ്പെടാന്‍ കാരണം അതിനു സമൂഹത്തില്‍ കിട്ടുന്ന പ്രോത്സാഹനം തന്നെയാണ്. പുറത്തിറങ്ങി നോക്കിയാലറിയാം. എത്ര മദ്യശാലകളും ബാര്‍ ഹോട്ടലുമാണ് പ്രവര്‍ത്തിക്കുന്നത് എന്ന്. കേരളത്തിന്റെ റവന്യു വരുമാനത്തിന്റെ നാല്‍പ്പതോ അന്‍പതോ ശതമാനം ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ്കളിലൂടെ വില്‍ക്കുന്ന മദ്യത്തിന്റെ വില്‍പ്പനയിലൂടെയാണ് സര്‍ക്കാര്‍ ശേഖരിക്കുന്നത്. വികസനത്തിന്റെ പ്രശ്‌നം പറഞ്ഞ് മനുഷ്യന്റെ ജീവിതം തകര്‍ക്കുന്ന നിലപാടാണ് ഭരണകൂടത്തിന്റെത്. ഈ നിലപാട് രാഷ്ട്രിയ നേതൃത്വം പുനപ്പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്ത്രീകള്‍ മദ്യം കഴിക്കരുതെന്ന അലിഖിതമായ വിലക്കുള്ളതുകൊണ്ടുതന്നെ ഇവിടെ സ്ത്രീ മദ്യപാനം കുറവാണെന്ന് കാണാം. വേറൊരു തരത്തില്‍ പുരുഷമേധാവിത്തം ഗുണപരമായി മാറുകയാണിവിടെ. ഇതൊരു രസകരമായ വൈരുധ്യമാണ്.

സാ: വര്‍ഗ്ഗീയതയും ജാതീയതയും നമ്മുടെ സമൂഹത്തില്‍ വലിയ രീതിയില്‍തന്നെ വിഭജനങ്ങള്‍ സൃഷ്ടിക്കുന്നതായി കാണുന്നു. അതിനെ എങ്ങനെയാണ് താങ്കള്‍ നിരീക്ഷിക്കുന്നത്. 
ഡോ:വര്‍ഗ്ഗീയത മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ട് . മനുഷ്യന് സ്വതന്ത്രമായി വിഹരിക്കാനുള്ള പൊതു ഇടങ്ങള്‍ അതില്ലാതാക്കുന്നു. ചരിത്രത്തിന്റെയും മനശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ ‘മുഹമ്മദ് ഒരു മനുഷ്യന്‍’ എന്ന പുസ്തകം എഴുതിക്കഴിഞ്ഞപ്പോള്‍ അതുമായി ഞനൊരു പ്രധാന പ്രസാധകനെ സമീപിച്ചു. അവര്‍ പറഞ്ഞു പുസ്തകം നന്നായിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ക്ക് പ്രസിദ്ധികരിക്കാനുള്ള ധൈര്യമില്ല. ഭൂരിപക്ഷ വര്‍ഗ്ഗീയത ഫാഷിസത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ഗുജറാത്തിലെ വംശഹത്യതന്നെ ഉദാഹരണം. അതേ സമയം മറുവശത്ത് ന്യൂനപക്ഷ വര്‍ഗ്ഗീയത വിഘടനവാദത്തിന്റെ രൂപത്തില്‍ സമൂഹത്തില്‍ ശക്തി പ്രാപിക്കുന്നുമുണ്ട്. കേരള സമൂഹം നേരിടുന്ന മറ്റൊരു പ്രശ്‌നം ജാതീയതയുടെതാണ്. ജാതി ഭേദം മനുഷ്യന്റെ സ്വത്വവുമായി ബന്ധപ്പെട്ടതാണ്. കേരളത്തില്‍ ജാതിവ്യവസ്ഥ വളരെ നിഷ്ഠൂരമായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും ഇന്നില്ലെങ്കിലും സ്വത്വ ഭാവങ്ങള്‍ മലയാളിയുടെ മനസ്സില്‍ ഇന്നും നിലനില്ക്കുന്നുണ്ട്. പരസ്യമായിത്തന്നെ സാമൂഹിക രംഗങ്ങളില്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നുമുണ്ട്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ ജാതി തിരിച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. ജാതീയതയില്‍ നിന്ന് കേരളീയ സമൂഹത്തിന് പൂര്‍ണ്ണമായും പുറത്തുകടക്കാന്‍ സാധിച്ചിട്ടില്ല. 

സാ: സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളിലൂടെയാണ് കേരളസമൂഹം കടന്നുപോകുന്നത്. ആരാണ് നമ്മുടെ മുന്‍പിലുള്ള തെററ് തിരുത്തല്‍ ശക്തി?
ഡോ: കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ വലിയ രീതിയില്‍ത്തന്നെ ഈ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അവര്‍ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അവരുടെ നിലപാടുകളില്‍ വേണ്ടത്ര ശക്തി പോരാതെ വന്നിട്ടുണ്ട്. സ്വത്വ പ്രശ്‌നം എങ്ങിനെ പരിഹരിക്കണമെന്ന് വേണ്ടത്ര വിശകലനം ചെയ്തു ഒരു വഴി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍