TopTop
Begin typing your search above and press return to search.

മെഡിക്കല്‍ കോളേജ് ലെഗ്ഗിന്‍സ് നിരോധനം: വിജയം കണ്ടത് വിദ്യാര്‍ഥികളുടെ കടുത്ത എതിര്‍പ്പ്

മെഡിക്കല്‍ കോളേജ് ലെഗ്ഗിന്‍സ് നിരോധനം: വിജയം കണ്ടത് വിദ്യാര്‍ഥികളുടെ കടുത്ത എതിര്‍പ്പ്

സ്മിതാ മോഹന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഡ്രസ് കോഡ് നിര്‍ദേശിച്ചിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചിരിക്കുന്നു. നല്ല തീരുമാനം. സാധാരണ ഇത്തരം കാര്യങ്ങളില്‍ താന്‍ പിടിച്ച മുയലിന് ഒരുപാട് കൊമ്പുകള്‍ എന്ന നിലപാടായിരിക്കും പല സ്ഥാപനങ്ങള്‍ക്കും. എന്നാല്‍ സോഷ്യൽ മീഡിയയിൽ പ്രതിഷേധ പ്രതികരണം വന്നു തുടങ്ങിയപ്പോൾ തന്നെ പുനരാലോചിക്കുകയും കാലാനുസൃതമായി പരിഷ്‌കാരം കൊണ്ടുവരികയും ചെയ്ത തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികാരികളുടെ നിലപാടിനെ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു. ഇഷ്ടവേഷം ധരിക്കാൻ സ്വാതന്ത്ര്യം നൽകുക വഴി വിദ്യാർത്ഥികളോട് ആദരവ് കാണിക്കുകയാണ് ഈ സ്ഥാപനം ചെയ്തത്. ഇവിടെ തോൽക്കുകയല്ല, പൊതുസമൂഹത്തിന്റെ പ്രതികരണത്തിന് കൂടി സ്ഥാപനങ്ങളിൽ ഇടമുണ്ടെന്നും അവരുടെ വികാരങ്ങൾ കൂടി മാനിക്കുന്നുണ്ട് എന്നും അംഗീകരിക്കുകയാണ്. തിരുത്തുക തന്നെ ആണ് വലിയ കാര്യം.

വസ്ത്രധാരണം ഒരു പൗരന്റെ മൗലികാവകാശമാണ്. കംഫര്‍ട്ടബിളായ വസ്ത്രം അയാൾക്കു ധരിക്കാം. ലെഗ്ഗിൻസും ജീൻസും ഒക്കെ കാലികമായി വന്ന വസ്ത്രധാരണത്തിലെ സ്വാഭാവിക മാറ്റങ്ങളാണ്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടു ഉണ്ടാക്കാത്ത തരം വസ്ത്രം ആർക്കും ധരിക്കാൻ സ്വാതന്ത്ര്യമുണ്ട്. നേരത്തെ അവിടെ സാരി മാത്രമേ അനുവദനീയം ആയി ഉണ്ടായിരുന്നുള്ളു. ഇന്ന് ചുരിദാർ പെർമിറ്റെഡ് ആണെങ്കിൽ അത് ഇതുപോലെ ആരൊക്കെയോ പോരാടിയതുകൊണ്ട് മാത്രം കിട്ടിയതാണ്.

ഈ സർക്കുലറിനു പകരം പ്രിൻസിപ്പൽ അത്യാവശ്യമായി ചെയ്യേണ്ട വേറെ നിരവധി കാര്യങ്ങൾ ഉണ്ടെന്നാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളുടെയും നിലപാട്. ആവശ്യത്തിന് പേപ്പർ ഇല്ലാത്തതുകൊണ്ട് അംഗീകാരം കിട്ടാത്ത കോഴ്സുകള്‍ ഒക്കെയാണ് വിദ്യാര്‍ഥികള്‍ നേരിടുന്ന അടിയന്തര പ്രശ്നങ്ങള്‍. ഇതൊക്കെയല്ലേ ഒരു സ്ഥാപന മേലധികാരി അടിയന്തര പ്രാധാന്യത്തോടെ ശരിയാക്കേണ്ടത്? അല്ലാതെ പിള്ളേരുടെ ഡ്രെസ്സും ചെരിപ്പുമാണോ?

ആഹ്ളാദത്തോടെയാണ് പുതിയ തീരുമാനത്തെ വിദ്യാര്‍ഥികള്‍ സ്വാഗതം ചെയ്തത്.ഹൌസ് സര്‍ജന്‍സി ചെയ്യുന്ന ഒരു സീനിയര്‍ വിദ്യാര്‍ഥിയുടെ പ്രതികരണം ഇങ്ങനെ, "ഡോക്ടര്‍മാര്‍ക്ക് ബാധകമല്ലാത്ത ചില നിര്‍ദേശങ്ങള്‍ ആയിരുന്നു ഇത്. മാന്യമായി വസ്ത്രം ധരിക്കുക എന്നാല്‍ ജീന്‍സ് ഇടരുത് എന്നല്ല. അലക്കിയ വൃത്തിയുള്ള വസ്ത്രം ധരിക്കുക എന്നേ ഉള്ളു. ജീന്‍സ് ധരിച്ചതുകൊണ്ട് ഒരാള്‍ ഡോക്ടര്‍ അല്ലാതെ ആകുന്നില്ല.,. പുതിയ തീരുമാനത്തില്‍ വളരെ സന്തോഷം".

"എന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ജീന്‍സ് വളരെ എക്കണോമിക്കലാണ്. ഒരു ജീന്‍സ് നാലു വര്‍ഷം ഉപയോഗിക്കാം. രണ്ടു പ്രാവശ്യം ഉപയോഗിച്ച ശേഷം വീണ്ടും കഴുകി ഉപയോഗിക്കും. ഏതു കളര്‍ ഷര്‍ട്ടിന്റെ കൂടെയും ഇടാം" ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി പറയുന്നു.ഇനി വേറൊരു വിദ്യാര്‍ത്ഥി പ്രതികരിച്ചതിങ്ങനെയാണ്, "ജീന്‍സ് ഇടാന്‍ അനുവാദം തന്നു എങ്കിലും ഞങ്ങളാരും എല്ലാ ദിവസവും ജീന്‍സ് ഇടുകയൊന്നും ഇല്ല. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം, അത്രയേ ഉള്ളു. പക്ഷെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഞങ്ങള്‍ക്കും സ്വാതന്ത്ര്യം വേണ്ടേ."

പുതിയ തീരുമാനത്തില്‍ പെണ്‍കുട്ടികള്‍ക്കാണ് ഏറെ സന്തോഷം. "സാരി അല്ലെങ്കില്‍ ചുരിദാര്‍ എന്ന് പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല, വൃത്തിയുള്ള മാന്യമായ വസ്ത്രം എന്ന് മാത്രം പറഞ്ഞാല്‍ മതിയായിരുന്നു. ലെഗ്ഗിങ്ങ്സും കുര്‍ത്തയുമാണ് എന്റെ ഏറ്റവും സൌകര്യപ്രദമായ വേഷം. കാരണം ഡ്യൂട്ടിക്ക് ഇടയിലും വാര്‍ഡിലും ലാബിലും ഒക്കെ സാരിയും ദുപ്പട്ടയും ഒക്കെ മാനേജ് ചെയ്യാന്‍ വലിയ പ്രയാസമാണ്."

ഡ്രസ് കോഡ് ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കേണ്ട കാര്യം ഇല്ല. നല്ല സാമുഹിക ബോധം ഉള്ളവരാണ് ഡോക്ടര്‍മാര്‍, മാന്യമായും വൃത്തിയായും വേഷം ധരിക്കാന്‍ അവരോടു ആരും പറഞ്ഞു കൊടുക്കണം എന്ന് തോന്നുന്നില്ല. അല്ലെങ്കിലും സ്വന്തം മേഖലയില്‍ ഉള്ള അറിവിലും നൈപുണ്യത്തിലും അല്ലേ കാര്യം?

"അറുപതുകളിലൊന്നും നമ്മുടെ നാട്ടില്‍ ചുരിദാറിനെ മാന്യ വസ്ത്രങ്ങളുടെ കൂടെ കൂട്ടിയിരുന്നില്ല. ക്ലാസില്‍ സാരി മാത്രമായിരുന്നു അനുവദനീയം. പക്ഷെ ഇപ്പോള്‍ സാരിയേക്കാള്‍ മാന്യത ചുരിദാറിനു കിട്ടുന്നു എന്നാണ് വാസ്തവം". ഒരു റിട്ടയേര്‍ഡ്‌ ഡോക്ടര്‍ പറയുന്നു.

പണ്ട് നാട്ടിന്‍പുറങ്ങളില്‍ ചില ഡോക്ടര്‍മാരെ കണ്ടിട്ടുണ്ട്. അവര്‍ ജീന്‍സോ ഫോര്‍മല്‍ ഡ്രസോ ധരിച്ചു കണ്ടിട്ടില്ല. സാദാ മുണ്ടും ഷര്‍ട്ടുമാണ് സ്ഥിരം വേഷം. എന്നാല്‍ ആ നാട്ടുകാര്‍ക്ക് ആ ഡോക്ടര്‍ ആയിരിക്കും കണ്‍കണ്ട ദൈവം. എത്ര വലിയ അസുഖം വന്നാലും ഈ ഡോക്ടര്‍ ഒന്ന് തൊട്ടാല്‍ മതി അസുഖം മാറും എന്ന് വിശ്വസിക്കുന്ന ജനങ്ങള്‍. സത്യത്തില്‍ ഇതൊക്കെ അല്ലേ ഒരു ഡോക്ടറുടെ നന്മയും കടമയും വിജയവുമൊക്കെ.

(എം ബി എ ബിരുദധാരിയായ ലേഖിക ചെന്നൈയില്‍ താമസിക്കുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories