TopTop
Begin typing your search above and press return to search.

ഡ്രൈവറില്ലാ കാറുകള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍

ഡ്രൈവറില്ലാ കാറുകള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍

കെയിത് നൗട്ടോണ്‍
(ബ്ലൂംബെര്‍ഗ്)

ഡ്രൈവര്‍ ഇല്ലാതെ സ്വയം ഓടുന്ന കാര്‍. അപകടങ്ങളില്ലാത്ത ഒരു ലോകം വാഗ്ദാനം ചെയ്തു നടത്തിയ ഒരു സുപ്രധാന കണ്ടുപിടുത്തം. അത് ഇപ്പോള്‍ വിപരീതഫലങ്ങളാണ് ഉണ്ടാക്കുന്നത്. ഇത്തരം വണ്ടികള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങള്‍ മനുഷ്യര്‍ ഓടിക്കുന്ന കാറുകളുടെതിനേക്കാള്‍ ഇരട്ടിയാണത്രെ.

എവിടെയാണ് പിശകു പറ്റിയത്?

ഈ കാറുകള്‍ ട്രാഫിക് നിയമങ്ങള്‍ അനുസരിക്കുന്നു; എല്ലായ്‌പ്പോഴും. ഒരു റോബോട്ടിനെ വണ്ടിയോടിക്കാന്‍ പ്രോഗ്രാം ചെയ്യേണ്ടത് അങ്ങനെ തന്നെയല്ലേ? എന്നാല്‍ ഇവ ഓടേണ്ടത് ബഹളത്തില്‍ മുങ്ങിയ, തിങ്ങി നിറഞ്ഞ, വേഗതയുടെ പരിധി ലംഘിച്ചു വണ്ടികള്‍ തലങ്ങും വിലങ്ങും പായുന്ന ഹൈവേകളിലാണ്. ചെറിയ ഉരസലുകളും കൂട്ടിയിടികളും ആണെങ്കിലും അപകടങ്ങള്‍ പെരുകിയപ്പോള്‍ ഗൂഗിള്‍, കാര്‍നെഗി മെല്ലോണ്‍ യൂണിവേഴ്‌സിറ്റി ഇവിടെയൊക്കെയുള്ള പ്രോഗ്രാമര്‍മാര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ നടക്കുകയാണ്; ഇത്തരം കുഴപ്പങ്ങളില്‍ ചെന്നു ചാടാതിരിക്കാന്‍ സമയാസമയങ്ങളില്‍ ചില്ലറ നിയമലംഘനങ്ങള്‍ നടത്താന്‍ ഈ വാഹനങ്ങളെ പഠിപ്പിക്കണോ എന്നതിനെ പറ്റി.

'ഇത് ഞങ്ങളുടെ ഗ്രൂപ്പിനുള്ളിലെ സ്ഥിരം തര്‍ക്കവിഷയമാണ്' പിറ്റ്‌സ്‌ബെര്‍ഗിലെ ജനറല്‍ മോട്ടോഴ്‌സ് കാര്‍നെഗി മെല്ലോണ്‍ ഓട്ടോണമസ്വി ഡ്രൈവിങ് കൊളാബറേറ്റീവ് റിസേര്‍ച്ച് ലാബിന്റെ കോ ഡയറക്ടര്‍ രാജ്കുമാര്‍ പറഞ്ഞു. 'വേഗതാപരിധിയില്‍ ഒതുങ്ങി നില്‍ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഹൈവേയില്‍ ഇങ്ങനെ ഓടിക്കുമ്പോള്‍ ഏതാണ്ട് മറ്റുള്ള എല്ലാവരും നിങ്ങളെ മറികടന്നു പോകും. ചിലപ്പോള്‍ ഈ പറയുന്ന ഞാന്‍ പോലും.'

കഴിഞ്ഞ വര്‍ഷം രാജ് കുമാര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് തങ്ങളുടെ ലാബിലെ സെല്‍ഫ് ഡ്രൈവിംഗ് കാഡിലാക് എസ് ആര്‍ എക്‌സ് സ്‌പോര്‍ട്ട്‌സ് യുട്ടിലിറ്റി വാഹനം ഓടിച്ചു നോക്കാന്‍ നല്‍കുകയുണ്ടായി. കാഡി അസ്സലായി പ്രവര്‍ത്തിച്ചു; I-395 സൗത്തില്‍ (അന്തര്‍സംസ്ഥാന റോഡ്) കയറി 137 മീറ്ററിനുള്ളില്‍ 3 ലെയ്‌നുകള്‍ കടന്നു പെന്റഗണ്‍ ലക്ഷ്യമാക്കേണ്ട സമയം വരെ. കാറിന്റെ കാമറകളും ലേസര്‍ സെന്‍സറുകളും 360 ഡിഗ്രിയിലുള്ള ട്രാഫിക് കണക്ക് കൂട്ടി. എന്നാല്‍ വാഹനങ്ങളുടെ അവസാനിക്കാത്ത ഒഴുക്കില്‍ ഡ്രൈവര്‍മാര്‍ എത്രത്തോളം ഇടം കൊടുക്കും എന്ന് അവയ്ക്കു കണക്കുകൂട്ടാന്‍ സാധിച്ചില്ല. മനുഷ്യ നിയന്ത്രണം കൊണ്ടാണ് ഈ ഭാഗം കടന്നത്.

'ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഇത്തരം കാര്‍ ഒരു അപകടത്തില്‍ പെട്ടു പത്രത്തിലെ ഒന്നാം പേജ് വാര്‍ത്തയാകാന്‍ ആഗ്രഹമില്ല; കാരണം സ്വയംനിയന്ത്രിത വാഹനങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് ഒരുപാട്പ്രതീക്ഷിക്കുന്നു' രാജ്കുമാര്‍ പറയുന്നു.

ഓട്ടോണമസ് കാറുകളുടെ അപകട നിരക്ക് സാധാരണ കാറുകളുടേതിനേക്കാള്‍ രണ്ടിരട്ടിയാണെന്ന് മിഷിഗണ്‍ യൂണിവേര്‍സിറ്റിയുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനം പറയുന്നു. ഡ്രൈവറില്ലാത്ത കാറുകളുടെ കുറ്റമല്ലായിരുന്നു ഒരു കേസില്‍ പോലും എന്നും പഠനത്തില്‍ കണ്ടെത്തി. ശ്രദ്ധയില്ലാത്ത, അല്ലെങ്കില്‍ അമിതാവേശമുള്ള ഡ്രൈവര്‍മാര്‍ പുറകില്‍ നിന്നിടിച്ചാണ് അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത്. കാരണം, നിയമങ്ങള്‍ കടുകിടെ തെറ്റിക്കാതെ ശ്രദ്ധയോടെ നീങ്ങുന്ന ഡ്രൈവറില്ലാ കാറുകളുടെ രീതികള്‍ സാധാരണ ഡ്രൈവര്‍മാര്‍ക്ക് പരിചിതമല്ല.

'ഇത് പരിഹരിക്കേണ്ട ഒരു വൈഷമ്യമാണ്' രാജ്കുമാര്‍ അഭിപ്രായപ്പെട്ടു.ഒരു അപകടഘട്ടത്തില്‍ എടുക്കേണ്ട ജീവന്‍മരണ തീരുമാനങ്ങള്‍ പ്രോഗ്രാം ചെയ്യേണ്ടതിനെ പറ്റി ഈ കാറുകളുടെ നിര്‍മാതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ധാര്‍മികമായ തര്‍ക്കങ്ങള്‍ പോലെയൊന്നാണ് മേല്‍പ്പറഞ്ഞതും. ഉദാഹണത്തിന്, നിറയെ കുട്ടികളുള്ള ഒരു സ്‌കൂള്‍ ബസ്സിനെ അപകടപ്പെടുത്താതിരിക്കാന്‍ കാറിലെ യാത്രക്കാരന്റെ ജീവന്‍ ബലി കൊടുത്ത് ഒരു യന്ത്രനിയന്ത്രിത കാര്‍ കൊക്കയിലേയ്ക്ക് സ്വയം മറിയേണ്ടതുണ്ടോ എന്ന ചോദ്യം.

ഡ്രൈവറില്ലാ കാറുകള്‍ റോഡില്‍ ഇറക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് കാലിഫോര്‍ണിയ. അവര്‍ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച നിര്‍ദേശങ്ങള്‍ പ്രകാരം എപ്പോള്‍ വേണമെങ്കിലും വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തയ്യാറായി ഒരു മനുഷ്യന്‍ ഉണ്ടായിരിക്കണം. ഇവയുടെ റോഡിലെ പെരുമാറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കാര്‍ നിര്‍മാണ കമ്പനികള്‍ എല്ലാ മാസവും സമര്‍പ്പിക്കണം. സ്റ്റിയറിംഗ് വീലോ ഗാസ് പെഡലോ ഇല്ലാത്ത മോഡല്‍ പുറത്തിറക്കിയ ഗൂഗിള്‍ പറയുന്നത് ഈ നിര്‍ദേശങ്ങളില്‍ അവര്‍ 'അങ്ങേയറ്റം നിരാശര്‍' ആണെന്നാണ്. ഇത് യന്ത്രവല്‍കൃത കാറുകളുടെ നിയന്ത്രണത്തിന് രാജ്യമെങ്ങും മാനദണ്ഡമായേക്കാം എന്നവര്‍ കരുതുന്നു.

തങ്ങളുടെ സ്വയം ഓടുന്ന കാറുകള്‍ അടുത്ത വര്‍ഷത്തോടെ വേറെ തന്നെ ബിസിനസ് ആക്കാനും തുടര്‍ന്നു വാടകയ്ക്ക് ഓടിക്കാന്‍ കൊടുക്കാനും ഉള്ള തിരക്കിട്ട നടപടികളിലാണ് ഗൂഗിള്‍ എന്നു കമ്പനിയുടെ പദ്ധതികളെ കുറിച്ചു വിശദീകരിച്ച ഒരാള്‍ പറയുന്നു.

20 ലക്ഷം മൈലുകള്‍ (32 ലക്ഷം കിലോമീറ്ററുകള്‍) പരീക്ഷണാര്‍ത്ഥം ഓടിയപ്പോള്‍ ഗൂഗിള്‍ കാറുകള്‍ 17 ചെറിയ അപകടങ്ങളില്‍ പെട്ടു. മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയുടെ പഠനത്തില്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ കൂടുതലും ഇവയായിരുന്നു. ഇതിന്റെ ഒരു കാരണം ഗൂഗിള്‍ കാറുകളുടെ ടെസ്റ്റിങ് പ്രധാനമായും കാലിഫോര്‍ണിയയില്‍ ആണ് എന്നതാണ്; അവിടെ ഡ്രൈവറില്ല കാറുകളുടെ അപകടങ്ങള്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണം.

ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അപകടം നവംബര്‍ രണ്ടിനു ഗൂഗിള്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആയ കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലാണ്. ഒരു ചുവപ്പ് സിഗ്‌നലില്‍ വച്ച് ഓട്ടോമാറ്റിക് ഗൂഗിള്‍ ലെക്‌സസ് എസ് യു വി വലത്തേക്കു തിരിയാന്‍ ശ്രമിച്ചപ്പോളായിരുന്നു അത്. വണ്ടി നിര്‍ത്തി, തിരിയാന്‍ ഉള്ള സിഗ്‌നല്‍ കൊടുത്തു, വ്യക്തമായി കാണാന്‍ പതുക്കെ നിരക്കുമ്പോള്‍ ആയിരുന്നു അത് എന്നു കമ്പനിയുടെ ഓണ്‍ലൈന്‍ റിപ്പോര്‍ട് പറയുന്നു. പുറകില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാര്‍ നിരങ്ങി മുന്നോട്ട് നീങ്ങി 4 meter/ second വേഗതയില്‍ ഇടിക്കുകയാണുണ്ടായത്. യാത്രക്കാര്‍ക്ക് പരിക്കുകളില്ലെന്നു മാത്രമല്ല രണ്ടു വണ്ടികള്‍ക്കും നിസ്സാര കേടുപാടേ സംഭവിച്ചുള്ളൂ.

10 ദിവസങ്ങള്‍ക്ക് ശേഷം ഒരു മൗണ്ടന്‍ വ്യൂ ട്രാഫിക് പോലീസുകാരന്‍ തിരക്കുള്ള 35 mps മേഖലയില്‍ 24 mps വേഗത്തില്‍ പോകുന്ന ഗൂഗിള്‍ കാറിന് പുറകില്‍ കുടുങ്ങിയ വാഹനങ്ങളുടെ നീണ്ട നിര കണ്ടു കുതിച്ചു ചെന്നു. അങ്ങനെ അയാള്‍ ഒരു റോബോട്ട് കാറിനെ തടഞ്ഞ ആദ്യത്തെ പോലീസുകാരനായി! എന്നാല്‍ ടിക്കറ്റ് കൊടുത്തില്ല, ആര്‍ക്ക് കൊടുക്കാന്‍. ഡ്രൈവര്‍ ഇല്ലല്ലോ. ഏതായാലും വാഹനത്തിന്റെ രണ്ടു എഞ്ചിനീയര്‍മാരെ ബുദ്ധിമുട്ടുണ്ടാക്കിയതിനു പോലീസ് താക്കീതു ചെയ്തു.

'ശരിക്കും ചെയ്യേണ്ടത് ആ കാറിനെ സൈഡിലേക്ക് മാറ്റി, മറ്റു വാഹനങ്ങളെ വിട്ടശേഷം തിരിച്ചു റോഡില്‍ ഇറക്കുന്നതായിരുന്നു. ശ്രദ്ധാലു ആകുമ്പോള്‍ ആള്‍ക്കാര്‍ നിയമം തെറ്റിക്കുന്നത് എനിക്കു മനസ്സിലാവും. എന്നാല്‍ വേണ്ടതിലുമേറെ ശ്രദ്ധ. അങ്ങനെ ഒന്നുണ്ടാകുമോ? ഉണ്ടാകും' പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ട്രാഫിക് എന്‍ഫോര്‍സ്‌മെന്റ് തലവന്‍ സെര്‍ജെന്റ് സോള്‍ ജെയ്‌ഗെര്‍ പറഞ്ഞു.

അവരുടെ ശ്രദ്ധാലുക്കള്‍ ആയ കാറുകള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നുവെന്ന വാദം ഗൂഗിള്‍ തള്ളുന്നു. 'ഞങ്ങളുടെ കാറുകള്‍ ഒരു ഡ്രൈവിങ് വിദ്യാര്‍ഥിയെ പോലെയോ അല്ലെങ്കില്‍ ഒരു വയസ്സായ അമ്മൂമ്മയുടെ പോലെയോ ആണ്' പ്രിന്‍സിപ്പള്‍ എന്‍ജിനിയര്‍ ദിമിത്രി ഡോല്‍ഗോവ് പറയുന്നു.

കാറുകളുടേത് മനുഷ്യരെ പോലെയുള്ള പെരുമാറ്റം ആക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. നിയമങ്ങള്‍ അനുസരിക്കുന്ന, സുരക്ഷിതമായി വണ്ടി ഓടിക്കുന്ന മനുഷ്യരെ പോലെ. 'അപ്പോള്‍ അവര്‍ക്ക് ട്രാഫിക്കിന്റെ ഒഴുക്കില്‍ സ്വാഭാവികമായി വണ്ടി ഓടിക്കാനാവും. ഞങ്ങള്‍ എന്താണ് ചെയ്യുന്നത് എന്നും എന്തിന് ചെയ്യുന്നു എന്നും മറ്റുള്ളവര്‍ക്കും മനസിലാവും. കാരണം ഡ്രൈവിങ് സഹകരണ മനോഭാവം വേണ്ട കളിയാണ്.'ദിമിത്രി ഡോല്‍ഗോവ് അഭിപ്രായപ്പെട്ടു.

ഏറെക്കുറെ പരിചിതമായ പെരുമാറ്റങ്ങളോടു കൂടിയാണ് ഗൂഗിള്‍ കാറുകള്‍ പ്രോഗ്രാം ചെയ്തിട്ടുള്ളത്. ഉദാഹരണത്തിന്, നാലും കൂടിയ ജംഗ്ഷനില്‍ തങ്ങളാണ് അടുത്തതായി കടന്നു പോകുന്നതെന്ന് കാണിക്കാന്‍ വേണ്ടി പതിയെ മുന്നോട്ട് നീങ്ങി നീങ്ങി വരുന്നതൊക്കെ. പക്ഷേ, സ്വയംനിയന്ത്രിത വാഹനങ്ങളുടെ പെട്ടന്നുള്ള പ്രതികരണങ്ങള്‍ സാധാരണ ഡ്രൈവര്‍മാരെ വെട്ടിലാക്കാറുണ്ട്; നടപ്പാതയില്‍ നിന്നു ഒരു കാല്‍നടയാത്രക്കാരന്‍ അറ്റത്തേക്ക് നീങ്ങി വന്നാല്‍ അയാള്‍ ട്രാഫിക്കിലേക്ക് ഇറങ്ങിയേക്കാം എന്നു കരുതി വണ്ടി നിര്‍ത്തുന്നതൊക്കെ.മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയുടെ പഠനങ്ങളിലെ പങ്കാളിയായ ബ്രാന്‍ഡ്‌സണ്‍ ഷ്വെട്ടില്‍ പറയുന്നു 'ഈ വണ്ടികള്‍ ചില സാഹചര്യങ്ങളില്‍ പെട്ടന്നു നിര്‍ത്തുകയോ വേഗത കുറയ്ക്കുകയോ ചെയ്യാറുണ്ട്; ഒരു സാധാരണ ഡ്രൈവര്‍ അപ്പോള്‍ അങ്ങനെ ചെയ്‌തേക്കില്ല. ചിലപ്പോള്‍ പുറകിലുള്ള ഡ്രൈവര്‍മാരെ ഞെട്ടിപ്പിച്ചു കൊണ്ട് ഈ കാറുകള്‍ വേഗത്തില്‍ പ്രതികരിക്കുന്നു.'

ഇതാണ് വേഗത കുറയുമ്പോള്‍ പുറകില്‍ നിന്നുള്ള വണ്ടി ഇടിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

IHS Technologies കണ്‍സല്‍ട്ടന്റും, സ്വയംനിയന്ത്രിത സാങ്കേതികവിദ്യയുടെ വികസനത്തെ ഗൂഗിള്‍ എങ്ങനെ നയിക്കുന്നു എന്നതിനെ പറ്റി പഠിക്കുകയും ചെയ്തിട്ടുള്ള എജില്‍ ജൂലിയസ്സെന്‍ പറയുന്നത് 'അത്തരം കാറുകളുടെ പ്രവര്‍ത്തനം വ്യത്യസ്ഥമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗൂഗിള്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ എന്താണ് പരിഹാരം എന്നത് വ്യക്തമല്ല.'

ഒരു വാദം എപ്പോഴൊക്കെ നിയമം ലംഘിക്കാം എന്നു വാഹനങ്ങളെ പഠിപ്പിക്കുക എന്നതാണ്. ഒരു സൈക്കിളുകാരനെയോ റോഡ് പണിക്കാരനെയോ ഒഴിവാക്കാന്‍ ഡബിള്‍ യെല്ലോ ലൈന്‍ മറികടക്കുക മുതലായവ.

'അതല്‍പ്പം അവ്യക്തമായ സമീപനമാണ്. നിയമം ലംഘിക്കുന്നവണ്ണം അവയെ പ്രോഗ്രാം ചെയ്താല്‍ അത് എത്രത്തോളം എന്നതാണ് അടുത്ത പടി' ഷ്വെട്ടില്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ റോബോട്ട് വാഹനങ്ങള്‍ റോഡിലിറങ്ങുന്നതോടെ തുടക്കത്തില്‍ കുറെക്കൂടെ കൂട്ടിയിടികള്‍ ഉണ്ടായാലും അതൊക്കെ വളരെ നിസ്സാരമാവും എന്നും ഷ്വെട്ടില്‍ പറഞ്ഞു.

മറ്റേത് നിയമപരിപാലന യൂണിറ്റിനെക്കാളും ഡ്രൈവര്‍ രഹിത വാഹനങ്ങളുമായി ഇടപെടുന്ന മൗണ്ടന്‍വ്യൂ പോലീസിലെ ജെയ്‌ഗെര്‍ പറയുന്നു 'പരിചയപ്പെട്ടും പഠിച്ചും വരുന്ന ഒരു ഘട്ടം ഉണ്ടാകും എല്ലാവര്‍ക്കും. പ്രോഗ്രാമര്‍മാരും കംപ്യൂട്ടറുകളും ജനങ്ങളും ഒക്കെ ഇവ എങ്ങനെ ഉപയോഗിക്കണം എന്നു പഠിച്ചു വരികയാണ്.'

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories