TopTop
Begin typing your search above and press return to search.

ഡ്രോണുകളുടെ ലജ്ജാകരമായ കൊലപാതക പാരമ്പര്യം

ഡ്രോണുകളുടെ ലജ്ജാകരമായ കൊലപാതക പാരമ്പര്യം

ജയിംസ് ഡൗണി
(വാഷിങ്ടണ്‍ പോസ്റ്റ്)

ഫാദര്‍ ഡാനിയേല്‍ ബെറിഗാന്‍ (94) മെയ് ഒന്നിന് അന്തരിച്ചു. ദീര്‍ഘകാല സമാധാന പ്രവര്‍ത്തകനായിരുന്ന അദ്ദേഹം സഹോദരനും വൈദികനുമായ ഫിലിപ്പിനും മറ്റ് ഏഴുപേര്‍ക്കുമൊപ്പം 1968ല്‍ മേരിലാന്‍ഡ് സെലക്ടീവ് സര്‍വീസ് ഓഫിസില്‍നിന്നുള്ള കരടുരേഖകള്‍ കത്തിച്ചതോടെയാണ് ശ്രദ്ധ നേടിയത്. ദശാബ്ദങ്ങള്‍ക്കുശേഷം തന്റെ വിശ്വാസങ്ങളില്‍നിന്ന് അണുവിട വ്യതിചലിക്കാത്ത മനുഷ്യന്റെ ഉദാഹരണമായി മാറിയ അദ്ദേഹം തുടര്‍ച്ചയായി പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി നിലകൊണ്ടു. അവസാനവര്‍ഷങ്ങളില്‍ മുന്‍പത്തേതുപോലെ തുടര്‍ച്ചയായി പ്രതിഷേധമുയര്‍ത്താനുള്ള ശക്തി അദ്ദേഹത്തിനുണ്ടായിരുന്നില്ല. എങ്കിലും ഏതാനും തലമുറയ്ക്കിപ്പുറമാണു ജനിച്ചിരുന്നതെങ്കില്‍ പ്രസിഡന്റ് ഒബാമ നടപ്പാക്കുന്ന ഡ്രോണ്‍ യുദ്ധത്തെ എതിര്‍ക്കുന്നവരുടെ മുന്‍നിരയില്‍ അദ്ദേഹം ഉണ്ടാകുമായിരുന്നു എന്നതില്‍ സംശയമില്ല.

ഡ്രോണ്‍ പരിപാടിയെപ്പറ്റി ദീര്‍ഘകാലമായി നയപരവും ഭരണഘടനാപരവും ധാര്‍മികവുമായ ചോദ്യങ്ങളുണ്ട്. 2013വരെ ഇങ്ങനെയൊന്ന് നിലവിലുണ്ടെന്നു പോലും സമ്മതിക്കാതിരുന്ന ഒബാമ ഭരണകൂടത്തിന്റെ നിലപാട് ഉത്തരങ്ങള്‍ കൂടുതല്‍ വിഷമകരമാക്കി. ഒബാമയുടെ ഭരണം അവസാനിക്കാറായിരിക്കെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. ആദ്യം ഇന്റര്‍സെപ്റ്റ് വെബ്‌സൈറ്റിലും ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്ത് 'ദ് അസാസിനേഷന്‍ കോംപ്ലക്‌സ്' എന്ന പേരില്‍ ജെറെമി സ്‌കാഹില്ലും ഇന്റര്‍സെപ്റ്റ് ജീവനക്കാരും ചേര്‍ന്നൊരുക്കിയ പുസ്തകത്തിലും. 2011 മുതല്‍ 2013വരെ സൊമാലിയ, ലിബിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളെപ്പറ്റിയുള്ള അമേരിക്കന്‍ രേഖകള്‍ ചോര്‍ത്തിയ അജ്ഞാതന്റെ വെളിപ്പെടുത്തലുകള്‍ക്കു ചുറ്റുമാണ് 'ദ് അസാസിനേഷന്‍ കോംപ്ലക്‌സ്' രൂപമെടുക്കുന്നത്. ഒബാമയുടെ വ്യാപകമായ ഡ്രോണ്‍ യുദ്ധത്തിന്റെ പ്രായോഗികവും നിയമപരവും ധാര്‍മികവുമായ പരാജയമാണ് ഇതില്‍.

ആളുകളെ കൊല്ലാന്‍ (ഉദ്ദേശിച്ചവരെ ആകണമെന്നില്ല എങ്കിലും) ഡ്രോണുകള്‍ മിടുക്കരാണെങ്കിലും ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ അവ ഉപയോഗിക്കുന്നത് എത്രത്തോളം ഫലപ്രദമാണെന്ന കാര്യത്തില്‍ സംശയമുണ്ട്. ഒബാമ ഭരണകൂടം ഡ്രോണുകളെ അമിതമായി ആശ്രയിച്ചത് ഭീകരരെ പിടികൂടുക എന്നതില്‍നിന്ന് ഭീകരരെ കൊല്ലുക എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ മാറ്റി. രേഖകളില്‍ പ്രതിരോധവകുപ്പിന്റെ ഇന്റലിജന്‍സ്, സര്‍വേലന്‍സ്, റീകന്നെയ്‌സാന്‍സ് (ഐഎസ്ആര്‍) ടാസ്‌ക് ഫോഴ്‌സില്‍നിന്നുള്ള പഠനവും ഉള്‍പ്പെടുന്നു. വധിക്കാനുള്ള ദൗത്യങ്ങള്‍ തടവുകാരില്‍ നിന്നും അവരില്‍ നിന്നു ലഭിക്കുന്ന വസ്തുക്കളില്‍നിന്നും വിവരശേഖരണം നടത്താനുള്ള സാദ്ധ്യതയെ ഇല്ലാതാക്കുന്നു എന്നായിരുന്നു പഠനത്തിന്റെ കണ്ടെത്തല്‍. ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ മുന്‍ തലവനായ ജനറല്‍ മൈക്കല്‍ ഫ്‌ളിന്‍ കഴിഞ്ഞവര്‍ഷം ഇങ്ങനെ പറഞ്ഞിരുന്നു, 'നിങ്ങള്‍ ഡ്രോണില്‍ നിന്ന് ഒരു ബോംബ് ഇടുമ്പോള്‍ അത് ഗുണത്തെക്കാളേറെ ദോഷമാണുണ്ടാക്കുക.'നിയമപരവും ഭരണഘടനാപരവുമായ ചോദ്യങ്ങളും ഡ്രോണ്‍ ഉപയോഗം ഉയര്‍ത്തുന്നു. യുഎസ് സര്‍ക്കാരിന്റെ ഭീകരരുടെ പട്ടികയിലേക്ക് നിരപരാധിയായ ഒരാളെ - അമേരിക്കക്കാരനോ അല്ലാത്തതോ ആയ - ചേര്‍ക്കുക എന്നത് എത്ര എളുപ്പമാണെന്ന് ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ കാണിക്കുന്നു. തെളിയിക്കപ്പെടാത്ത ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇതിനു മതിയാകും. 2013ല്‍ 469,000 പേരാണ് അറിയപ്പെടുന്ന അല്ലെങ്കില്‍ സംശയിക്കപ്പെടുന്ന ഭീകരര്‍ എന്ന പട്ടികയിലേക്കു നിര്‍ദേശിക്കപ്പെട്ടത്. ഇവരില്‍ 4,900 പേര്‍ മാത്രമേ ഒഴിവാക്കപ്പെട്ടുള്ളൂവെന്ന് 2014ല്‍ സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചു. ഇത് അത്ര നിഷ്‌കളങ്കമായി കാണാനാകില്ല. കൊല്ലപ്പെടും മുന്‍പ് ഒസാമ ബിന്‍ ലാദന്റെ പേര് ഈ പട്ടികയിലുണ്ടായിരുന്നു എന്നതു ശരിയാണ്. എന്നാല്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അബ്ദുല്‍ റഹ്മാന്‍ അല്‍ അവലാക്കി (16) എന്ന നിരപരാധിയായ അമേരിക്കക്കാരന്റെ പേരും ഇതിലുണ്ടായിരുന്നു.

ആക്രമണങ്ങള്‍ നടത്തുന്നതില്‍ പാലിക്കുന്ന വിവേകത്തെപ്പറ്റി വൈറ്റ്ഹൗസ് നിരത്തുന്ന വാദങ്ങള്‍ ശരിയല്ലെന്നും രേഖകള്‍ കാണിക്കുന്നു. 'അമേരിക്കക്കാര്‍ക്കെതിരെ ആസന്നവും നിരന്തരവുമായ ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരെ' മാത്രമേ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തൂ എന്നാണ് ഒബാമ 2013 മാര്‍ച്ചില്‍ പറഞ്ഞത്. സാധാരണ പൗരന്മാര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കുമെന്നും ഒബാമ പറഞ്ഞു. എന്നാല്‍ പ്രസിഡന്റ് ഒരാള്‍ക്കെതിരെയുള്ള ആക്രമണത്തിന് പെന്റഗണിനും സിഐഎയ്ക്കും അനുമതി നല്‍കുമ്പോള്‍ അവര്‍ക്ക് അതു നടപ്പാക്കാനുള്ള സമയം 60 ദിവസമാണ് എന്നു രേഖകള്‍ വ്യക്തമാക്കുന്നു. 60 ദിവസം എന്നതിന് 'ആസന്നം' എന്ന വ്യാഖ്യാനമില്ലെന്നു മനസിലാക്കാന്‍ നിഘണ്ടുവിന്റെ ആവശ്യമില്ല. ഐഎസ്ആര്‍ പഠനം അനുസരിച്ച് ഡ്രോണ്‍ ആക്രമണത്തില്‍ സാധാരണ പൗരന്മാര്‍ സുരക്ഷിതരായിരിക്കണം എന്നില്ല. അവര്‍ക്കുണ്ടാകുന്ന നാശം കുറഞ്ഞ തലത്തിലാകണം എന്നേയുള്ളൂ.

എട്ടു വര്‍ഷത്തിനുശേഷം ഡ്രോണ്‍ യുദ്ധം വ്യാപിപ്പിക്കാനുള്ള ഒബാമയുടെ തീരുമാനം നൂറുകണക്കിന് സാധാരണക്കാരുടെ മരണത്തിനിടയാക്കിയെന്ന് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസം പറയുന്നു. പ്രസിഡന്റിന്റെ അധികാരത്തിന്റെ അസ്വാസ്ഥ്യജനകമായ ഉപയോഗവും ഭീകരതയെ ചെറുക്കാന്‍ രാജ്യത്തിനുള്ള കഴിവിനെ ഇല്ലാതാക്കുന്നതുമാണിത്.

പിന്‍ഗാമി ആരായാലും ഈ പദ്ധതി കൂടുതല്‍ വ്യാപകമാക്കാനാണു സാദ്ധ്യത എന്നതാണ് ഒബാമയുടെ നയത്തെ കൂടുതല്‍ നിരാശാജനകമാക്കുന്നത്. പദ്ധതിയുടെ ഭരണഘടനാപരവും ധാര്‍മികവുമായ വശങ്ങളെ ഗൗരവമായെടുക്കുന്നു എന്നൊരു തോന്നലെങ്കിലും ഒബാമ സൃഷ്ടിക്കുന്നുണ്ട്. ഇതൊരു വളരെ ചെറിയ നിയന്ത്രണമാണെങ്കില്‍പ്പോലും. എന്നാല്‍ ഹിലരി ക്ലിന്റന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന നിലയ്ക്ക് വൈറ്റ്ഹൗസിനുള്ളിലും തന്റെ ഓര്‍മക്കുറിപ്പുകളിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഡ്രോണ്‍ ഉപയോഗത്തെ ശക്തിയായി പിന്താങ്ങുന്നു. ഒബാമയുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിലരിക്കുള്ള പ്രാപ്പിടിയന്‍ സ്വഭാവം നോക്കിയാല്‍ അവരുടെ കീഴില്‍ ഈ പദ്ധതി കൂടുതല്‍ വികസിക്കുമെന്നതിനു സംശയമില്ല. ഡൊണാള്‍ഡ് ട്രംപ്? യുദ്ധ കുറ്റകൃത്യങ്ങള്‍ ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിക്കഴിഞ്ഞു.

നിയമപരമായും ധാര്‍മികമായും ശരിയായ, നല്ല നയമാണ് എന്ന ആത്മാര്‍ത്ഥ വിശ്വാസത്തിലാണ് ഒബാമ ഡ്രോണ്‍ യുദ്ധം വ്യാപകമാക്കാന്‍ തീരുമാനിച്ചത് എന്നതില്‍ എനിക്കു സംശയമില്ല. എന്നാല്‍ ആ വിശ്വാസം തെറ്റായിരുന്നു. ഡ്രോണ്‍ യുദ്ധം അദ്ദേഹത്തിന്റെ ഭരണകാലത്തിന്റെ കളങ്കം മായാത്ത പാരമ്പര്യമാണ്. ലജ്ജാകരവും.


Next Story

Related Stories