TopTop
Begin typing your search above and press return to search.

ദുരിതാശ്വാസത്തിന് ജപ്പാനില്‍ ഇനി ഡ്രോണുകള്‍

ദുരിതാശ്വാസത്തിന് ജപ്പാനില്‍ ഇനി ഡ്രോണുകള്‍

യൊമിയൂറി

ഭൂകമ്പത്തിലും പേമാരിയിലും ഒറ്റപ്പെട്ട ഇടങ്ങളിലേക്ക് ദുരിതാശ്വാസത്തിനായി സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ഡ്രോണ്‍ പദ്ധതിയുമായി സോണി എത്തുന്നു. ദുരന്തങ്ങള്‍ സംബന്ധിച്ച് പ്രാദേശിക സര്‍ക്കാരുകളും മെഡിക്കല്‍ സ്ഥാപനങ്ങളും നല്‍കിയ അഭ്യര്‍ഥന പ്രകാരമാണ് ടോക്യോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എയ്‌റോസെന്‍സ് കമ്പനി പദ്ധിക്കൊരുങ്ങുന്നത്. റോഡുകളും തുറമുഖങ്ങളും തകര്‍ന്ന് കപ്പലുകള്‍ക്കോ മറ്റ് വാഹനങ്ങള്‍ക്കോ എത്തിപ്പെടാന്‍ പറ്റാത്ത തരത്തില്‍ ഒറ്റപ്പെട്ടുപോകുന്ന പ്രദേശത്തേക്ക് മരുന്നുകളും ആശയവിനിമയത്തിനുള്ള ഉപകരണങ്ങളും ഹൈ പെര്‍ഫോമന്‍സ് ഡ്രോണുകളിലൂടെ വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഇത്തരത്തില്‍ ഒരു ആവശ്യത്തിന് ഡ്രോണുകളെ ഉപയോഗിക്കുന്നത് ജപ്പാനില്‍ ആദ്യമായിട്ടാകും.

സാമ്പത്തിക, വ്യാപാര, വ്യവസായ മന്ത്രാലയവുമായി ചേര്‍ന്നാണ് ജനുവരിയിലും ഫെബ്രുവരിയിലുമായി കമ്പനി ചീബാ പ്രവിശ്യയില്‍ ഡ്രോണുകളുടെ പരീക്ഷണപ്പറക്കല്‍ നടത്തുക.സുരക്ഷാ പ്രശ്‌നങ്ങള്‍ വിലയിരുത്തിയതിന് ശേഷം മാര്‍ച്ച് ആദ്യം തന്നെ പ്രവര്‍ത്തനം തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

സോണി മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സും ZMP എന്ന റോബോട്ടിക്‌സ് കമ്പനിയും ചേര്‍ന്നാണ് ആഗസ്തില്‍ എയ്‌റോസെന്‍സ് സ്ഥാപിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ മുന്‍കൂര്‍ അനുമതി ഇല്ലാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഡ്രോണുകളെ അനുവദിക്കുന്ന തരത്തില്‍ പുതുക്കിയ സിവില്‍ എയറനോട്ടിക്‌സ് നിയമം ഈ മാസം പ്രാബല്യത്തില്‍ വന്നതിനാല്‍ പദ്ധതി തുടങ്ങാന്‍ അനുകൂലമായ അന്തരീക്ഷമാണുള്ളതെന്ന് കമ്പനി വിശ്വസിക്കുന്നു.

വിമാനത്തിന്റെ ആകൃതിയിലുള്ള, കുത്തനെ ആകാശത്തേക്ക് പൊങ്ങുകയും നിലത്തിറങ്ങുകയും ചെയ്യുന്ന, 160 സെന്റീമീറ്റര്‍ നീളവും 220 സെന്റീമീറ്റര്‍ വീതിയുമുള്ള ഡ്രോണിന് പരമാവധി ഒരു കിലോഗ്രാം ഭാരം വഹിക്കാന്‍ കഴിയും.കാലാവസ്ഥ അനുയോജ്യമാണെങ്കില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ 1 മണിക്കൂറിലേറെ പറക്കാന്‍ ഇതിന് കഴിയും. അതിനാല്‍ തന്നെ 100 കിലോമീറ്റര്‍ ദൂരത്തിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കും. എവിടെയായിരിക്കണം ഡ്രോണുകള്‍ക്ക് ആസ്ഥാനമൊരുക്കേണ്ടതെന്ന് എയ്‌റോസെന്‍സ് പിന്നീട് പരിഗണിക്കും.

ഭൂകമ്പത്താലും പേമാരിയാലും കനത്ത മഞ്ഞു വീഴ്ചയാലും ഒറ്റപ്പെട്ട പ്രദേശങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള സ്ഥലത്തേക്ക് റോഡ് മാര്‍ഗം ഡ്രോണുകളെ എത്തിച്ചതിന് ശേഷമാകും അതിനെ ദൗത്യത്തിനായി അയക്കുക.

തുറമുഖ സൗകര്യങ്ങളും കപ്പലുകളും തകര്‍ന്ന് ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപുകളിലേക്കും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിന് ഫലപ്രദമായ മാര്‍ഗമായിരിക്കും ഡ്രോണുകള്‍.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കനത്ത മഞ്ഞുവീഴ്ചയാല്‍ തൊക്കുഷിമ പ്രവിശ്യയിലെ ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോയിരുന്നു. സെപ്തംബറില്‍ കിഴക്കന്‍ ജപ്പാനില്‍ റെക്കോഡ് പേമാരി ഉണ്ടായപ്പോള്‍ ജോസോ, ഇബറാകി പ്രവിശ്യകളിലുള്ളവരും ഒറ്റപ്പെടുകയുണ്ടായി.

മെച്ചപ്പെട്ട കാലാവസ്ഥയിലാണെങ്കില്‍ തന്നെയും പര്‍വ്വത പ്രദേശങ്ങളിലും മറ്റും ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകണമെന്നില്ല. അത് പറത്താനും ഇറക്കാനും പറ്റിയ സ്ഥലങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ് എന്നുള്ളത് തന്നെ കാരണം.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം


Next Story

Related Stories