TopTop
Begin typing your search above and press return to search.

അറുപതാം പിറന്നാളിന് വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കേണ്ടി വന്ന ഈ നാട്

അറുപതാം പിറന്നാളിന് വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കേണ്ടി വന്ന ഈ നാട്

അഴിമുഖം പ്രതിനിധി

ഐക്യകേരളം രൂപം കൊണ്ടിട്ട് അറുപതാണ്ട് തികയുന്നു. നാമിന്നതിന്റെ വജ്രജൂബി ആഘോഷിക്കുന്നു. ആഘോഷവേളയില്‍ എല്ലാ മലയാളിയും ആവേശവും അഭിമാനവും നിറഞ്ഞ ആശംസകളുമായി നിറയുന്നു.

എവിടെയാണ് മലയാളിയുടെ ഈ ആഘോഷങ്ങളെല്ലാം നടക്കുന്നത്? സോഷ്യല്‍ മീഡിയയില്‍, ചാനലുകളില്‍. വിര്‍ച്വല്‍ ഭ്രമത്തിലാണ്ടവരുടെ ആഘോഷങ്ങളാണെല്ലായിടത്തും.

കാലവര്‍ഷക്കരുത്തും തുലാമഴപ്പെരുമയും പേറിയിരുന്നൊരു നാട് അതിന്റെ അറുപതാം വയസില്‍ തന്നെ ചര്‍മം വരണ്ട് പടുവാര്‍ദ്ധക്യത്തിലേക്ക് പൊട്ടിയടര്‍ന്നുപോകുന്ന കാഴ്ച ഏതാഘോഷത്തിന്റെ വര്‍ണകമ്പളങ്ങള്‍ പൊതിഞ്ഞാലാണ് മറച്ചു പിടിക്കാന്‍ സാധിക്കുക?

44 നദികളുള്ള, ഇടവപ്പാതിയും തുലാവര്‍ഷവും വേനല്‍മഴയും ഉണ്ടായിരുന്ന ഒരു നാടിനെ സര്‍ക്കാര്‍ ഔദ്യോഗികമായി വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യപിക്കുമ്പോള്‍ അതിന്റെ അറുപതാം പിറന്നാളിന് ഒരു ദിവസം മാത്രമെ ബാക്കിയുണ്ടായിരുന്നുള്ളൂ. ഒരു മനുഷ്യനെ സംബന്ധിച്ച് 60 എന്നത് ഏറിയ പ്രായമായിരിക്കാം, ഒരു നാടിനെ സംബന്ധിച്ച് അതു കൗമാരമോ യൗവ്വനമോ മാത്രമാണ്. അങ്ങനെയെങ്കില്‍ കേരളത്തിന് ബാധിച്ചിരിക്കുന്നത് അകാലവാര്‍ദ്ധക്യമാണ്.

ഈ നാടിന്റെ വിശേഷണം ദൈവത്തിന്റെ സ്വന്തം നാടെന്നാണ്. അത്തരമൊരു വൈശിഷ്യത്തിലേക്ക് കേരളക്കര എത്തുന്നത് അതിന്റെ പ്രകൃതിമൂലമാണ്. വറ്റി വരണ്ട പുഴകളും മഴമേഘങ്ങളില്ലാത്ത ആകാശവും ഉഷ്ണക്കാറ്റും നിറഞ്ഞയീ നാടിനെയിനി നാമെങ്ങനെ വിളിക്കും ദൈവത്തിന്റെ സ്വന്തം നാട് എന്ന്? കാലാവധി കഴിഞ്ഞൊരു നാമവിശേഷണം ആയിരിക്കുന്നു അത്.മണ്ണ് കാണാത്തവണ്ണം നാം വികസനങ്ങള്‍ കെട്ടിയുണ്ടാക്കുന്നു. പുഴയുടെ മാറിലൂടെ മണല്‍ലോറികള്‍ ഓടിക്കുന്നു. നമുക്ക് കാടില്ലാതാകുന്നു. കുളങ്ങളില്ലാതകുന്നു. കാറ്റില്ലാതാകുന്നു, ആകാശത്ത് കാറില്ലാതാകുന്നു. എല്ലാം ഇല്ലാതാകുന്നത് നമ്മുടെ കണ്‍മുന്നിലാണ്.

മണ്ണില്‍ തൊടാതെ ജീവിക്കാന്‍ പഠിക്കുന്ന മലയാളിക്കു മണ്ണും പ്രകൃതിയും ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് നല്‍കാന്‍ ഇനിയെത്ര നാള്‍ കൂടി ഈ കൊച്ചുകേരളത്തിന് വേണ്ടി വരുമെന്നറിയില്ല. ഒന്നുറപ്പാണ് ഇനിയൊരറുപതാണ്ടുകൂടിയെത്തും മുന്നേ നമുക്കോര്‍ക്കാന്‍ പോലും കഴിയാത്തയത്രയകലം കാണും കൈരളിയുടെ മണ്ണിനെയും വെള്ളത്തെയും കുറിച്ചുള്ള ഓര്‍മകള്‍ക്ക്.

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തിലും വടക്കു കിഴക്കന്‍ കാലവര്‍ഷത്തിലും ഭീമമായ കുറവ് വന്നിരിക്കുന്നു. എല്ലാ ജില്ലകളിലും ലഭിക്കുന്ന മഴയുടെ തോത് വളരെയേറെ കുറഞ്ഞിരിക്കുന്നു. 88 ശതമാനം വരെ ഈ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. ഇടവപ്പാതിയുടെ ലഭ്യതയില്‍ 34 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തുന്നത്. തുലാവര്‍ഷത്തിന്റെ കാര്യത്തിലാകട്ടെ ഈ അളവ് കൂടുതല്‍ ഭയാനകമാണ്. 69 ശതമാനമാണത്. പഴമക്കാര്‍ പറയും, കാലവര്‍ഷം പെയ്‌തൊഴുകി കടലില്‍ ചെല്ലും. തുലാവര്‍ഷമാണ് മണ്ണില്‍ താഴുന്നതെന്ന്. തുലാക്കാലത്തെ വെള്ളമാണ് ഭൂമിയില്‍ നിലനില്‍ക്കുന്നത്. ആ സമൃദ്ധിയേറെ അനുഭവിച്ചവരാണല്ലോ നമ്മള്‍ മലയാളികള്‍. ഇന്നിപ്പോള്‍ തുലാപ്പെയ്ത്ത് പഴയ ഗാംഭീര്യമില്ല.

ആറും തോടും കുളവും കായലും കൊണ്ട് ജലസമൃദ്ധമായൊരു നാട്ടില്‍ ദൈന്യംദിനകാര്യത്തിനുപോലും വെള്ളം കിട്ടാത്ത ഗതികേടിലേക്ക് മലയാളി വീണുപോയി. തുലാക്കാലം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും നാമിപ്പോഴും വിയര്‍ക്കുകയാണ്. ഇനിയെപ്പോഴാണ് പെയ്ത്ത് തുടങ്ങുക? നിന്നു പെയ്താല്‍ തന്നെ മതിയാകുമോ ശൈത്യം കഴിഞ്ഞു വരുന്ന വേനലിലെ ആര്‍ദ്രമാക്കാന്‍? സര്‍ക്കാര്‍ തന്നെ പറയുന്നു നവംബറിലും ഡിസംബറിലും മഴകിട്ടിയാലും വരള്‍ച്ച തടയാന്‍ കഴിയില്ലെന്ന്. അടുത്ത വര്‍ഷം മേയ് വരെ കടുത്ത വരള്‍ച്ചയിലേക്കാണ് നാട് പോകുന്നതെന്നര്‍ത്ഥം.

വരള്‍ച്ച രൂക്ഷമാകുന്നതോടെ ജലോപയോഗത്തിന് കടുത്തനിയന്ത്രണം വേണ്ടിവരും. ഒരു ബക്കറ്റു വെള്ളത്തില്‍ ഒരു കുടുംബം കഴിയുന്ന ഉത്തരേന്ത്യയെ നോക്കി ചിരിച്ച അതേ മലയാളി, കേരളത്തിന്റെ വജ്രജൂബിലി ആഘോഷിക്കുന്നത് കാശുകൊടുത്തു വാങ്ങിച്ച കുപ്പിവെള്ളം കുടിച്ച് ദാഹം മാറ്റിയാണ്. എങ്കിലും അതെല്ലാം പരിഷ്‌കാരത്തിന്റെ ഭാഗമാണെന്ന മൂഢതയില്‍ തന്നെയാണ് മലയാളിയിപ്പോഴും.

കുരുമുളകു കൊണ്ടുപോയ്‌ക്കോട്ടെ തിരുവിതാര ഞാറ്റുവേല കൊണ്ടുപോകാന്‍ ആര്‍ക്കു കഴിയുമെന്ന് അഹങ്കരിക്കാന്‍ ഒരു കാലത്ത് നമുക്ക് കഴിഞ്ഞിരുന്നിരിക്കാം.. ഇപ്പോള്‍ കാലം മാറി. ഞാറ്റുവേലയും എങ്ങോ പോയിരിക്കുന്നു. വരള്‍ച്ചയിലുരുകി നാമിപ്പോള്‍ സഹായത്തിനായി കൈനീട്ടുകയാണ്.

കേരളമെന്നോര്‍ത്തഭിമാനപൂരിതരാകുന്നവരിലാരൊക്കെ അറിയുന്നുണ്ടീ ചുട്ടുപൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍.


Next Story

Related Stories