TopTop
Begin typing your search above and press return to search.

ദുബായില്‍ അസന്തുഷ്ടരാണോ? ആണെങ്കില്‍ പൊലീസിന്റെ വിളി വന്നേക്കാം

ദുബായില്‍ അസന്തുഷ്ടരാണോ? ആണെങ്കില്‍ പൊലീസിന്റെ വിളി വന്നേക്കാം

അഴിമുഖം പ്രതിനിധി

ദുബായിലാണെങ്കില്‍ നിങ്ങള്‍ അസന്തുഷ്ടരാകരുത്. ഏതെങ്കിലും കാര്യത്തില്‍ അസന്തുഷ്ടരാണെങ്കില്‍ അതിന്റെ കാരണങ്ങളറിയാന്‍ വൈകാതെ നിങ്ങള്‍ക്കു ദുബായ് പൊലീസില്‍ നിന്നും ഒരു വിളി വന്നേക്കാം. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം സ്ഥിതി ചെയ്യുന്ന ഈ നാടിന്റെ ആകാശം മുട്ടുന്ന അഭിലാഷങ്ങളിലൊന്നാണ് 2021 ഓടെ ലോകത്തെ ഏറ്റവും സന്തുഷ്ടരായ പത്തു നഗരങ്ങളില്‍ ഒന്നായി മാറുക എന്നത്. അതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ലളിതമായ ഒരു ഓണ്‍ലൈന്‍ സര്‍വേ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ആരംഭിച്ചത്.

നീരസം, സന്തോഷം, അസന്തുഷ്ടി എന്നിവയില്‍ ഏതെങ്കിലും ഒന്ന് യൂസര്‍മാര്‍ക്ക് തെരഞ്ഞെടുക്കാം. അസന്തുഷ്ടി അറിയിക്കുന്നവരെ വിളിച്ചു സംസാരിക്കുമെന്ന് പൊലീസ് പറയുന്നു. ഇത് നിരീക്ഷകരടക്കം പലരേയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. 'സര്‍വേയിലെ ചോദ്യങ്ങള്‍ക്ക് മറുപടി പറയിക്കാനോ, അല്ലെങ്കില്‍ എന്താണു പ്രശ്‌നമെന്ന് അന്വേഷിച്ചുള്ള പൊലീസിന്റെ വിളി ഇഷ്ടമില്ലാത്തവരെ സന്തുഷ്ടരാണെന്ന് പറയിപ്പിക്കാനോ ജനങ്ങളെ അല്‍പ്പം ഭയപ്പെടുത്തുന്ന ഒരു ശ്രമമായിട്ടാണ് ഈ സര്‍വേയെ കാണുന്നത്. ഒരു പക്ഷേ സത്യസന്ധമായ ഒരു ശ്രമവും ആയിരിക്കാം,' യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ മുതിര്‍ന്ന അധ്യാപകന്‍ വില്യം ഡാവിസ് പറയുന്നു. 'ഹാപ്പിനസ് ഇന്‍ഡസ്ട്രി' എന്ന പേരില്‍ ഈയിടെ വില്യം ഒരു പുസ്തകം പുറത്തിറക്കിയിരുന്നു.

ദുബായിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സന്തോഷം അളക്കാനുള്ള ശ്രമങ്ങള്‍ കാണാം. തങ്ങളുടെ അനുഭവങ്ങളുടെ പ്രതികരണം പൗരന്മാര്‍ക്ക് അപ്പപ്പോള്‍ തന്നെ നല്‍കാനായി എല്ലാ ഉദ്യോഗസ്ഥരുടെ അടുത്തും ചെറിയ ടാബ്‌ലെറ്റുകള്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ ദുബയ് ഭരണകൂടത്തിന്റെ സ്മാര്‍ട്ട് ഗവണ്‍മെന്റ് പദ്ധതിയുടെ ഭാഗമായി ഉപഭോക്തൃ സേവനങ്ങളെ മാനദണ്ഡമാക്കി മുനിസിപ്പല്‍ ഓഫീസുകള്‍ക്ക് റാങ്കിംഗ് ഏര്‍പ്പെടുത്താനും തുടങ്ങിയിട്ടുണ്ട്.

ആഢംബര കാറുകള്‍ ഉപയോഗിക്കുന്നതില്‍ പേരുകേട്ട ദുബയ് പൊലീസിനെയും ഈ ഹാപ്പിനെസ് പദ്ധതിയില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. 'നിങ്ങളുടെ സുരക്ഷ, ഞങ്ങളുടെ സന്തോഷം' എന്ന ഹാഷ് ടാഗ് പൊലീസിന്റെ ട്വിറ്റര്‍ സന്ദേശങ്ങളില്‍ അറബിയിലും ഇംഗ്ലീഷിലുമായി പലപ്പോഴും കാണാം.ഹാപ്പിനസ് സര്‍വെ ആരംഭിച്ചതിനു തൊട്ടുപിറകെ ദുബയ് പൊലീസ് ദുബയ് നിവാസികളുടെ മൊബൈലുകളിലേക്ക് ഒരു വെബ് പേജ് ലിങ്ക് അയച്ചിരുന്നു. ബുര്‍ജ് ഖലീഫയുടെ പശ്ചാത്തലത്തില്‍ ദുബയ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം നില്‍ക്കുന്ന ചിത്രമുള്ള വെബ്‌സൈറ്റില്‍ ഇംഗ്ലീഷിലും അറബിയിലുമായി ഒരു ചോദ്യമാണുള്ളത്: 'ദുബയില്‍ നിങ്ങള്‍ സന്തുഷ്ടരാണോ?'

മികച്ച പ്രതികരണമാണ് സര്‍വേക്ക് ലഭിക്കുന്നത്. ആദ്യ ദിവസം തന്നെ രണ്ടു ലക്ഷത്തിലേറെ മറുപടികള്‍ ലഭിച്ചെന്നും ഇവരില്‍ 84 ശതമാനം പേര്‍ സന്തുഷ്ടരും ആറു ശതമാനം പേര്‍ നിഷ്പക്ഷരും 10 ശതമാനം പേര്‍ അസന്തുഷ്ടരുമാണെന്നും പൊലീസ് അറിയിച്ചു. എത്ര ടെക്സ്റ്റ് മെസേജുകളാണ് അയച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. പക്ഷേ കാര്യങ്ങള്‍ ഇവിടെ അവസാനിപ്പിക്കുന്നില്ല. അസന്തുഷ്ടരാണെന്ന് മറുപടി നല്‍കിയവര്‍ക്കെല്ലാം വിളിച്ച് പ്രശ്‌നങ്ങളെന്താണെന്ന് ആരായുമെന്ന് ദുബയ് പൊലീസ് മേധാവി ഖമിസ് മത്തര്‍ അല്‍ മസിന മാധ്യങ്ങളോട് പറഞ്ഞു. പൊലീസിനു പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ തങ്ങള്‍ പരിഹരിക്കുമെന്നും അല്ലാത്തവ അതതു സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വ്യക്തിപരമായ കാര്യങ്ങളില്‍ പൊലീസിനു സഹായിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

2015ലെ യുഎന്നിന്റെ ലോക ഹാപ്പിനെസ്സ് റിപ്പോര്‍ട്ടിലെ 158 രാജ്യങ്ങളില്‍ യുഎഇ 20ാം സ്ഥാനത്താണുള്ളത്. അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണെങ്കിലും രാജ്യം സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന 2021ഓടെ ആദ്യ പത്തില്‍ ഇടം നേടുകയാണ് യുഎഇയുടെ ലക്ഷ്യം. എന്നിരുന്നാലും സന്തോഷത്തില്‍ മാത്ര കേന്ദ്രീകരിച്ചുള്ള ഈ സര്‍വേക്ക് ദുബായില്‍ ആയാലും ലോകത്ത് മറ്റെവിടെ ആയാലും മറ്റു പ്രശ്‌നങ്ങളെ മൂടിവയ്ക്കാനാകുമെന്ന് ഡാവിസ് മുന്നറിയിപ്പ് നല്‍കുന്നു. 'വാസ്തവത്തില്‍ പ്രശ്‌നങ്ങളായേക്കാവുന്ന വിശാല രാഷ്ട്രീയ, സാമ്പത്തിക ഘടങ്ങളില്‍ നിന്നും ഇത് ശ്രദ്ധ തിരിച്ചേക്കാം. സന്തോഷത്തിന്റെ കാര്യത്തില്‍ കൂടുതല്‍ കരുതലെടുക്കുകയും മനുഷ്യാവകാശങ്ങളും ന്യൂനപക്ഷാവകാശങ്ങളും കാര്യമായി ഗൗനിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ നമുക്ക സങ്കല്‍പിക്കാവുന്നതാണ്,' അദ്ദേഹം പറയുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories