TopTop
Begin typing your search above and press return to search.

ഇത്തവണ യോഗ്യന്‍ ദുല്‍കര്‍ തന്നെ

ഇത്തവണ യോഗ്യന്‍ ദുല്‍കര്‍ തന്നെ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷന്‍ മോഹന്‍ അവാര്‍ഡ് പ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞതനുസരിച്ച് മികച്ച നടനാകാന്‍ അവസാന റൗണ്ടില്‍ ഏറ്റമുട്ടിയത് ദുല്‍കര്‍ സല്‍മാനും ജയസൂര്യയും മാത്രമായിരുന്നു. മറ്റാരും ആ റൗണ്ടില്‍ ഇല്ലായിരുന്നു. ആ മറ്റാളുകള്‍ മമ്മൂട്ടിയും പൃഥ്വിരാജുമാകണം. ആ രണ്ടുപേരും അവസാന റൗണ്ടിലേക്ക് കടക്കാതിരുന്നത് എന്തുകൊണ്ടെന്ന് അത്ഭുതപ്പെടേണ്ട ഒരു കാര്യവുമില്ല. പകരം കടന്നവര്‍ രണ്ടില്‍ ആരാണ് കേമന്‍ എന്നതിലാണ് ചോദ്യം. അംബുജാക്ഷന് സംശയമില്ല, രണ്ടില്‍ മുമ്പന്‍ ദുല്‍കര്‍ തന്നെ.

ജയസൂര്യ നല്ല നടനല്ലെന്നു പറയുന്നില്ല. തൂക്കിനോക്കിയാല്‍ ദുല്‍കറിന്റെയും ജയസൂര്യയുടെ തട്ടുകള്‍ ഒപ്പം നില്‍ക്കും. പക്ഷേ വ്യത്യാസം ജയസൂര്യ ഇപ്പോഴും കഥാപാത്രങ്ങളെ മിമിക് ചെയ്യുകയാണ് എന്നതാണ്. ഷാജി പാപ്പനായും സുധിയായും ജയസൂര്യ നടത്തുന്ന വേഷവ്യത്യാസം കൈയടികിട്ടുന്നതാണ്. പക്ഷേ കഥാപാത്രത്തിലേക്ക് നടന്‍ നടത്തേണ്ട പരകായപ്രവേശത്തിന് ആ നടന് ഇപ്പോഴും സാധിക്കാതെ വരുന്നുണ്ട്. സു സു സുധി വാത്മീകത്തില്‍ അസാധ്യപ്രകടനം നടത്തിയെന്നൊക്കെ താരത്തിന്റെ ഇഷ്ടക്കാര്‍ പറയുന്നുണ്ടെങ്കില്‍പ്പോലും. അവാര്‍ഡ് നിര്‍ണയത്തിലേക്ക് വരുമ്പോള്‍ സുധി വാത്മികത്തിലെ ജയസൂര്യയുടെ 'അഭിനയ'ത്തേക്കാള്‍ ചാര്‍ളിയെ ദുര്‍കറിന്റെ 'പ്രകടനം' തന്നെയായിരുന്നു മുന്നില്‍.

കഴിഞ്ഞ തവണ ഇവര്‍ രണ്ടുപേരും ഒരുപോലെ തള്ളിമാറ്റപ്പെട്ടവരാണ്. അപ്പോത്തിക്കരിയിലെ പ്രകടനത്തിന് ജയസൂര്യയും ഞാന്‍, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളിലൂടെ ദുല്‍കറും അവാര്‍ഡിന് അര്‍ഹരാണെന്ന് ഒരുപാടുപേര്‍ വാദിച്ചു. 1983, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളിലെ ഒരേ തരത്തിലുള്ള അഭിനയത്തിലൂടെ നിവിന്‍ പോളി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അര്‍ഹിച്ച രണ്ടുപേരെ തള്ളിയാണ് നിവിന്‍ ആ അവാര്‍ഡ് സ്വന്തമാക്കിയെന്നു പറയാതിരിക്കാന്‍ നിവൃത്തിയില്ലായിരുന്നു. പക്ഷേ ഇത്തവണ, ദുല്‍കര്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ മറ്റൊരാളെ കവച്ചുവച്ചാണ് അതുനേടിയതെന്നു പറയാന്‍ ഒരു ന്യായവും കാണുന്നില്ല.നിവിലുള്ള യുവതാരങ്ങളില്‍ ദുല്‍കറിന്റെ സ്ഥാനം മറ്റുപലരേക്കാളും പിന്നിലാണെന്ന് പറയുന്നവരുണ്ട്. എതിര്‍ക്കുന്നില്ല. പക്ഷേ ദുല്‍കറില്‍ കാണുന്ന ഒരു നല്ല ഗുണം അയാള്‍ അഭിനയത്തില്‍, പ്രത്യേകിച്ച് ഭാവാഭിനയത്തില്‍, അതുപോലെ ഡയലോഗ് ഡെലിവറിയില്‍ എല്ലാം ഓരോ സിനിമ കഴിയുമ്പോഴും ഇംപ്രവൈസേഷനു ശ്രമിക്കുന്നു എന്നതാണ്. സെക്കന്‍ഡ് ഷോയില്‍ നിന്നും ചാര്‍ളിയില്‍ എത്തുമ്പോള്‍ ഇതിനിടയില്‍ പതിമൂന്നു പടങ്ങള്‍ മാത്രമാണ് അഭിനയിച്ചിരിക്കുന്നത്. സിനിമയെ സംബന്ധിച്ച് പതിമൂന്നു ചിത്രങ്ങളെന്നത് വലിയ അനുഭവമൊന്നുമല്ല. എങ്കിലും തന്റെ പോരായ്മകള്‍ മനസിലാക്കാന്‍ അയാള്‍ക്ക് എണ്ണത്തില്‍ കുറഞ്ഞ സിനിമകള്‍ കൊണ്ടു തന്നെ കഴിഞ്ഞിട്ടുണ്ട് എന്നത് വാസ്തവമാണ്. വൈകാരികമുഹൂര്‍ത്തങ്ങളില്‍ മുഖത്ത് പേശികളുടെ ചലനങ്ങളില്‍ അനായാസത കൊണ്ടുവരാന്‍ കഴിയാതെ പോകുന്നതായിരുന്നു ദുല്‍കറെന്ന നടന്റെ തുടക്കകാലത്തെ വലിയ പോരായമകളിലൊന്ന്. പക്ഷേ തന്റെ രണ്ടാമത്തെ ചിത്രമായ ഉസ്താദ് ഹോട്ടല്‍ തൊട്ട് ദുല്‍ഖറിന് കിട്ടിയ ഭാഗ്യം അയാള്‍ക്ക് തന്റെ പോരായ്മകളോട് പടവെട്ടേണ്ട വേഷങ്ങള്‍ കിട്ടിയെന്നതാണ്. നിരന്തരമായ ആ പഠനം തന്നെയാണ് ചാര്‍ളിയില്‍ എത്തുമ്പോള്‍ ദുല്‍ഖറില്‍ അധികമില്ലെങ്കിലും പറയാവുന്ന ആ ആനയാസത. ഒരു കഥാപാത്രത്തെ ശബ്ദം കൊണ്ടും ഭാവം കൊണ്ടും തന്നിലെ താരത്തെ മറച്ചുവയ്ക്കുന്നതരത്തിലേക്ക് മാറ്റാമെന്നു പലരും, ദുല്‍കറിന്റെ പിതാവ് അടക്കം മലയാള സിനിമയില്‍ തെളിയിച്ചിട്ടുണ്ട്. ചാര്‍ളിയെന്ന കഥാപാത്രം ദുല്‍കര്‍ സല്‍മാന്‍ എന്ന താരത്തെ ജയിച്ചിടത്തു തന്നെയാണ് സംസ്ഥാന പുരസ്‌കാരം അയാള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നു പറയേണ്ടി വരുന്നത്.

നല്ല ചിത്രങ്ങളുടെ ഭാഗമാവുക എന്നതാണല്ലോ ഒരു അഭിനേതാവിനെ സംബന്ധിച്ച് അയാളുടെ വളര്‍ച്ചയെ സഹായിക്കുന്ന ഘടകം. ദുല്‍കര്‍ ഇതുവരെ ചെയ്തതില്‍ എല്ലാം അയാളിലെ നടനെ സഹായിച്ച സിനിമകളല്ലെന്നുള്ളത് സത്യമാണ്. പതിമൂന്നില്‍ പകുതിയും ദുല്‍കറിനെ ഒരു യുവതാരം എന്ന ലേബലില്‍ തളച്ചിടുന്നവ മാത്രമാണ്. എന്നാല്‍ ബാക്കി പകുതിയാണ് അയാളിലെ നടന് ഭാരമാകുന്ന വേഷങ്ങള്‍ നല്‍കിയത്. കൃത്യമായ ആസൂത്രണം നടത്തി സിനിമയില്‍ എത്തിയ, അതുപോലെ തന്നെ തുടരുകയും ചെയ്തിട്ടും പിഴവുകള്‍ പറ്റിയിട്ടുണ്ട്. എന്നാലതിന്റെ എണ്ണം കൂട്ടാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചലഞ്ചിംഗ് റോളുകള്‍ എന്നാല്‍ വേഷം മാറുന്നതും ശബ്ദം മാറ്റുന്നതുമല്ല എന്നും മറിച്ച് കാമ്പുള്ള തിരക്കഥയില്‍ വിരിയുന്ന കഥാപാത്രങ്ങളെ ഏറ്റെടുക്കലാണെന്നും തിരിച്ചറിയാന്‍ അയാള്‍ക്ക് കഴിയുന്നുണ്ട്.ദുല്‍കറേക്കാള്‍ അനുഭവപരിചയം സിനിമയില്‍ ഉള്ള നടനാണ് ജയസൂര്യ. സിനിമകളുടെ എണ്ണത്തിലും വളരെ മുമ്പില്‍. എന്നിരിക്കിലും ഈ അടുത്തകാലത്തായി മാത്രമാണ് ജയസൂര്യക്ക് പ്രേക്ഷകര്‍ക്ക് തന്നില്‍ ചില കഴിവുകളുണ്ടെന്നു മനസിലാക്കി കൊടുക്കാന്‍ സാധിച്ചത്. അതായാളുടെ നിര്‍ഭാഗ്യം കൂടിയാണ്. എത്രയോ മോശം സിനിമകളുടെ ഭാഗമാകേണ്ടി വന്നു. പക്ഷേ ഇപ്പോള്‍ അദ്ദേഹം കൂടുതല്‍ സെലക്ടീവായി. പക്ഷേ അപ്പോഴും തന്റെ കഥാപാത്രത്തിന് എന്തൊക്കെ ഇംപ്രവൈസേഷന്‍ നടത്താമെന്നു മാത്രമാണ് ശ്രദ്ധിക്കുന്നത്. സിനിമയുടെ മൊത്തം പ്രകടനം എങ്ങനെയാണെന്ന് അദ്ദേഹം ചിന്തിക്കാതെ പോകുന്നു. അയാള്‍ പോലുമറിയാതെയാണോ ഒരോ ടൈപ്പിലുള്ള കഥാപാത്രങ്ങള്‍ അദ്ദേഹത്തിനു വീണ്ടും വീണ്ടും ചെയ്യേണ്ടി വരുന്നതെന്നും സംശയമുണ്ട്. അതുകൊണ്ടുണ്ടാകുന്ന ദോഷമാണ് മേക്കപ്പ് ഇല്ലെങ്കില്‍ എല്ലാ ജയസൂര്യ കഥാപാത്രങ്ങളും ഒരുപോലെയിരിക്കുന്നു എന്ന തോന്നലുണ്ടാകുന്നത്.

മമ്മൂട്ടി എന്ന നടനെ കുറിച്ച് പറയുന്നത് അദ്ദേഹം ഒരിക്കലും ഒരു ബോണ്‍ അക്ടറല്ല, മെയ്ഡ് ആക്ടറാണെന്നാണ്. അതായത് അഭിനയശേഷി നിരന്തരമായ പരിശീലനത്തിലൂടെ ഉണ്ടാക്കിയെടുത്തൊരാള്‍. രാത്രി വരെ നീളുന്ന ഷൂട്ടിംഗിനുശേഷവും റൂമില്‍ വന്നിരുന്ന് ലോകോത്തര സിനിമകളുടെ കാസറ്റ് ഇട്ടുകണ്ട് അതിലെ അഭിനേതാക്കളുടെ പ്രകടനങ്ങള്‍ നോക്കി മനസിലാക്കുമായിരുന്നു അദ്ദേഹമെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. തന്റെ ശബ്ദവും ആംഗ്യചലനങ്ങളുമെല്ലാം സിനിമയ്ക്ക് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും നേരില്‍ കേള്‍ക്കേണ്ടി വന്നൊരാളാണ് മമ്മൂട്ടി. പക്ഷെ ഇന്നദ്ദേഹം മലയാള സിനിമയുടെയല്ല, ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ്. അത്തരമൊരു നടനെ മറികടന്നാണ് ദുല്‍കറും ജയസൂര്യയും മികച്ച നടനാകുകാനുള്ള അന്തിമ പോരാട്ടത്തില്‍ എത്തിയതെന്നതു തന്നെ അവര്‍ക്ക് അഭിമാനിക്കാനേറെ നല്‍കുന്നു. പക്ഷേ ഇവര്‍ രണ്ടുപേരും തന്നെ കൂടുതല്‍ കാര്യങ്ങള്‍( ഒരു നടനെന്ന നിലയില്‍ മാത്രം, താരമെന്ന രീതിയിലല്ല) മമ്മൂട്ടിയില്‍ നിന്നു പഠിക്കേണ്ടതുമുണ്ട്. എനിക്കു മാത്രം പെര്‍ഫോം ചെയ്യാനുള്ള സിനിമകളല്ല, ആ സിനിമയില്‍ അഭിനയിച്ചാല്‍ എനിക്കും പെര്‍ഫോം ചെയ്യാന്‍ കഴിയും എന്നുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നതിലേക്ക് ഇവരും എത്തട്ടെ...


Next Story

Related Stories