TopTop
Begin typing your search above and press return to search.

ദുതീ: പറക്കാന്‍ പറ്റുന്ന പെണ്‍കുട്ടി

ദുതീ: പറക്കാന്‍ പറ്റുന്ന പെണ്‍കുട്ടി

അഴിമുഖം പ്രതിനിധി


ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ വളവുതിരിവുകള്‍ക്കൊടുവില്‍ ദുതീ ചന്ദ് റിയോ ഒളിമ്പിക്‌സിലേക്കുള്ള വനിതകളുടെ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയിരിക്കുന്നു. ശനിയാഴ്ച ഒറീസ്സയിലെ ഗോപാല്‍പൂര്‍ ഗ്രാമത്തില്‍ വേനല്‍ സൂര്യന്‍ കത്തിനില്‍ക്കുമ്പോള്‍ അക്കാജി തന്റെ ഉപവാസം അവസാനിപ്പിച്ചു. ആ പഴയ നെയ്ത്തുകാരിയുടെ വീടിനു മുന്‍പില്‍ ഗ്രാമവാസികള്‍ തടിച്ചുകൂടി. എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. മധുര പലഹാരങ്ങള്‍ അവര്‍ പരസ്പരം കൈമാറി.

ഇതെല്ലാം ഒരൊറ്റ വാട്‌സ് ആപ്പ് സന്ദേശം കാരണം ആ ഗ്രാമത്തിലുണ്ടാക്കിയ മാറ്റങ്ങളാണ്. "ഞാന്‍ ഒളിമ്പിക്‌സിന് യോഗ്യത നേടി"- എന്നായിരുന്നു ആ സന്ദേശം. സരസ്വതിയുടെ ഇളയ സഹോദരിയായ ദുതീ ചന്ദ് അയച്ചതായിരുന്നു പ്രസ്തുത സന്ദേശം. 2000-ല്‍ പുതിയ യോഗ്യത മാനദണ്ഡങ്ങള്‍ തീരുമാനിച്ചതിന് ശേഷം ഒളിമ്പിക്‌സില്‍ 100 മീറ്റര്‍ യോഗ്യത നേടുന്ന ഇന്ത്യയിലെ ആദ്യ വ്യക്തിയാണ് ദുതീ ചന്ദ്. ഇതിന് മുമ്പ് 1980-ല്‍ പി.ടി ഉഷയാണ് യോഗ്യത നേടിയ ഇന്ത്യക്കാരി.

ഒറീസ്സയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ ജീവിതത്തിലെ മറ്റൊരു സുപ്രധാനമായ വഴിത്തിരിവായിരുന്നു ഇത്. രണ്ട് വര്‍ഷം മുന്‍പ് ദുതീ ചന്ദ് സ്‌പോര്‍ട്‌സ് രംഗത്ത് നിന്നും വിലക്കപ്പെട്ടിരുന്നു. പക്ഷേ കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ നടന്ന മത്സരത്തില്‍ 11.30 സെക്കണ്ടില്‍ 100 മീറ്റര്‍ ഓടിത്തീര്‍ത്ത് ദുതീ ചന്ദ് വിലക്കിന്റെ ചരിത്രമെല്ലാം അപ്രസക്തമാക്കിയിരിക്കുകയാണ്. അന്ന് തന്നെ രണ്ട് വട്ടമാണ് ദുതി ദേശീയ റെക്കോര്‍ഡ് മറികടന്നത്. തന്റെ ഈ പ്രകടനത്തിലൂടെ സ്ത്രീകളുടെ കായികരംഗത്തുള്ള പ്രകടനത്തില്‍ പുതിയൊരു അധ്യായം എഴുതി ചേര്‍ത്തിരിക്കുകയാണ് ദുതീ ചന്ദ്.

കൃത്യം രണ്ട് വര്‍ഷം മുന്‍പ് ദുതീ ചന്ദിന്റെ കരിയര്‍ ഏകദേശം അവസാനിച്ചതായി എല്ലാവരും കണക്കുകൂട്ടിയിരുന്നു. പുരുഷ ഹോര്‍മോണിന്റെ സാന്നിധ്യം കൂടുതലാണ് എന്ന ആരോപണം നേരിട്ട ദുതീ ചന്ദിനെ ഒടുവില്‍ അന്താരാഷ്ട്ര അത്‌ലറ്റിക്ക് ഫെഡറേഷന്‍ അന്താരാഷ്ട്രതലത്തില്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കുകയായിരുന്നു. പക്ഷേ അതുകൊണ്ടൊന്നും അവള്‍ തളര്‍ന്നില്ല. ദുതി കോടതിയെ സമീപിച്ചു. ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് എന്ന കായികതാരങ്ങളുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ കേസ് എത്തി. ഒടുവില്‍ ദുതീ ചന്ദിനെ കോടതി കുറ്റവിമുക്തയാക്കി. ജന്മനാ ശരീരത്തില്‍ ഇത്തരം ഹോര്‍മോണുകള്‍ ഉള്ളതുകൊണ്ട് ദുതീ ചന്ദിനെ വിലക്കാന്‍ പറ്റില്ല എന്നായിരുന്നു കോടതിയുടെ വിധി.

"എന്റെ നാട്ടുകാര്‍ ഞങ്ങള്‍ക്ക് മധുരം തന്നു. എന്റെ അമ്മ വളരെ സന്തോഷവതിയാണ്. എന്റെ ഗ്രാമത്തിലെ എല്ലാവരും വളരെ സന്തോഷത്തിലാണ്. ദുതീയുടെ കരിയര്‍ ശ്രദ്ധിച്ചവര്‍ക്കറിയാം അവള്‍ നേടിയത് എത്ര വലിയ നേട്ടമാണെന്ന്. ഒരു ദരിദ്ര ഗ്രാമത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി ലോകത്തിന്റെ മുന്‍പില്‍ ഓടുക എന്നത് തന്നെ വലിയ കാര്യമല്ലേ?"- സരസ്വതി മാധ്യമ പ്രവര്‍ത്തകരോടായി പറഞ്ഞു.

"ഇതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം. റിയോ ഒളിമ്പിക്‌സിലേക്ക് അര്‍ഹത നേടുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നും ഞാനെന്റെ ജീവിതത്തില്‍ ആഗ്രഹിച്ചിട്ടില്". ദുതീ ചന്ദ് 'ദ ഹിന്ദു' ദിനപത്രത്തോട് പറഞ്ഞു.

താന്‍ കേട്ടതൊക്കെ സത്യമാണോ എന്നറിയാന്‍ മുന്‍ അത്‌ലറ്റ് കൂടിയായ സരസ്വതി കയ്യില്‍ നുള്ളി നോക്കി. ഒഡീഷയിലെ ബ്രാഹ്മണി നദിയുടെ കരയിലൂടെ തന്റെ കൂടെ ഓടി നടന്ന കൊച്ചു സഹോദരി ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ പോകുന്നു എന്ന സത്യം സരസ്വതിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല.

ഒളിമ്പിക്‌സിന് അര്‍ഹത നേടിയ ശേഷം ഇരുപത്തിയാറാമത് ജി കൊസനോവ് മെമ്മോറിയല്‍ അന്താരാഷ്ട്ര മീറ്റിങ്ങില്‍ ഫൈനലില്‍ മത്സരിച്ച ദുതീ ദേശീയ റെക്കോര്‍ഡ് രണ്ടാം തവണയും തിരുത്തി മത്സരത്തില്‍ വെള്ളി മെഡല്‍ കൂടി കരസ്ഥമാക്കി. ഇത്തവണ 11.24 ആയിരുന്നു സമയം.

കഴിഞ്ഞ രണ്ട് മാസമായി ദുതീ ഓരോ തവണ ട്രാക്കിലേക്ക് ഇറങ്ങുമ്പോഴും കുടുംബം മനസ്സുരുകി പ്രാര്‍ഥിക്കുകയായിരുന്നു. ഏപ്രിലില്‍ ന്യൂ ഡല്‍ഹിയില്‍ വച്ചു നടന്ന ഫെഡറേഷന്‍ കപ്പ് മത്സരത്തില്‍ സെക്കന്റിന്റെ നൂറില്‍ ഒരംശത്തിന്റെ വ്യത്യാസത്തില്‍ ആയിരുന്നു ഒളിമ്പിക്‌സ് യോഗ്യത മാര്‍ക്കായ 11.32 എന്ന സമയം കുറിക്കാന്‍ സാധിക്കാതെ പോയത്. അന്ന് മുതല്‍ പങ്കെടുത്ത മത്സരങ്ങളില്‍ എല്ലാം യോഗ്യത മാര്‍ക്കിന്റെ വളരെ അടുത്ത് വരെ ദുതീ എത്തിയിരുന്നു.

"എന്റെ മാതാപിതാക്കളും ചേച്ചി സരസ്വതിയും കോച്ച് എന്‍. രമേഷും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. ഞാന്‍ കസാക്കിസ്ഥാനിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ഗ്രാമത്തില്‍ ഒരു പൂജ ചെയ്യുകയും ഉപവാസം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അവര്‍ക്ക് എന്നിലുള്ള വിശ്വാസം സംരക്ഷിക്കാന്‍ പറ്റുമെന്ന് ഞാന്‍ ഉറച്ച് പ്രതീക്ഷിച്ചിരുന്നു" - അല്‍മാട്ടിയില്‍ നിന്നും ദുതീ പറഞ്ഞു.

"ദുതീ മത്സരിക്കാന്‍ ഇറങ്ങുന്ന സമയങ്ങളില്‍ എന്റെ മാതാപിതാക്കള്‍ പൂജ ചെയ്യുമായിരുന്നു. എല്ലാ സമയത്തും അവര്‍ അമ്പലത്തില്‍ പോകുമായിരുന്നു. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആയാല്‍ പോലും അവര്‍ അമ്പലത്തില്‍ പോകുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യും. കസാക്കിസ്ഥാനില്‍ പോയപ്പോള്‍ എന്റെ അമ്മ ഉപവാസം അനുഷ്ടിക്കുകയും ചെയ്തു"- സരസ്വതി പറഞ്ഞു.

"ദുതീയെ മത്സരത്തില്‍ നിന്നും വിലക്കിയപ്പോള്‍ ആളുകള്‍ ഞങ്ങളുടെ അടുത്ത് വരികയും എന്തിനാണ് ഇനി മത്സരിക്കുന്നതില്‍ നിന്നും വിലക്കിയത് എന്ന് എപ്പോഴും ചോദിച്ചുകൊണ്ടേ ഇരിക്കുമായിരുന്നു. ഞങ്ങളുടെ മകളെ എന്തിനാണ് വിലക്കിയതെന്ന് എനിക്കും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ചോദിക്കുന്നവരോട് കൃത്യമായ ഉത്തരം നല്‍കാന്‍ എനിക്കും സാധിച്ചിരുന്നില്ല. ഞങ്ങളെ സംബന്ധിച്ച് അത് വളരെ സങ്കടകരമായിരുന്നു. പക്ഷേ ഇപ്പോള്‍ ആളുകള്‍ സ്വന്തം മകളെപ്പോലെ കണ്ട് ആഘോഷിക്കുന്നത് കാണുമ്പോള്‍ വലിയ സന്തോഷം തോന്നുന്നു. ഞാന്‍ അറിയാതെ കരഞ്ഞുപോയി"- അക്കാജി പറഞ്ഞു.

"കഴിഞ്ഞ വര്‍ഷം ദുതീയുടെ വിലക്ക് പിന്‍വലിച്ചപ്പോള്‍ ഗ്രാമം മുഴുവന്‍ വലിയ സന്തോഷത്തിലായിരുന്നു. മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവകാശം അവള്‍ നേടിയെടുത്തത്തില്‍ ഞങ്ങള്‍ വളരെ സന്തോഷിച്ചു. ഇപ്പോള്‍ ഒരു വട്ടമെങ്കിലും അവള്‍ ഗ്രാമത്തിലേക്ക് വരണമെന്നാണ് ഞങ്ങളൊക്കെ ആഗ്രഹിക്കുന്നത്. എങ്കിലല്ലേ ഞങ്ങള്‍ക്ക് ആഘോഷിക്കാന്‍ സാധിക്കുകയുള്ളൂ?"- സരസ്വതി പറഞ്ഞു.

ദുതീയും തന്റെ വീട്ടിലേക്ക് പോകണം എന്ന് ആഗ്രഹിക്കുകയാണ്. "റിയോയിലെക്ക് പോകുന്നതിന് മുന്‍പ് എനിക്ക് ഒന്നോ രണ്ടോ ദിവസത്തേക്ക് വീട്ടില്‍ പോകണം. എനിക്കെന്റെ സഹോദരിമാരെയും അച്ഛനെയും അമ്മയെയും കാണണം. കൂടാതെ ജഗന്നാഥ അമ്പലത്തില്‍ പോയി പ്രാര്‍ഥിക്കണം. എന്റെ ഗ്രാമവാസികളുടെ പ്രാര്‍ഥനയും ജഗന്നാഥ ഭഗവാന്റെ അനുഗ്രഹവുമാണ് എന്നെ ഒളിമ്പിക്‌സിന് യോഗ്യത നേടാന്‍ സഹായിച്ചത്". ദുതീ പറഞ്ഞു.

Next Story

Related Stories