TopTop
Begin typing your search above and press return to search.

പൊതു പ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കേണ്ടേ?

പൊതു പ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കേണ്ടേ?

എം കെ രാമദാസ്

സദാചാര ഗുണ്ടായിസത്തിരയായി അപമാനിക്കപ്പെട്ട പൊതു പ്രവര്‍ത്തകയായ വടകര പയ്യോളിയിലെ സിന്ധു നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ്. മനുഷ്യാവകാശ കമ്മിഷന്‍, വനിതാ കമ്മിഷന്‍, മജിസ്‌ട്രേറ്റ് കോടതി എന്നിവിടങ്ങളില്‍ സിന്ധു പരാതി നല്‍കിക്കഴിഞ്ഞു. സിന്ധുവിന്റെ മക്കള്‍ ബാലാവകാശ കമ്മിഷനെയും സമീപിച്ചിട്ടുണ്ട്. "വീട്ടുകാരും പയ്യോളിയിലെ ജനങ്ങളും കൂടെയുണ്ട്. നീതി കിട്ടും വരെ പൊരുതും." സിന്ധു അഴിമുഖത്തോട് പറഞ്ഞു.

''രണ്ട് ആണ്‍കുട്ടികളുടെ അമ്മയാണ്. ഭര്‍ത്താവും അവരുടെ മാതാപിതാക്കളും കൂടിയുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി പൊതു പ്രവര്‍ത്തന രംഗത്തുണ്ട്. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അഞ്ച് വര്‍ഷവും തുടര്‍ന്ന് പയ്യോളി പഞ്ചായത്ത് അധ്യക്ഷയായി അഞ്ച് വര്‍ഷവും പ്രവര്‍ത്തിച്ചു. ഭര്‍ത്താവിനൊപ്പം കുവൈറ്റിലേക്ക് പോകാന്‍ ഒരുങ്ങിയതുകൊണ്ടാണ് ഈ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നത്. അച്ഛന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. വീട്ടുകാര്‍ പൊതുവെ കോണ്‍ഗ്രസിനോട് അനുഭാവമുള്ളവരും.'' സിന്ധു തുടര്‍ന്നു.

''തലശ്ശേരി ബ്രണ്ണണ്‍ കോളേജില്‍ നിന്നും കോമേഴ്‌സില്‍ ബിരുദം നേടി. വോളിബോള്‍ കളിക്കാരിയാണ്. 1996ല്‍ സംസ്ഥാന വോളിബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്നു. വോളിബോളിനോടുള്ള ഇഷ്ടം കാരണം പഠനക്കാലത്ത് രാഷ്ട്രീയമുണ്ടായിരുന്നില്ല. ഭര്‍ത്താവും അദ്ദേഹത്തിന്റെ വീട്ടുകാരും എന്നെ പൂര്‍ണമായി വിശ്വസിച്ചിരുന്നു. അതാണ് എന്റെ കരുത്ത്. ഇതുപൊലൊരു അനുഭവം നേരിടുന്ന മറ്റൊരു സ്ത്രീക്കും ഇത് അതിജീവിക്കാനാവില്ല. മറ്റൊരു സ്ത്രീക്കും ഇത്തരമൊരു അനുഭവം ഉണ്ടാവാന്‍ പാടില്ല. അതിനുകൂടിയാണ് ഇപ്പോള്‍ എന്റെ ശ്രമം.'' സിന്ധു പറഞ്ഞു.

"വെള്ളിയാഴ്ച പതിനൊന്നരയോടെയാണ് വടകരയിലെ സഹകരണ സംഘ ഓഫീസില്‍ എത്തിയത്. കോഴിക്കോട് ആസ്ഥാനമായുള്ള സഹകരണ സംഘത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ഞാന്‍. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ തിരുവള്ളൂര്‍ മുരളിയാണ് സംഘത്തിന്റെ പ്രസിഡന്റ്.'' സദാചാര വാദികളുടെ ക്രൂരതയ്ക്കിരയായ സിന്ധു അന്നത്തെ സംഭവം വിശദീകരിച്ചു."ആ സമയം ഓഫീസില്‍ സ്ത്രീകളായ മറ്റ് സ്റ്റാഫും ഉണ്ടായിരുന്നു. ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘമായതുകൊണ്ട് തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ ഇവര്‍ പുറത്തേയ്ക്കുപോയി. പുറത്ത് നിന്ന് നോക്കിയാല്‍ കാണാവുന്ന നിലയിലുള്ള ഫ്രണ്ട് ഓഫീസിലാണ് പ്രസിഡന്റും ഞാനും ഇരുന്നത്. 10-15 മിനുട്ടിനകും ആരോ വാതില്‍ പുറത്ത് നിന്ന് പൂട്ടി. അല്‍പസമയത്തിനകം കൈരളി ടി വി ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരും എത്തി ചേര്‍ന്നു. താഴിട്ട് പൂട്ടിയവരില്‍ നിന്ന് താക്കോല്‍ വാങ്ങി വാതില്‍ തുറന്ന് പൊലീസ് തങ്ങളെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. അഞ്ച് മണിക്കൂറോളം സ്റ്റേഷനില്‍ ഇരുത്തി. വിളിച്ചുവരുത്തിയ ജനക്കൂട്ടത്തിന് മുന്നിലിട്ട് ക്രൂരമായി അവഹേളിച്ചു. അപമാനിച്ചു. പൊലീസ് ഇതിന് പിന്തുണ ചെയ്തു. ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കളാണ് പീഡനത്തിന് നേതൃത്വം നല്‍കിയത്. നിരപരാധിത്വം തെളിയിക്കാന്‍ മെഡിക്കല്‍ പരിശോധന വേണമെന്ന ആവശ്യം പൊലീസ് ആദ്യം അംഗീകരിച്ചില്ല. തന്നെ വിശ്വസിക്കുന്നവരുടെ മുന്നില്‍ സത്യസന്ധത തെളിയിക്കുവാനാണ് മെഡിക്കല്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടത്. സി ഐ ഭീഷണിപ്പെടുത്തി. ഒരു മണിക്കൂറിനുള്ളില്‍ സ്റ്റേഷനില്‍ നിന്ന് പുറത്തു പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ലോക്കപ്പില്‍ ആക്കുമെന്നായിരുന്നു ആക്രോശം. പരാതിയും കേസുമില്ലെന്ന് പറയുന്ന പൊലീസ് പിന്നെ എന്തിന് ഒരു പകല്‍ മുഴുവന്‍ സ്റ്റേഷനില്‍ ഇരുത്തി. ഡി വൈ എസ് പി എത്തിയതിനുശേഷമാണ് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. " സിന്ധു പറഞ്ഞു

"ഞങ്ങള്‍ സ്റ്റേഷനില്‍ ഇരിക്കുന്ന സമയത്തെല്ലാം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പുറത്ത് മുദ്രാവാക്യം വിളിയോടെ പ്രകടനം നടത്തുകയായിരുന്നു. രണ്ട് മക്കളുടെ അമ്മയല്ലേ? ഭര്‍ത്താവും കുടുംബവും ഇല്ലേ? പൊതു പ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് പുറത്ത് ഇറങ്ങി നടക്കേണ്ടേ? സ്ത്രീകള്‍ക്ക് ഓഫീസുകളില്‍ തനിയേ പോകേണ്ടി വരില്ലേ? തിരുവള്ളൂര്‍ മുരളിയെ കുരുക്കാനുള്ള ശ്രമത്തില്‍ ബലിയാടായത് ഞാനാണ്. ഇക്കാര്യം ഈ സംഘത്തില്‍ ഉള്ളവര്‍ തന്നെ ചിലരോട് രഹസ്യമായി പറഞ്ഞിട്ടുണ്ട്. വലിയ ഗൂഢാലോചനയുണ്ട് ഇതിനുപിന്നില്‍. മിനുട്ടുകള്‍ക്കകം കൈരളി ടി വി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ എത്തിയത് അതുകൊണ്ടാണ്. കണ്ടാല്‍ അറിയാവുന്ന അഞ്ച് ഡി വൈ എഫ് ഐ നേതാക്കളാണ് കുറ്റകൃത്യത്തിന് നേതൃത്വം നല്‍കിയത്. 20 ഓളം പേര്‍ ഈ സംഘത്തില്‍ ഉണ്ട്. ആരേയും ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. പൊലീസിന്റെ ഒത്താശയുണ്ട് ഈ സദാചാര ഗുണ്ടായിസത്തിന്. സി ഐയ്ക്ക് പങ്കുണ്ട്. രാഷ്ട്രീയത്തില്‍ ശത്രുതയുണ്ടാകും. പക്ഷേ, എതിരാളികളെ തകര്‍ക്കാനുള്ള ഗൂഢാലോചനയില്‍ സ്ത്രീ ബലിയാടാക്കപ്പെടുകയാണ്. മറ്റൊരു സ്ത്രീയ്ക്കും ഇതുപോലൊരു അനുഭവം ഉണ്ടാകരുത്.നീതി കിട്ടുംവരെ പോരാടും", സിന്ധു പറഞ്ഞു.

(അഴിമുഖം കണ്‍സല്‍ടിംഗ് എഡിറ്ററാണ് ലേഖകന്‍)


Next Story

Related Stories