Top

ഇ പിക്കു മുന്നിൽ ജേക്കബ് തോമസ് കവാത്ത് മറക്കുമോ?

ഇ പിക്കു മുന്നിൽ ജേക്കബ് തോമസ് കവാത്ത് മറക്കുമോ?

അഴിമുഖം പ്രതിനിധി

കേരളത്തിൽ രണ്ടു റിക്രൂട്ട്മെന്റ് ആണ് വിവാദമായി ആളിക്കത്തുന്നത്. ഒന്ന് തീവ്രവാദ സംഘടനയായ ഐസിലേക്കുള്ള റിക്രൂട്ട്മെന്റും രണ്ടാമത്തേത് സിപിഎം നേതാക്കൾ ബന്ധുക്കളെ ഉയർന്ന പദവിയിൽ റിക്രൂട്ട് ചെയ്തതും. പൊതുമേഖലാ സ്ഥാപനങ്ങളുടെ താക്കോൽ സ്ഥാനത്തു നാല് ബന്ധുക്കളെ തിരുകി കയറ്റിയതാണ് ജയരാജന്മാരിൽ ഒന്നാമനായ ഇ പിയെ വെട്ടിലാക്കിയത്. ഒറ്റ നിയമനത്തിന്റെയും ഫയലുകൾ മന്ത്രി സഭായോഗത്തിൽ എത്തിയിട്ടില്ല. 1988 ലെ അഴിമതി നിരോധനനിയമത്തിലെ 13(1)(ഡി) പ്രകാരം ഈ കൂട്ട നിയമനങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണം എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

അഴിമതി നിരോധന നിയമം അനുസരിച്ചു (Section 13(1)(d) in The Prevention of Corruption Act, 1988-(d) if he,—
(i) by corrupt or illegal means, obtains for himself or for any other person any valuable thing or pecuniary advantage; or
(ii) by abusing his position as a public servant, obtains for himself or for any other person any valuable thing or pecuniary advantage; or
(iii) while holding office as a public servant, obtains for any person any valuable thing or pecuniary advantage without any public interest; or) നടപടി എടുക്കേണ്ടത് ജേക്കബ് തോമസാണ്. പൊതുജന സേവകൻ എന്ന പദവി ദുരുപയോഗം ചെയ്തു ബന്ധുക്കളെ ഉന്നത തസ്തികകളിൽ തിരുകി കയറ്റി എന്നാണ് ജയരാജനെതിരെ രമേശ് ചെന്നിത്തലയും വി. മുരളീധരനും നൽകിയ പരാതിയുടെ ഉള്ളടക്കം.

കെ എം മാണിയെയും കെ ബാബുവിനെയും വരച്ച വരയിൽ നിർത്തിയ വിജിലിൻസ് ഡയറക്ടർ ജേക്കബ് തോമസ് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ പോസ്റ്റിൽ ഗോളടിക്കുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്. സ്പോർട്സ് കൗൺസിലിൽ അഞ്ജു ബോബി ജോർജിന്റെ സഹോദരന് നിയമനം നൽകി എന്ന് ചന്ദ്രഹാസം ഇളക്കിയ ജയരാജനാണ് ബന്ധുക്കളുടെ റിക്രൂട്ട്മെന്റിൽ മുന്നിൽ നിൽക്കുന്നത് എന്നും ശ്രദ്ധേയമാണ്. സ്ക്കൂട്ടർ ഓടിച്ചു വന്ന സന്ധ്യയ്ക്കു ജോലി കൊടുത്തത് മുതൽ നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യം എടുത്തു വീശിയിട്ടും ഇപി യെ ന്യായീകരിക്കാൻ പാർട്ടിക്ക് കഴിയുന്നില്ല.പി കെ ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരുടെ നിയമനം റദ്ദ് ചെയ്തു എന്ന് പറഞ്ഞു ഊരിപ്പോകാനും കഴിയില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തു മെത്രാൻ കായൽ മറിച്ചു നൽകാനുള്ള നൽകാനുള്ള മന്ത്രിസഭാ തീരുമാനം റദ്ദാക്കിയിട്ടു പോലും കേസ് എടുക്കാൻ ഉത്തരവിട്ട വിജിലൻസ് കോടതിയുള്ള നാടാണ് ഇത്. സർക്കാരിന് നഷ്ടം സംഭവിച്ചില്ല എന്ന വാദം ഉയർത്താനാകില്ല. ടു ജി സ്പെക്ട്രം വിതരണത്തിലെ അഴിമതി ആളിക്കത്തിയപ്പോഴും ഖജനാവിനു നഷ്ടം സംഭവിച്ചില്ല എന്ന വാദം ഉയർത്താനാണ് യു പി എ സർക്കാർ ശ്രമിച്ചത് എന്നോർക്കുക.

ബന്ധുക്കളുടെ കേസ് കേൾക്കുന്നതിൽ നിന്നും ജഡ്ജിമാർ മാറിനിൽക്കുന്നത് പോലെ സർക്കാരിന്റെ ബിസിനിസ് റൂളിലെ 24 ചട്ട പ്രകാരം സ്വന്തം താല്പര്യം ഉൾപ്പെടുന്ന ഫയലുകളിൽ മന്ത്രിമാർ തീരുമാനം എടുക്കരുത്. ഇത്തരം റൂളുകൾ ജേക്കബ് തോമസിന്റെ ഭൂതക്കണ്ണാടിയിൽ ദൃശ്യമാകുമോ എന്നാണ് കണ്ടറിയേണ്ടത്. കേസെടുക്കുന്ന കാര്യം തീരുമാനിക്കുന്നതിനായി സെക്രട്ടറിയേറ്റിൽ നിന്നും നിയമന ഫയലുകൾ വിജിലൻസിന് പിടിച്ചെടുക്കേണ്ടി വരും. ഇതിനൊന്നും തയാറാകാതെ പരാതി ചവറ്റുകൊട്ടയിൽ തള്ളിയാൽ രമേശിനും മുരളീധരനും മുന്നിൽ കോടതിയുടെ വാതിലുകൾ തുറന്നു കിടക്കുന്നു എന്ന കാര്യം ജേക്കബ് തോമസ് മറക്കരുത്. വ്യാപകമായി പ്രതിഷേധം ഉയർന്നതിനെ തുടർന്ന് നിയമനം റദ്ദാക്കിയെങ്കിലും കുറ്റകൃത്യം നടത്താൻ ശ്രമിച്ചതിനെതിരെ ചുമത്താവുന്ന സെക്ഷൻ 15 കുറ്റം ജയരാജയനെതിരെ നിലനിൽക്കും. കേസ് എടുത്തു കുറ്റകൃത്യം തെളിഞ്ഞാൽ പിഴയോടു കൂടി മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.


Next Story

Related Stories