TopTop
Begin typing your search above and press return to search.

കണ്ണൂരിന്റെ കന്നിമേയര്‍ കുടുംബശ്രീയുടെ മുഖശ്രീ

കണ്ണൂരിന്റെ കന്നിമേയര്‍ കുടുംബശ്രീയുടെ മുഖശ്രീ

ഇ പി ലത. 44. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. കോഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ ഹയര്‍ ഡിപ്ലോമ. എംബിഎ. ബംഗളുരുവിലും കേരളത്തിലും സ്വകാര്യ സ്ഥാപനങ്ങളില്‍ മാനേജര്‍. കുടുംബശ്രീ ജെന്‍ഡര്‍ വിഭാഗം റിസോഴ്‌സ് പേഴ്‌സണ്‍. കുടുംബ ശ്രീ എളയാവൂര്‍ ബാലസഭ റിസോഴ്‌സ് പേഴ്‌സണ്‍. രാഷ്ട്രീയത്തില്‍ തുടക്കം ബാലസംഘത്തിലൂടെ. നിലവില്‍ ഡിവൈഎഫ്‌ഐയില്‍.

പത്ത് വര്‍ഷം മുമ്പ് പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ ആ ഓഫര്‍ തട്ടിയകറ്റിയ ഇപി ലത ഇന്നിപ്പോള്‍ ആദ്യ അങ്കത്തില്‍ തന്നെ ഭാഗ്യത്തിന്റെ തോളിലേറി കണ്ണൂരിന്റെ കന്നി മേയറായി. എളയാവൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ബാലികേറാ മലയായ മേലേചൊവ്വ ഡിവിഷനില്‍ നിന്നാണ് തന്റെ ആദ്യ അങ്കത്തില്‍ ലത ജയിച്ചു കയറിയത്. 25 വോട്ടിന്റെ ഭൂരിപക്ഷം.

പ്രഥമ കോര്‍പ്പറേഷന്റെ ഭരണം തങ്ങള്‍ക്കെന്ന് ഉറപ്പിച്ച യുഡിഎഫിന് അടിപതറിയപ്പോള്‍ ഇരുമുന്നണികള്‍ക്കും ലഭിച്ചത് 27 സീറ്റുവീതം. 55 അംഗ കോര്‍പ്പറേഷനിലെ ശേഷിക്കുന്ന ഏകസീറ്റ് കോണ്‍ഗ്രസ് വിമതന്‍ നേടിയതോടെ കണ്ണൂരിലെ ഭരണം അനിശ്ചിതത്വത്തിലായി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങള്‍ക്ക് വഴങ്ങാതിരുന്ന വിമതന്‍ പികെ രാഗേഷിന്റെ നിര്‍ണ്ണായക വോട്ടിലാണ് എല്‍ഡിഎഫിന്റെ ലത മേയറായത്.

ലത ഈ സുവര്‍ണ നേട്ടം കൊയ്തപ്പോള്‍ നേട്ടത്തില്‍ അഭിമാനം കൊള്ളാന്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും അവകാശമുണ്ട്. കുടുംബശ്രീ ജെന്‍ഡര്‍ യൂണിറ്റ്, ബാലസഭ എന്നിവയുടെ റിസോഴ്‌സ് പേഴ്‌സണ്‍ കൂടിയാണ് ലത. ചുരുക്കിപ്പറഞ്ഞാല്‍ ലതയിപ്പോള്‍ കുടുംബശ്രീയുടെ ഭാഗ്യദേവത.

മുഴുവന്‍ സമയ പൊതുപ്രവര്‍ത്തനത്തിന് വേണ്ടി കേരളത്തിലും ബംഗളുരുവിലും ഉണ്ടായിരുന്ന മാനേജര്‍ പദവികള്‍ വിട്ടെറിഞ്ഞ് വന്ന തനിക്ക് കുടുംബശ്രീയുമായുള്ള സുദൃഢ ബന്ധം കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഏറെ സഹായകം ആകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ലത. 'കുടുംബശ്രീ ഒരു മഹത്തായ പ്രസ്ഥാനമാണ്. സ്ത്രീകള്‍ ഒരിടത്തു നിന്നും മാറി നില്‍ക്കേണ്ടതില്ലെന്നും ഏതു ജോലിയും ഏറ്റെടുത്ത് വിജയിപ്പിക്കുവാന്‍ അവര്‍ക്ക് ആകുമെന്നും ഉള്ള ഏറ്റവും നല്ല അനുഭവം കൂടിയാണ് കുടുംബശ്രീ എനിക്ക് നല്‍കിയത്. 1999-ല്‍ കണ്ണൂര്‍ ജില്ലയില്‍ കുടുംബശ്രീ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഞാനും അതില്‍ സജീവമാണ്. ഡിവൈഎഫ്‌ഐയിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ എനിക്ക് ജനകീയാസൂത്രണത്തിന്റേയും സ്ത്രീ ശാക്തീകരണത്തിന്റേയും അടിസ്ഥാന പാഠങ്ങള്‍ പകര്‍ന്നു തന്നതും കുടുംബശ്രീയാണ്. ജോലിയുമായി ബന്ധപ്പെട്ട് ഇടയ്ക്ക് ബംഗളുരുവിലേക്ക് മാറി താമസിച്ചപ്പോഴും കുടുംബശ്രീയുമായുള്ള ബന്ധം തുടര്‍ന്നു. 2007-ല്‍ വീണ്ടും കണ്ണൂരിലെത്തി കുടുംബശ്രീയില്‍ സജീവമായി. മേയര്‍ പദവിയിലിരുന്ന് സ്ത്രീകളുടെ ക്ഷേമത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം എനിക്കുണ്ട്.'

കുരുക്കില്ലാത്ത നഗരം
കണ്ണൂര്‍ നഗരനിവാസി കൂടിയായ ലതയ്ക്ക് കണ്ണൂരിലെ ഗതാഗത കുരുക്കിനെ കുറിച്ച് ആരും പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല. ഗതാഗത കുരുക്ക് അഴിക്കുന്നതിന് തന്നെയാണ് ലതയും മുന്‍ഗണന നല്‍കാന്‍ ഉദ്ദേശിക്കുന്നത്. 'ഫ്‌ളൈ ഓവറുകളും അടിപാതകളും ഓഫര്‍ ചെയ്ത ഇടതുപക്ഷത്തിന്റെ വികസന രേഖ വച്ചു തന്നെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകും.'

മാലിന്യ മുക്ത കണ്ണൂര്‍
കേരളത്തിലെ ഏത് നഗരവും പോലെ തന്നെയാണ് മാലിന്യത്തിന്റെ പേരില്‍ കണ്ണൂരും. 'മാലിന്യ മുക്ത നഗരം എന്ന സ്വപ്‌നം പൂവണിയിക്കും. പാര്‍ട്ടിയുടെ ശുചിത്വകേരളം ക്യാംപെയ്‌നിന്റെ ഭാഗമായിരുന്നു ഞാനും. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കും.'

കോര്‍പ്പറേഷനിലെ അംഗ ബലത്തിന്റെ പരിമിതിയൊന്നും വികസനത്തെ ബാധിക്കില്ലെന്ന് തന്നെയാണ് ലതയുടെ ഉറച്ച വിശ്വാസം. 'വികസന കാര്യങ്ങളില്‍ എല്ലാവരും രാഷ്ട്രീയം മറന്ന് ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്. ഇവിടേയും അങ്ങനെ തന്നെ സംഭവിക്കുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.'

(തയ്യാറാക്കിയത് കെ എ ആന്റണി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories