TopTop
Begin typing your search above and press return to search.

നാരായണ്‍ ടാക്കുർ; ഭൂകമ്പം നിലംപരിശാക്കിയ പ്രവാസ ജീവിതം

നാരായണ്‍ ടാക്കുർ; ഭൂകമ്പം നിലംപരിശാക്കിയ പ്രവാസ ജീവിതം

അജീഷ് മാത്യു കറുകയിൽ

നാരായണ്‍ ടാക്കുർ. എന്ത് പറഞ്ഞു ആശ്വസിപ്പിക്കുമെന്നോ എങ്ങനെ അദ്ധേഹത്തിന് സംഭവിച്ച നഷ്ടം നികത്താൻ ആവുമെന്നും അറിയാതെ ഞങ്ങള്‍ നിന്നുരുകി. മൂന്ന് കൊല്ലം മുൻപ് ഞങ്ങളുടെ കൂടെ കൂടിയ ആ ദിവസം മുതൽ ചിരിച്ചും ചിരിപ്പിച്ചും മാത്രം ഞങ്ങൾക്ക് പരിചയമുള്ള നാരായണ്‍ ഭായിയുടെ തീർത്തും പരിചിതമല്ലാത്ത ഈ മുഖം ഒരു നൊമ്പരമായി തീർന്നിരിക്കുന്നു.

കാഠ്മണ്ഡുവിന് വടക്ക് പടിഞ്ഞാറ് ഭരത്പൂർ എന്ന പട്ടണത്തിലായിരുന്നു നാരായണ്‍ ഭായി സ്വപ്നങ്ങളും വിയർപ്പും സ്വരുക്കൂട്ടിയുണ്ടാക്കിയ സ്വപ്നഗൃഹം. മൂന്ന് മക്കളെയും ഭാര്യയെയും ജീവന് തുല്യം സ്നേഹിച്ചിരുന്ന ആ കുറിയ മനുഷ്യൻ വീട് വിട്ടു മരുഭൂമിയിൽ എത്തിയത് തന്നെ സ്വന്തമായി ഒരു കിടപ്പാടം എന്ന ലക്‌ഷ്യം പൂർത്തികരിക്കാൻ വേണ്ടി മാത്രമായിരുന്നു. കമ്പനി നല്കുന്ന ഓവർ ടൈമുകളിൽ ഒന്നുപോലും പാഴാക്കാതെ സദാ സമയം ചിരിച്ചും തമാശകൾ പറഞ്ഞും കൂടെ പണിതിരുന്നവരുടെ നിമിഷങ്ങളെ ധന്യമാക്കിയിരുന്ന ആ കുറിയ മനുഷ്യൻ പെട്ടന്ന് തന്നെ ഞങ്ങളുടെ കമ്പനിയിലെ ഏറ്റവും ജനപ്രിയനായി തീർന്നു. ടാകൂർ ഭായി എന്നോ നാരായണ്‍ ഭായി എന്നോ വിളിക്കാതെ ഒരാളും അയാളെ കടന്നു പോയിരുന്നില്ല നേപ്പാളി പാരമ്പര്യ പാചക കലയിൽ നിപുണനായിരുന്ന ടാക്കൂർ അത് എല്ലാവർക്കും വെച്ച് വിളമ്പുന്നതിലും മഹാ മനസ്കത കാട്ടിയിരുന്നു. മോമോയും ദിണ്ടോ താലിയും സ്പെഷ്യൽ ചിക്കൻ വിഭവമായ ചോ മീനും ഒക്കെ ടാക്കൂർ ഭായിയുടെ കൈപുണ്യത്തിൽ ഞങ്ങളുടെ സ്വാദു മുകുളങ്ങളെ ഉണർത്തി കടന്നു പോയവയായിരുന്നു .

ഒരു കൊല്ലം മുൻപാണ് ടാക്കൂർ നാട്ടിൽ വീട് പണി തുടങ്ങിയത്. വന്ന ആദ്യ രണ്ടു വർഷങ്ങൾ സമ്പാദ്യത്തിൽ നിന്നും മിച്ചം പിടിച്ചവയും അവധിക്കു പോലും പോകാതെ നേടിയ അവധി ശമ്പളവും ടിക്കറ്റ് അലവൻസും ഒക്കെ ചേർത്താണ് വീടിന്റെ തറക്കല്ലിട്ടത്. അന്നയാൾ പതിവിലേറെ സന്തോഷവാനായിരുന്നു. ക്യാമ്പിൽ മുഴുവൻ സ്വന്തം കൈകൊണ്ടുണ്ടാക്കിയ യോമാരി എന്ന നേപ്പാളി മധുരം വിളമ്പിയാണ് തന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ ആദ്യ പടി അയാൾ ആഘോഷിച്ചത്. പിന്നീട് സ്വയം ഒതുങ്ങി ചിലവുകളിൽ നിയന്ത്രണം വരുത്തി ലക്ഷ്യ പ്രാപ്തിയിലെയ്ക്ക് നിശ്ചയദാര്‍ഡ്യത്തോടെ നടന്നടുക്കുന്ന നാരായണ്‍ ടാക്കൂരിനെയാണ് പിന്നെ ഞങ്ങൾ കണ്ടത്.നാല് മാസം മുൻപ് ഒരു ബസന്ത പഞ്ചമി നാളിൽ ടാക്കൂരിന്റെ സ്വപ്നം പൂവണിഞ്ഞു. ചെറുതെങ്കിലും മനോഹരമായ ഒരു കൊച്ചു വീട് സ്വന്തമാക്കിയതിന്റെ സന്തോഷത്തിൽ ടാക്കൂർ സ്വയം മറന്നു ആഘോഷിച്ചു. അമിതമായി മദ്യപിച്ച് നേപ്പാളി ദൊഹൊരി സംഗീതത്തിന്റെ അകമ്പടിയോടെ അയാൾ ഇങ്ങനെ പാടി, 'നിങ്ങൾ അറിഞ്ഞോ കൂട്ടുകാരെ കൊച്ചു കിനാവിൻ സാഗർ മാതാ കെട്ടി ഞാൻ എന്റെ പിറന്ന മണ്ണിൽ. ആകുലനായൊരു എന്നെ ഞാനി മരുവിൻ വെയിലിൽ വലിച്ചെറിഞ്ഞു കൊടുമുടിയേറാൻ സമയമണഞ്ഞു.' അർഥം അറിയാതെയെങ്കിലും ഞങ്ങളും അവനോടൊപ്പം പാടി ആ രാത്രി ഉത്സവമാക്കി.

ഗള്‍ഫില്‍ വന്നിട്ട് ഇത് വരെ നാട്ടിൽ പോയിട്ടില്ല. വീടിനു വേണ്ടി അധ്വാനിക്കുകയായിരുന്നു ഇതുവരെ. കമ്പനിയിൽ നിന്നും അഡ്വാൻസ് വാങ്ങിയ തുക അടഞ്ഞു തീർന്നാൽ അവധിക്കു അപേക്ഷിക്കാം. ഏപ്രിലോടുകൂടി അത് കഴിയും. എന്നിട്ട് വേണം ജീവന് തുല്യം സ്നേഹിക്കുന്ന മക്കളെ കാണാൻ പോകാൻ. എല്ലാ ദിവസവും അയാൾ അവരെ വിളിക്കാറുണ്ടായിരുന്നു. മൂന്നു കുഞ്ഞുങ്ങളോടും ഭാര്യയോടും സംസാരിക്കാൻ തന്നെ ദിവസവും രണ്ടു മണിക്കൂർ ഇന്റർനെറ്റ്‌ ഫോണുമായി മല്ലയുദ്ധം നടത്താറുണ്ട്‌. ചിലപ്പോൾ ശാസന. ചിലപ്പോൾ ചീത്തവിളി .ചിലപ്പോൾ തലോടൽ. എല്ലാം അന്വേഷിച്ചിട്ടേ സ്നേഹനിധിയായ ആ കുടുംബനാഥൻ ഉറങ്ങാൻ പോകാറുള്ളായിരുന്നു. .

അന്നും പതിവ് സംസാരത്തിനിടയിൽ ഭാര്യ പയ്യാരം പറഞ്ഞു, "നിങ്ങളിതെത്ര കൊല്ലമായി പോയിട്ട്.. വീട് പണി ഒക്കെ കഴിഞ്ഞില്ലേ.. ഇനിയെങ്കിലും ഒന്ന് വന്നു കൂടെ? കാണാൻ കൊതിയാകുന്നു. കുഞ്ഞുങ്ങൾ വലുതാവുന്നു. ആണ്‍കുട്ടികൾക്ക് ഒരു പ്രായം കഴിഞ്ഞാൽ അമ്മ പോര അപ്പൻ തന്നെ വേണം. ഇനി നമുക്ക് ഉള്ളത് കൊണ്ട് ഇവിടെ ജീവിക്കാം." .ടാക്കൂര്‍ ഇങ്ങനെ മറുപടി നല്കി. "ശരി പ്രിയേ നീ പറഞ്ഞതെല്ലാം ഞാൻ അംഗീകരിച്ചിരിക്കുന്നു. മേയിൽ വിസ കാലാവധി തീരുകയാണ്. ഇനി ഒരു പുതുക്കലിന് നിൽക്കുന്നില്ല. ഞാൻ വരാം നീ ശാന്തമായി ഉറങ്ങൂ."പിറ്റേന്ന് ശനിയാഴ്ചയായിരുന്നു. തിരക്കുള്ള പണി നടക്കുന്നതിനിടെ പുറത്തു നിന്നും വന്ന സുപ്പർ വൈസറാണ് അത് പറഞ്ഞത്. ."ടാക്കൂർ നീയറിഞ്ഞോ നിങ്ങളുടെ നാട്ടിൽ ഭൂചലനം ഉണ്ടായിരിക്കുന്നു. ആരും മരിച്ചിട്ടില്ല എന്നാണ് ആദ്യ റിപ്പോർട്ടുകൾ. വീട്ടിൽ എല്ലാവരും സുരക്ഷിതർ ആണോ എന്ന് ഒന്ന് വിളിച്ചു ചോദിക്കുക.". കേട്ട പാതി കേൾക്കാത്തപാതി ഫോണ്‍ വാങ്ങി ഡയൽ ചെയ്തു. ഇല്ല ഒരു നമ്പറും വർക്ക് ചെയ്യുന്നില്ല . പണി മതിയാക്കി റൂമിൽ പോയി ടി വി നോക്കാൻ സൂപ്പർ വൈസർ അനുവാദം നൽകി. ആദ്യ വിഷൽ എന്ന പേരിൽ കാണിക്കുന്നത് തന്നെ തനിക്കു ചിര പരിചിതമായ വഴികളാണ്. താൻ നടന്നു കളിച്ച വഴികളിലൂടെ ക്യാമറ സഞ്ചരിക്കുന്നു. ഹൃദയമിടിപ്പിന്റെ താളം കൂടി വരുന്നു നഗരം മുഴുവൻ കല്ലിന്മേൽ കല്ല്‌ മാത്രമായ കെട്ടിടങ്ങൾ, ദൈവമേ എന്റെ വീട്, കുട്ടികൾ, ഭാര്യ. എന്റെ സർവ്വ സമ്പാദ്യവും പൊയ്ക്കോട്ടേ.. എന്റെ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും ആപത്തു ഒന്നും ഉണ്ടാവല്ലേ. ക്യാമറ നഗരം കടന്നു തന്റെ പുതിയ വീടിന്റെ പരിസരത്ത് എത്തിയപ്പോൾ ഒരു വലിയ നിലവിളിയോടെ അയാൾ പുറത്തേയ്ക്ക് ഓടി. എനിക്ക് എന്റെ മക്കളെ കാണണം. അയാൾ ഉറക്കെ നിലവിളിച്ചു. ഒരു നിമിഷം കമ്പനി നിശ്ചലമായി അയാൾക്ക്‌ ചുറ്റും കൂടി . പിന്നീടയാൾ അർദ്ധ ബോധത്തിൽ എന്തൊക്കയോ ഉച്ചത്തിൽ പുലമ്പി കൊണ്ടിരുന്നു.

നേപ്പാൾ കോണ്‍സുലേറ്റ് മുഖാന്തിരം കമ്പനി നാരായണ്‍ ടാക്കൂരിന്റെ കുടുംബത്തെ കുറിച്ച് അന്വേഷിച്ചു. രണ്ടാം ദിനം ഞങ്ങൾക്ക് അറിയിപ്പ് വന്നു. ഭൂകമ്പത്തിൽ അദ്ധേഹത്തിന്റെ വീട് നിശേഷം തകർന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെയും രണ്ടു മക്കളുടെയും മൃതശരീരം കണ്ടു കിട്ടി. ഒരാളെ ക്കുറിച്ച് ഒരു വിവരവും ഇല്ല . ബോധം വരുമ്പോൾ ഒക്കെ ടാക്കൂർ ഫോണിൽ വീട്ടിലെ നമ്പർ ഡയൽ ചെയ്യും. എന്നിട്ട് കിട്ടാതെ വരുമ്പോൾ ഉറക്കെ കരയും. വീട്ടിൽ ആർക്കും ആപത്തൊന്നും ഇല്ല. വാർത്ത വിനിമയ സംവിധാനം ആകെ തകർന്നത് കൊണ്ടാണ് ഫോണ്‍ കിട്ടാത്തത് എന്ന് ഞങ്ങൾ ടാക്കൂറിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒടുവില്‍ ടാക്കൂർ കാഠ്മണ്ഡുവിലേയ്ക്ക് പോയി. മൂന്ന് വർഷം ഉറുമ്പ് ശേഖരിക്കുന്നത് പോലെ സ്വരുകൂട്ടി ഉണ്ടാക്കിയ പുതിയ ഭവനം കാണാൻ. മക്കളെ കാണാൻ. അവസാനമായി പറഞ്ഞ വാക്കുകൾ അറം പറ്റിയ പോലെ ശാന്തമായി ഉറങ്ങുന്ന ഭാര്യയെ കാണാൻ.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
(ആലപ്പുഴ സ്വദേശി. പതിനഞ്ചു കൊല്ലമായി ഷാർജയിൽ പബ്ലിക് റിലേഷൻ ഓഫീസറായി ജോലി നോക്കുന്നു.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories