TopTop
Begin typing your search above and press return to search.

കിരണ്‍ ജോഷി; നേപ്പാള്‍ ദുരന്തം മുന്‍കൂട്ടിക്കണ്ട ചലച്ചിത്രകാരന്‍

കിരണ്‍ ജോഷി; നേപ്പാള്‍ ദുരന്തം മുന്‍കൂട്ടിക്കണ്ട ചലച്ചിത്രകാരന്‍

മൈക്കല്‍ ഇ. മില്ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഞായറാഴ്ച ലോകം മുഴുവന്‍ നേപ്പാള്‍ ഭൂചലന ദുരന്തത്തിലേക്ക് കണ്ണ് തുറന്നപ്പോള്‍ ബീജിങ്ങിലെ ഹോട്ടല്‍ മുറിയില്‍ അസുഖം ബാധിച്ച വയറുമായി വിശ്രമിക്കുകയായിരുന്നു കിരണ്‍ ജോഷി. വെറും പന്ത്രണ്ടു മണിക്കൂര്‍ മുന്‍പ് മാത്രമാണ് അദ്ദേഹം കാഠ്മണ്ഡു വിട്ടത്. ഇപ്പോള്‍ തന്‍റെ ജന്മഭൂമി തകര്‍ന്നടിയുന്നത്‌ ടി വി യില്‍ കാണുകയാണ് അദ്ദേഹം.

ഭൂചലന ദൃശ്യങ്ങള്‍ കണ്ട് അസ്വസ്ഥനാകാന്‍ ജോഷിക്ക് മറ്റൊരു കാരണം കൂടിയുണ്ട്. കാഠ്മണ്ഡു തകരുന്ന ഈ ദൃശ്യങ്ങള്‍ അദ്ദേഹം ഇതിനു മുന്‍പ് കണ്ടിട്ടുണ്ട്- തന്റെ സിനിമയില്‍.

"ഞങ്ങള്‍ ഡോക്യുമെന്‍ററി ചെയ്യുമ്പോള്‍ കാണിച്ച ഭൂകമ്പ ദൃശ്യങ്ങള്‍ അല്പം അതിശയോക്തി കലര്‍ന്നവയാണ് എന്നാണ് ഞാന്‍ ഈ നിമിഷം വരെ കരുതിയിരുന്നത്. പക്ഷെ ഇന്ന് വാര്‍ത്തകളില്‍ കാണിച്ച ദൃശ്യങ്ങള്‍ കാണുമ്പോള്‍ അതിനേക്കാള്‍ എത്ര ഭീകരമാണ് യാഥാര്‍ത്ഥ്യം എന്ന് മനസിലാകുന്നു." വാഷിംഗ്‌ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഹോളിവുഡ് നിര്‍മാണ കമ്പനികളില്‍ നിന്ന് പുതുമകള്‍ തേടി നേപ്പാളില്‍ എത്തിയ ഒരാളാണ് ജോഷി. ബ്യൂട്ടി ആന്‍ഡ്‌ ദി ബീസ്റ്റ്, ദി ലയണ്‍ കിംഗ്‌ തുടങ്ങിയവയുടെ നിര്‍മാണത്തില്‍ പ്രധാന പങ്കാളിയായിരുന്നു ഇദ്ദേഹം. 2008ല്‍ വാള്‍ട്ട് ഡിസ്നിയുമായുള്ള തന്‍റെ പതിനെട്ടു വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു അദ്ദേഹം നേപ്പാളില്‍ ആദ്യത്തെ സ്പെഷ്യല്‍ ഇഫെക്ട്സ് അനിമേഷന്‍ സ്റ്റുഡിയോ സ്ഥാപിച്ചു.

കാഠ്മണ്ഡുവിലാണ് ജോഷിയുടെ ജനനം. ഒരു കംപ്യൂട്ടര്‍ ഭ്രാന്തന്‍, ഏറ്റവും ആധുനികമായ കംപ്യൂട്ടറും തേടി നേപ്പാളില്‍ അലഞ്ഞു നടന്നവന്‍. തന്‍റെ പത്തൊമ്പതാമത്തെ വയസ്സില്‍ ഉപരിപഠനത്തിനായി യു എസ്സിലേക്ക് പറന്നു. പിന്നീട് ഡിസ്നിയില്‍ ചേര്‍ന്നു. അലാദിന്‍, അറ്റ്ലാന്‍റ്റസ്, ദി ഹഞ്ച് ബാക്ക് ഓഫ് നോത്രദാം എന്നിവയുടെ ആനിമേഷനില്‍ അദ്ദേഹം സഹായിച്ചു.

വിവാഹം കഴിഞ്ഞു കുടുംബവുമായി യു എസില്‍ കഴിയുമ്പോഴും നേപ്പാള്‍ തന്നെ മടക്കി വിളിക്കുന്നതായി അദ്ദേഹത്തിന് തോന്നി.ജോഷിയുടെ പ്രൊഫൈല്‍ പ്രകാരം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ് സംഭവിക്കുന്നത്‌ 2007ല്‍ ആണ്. ഒരു ബന്ധുവിന്‍റെ സംസ്കാരത്തില്‍ പങ്കെടുക്കാന്‍ നേപ്പാളില്‍ എത്തിയ ജോഷിയോട് സുഹൃത്തായ സഞ്ജീവ് രാജ് ഭണ്ടാരിയാണ് നേപ്പാളില്‍ ഒരു സ്റ്റുഡിയോ തുറക്കുന്ന ആശയത്തെകുറിച്ച് പറഞ്ഞത്. ഇതേ തുടര്‍ന്നുള്ള മൂന്നു ആഴ്ചകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ചെറുപ്പക്കാരുടെ പ്രൊഫൈലിനായി നേപ്പാളിലെ എല്ലാ ചെറിയ സ്റ്റുഡിയോകളും തിരയുകയായിരുന്നു അദ്ദേഹം. അതില്‍ 19 വയസുള്ള ഒരു യുവാവിന്റെ പ്രൊഫൈല്‍ അദ്ദേഹം കണ്ടു. അനിമേഷന്‍ രംഗത്ത്‌ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ള അദ്ദേഹം വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മാനേജ്മെന്റ് പഠനം നടത്തുകയായിരുന്നു. ആ കുട്ടി ജോഷിയോട് തന്നെ സഹായിക്കാന്‍ ആവശ്യപ്പെട്ടു. ആ കുട്ടിയുടെ താത്പര്യവും, ഇച്ഛാശക്തിയും നേപ്പാളില്‍ ഒരു പുതിയ സ്റ്റുഡിയോ തുടങ്ങുന്നതിനു അദ്ദേഹത്തിന് പ്രചോദനമായി.

അങ്ങനെ 2008ല്‍ കാഠ്മണ്ഡുവില്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന ആദ്യത്തെ അനിമേഷന്‍ സ്റ്റുഡിയോയ്ക്ക് തുടക്കം കുറിച്ചു. തുടക്കത്തില്‍ ഹോളിവുഡ് ചിത്രങ്ങള്‍ക്ക് അനിമേഷന്‍ ചെയ്തു കൊടുക്കുന്നതിലാണ് ഈ സ്റ്റുഡിയോ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ 2010ത്തില്‍ ഹെയ്തിയില്‍ നടന്ന റിക്ടര്‍ സ്കയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂചലനം ജോഷിയെ വേറിട്ട രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. തന്‍റെ സ്വദേശവും ഇത്തരത്തില്‍ ഭൂകമ്പസാധ്യതാ പ്രദേശങ്ങളില്‍ ഒന്നാണ് എന്ന് തിരിച്ചറിയാനും അതിനു വേണ്ട ബോധവത്കരണം നടത്താനും നേപ്പാളിനെ കേന്ദ്രീകരിച്ചു എന്തെങ്കിലും ചെയ്യണം എന്നും അദ്ദേഹത്തിന് തോന്നിയത് അന്നാണ്.

നേപ്പാളില്‍ വരാനിരിക്കുന്ന ദുരന്തത്തെ കുറിച്ച് ബോധവത്കരണം നല്‍ക്കാന്‍ ഐക്യരാഷ്ട്ര സഭയും, റെഡ് ക്രോസ്സും, മറ്റു സംഘടനകളും ഒരുപാട് പണം ചിലവാക്കി. എന്നാല്‍ ഫലപ്രദമായ രീതിയില്‍ എല്ലാവരിലും ബോധവത്കരണം നടത്തി എന്ന് ജോഷി വിശ്വാസിക്കുന്നില്ല.

സമൂഹത്തിലെ മുകള്‍തട്ടിലെ ആളുകള്‍ക്ക് ബോധവത്കരണം നാല്കാന്‍ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. എന്നാല്‍ നേപ്പാളിലെ നിലനില്‍ക്കുന്ന ദരിദ്രമായ സാഹചര്യത്തില്‍ ഇത്തരം സന്ദേശങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ സാധിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ ജോഷി റെഡ് ക്രോസ്സും അമേരിക്കന്‍ എംബസിയുമായി ചേര്‍ന്ന് പൊതുജനങ്ങള്‍ക്കായി ഇത്തരം ബോധവത്കരണങ്ങളുടെ ഒരു അനിമേഷന്‍ വീഡിയോ പരമ്പര തന്നെ ഉണ്ടാക്കി. ഈ വീഡിയോകളില്‍ ഒരു ചുവപ്പന്‍ പാണ്ടയാണ് ഹീറോ. ഈ പാണ്ടയാണ് ആളുകളെ ഒരു ഭൂകമ്പം ഉണ്ടായാല്‍ എങ്ങനെ രക്ഷപ്പെടണം അല്ലെങ്കില്‍ അതിനെ എങ്ങനെ നേരിടണം എന്നൊക്കെ പഠിപ്പിക്കുന്നത്‌. ഒരു ദുരന്തം ഉണ്ടാകുമ്പോഴും അതിനു ശേഷവും എന്തുചെയ്യണം എന്നും ഇതില്‍ പറയുന്നുണ്ട്. സുരക്ഷയെ കുറിച്ച് ആളുകളെ ബോധവത്കരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.ജനുവരിയില്‍ ജോഷി 'ചലിക്കുന്ന പര്‍വതങ്ങള്‍' എന്ന ഒരു ഡോക്യുമെന്‍ററിക്ക് തുടക്കം കുറിച്ചു. 1934 ജനുവരി 15നു ഭൂകമ്പ മാപിനിയില്‍ 8.2 രേഖപ്പെടുത്തി, നേപ്പാളിനെ തകര്‍ത്ത ഭൂകമ്പത്തില്‍ രക്ഷപ്പെട്ട; ഇന്നും ജീവിച്ചിരിക്കുന്ന ആളുകളുടെ അഭിമുഖങ്ങള്‍ ഈ ഡോക്യുമെന്‍ററിയില്‍ ഉള്‍ക്കൊള്ളിച്ചിരിന്നു. ഈ ഭൂകമ്പത്തില്‍ കാഠ്മണ്ഡുവിലെ പതിനായിരത്തില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. ഇന്ത്യയിലെ ബീഹാറിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ വരെ പ്രകമ്പനം കൊള്ളിച്ച ഭൂകമ്പം അന്ന് വലിയ നാശം വിതച്ച ഒന്നായിരുന്നു.

പക്ഷെ ഈ അഭിമുഖങ്ങള്‍കൊണ്ട് മാത്രം ജോഷി തൃപ്തനായില്ല. ആ പഴയ ദുരന്തത്തെ കുറിച്ച് ഓര്‍മിപ്പിക്കുന്ന മറ്റു ചിലതുകൂടി അദ്ദേഹത്തിന് വേണമായിരുന്നു. ജനങ്ങളെ ആ ദുരന്തത്തിന്റെ നടുക്കത്തില്‍ നിര്‍ത്തികൊണ്ട്‌ വേണം സുരക്ഷയെ കുറിച്ച് പറയാന്‍ എന്ന് അദ്ദേഹം കരുതി. ( അവരുടെ ഭൂതകാലം നമ്മുടെ ഭാവികാലം ആയേക്കാം. എന്നായിരുന്നു അവരുടെ പരസ്യവാചകം). അതിനാല്‍ തന്നെ ഇന്ന് ഒരു ദുരന്തം ഉണ്ടായാല്‍ അതെത്രമാത്രം നാശം വരുത്തും എന്ന് ഭാവനയില്‍ കണ്ടു ചിത്രങ്ങള്‍ ഒരുക്കാന്‍ അദ്ദേഹം അദ്ദേഹത്തിന്റെ അനിമേറ്റര്‍മാരോട് ആവിശ്യപ്പെട്ടു.

"കാഠ്മണ്ഡുവിലെ പ്രശസ്തമായ പല സ്തൂപങ്ങളും ഈ ദുരന്തത്തില്‍ തകര്‍ന്നു പോകുന്നതായി കാണിച്ചു. ഇതില്‍ ഞങ്ങളുടെ ഏറ്റവും പ്രശസ്തമായ ദാരഹാര സ്തൂപവും, ഉള്‍പ്പെട്ടിരുന്നു. ഞങ്ങള്‍ അത് പൂര്‍ണമായും തകര്‍ന്നു പോകും എന്നാണു കാണിച്ചത്. ഒരു ഭൂകമ്പം ഉണ്ടായാല്‍ അത് ഇത്രയേറെ ഭീകരം ആയിരിക്കും എന്ന് കാണിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്."

അഴിമുഖം യു ടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക"ഈ ചിത്രത്തിലെ പല സീനുകളുടെ നിര്‍മാണത്തിലും ടീം അംഗങ്ങളും ഞാനും തമ്മില്‍ കടുത്ത വാക്കുതര്‍ക്കങ്ങള്‍ നടന്നിരുന്നു. ഓരോ സീനിലും ദുരന്തത്തിന്റെ തീവ്രത എത്രമാത്രം കാണിക്കണം എന്നതായിരുന്നു മുഖ്യ തര്‍ക്കവിഷയം. നമുക്ക് ജനങ്ങളെ ദുരന്തത്തിന്‍റെ തീവ്രത എന്തെന്ന് കാണിക്കണം, എന്നാല്‍ അവരെ പരിഭ്രാന്തര്‍ ആക്കുവാനും പാടില്ല. അതായിരുന്നു വെല്ലുവിളി. ഒരു ഭൂകമ്പത്തില്‍ നാലു വീട് പൊളിഞ്ഞു വീഴുന്നതു കാണിച്ചാല്‍ അത് സ്വയം അനുഭവിക്കുന്നതുവരെ ആരും മുഖവിലക്കെടുക്കില്ല. എന്നാല്‍ രാജ്യത്തിന്‍റെ അഭിമാന സ്തംഭങ്ങള്‍ തകര്‍ന്നു വീഴുന്നത് ജനങ്ങളില്‍ വലിയ സ്വാധീനം സൃഷ്ടിക്കും." അദ്ദേഹം പറഞ്ഞു നിര്‍ത്തി.

പക്ഷെ ഈ ഞായറാഴ്ച നടന്ന ദുരന്തത്തില്‍ നേപ്പാള്‍ തകര്‍ന്നടിഞ്ഞത് കണ്ടപ്പോള്‍ ജോഷി അമ്പരന്നു പോയി. തങ്ങളുടെ ചിത്രത്തില്‍ കാണിച്ചതു പോലെ തന്നെ ആ സ്തൂപങ്ങള്‍ ഒക്കെ നാമാവശേഷമായി.

ബീജിങ്ങിലെ തന്‍റെ ഹോട്ടല്‍ മുറിയില്‍ നിന്ന് നേപ്പാളിലെ തന്‍റെ സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരെയും വിളിച്ചു അവര്‍ക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തുന്ന തിരക്കില്‍ ആയിരുന്നു ജോഷി. ഓഫീസ് ചുമരുകള്‍ വിള്ളല്‍ വന്നു നാശമായി എന്നതൊഴിച്ചാല്‍ എടുത്തുപറയത്തക്ക പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

ഞങ്ങള്‍ ശരിക്കും ഭാഗ്യമുള്ളവര്‍ ആണ്. ഭൂകമ്പ പ്രഭവകേന്ദ്രത്തില്‍ നിന്നും വരുന്ന ഒരു സഹപ്രവര്‍ത്തകന്‍ ഞങ്ങളുടെ കൂടെ ഉണ്ട്. തന്‍റെ ഗ്രാമം മുഴുവന്‍ തകര്‍ന്നടിഞ്ഞു എന്നാണ് അദ്ദേഹം പറയുന്നത്. ജോഷി പറഞ്ഞു നിര്‍ത്തി. ഇപ്പോള്‍ മരണ സംഖ്യ ഏകദേശം അയ്യായിരം കടന്നു എന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഉണ്ട്. എന്നാല്‍ അതിലും വലിയ പല നഷ്ടങ്ങളും വന്നിട്ടുണ്ട് എന്നാണ് ജോഷി പറയുന്നത്."എനിക്ക് തോന്നുന്നത് നേപ്പാളും കാഠ്മണ്ഡുവും ഒരിക്കലും പഴയത് പോലെ ആകില്ല എന്നാണ്. തീര്‍ത്തും സങ്കടകരം തന്നെ ആണിത്." അദ്ദേഹം പറഞ്ഞു. "നമുക്ക് നഷ്ടപ്പെട്ട മനുഷ്യജീവനെപ്പോലെ തന്നെ പ്രധാനമാണ് അവിടെ തകര്‍ന്നടിഞ്ഞ നമ്മുടെ സംസ്കാരത്തിന്റെ പ്രതീകങ്ങളായ സ്മാരകങ്ങളും. അവയെല്ലാം പൂര്‍ണമായും തകര്‍ന്നടിഞ്ഞു. എനിക്ക് നേപ്പാളിന്റെ സമ്പന്നമായ പാരമ്പര്യത്തില്‍ അഭിമാനം തോന്നിയിരുന്നു. ഇപ്പോള്‍ തകര്‍ന്നു വീണ ഓരോ കെട്ടിടത്തിനും ഓരോ കഥ പറയാന്‍ ഉണ്ടായിരിക്കും. ഒരു ചരിത്രവും. അവയൊക്കെ നഗരത്തില്‍ പുന:സൃഷ്ടിക്കും എന്നെനിക്കറിയാം. പക്ഷെ പഴമ നഷ്ടപ്പെട്ട അതിന് മുന്‍പത്തെ അത്ര ഗരിമ ഉണ്ടാകുമോ?"

1996 മുതല്‍ 2006 വരെ നേപ്പാളില്‍, സര്‍ക്കാരും മാവോയിസ്റ്റ് അനുയായികളും തമ്മില്‍ ഉള്ള ആഭ്യന്തര യുദ്ധം നില നിന്നിരുന്നു. അന്ന് മുതല്‍ നേപ്പാളിലെ രാഷ്ട്രീയ ശക്തികള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങള്‍ തടസ്സപ്പെടുത്തുകയും അത് രാഷ്ട്ര പുരോഗതിക്കു വിഘാതമാവുകയും ചെയ്തു. ഈ ഭൂകമ്പത്തിനു പിന്നാലെ രാജ്യത്ത് ഉടനീളം കാണാന്‍ സാധിക്കുന്ന ഒരുമ ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധികളെ ഇല്ലായ്മ ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.

രാജ്യത്തെ രാഷ്ട്രീയ സംവിധാനം ആകെ താറുമാറാണ്. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും സ്വകാര്യ ലാഭത്തിനായി ഓരോ പ്രദേശങ്ങളെയും മറ്റുള്ളവയ്ക്ക് എതിരാക്കി മാറ്റുന്നു. ഇത്തരത്തില്‍ വംശീയമായി വേര്‍തിരിക്കുന്നത് ഒരു രാജ്യത്തിനും ഗുണകരമാകില്ല.

ഈ ദുരന്തത്തിനുശേഷം, നാം എല്ലാവരും ഒരുമിച്ചു ഇവിടെ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയാണ്. ഒരുമയുടെ പ്രാധാന്യം ഇപ്പോഴെങ്കിലും രാഷ്ട്രീയക്കാര്‍ മനസ്സിലാക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ ദുരന്തം അത്തരത്തില്‍ ഒരു നന്മക്കു കാരണമാകട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന. നേപ്പാള്‍വീണ്ടും ഉയര്‍ത്തെഴുന്നെല്‍ക്കും. അത് കെട്ടിടങ്ങളും വ്യപാര കേന്ദ്രങ്ങളും പുന:സ്ഥാപിക്കുന്നതു മാത്രമല്ല. മറിച്ചു സ്വന്തം ജനതയുടെ ഐക്യത്തിന്റെ കൂടെ ഉയിര്‍പ്പാകും അത്.

തന്റെ അനിമേഷന്‍ ചിത്രവും ബോധവത്കരണവും നേപ്പാളില്‍ ആരെയെങ്കിലും സ്വന്തം ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചോ എന്ന് ജോഷിക്ക് ഉറപ്പില്ല. പക്ഷെ തന്‍റെ ചിത്രം, നേപ്പാളിന് നഷ്ടമായതെന്ത് എന്ന് കാണിച്ചു കൊടുക്കാനും, അതിലൂടെ ഒരു പുതിയ ഉയിര്‍പ്പിന് പ്രചോദനമാകാനും സാധിക്കും എന്നു അദ്ദേഹം പ്രതീക്ഷിക്കുന്നു.


Next Story

Related Stories