TopTop
Begin typing your search above and press return to search.

പെരുംനുണകളുടെ വര്‍ഷം: സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും മുതല്‍ നോട്ട് പിന്‍വലിക്കല്‍ വരെ

പെരുംനുണകളുടെ വര്‍ഷം: സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും മുതല്‍ നോട്ട് പിന്‍വലിക്കല്‍ വരെ

2016 വര്‍ഷം കടന്നു പോകുമ്പോള്‍ രാജ്യത്തിന്റെ അവസ്ഥയെന്താണ്? വളര്‍ച്ചാ നിരക്കിലും തൊഴില്‍ മേഖലയിലും തുടങ്ങി ഇപ്പോള്‍ രാജ്യത്തിന്റെ സമ്പദ്വ്യ്വസ്ഥയുടെ അടിക്കല്ല് തന്നെ ഇളക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ മാറുന്നു എന്നതാണ് എല്ലാ കാര്യങ്ങളും സൂചിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം പോലെയാണോ കാര്യങ്ങള്‍? അല്ലെന്നാണ് സെന്‍റര്‍ ഫോര്‍ പോളിസി ഓള്‍ട്ടര്‍നേറ്റീവ്സ് സ്ഥാപകനും വാജ്പേയ് മന്ത്രിസഭയില്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ സാമ്പത്തികകാര്യ ഉപദേശകനും മുന്‍ ബിജെപി അംഗവുമായിരുന്ന മോഹന്‍ ഗുരുസ്വാമി എഴുതിയ ലേഖനത്തില്‍ പറയുന്നത്. അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങള്‍ ഇവയാണ്:

2004ല്‍ എബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ സ്ഥാനമൊഴിയുമ്പോള്‍ രാജ്യത്തിന്‌റെ ജിഡിപി വളര്‍ച്ചാ നിരക്ക് 8.4 ശതമാനമായിരുന്നുവെന്നും എന്നാല്‍ 2014ല്‍ മന്‍മോഹന്‍ സിംഗിന്‌റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ ഇത് തിരിഞ്ഞ് 4.8 ശതമാനമായി കുറഞ്ഞുവെന്നും ബിജെപി വക്താവ് സംബിത് പത്ര കഴിഞ്ഞ ദിവസം തമാശയെന്നോണം പറഞ്ഞിരുന്നു. സംഗതി തമാശയായി വേണമെങ്കില്‍ തള്ളാമെങ്കിലും നുണയാണ് ബിജെപി വക്താവ് പറഞ്ഞത്.

എന്താണ് വസ്തുത എന്ന് നോക്കാം. വാജ്‌പേയ് സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ രാജ്യത്തിന്‌റെ വളര്‍ച്ചാനിരക്ക് 6.1 ശതമായിരുന്നു. 2009-ല്‍ മന്‍മോഹന്‍ സിംഗിന്‌റെ ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 9.4 ശതമാനം വരെ എത്തിയിരുന്നു. 2014-ല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്‌റെ കാലത്ത് ശരാശരി 7.4 ശതമാനമുണ്ടായിരുന്നു വളര്‍ച്ചാനിരക്ക്. രണ്ടാം യുപിഎ സര്‍ക്കാരിന്‌റെ അവസാന വര്‍ഷത്തെ കണക്കെടുത്താലും 6.9 ശതമാനം വളര്‍ച്ചാനിരക്ക് ഉണ്ടായിരുന്നതായി കാണാം. നരേന്ദ്ര മോദി ആദ്യ രണ്ട് വര്‍ഷം നേടിയതിനേക്കാള്‍ കൂടുതല്‍ വളര്‍ച്ചാനിരക്ക് മന്‍മോഹന്‍ സിംഗിന്‌റെ അവസാന വര്‍ഷം ഉണ്ടായിരുന്നതായി കാണാം.

കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യ ലക്ഷ്യം വയ്ക്കുന്ന നോമിനല്‍ ജിഡിപി വളര്‍ച്ചാനിരക്ക് 10 മുതല്‍ 15 ശതമാനം വരെയാണ്. എന്നാല്‍ 6 മുതല്‍ 9 ശതമാനം വരെ വളര്‍ച്ചാനിരക്കാണ് നേടാറ്. നിലവില്‍ നിത്യവിലസൂചിക അടിസ്ഥാനപ്പെടുത്തിയുള്ള നോമിനല്‍ ജിഡിപി നിരക്ക് 5.2 ശതമാനമാണ്. ഇതിനൊപ്പം 2.2 ശതമാനം പണച്ചുരുക്കവും ചേരുമ്പോള്‍ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7.4 ശതമാനമാണ്.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയം

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ വലിയ പരാജയമാണ്. എന്നാല്‍ ഈ വസ്തുത അംഗീകരിക്കാതെ സ്വന്തമായി വസ്തുതകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് നരേന്ദ്ര മോദി. പ്രധാന്‍മന്ത്രി മുദ്ര യോജന എന്ന പദ്ധതിയെ പറ്റി മോദി ഇടയ്ക്കിടെ പറയുന്നുണ്ട്. 1.4 ലക്ഷം കോടി രൂപ വരുന്ന 3.2 കോടി ലോണുകള്‍ അനുവദിച്ചിട്ടുണ്ടെന്നാണ് മുദ്രയുടെ അവകാശവാദം. ഇതില്‍ ഓരോ വായ്പയും ഓരോ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഇങ്ങനെ നോക്കുമ്പോള്‍ ഇത് വഴി 3.2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് മോദിയുടെ അവകാശവാദം. വായ്പകളില്‍ 60 ശതമാനവും 50,000-ന് താഴെയുള്ള ചെറുകിട ലോണുകളാണെന്നതാണ് യാഥാര്‍ത്ഥ്യം. ചെറുകിട വ്യാപാരത്തിനും മറ്റുമുപയോഗിക്കപ്പെടുന്നത്.

യഥാര്‍ത്ഥത്തില്‍ ഈ വായ്പകള്‍ എങ്ങോട്ട് പോകുന്നു. വാഹനങ്ങള്‍ വാങ്ങുന്നതിനും ബ്യൂട്ടി പാര്‍ലറുകള്‍, ജിംനേഷ്യം, തുണിക്കടകള്‍ എന്നിവ തുടങ്ങുന്നതിനുമൊക്കെയായി ആണ്. വലിയതോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആവശ്യമായ നിക്ഷേപങ്ങള്‍ വരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചെറുകിട ലോണുകള്‍ ശരാശരി വച്ച് നോക്കുമ്പോള്‍ ഏറ്റവുമധികം ലഭിക്കുന്നത് ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കുമാണ്. (55,000 രൂപയും 37,000ഉം). ഇങ്ങനെയൊരു അവസ്ഥയിലാണ് 32 കോടി തൊഴിലവസരങ്ങളെപ്പറ്റിയുള്ള മോദിയുടെ അവകാശവാദം. ഇതിനെല്ലാം ഇടയിലാണ് ഒന്നാന്തരം സെല്‍ഫ് ഗോളായി നോട്ട് പിന്‍വലിക്കല്‍ വരുന്നത്. രാജ്യത്തെ 86.4 ശതമാനം കറന്‍സികളെ വിലയില്ലാത്തതാക്കി മാറ്റിക്കൊണ്ട്. കള്ളപ്പണം, കള്ളനോട്ട്, ഭീകരസംഘടനകളുടെ ഫണ്ടിംഗ് എന്നിവ തടയാന്‍ എന്ന് പറഞ്ഞായിരുന്നു തുടക്കം. വലിയ പരാജയമായ അമേരിക്കയുടെ ഇറാഖ് ദൗത്യത്തെ വലിയ വിജയമായി ചിത്രീകരിച്ച ബുഷ് ഭരണകൂടത്തിനേക്കാള്‍ തൊലിക്കട്ടിയുള്ളത് കൊണ്ട് മോദി നോട്ട് അസാധുവാക്കല്‍ നടപടിയെ വന്‍ വിജയമാക്കി ചിത്രീകരിച്ച് ഇനിയും സംസാരിക്കുമെന്ന് ഉറപ്പാണ്.

സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ മോദിയുടെ കാര്‍പ്പറ്റ് ബോംബിംഗ് അല്ലെങ്കില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

യജമാനന്‌റെ മൂക്കിനെ ഈച്ചയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ മൂക്ക് മുറിച്ച് കളയുന്ന കുരങ്ങന്‌റെ കഥ പഞ്ചതന്ത്രത്തിലുണ്ട്. മോദിയുടെ ഡീമണിറ്റൈസേഷനും ഏതാണ്ട് ഇതുപോലെയാണ്. ഇതുണ്ടാക്കി വച്ച ദുരിതങ്ങള്‍ എത്ര വലുതാണെന്ന് കാണണം. രാജ്യത്തെ 45 കോടി തൊഴിലാളികളില്‍ ഏഴ് ശതമാനം മാത്രമാണ് സംഘടിത മേഖലയില്‍ ജോലി ചെയ്യുന്നത്. സംഘടിത മേഖലയിലെ 3.1 കോടി തൊഴിലാളികളില്‍ 2.4 കോടിയും ജോലി ചെയ്യുന്നത് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ്. 41.5 കോടിയോളം അസംഘടിത തൊഴിലാളികളുണ്ട്. ഇതില്‍ പകുതിയും കര്‍ഷകത്തൊഴിലാളികളാണ്. 10 ശതമാനം പേര്‍ നിര്‍മ്മാണ മേഖലയിലും ചെറുകിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ചെറുകിട വ്യാപാര രംഗത്തുമായി പ്രവര്‍ത്തിക്കുന്നു. ഇവരില്‍ ഭൂരിഭാഗവും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണ്. മിനിമം വേതനം ലഭിക്കാതെ ജോലി ചെയ്യുന്നവര്‍. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന 22 കോടിയോളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായിരിക്കുന്നു.

സ്വാഭാവികമായും കാര്‍ഷിക മേഖലയേയും കെട്ടിട നിര്‍മ്മാണ മേഖലയേയുമാണ് നോട്ട് അസാധുവാക്കല്‍ ഏറ്റവും ദോഷകരമായി ബാധിച്ചത്. മൂന്ന് മുതല്‍ നാല് കോടി വരെ തൊഴില്‍ നഷ്ടമാണ് ഈ രണ്ട് മേഖലകളിലുണ്ടായിരിക്കുന്നത്. ഇത്രയധികം പേരെ തൊഴില്‍ രഹിതരാക്കുമ്പോള്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയാണ് ചെയ്യുന്നത്. ലക്ഷക്കണക്കിന് ചെറുകിട കര്‍ഷകര്‍, പ്രത്യേകിച്ച് പച്ചക്കറി, പഴ കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കാര്‍ഷികമേഖലയിലെ ഉല്‍പ്പാദന വളര്‍ച്ച 20.6 ശതമാനത്തില്‍ നിന്ന് 8.8 ശതമാനത്തിലേയ്ക്ക് ഇടിയുമെന്നാണ് കരുതുന്നത്. രണ്ട് കോടി ചെറുകിട കച്ചവടക്കാര്‍ക്ക് വലിയ നഷ്ടം സംഭവിക്കാനിടയുണ്ട്.

ഇരുചക്ര വാഹനങ്ങളുടെ വ്യാപാരം നവംബറില്‍ ആറ് ശതമാനം ഇടിഞ്ഞു. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്ക് പ്രകാരം ഇത് 16 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ഡിസംബറില്‍ 35 ശതമാനം ഇടിവാണ് പ്രതീക്ഷിക്കുന്നത്. ഇരുചക്ര വാഹന വില്‍പ്പനയില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ഇടിവായിരിക്കും ഇത്.


Next Story

Related Stories