TopTop
Begin typing your search above and press return to search.

എല്ലാ ജനവിഭാഗങ്ങളോടും നീതിപുലര്‍ത്തുന്ന ബജറ്റ്; പക്ഷേ, നിര്‍വ്വഹണമാണ് പ്രധാനം: ഡോ. കെ എന്‍ ഹരിലാല്‍ സംസാരിക്കുന്നു

എല്ലാ ജനവിഭാഗങ്ങളോടും നീതിപുലര്‍ത്തുന്ന ബജറ്റ്; പക്ഷേ, നിര്‍വ്വഹണമാണ് പ്രധാനം: ഡോ. കെ എന്‍ ഹരിലാല്‍ സംസാരിക്കുന്നു

പല തരത്തിലുളള പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന സന്ദര്‍ഭത്തിലാണ് സംസ്ഥാന ബജറ്റ് തയ്യാറാക്കിയത്. നോട്ടുനിരോധനവും ജിഎസ്ടിയും കേരളത്തിന്റെ ധനസ്ഥിതിയെ പ്രതികൂലമായി ബാധിച്ചിരുന്നു. അതുപോലെ തന്നെ നേരത്തെ അനുവദിച്ച വായ്പ പോലും നല്‍കുന്നത് തടയുന്ന ചില സമീപനം ഈ സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായി. നമ്മുടെ പബ്ലിക് അക്കൗണ്ടിലെ നിക്ഷേപം വായ്പയായി കണക്കാക്കികൊണ്ട് പുതിയ വായ്പ നല്‍കാനാവില്ലെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചു. അതിന്റെ ഫലമായിരുന്നു ട്രഷറിയില്‍ ഞെരുക്കമുണ്ടായത്. വായ്പയുടെ കാര്യത്തില്‍ ചില പുതിയ നിയന്ത്രണങ്ങളും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നു. ഈ സ്ഥിതിഗതികള്‍ നമ്മുടെ വരുമാനത്തെ ഗണ്യമായി കുറച്ചു. ഈ പശ്ചാത്തലത്തിലാണ് ഇക്കുറി ബജറ്റ് തയ്യാറാക്കിയത്. ഇതിനുപുറമെ നാണ്യവിളകളുടെ പ്രതിസന്ധിയും ഗള്‍ഫ് പ്രതിസന്ധിയും ഈ ബജറ്റ് പ്രിപ്പറേഷനെ പ്രതികൂലമായി ബാധിച്ചിരുന്നു.

എന്നാല്‍ ഇത്തരം വലിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ട് കേരളത്തിന്റെ വികസന പ്രതീക്ഷകളെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന, ജനങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന, അതുപോലെ എല്ലാ ജനവിഭാഗങ്ങളോടും നീതിപുലര്‍ത്തുന്ന ഒരു ബജറ്റ് തയ്യാറാക്കി അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നു പറയാം. നമ്മുടെ സംസ്ഥാനത്തിന്റെ ധനസ്ഥിതി വളരെ സൂക്ഷ്മമായ മാനേജ്‌മെന്റ് ആവശ്യപ്പെടുന്നുണ്ട്. ഏത് സര്‍ക്കാര്‍ ആണെങ്കിലും ആര് ധനമന്ത്രിയായാലും അക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വരുമാനം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും അതുപോലെ തന്നെ അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിലും ജാഗ്രത ആവശ്യമായിരിക്കുകയാണ്. ആ ഒരു ചിന്ത ധനകാര്യവകുപ്പ് ഈ ബജറ്റില്‍ പ്രതിഫലിപ്പിച്ചു. ബജറ്റിന്റെ കാര്യത്തില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതിലാണ് കൂടുതല്‍ ജാഗ്രത വേണ്ട മറ്റൊരു വിഷയം. പ്രഖ്യാപിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുക എന്നാല്‍ പണം ചിലവഴിക്കല്‍ മാത്രമല്ല. ഉദ്ദേശിച്ച ലക്ഷ്യം നേടിയെടുക്കാന്‍ സാധിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നീക്കുന്നതിലും അതിന്റെ നിര്‍വ്വഹണം ഫലപ്രദമാക്കാന്‍ കഴിയുമ്പോഴാണ് ബജറ്റ് വിജയം കാണുന്നത്.

കിഫ്ബിയില്‍ ധാരാളം പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ട്. ആ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ആദ്യകാലത്ത് കാലതാമസം ഉണ്ടാകും. പ്രത്യേകിച്ചും ഈ മൂലധന നിക്ഷേപ പരിപാടികള്‍ക്ക് തുടക്കത്തില്‍ കാലതാമസം കുറച്ചുണ്ടാകും. പക്ഷെ, ആ പരിമിതികള്‍ അതിജീവിച്ച് നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കേണ്ടതായിട്ടുണ്ട്. ബജറ്റിന്റെ വിജയം ഉറപ്പിക്കുന്നതിന് ഈ മൂന്ന് കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സര്‍ക്കാറിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പ്രഖ്യാപിച്ച പരിപാടികള്‍, ചെലവ് ചുരുക്കാനുളള പരിപാടികള്‍, പിന്നെ അവ നടപ്പിലാക്കുന്നത് സംബന്ധിച്ച ജാഗ്രത. ഈ മൂന്ന് കാര്യത്തിലും ശ്രദ്ധ പുലര്‍ത്തിയാല്‍ മാത്രമേ വളരെ സൂക്ഷ്മതയോടെ അവതരിപ്പിച്ച ഈ ബജറ്റ് വിജയം കാണുകയുളളൂ. അല്ലെങ്കില്‍ പൊതുജനത്തിന്റെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്താന്‍ കഴിയുകയൂളളൂ.

ഈ കാര്യത്തില്‍ പ്രതീക്ഷയുളളത് ആസൂത്രണ കമ്മീഷന്‍ ആവിഷ്‌കരിച്ച സാങ്കേതിക സംവിധാനവും സര്‍ക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുമാണ്. അതിന്റെ പ്രതിഫലനമാണ് നമ്മുടെ പദ്ധതി ചെലവ് വളരെ മെച്ചപ്പെട്ടുവെന്നത്. പദ്ധതി ചെലവ് കൃത്യമായി മനസിലാക്കുന്നതിനും അത് മോണിറ്റര്‍ ചെയ്യുന്നതിനും സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ ഒരു ഓണ്‍ലൈന്‍ പ്ലാന്‍ മോണിറ്ററിങ് സംവിധാനം ഉണ്ട്. പ്ലാന്‍സ്പെയ്സ്സ് (Planspace) എന്നാണ് അതിന്റെ പേര്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അത് ആവിഷ്കരിച്ചത്. അതില്‍ എനിക്കും വ്യക്തിപരമായി ഉത്തരവാദിത്തം ഉണ്ട്. ഈ പ്ലാന്‍സ്പെയ്സില്‍ ഒരോ വകുപ്പിന്റെയും പദ്ധതികള്‍ക്ക് എത്രയാണ് അനുവദിച്ചതെന്നും അതില്‍ എത്ര ചെലവായെന്നും പദ്ധതിയുടെ ഗുണമെന്തെന്നും വിലയിരുത്തുന്നതിനുവേണ്ട വിവരങ്ങള്‍ അതാത് സമയത്ത് ലഭിക്കും. ട്രഷറിയില്‍ നിന്നും പണം പോയ ഉടനെ തന്നെ പ്ലാന്‍സ്‌പെയ്‌സില്‍ അത് രേഖപ്പെടുത്തും. പ്ലാന്‍സ്‌പെയ്‌സിലെ സ്ഥിതിവിവരക്കണക്ക് അനുസരിച്ച് ഈ ഫെബ്രുവരി 2 വരെ പദ്ധതി ചെലവ് ഏകദേശം 60 ശതമാനം എത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ 5 വര്‍ഷത്തെ ആസൂത്രണ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഭേദപ്പെട്ടതാണ്. പ്ലാന്‍ എക്‌സപെന്‍ഡിച്ചറിന്റെ കാര്യത്തില്‍ മികച്ച പ്രകടനമാണ് ഇപ്പോള്‍ ഉണ്ടായിട്ടുളളത്. പറഞ്ഞുവരുന്നത്, ഈ ബജറ്റ് എല്ലാം കൊണ്ടും സൂക്ഷ്മത പുലര്‍ത്തുന്നതും ജാഗ്രതയുളളതുമാണെന്നാണ്. അതില്‍ പദ്ധതികള്‍ മോണിറ്റര്‍ ചെയ്യുന്നതിനുളള സംവിധാനമുണ്ട്. അത് നടപ്പിലാക്കാനുളള ഇച്ഛാശക്തി സര്‍ക്കാരിനുണ്ട്.

http://www.azhimukham.com/economy-union-budget-analysis-by-joeascariya/

എന്നിരുന്നാലും, ഈ ബജറ്റില്‍ കെ എസ് ആര്‍ ടി സിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടത്തിയ പ്രഖ്യാപനം അത്ര പോരാ എന്നാണ് തോന്നുന്നത്. ഏത് പുനരധിവാസ പദ്ധതിയാണെങ്കിലും അതിന്റെ വിശദാംശങ്ങളിലേക്ക് പോയി അത് ഇംപ്ലിമെന്റ് ചെയ്യുകയെന്നുളളത് വലിയ വെല്ലുവിളിയാണ്. പല മേഖലകളിലും ആ തരത്തിലുളള വെല്ലുവിളികള്‍ സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നുണ്ട്. ചില മാറ്റങ്ങള്‍ വരുത്തി മാത്രം നടത്തിയെടുക്കാന്‍ കഴിയുന്നതല്ല പലതും. എല്ലാ മേഖലകളും നന്നായി പഠിച്ച് പ്രവര്‍ത്തിച്ചാലെ അതിന് പരിഹാരം കണ്ടെത്താന്‍ സാധിക്കൂകയുളളൂ.

ഈ ബജറ്റില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ നമ്മുടെ 140 നിയമ സാമാജികരുടെ സംഭവനകള്‍ വളരെ വലുതാണ്. അവരുടെ മണ്ഡലത്തിലേക്ക് വേണ്ട പദ്ധതികള്‍ ഏറെക്കുറെ സഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അവയില്‍ നല്ലൊരു പങ്ക് ബജറ്റില്‍ സ്ഥാനം പിടിച്ചിട്ടുമുണ്ട്. ഇക്കാര്യത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. പലപ്പോഴും, നിയമസഭയെ കുറിച്ച് നമ്മള്‍ പരാതി ഉന്നയിക്കാറുണ്ടെങ്കിലും നമുക്ക് മികച്ച പാര്‍ലിമെന്ററി സമ്പ്രദായം ഉണ്ടെന്ന് കൂടി ബജറ്റ് പ്രതിഫലിക്കുന്നുണ്ട്. നിയമസഭയുടെ ഒരു സ്ക്രൂട്ട്നി നമ്മുടെ പദ്ധതികള്‍ക്ക് ഉണ്ടാകാറുണ്ട്. നമ്മുടെ ഉദ്യോഗസ്ഥര്‍ക്കും വകുപ്പുകള്‍ക്കും ബജറ്റില്‍ എന്തെങ്കിലും മണ്ടത്തരങ്ങള്‍ കയറ്റിവിടാന്‍ ആവില്ല. കാരണം നമ്മുടെ നിയമനിര്‍മ്മാണ സഭയില്‍ അത് ചോദ്യം ചെയ്യപ്പെടുമെന്നതിനെ കുറിച്ച് വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്ല ബോധ്യമുണ്ട്. എന്നാല്‍ ബജറ്റ് അനുവദിക്കുന്ന തുകയ്ക്ക് പിന്നെ എന്ത് സംഭവിക്കുന്നുവെന്നുകൂടി പരിശോധിക്കാന്‍ സഭയ്ക്ക് ബാധ്യതയുണ്ട്. ആ കാര്യത്തില്‍ ചില പരിമിതികള്‍ ഉണ്ട്. ഒരോ പദ്ധതിയുടേയും വിവരങ്ങള്‍ സഭയ്ക്ക് കിട്ടണം. അത് പരിശോധിക്കുന്നതിനുളള സമയവും സാവകാശവും വേണം. അക്കാര്യത്തില്‍ സഭ കുറച്ചുകൂടി മെച്ചപ്പെടേണ്ടതുണ്ട്. നമ്മുടെ സാമാജികര്‍ ധനകാര്യത്തിലും ബജറ്റ് ചര്‍ച്ചകളിലും അവരുടെ ചുമതല പൊതുവെ നിര്‍വ്വഹിക്കുന്നുണ്ട്. ഒരു പക്ഷെ, മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയാണ് കേരളത്തിലുളളതെന്ന് പറയാം.

http://www.azhimukham.com/update-thomas-isaac-budget2018/

(ഡോ. കെ എന്‍ ഹരിലാലുമായി ന്യുസ് കോഡിനേറ്റര്‍ എഎം യാസിര്‍ സംസാരിച്ച് തയ്യാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories