Top

മോദി ഇന്ത്യയില്‍ പുതിയ തൊഴിലോ? ഉള്ള തൊഴില്‍ പോയില്ലല്ലോ എന്നു സമാധാനിക്കൂ, കണക്കുകള്‍ അതാണ് കാണിക്കുന്നത്

മോദി ഇന്ത്യയില്‍ പുതിയ തൊഴിലോ? ഉള്ള തൊഴില്‍ പോയില്ലല്ലോ എന്നു സമാധാനിക്കൂ, കണക്കുകള്‍ അതാണ് കാണിക്കുന്നത്
ഇന്ത്യയുടെ മൊത്തത്തിലുള്ള സമ്പദ് വ്യവസ്ഥയിൽ ലഭ്യമായ തൊഴിലവസരങ്ങളുടെ നിരക്കിൽ 2015-16 സാമ്പത്തിക വർഷത്തിൽ 0.1 ശതമാനവും 2014-15 വര്‍ഷത്തില്‍ 0.2 ശതമാനവും ഇടിവ് സംഭവിച്ചിട്ടുണ്ട്. കൂടുതൽ തൊഴിലുകൾ പല മേഖലകളിലായി നിർമിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിലും തൊഴിലവസരങ്ങളുടെ നിരക്ക് യഥാർത്ഥത്തിൽ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഉൽപ്പാദനക്ഷമതയുടെ വിശകലനാർത്ഥം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ‘കെ.എൽ.ഇ.എം.എസ്സ് ഡാറ്റാബേസ് ഇന്ത്യ’ എന്ന ഗവേഷണ സംരംഭം അടുത്തിടെ പുറത്തുവിട്ട കണ്ടെത്തലുകളെ കുറിച്ച് ലൈവ്മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവിധ കേന്ദ്ര ബാങ്കുകളുടെയും സർവകലാശാലകളുടെയും ഗവേഷണകേന്ദ്രങ്ങളുടെയും പിന്തുണയോടെ ലോകവ്യാപകമായി പ്രവർത്തിക്കുന്ന കെ.എൽ.ഇ.എം.എസ്സ് സമ്പദ് വ്യവസ്ഥയുടെ ഉൽപ്പാദനക്ഷമതയുടെയും വളർച്ചയുടെയും ഘടനകൾ വിശകലനം ചെയ്യുന്നുണ്ട്. പ്രസ്തുത വിവരങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

അടുത്തിടെ പുറത്തിറക്കിയ 2015-16 കാലയളവിലെ സംബന്ധിക്കുന്ന രേഖകൾ പ്രകാരം വിവിധങ്ങളായ മേഖലകളിൽ തൊഴിൽസാധ്യതകൾക്ക് ഇടിവ് സംഭവിച്ചിട്ടുണ്ട്. കൃഷി, വനപരിപാലനം, മത്സ്യബന്ധനം, വാണിജ്യ-ഗതാഗത മേഖലകൾ, ഭക്ഷ്യോൽപ്പന്നങ്ങൾ - നെയ്‌ത്ത് - തുകൽ നിര്‍മിത വസ്തുക്കൾ - കടലാസ് തുടങ്ങിയ വ്യവസായങ്ങൾ എന്നിവ 2014-15 ഉം 2015-16 ഉം കാലയളവുകളിൽ തൊഴിൽ സാധ്യതകളുടെ നിരക്ക് വലിയ തോതിൽ ചുരുങ്ങിപ്പോയ മേഖലകളാണ്.ആശ്ചര്യകരമായ വിഷയമെന്തെന്നാൽ ഈ കാലയളവുകളിലെല്ലാം രാജ്യം വലിയ രീതിയിൽ വളർച്ചയുടെ പാതയിലായിരുന്നു. അതായത് 2014-15 കാലയളവിൽ 7.4 ശതമാനവും 2015-16ൽ 8.2 ശതമാനവും വളർച്ച ജി.ഡി.പി സൂചിക (ഗ്രോസ്സ് ഡൊമെസ്റ്റിക് പ്രൊഡക്റ്റ്) പ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അത് തൊഴില്‍ വളര്‍ച്ചയില്‍ പ്രതിഫലിച്ചില്ല. തൊഴിൽരഹിതമായ വളർച്ചയെക്കുറിക്കുന്ന വാദങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്, എന്നാൽ യഥാർത്ഥത്തിൽ നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത് തൊഴിലവസരങ്ങളെ ഇല്ലാതാക്കിക്കൊണ്ടുള്ള വളർച്ചാപ്രക്രിയയിലൂടെയാണ്.

കാർഷികമേഖല അരികുവൽക്കരിക്കപ്പെട്ടുകയും അവിടെ നിലനിൽപ്പ് അസാധ്യമാവുകയും തൽഫലമായി കർഷകർ മറ്റു തൊഴിലുകളന്വേഷിച്ച് പോവുകയും ചെയ്യുന്ന അവസരത്തിൽ കാർഷികമേഖലയിലുണ്ടാകുന്ന തൊഴിലവസരങ്ങളുടെ ഇടിവ് തുല്യപ്രാധാന്യത്തോടെ വായിക്കേണ്ട വിഷയമാണ്. കുറഞ്ഞ ഉൽപ്പാദന ക്ഷമതയുള്ള കൃഷി പോലുള്ള മേഖലകളിൽ നിന്നും ജനങ്ങൾ ഉയർന്ന ഉൽപ്പാദനക്ഷമതയുള്ള തൊഴിലുകളിലേക്ക് പലായനം ചെയ്യുകയും തൽഫലമായി വ്യക്തികളുടെ വരുമാനനില ഉയരുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ലോകമൊട്ടാകെയുള്ള എല്ലാ വികസനമുന്നേറ്റങ്ങൾ വഴിയും ഉണ്ടായിട്ടുള്ളത്. രേഖകൾ പ്രകാരം, കാർഷികമേഖലയിൽ നിന്നും വിട്ടുപോകുന്ന എല്ലാവർക്കും മറ്റു തൊഴിൽമേഖലകളിൽ, പ്രത്യേകിച്ച് ഉയർന്ന ഉൽപ്പാദനക്ഷമതയുള്ള തൊഴിൽമേഖലകളിൽ ജോലി കണ്ടെത്താൻ കഴിയാറില്ല എന്നത് നിർഭാഗ്യകരമായ വസ്തുതയാണ്. എങ്കിലും എന്തുകൊണ്ടാകാം 2014-15ലും 2015-16ലും തൊഴിലവസരങ്ങളുടെ നിരക്കിൽ വലിയ തോതിലുള്ള ഇടിവ് സംഭവിച്ചത്?

http://www.azhimukham.com/india-employment-growth-at-8-year-low/

കാർഷികമേഖലയിൽ നിന്നും പാലായനം ചെയ്യുന്നവർ വേറെവിടെയാകാം തൊഴിൽ കണ്ടെത്തുന്നത്? ഇതിൽ 70 ശതമാനം പേരും 2015 തൊട്ട് 2016 വരെയുള്ള രണ്ടുവർഷത്തെ കാലയളവിനുള്ളിൽ നിർമാണ മേഖലയിലെ തൊഴിലുകളിൽ കയറിക്കഴിഞ്ഞു. നിർമാണമേഖലകളിൽ തൊഴിലെടുക്കുന്ന ആളുകളുടെ എണ്ണം ഇടതടവില്ലാത്ത വിധം കൂടിക്കൊണ്ടേയിരിക്കുകയാണ്. റോഡ് നിർമാണ മേഖലയിലും മറ്റ് പൊതു മരാമത്ത് തൊഴിലുകളിലും ഇവർ എത്തിച്ചേരുന്നത് റിയൽ എസ്റ്റേറ്റ് മേഖലയെ നല്ലരീതിൽ തന്നെ തളർത്തിയിട്ടുണ്ട്.

പ്രശ്‌നമെന്തെന്നാൽ നിർമാണമേഖലയിലെ ഉൽപ്പാദനക്ഷമതയും ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2006-07നു ശേഷമുള്ള ഓരോ സാമ്പത്തിക വർഷവും നിർമാണമേഖലയിലെ ഉൽപ്പാദനക്ഷമതാസൂചകത്തിൽ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നാണ് കെ.എൽ.ഇ.എം.എസ്സ് ഡാറ്റാബേസിൻറെ രേഖകൾ പറയുന്നത്. അതായത് കാർഷിക മേഖലയിൽ നിന്നും ജനങ്ങൾ പാലായനം ചെയ്തുകൊണ്ടിരിക്കുന്നത് ഉൽപ്പാദനപരമായി തകർന്നുകൊണ്ടിരിക്കുന്ന മറ്റൊരു മേഖലയിലേക്കു തന്നെയാണ്.

http://www.azhimukham.com/india-modi-government-finds-new-ways-to-show-employment-creation-statics/

ആനുപാതികമായ തൊഴിലവസരങ്ങളില്ലാതെയുള്ള വളർച്ചാപ്രക്രിയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ പ്രശ്‌നമൊന്നുമല്ല. കെ.എൽ.ഇ.എം.എസിന്‍റെ നിഗമനങ്ങൾ പ്രകാരം 2015-16 മുതലുള്ള 10 വർഷങ്ങളിലെ തൊഴിൽസാധ്യതകളിൽ മൊത്തത്തിലുള്ള വളർച്ചാനിരക്ക് വെറും 0.53 ശതമാനം മാത്രമാണ്. ഇക്കഴിഞ്ഞ വർഷങ്ങളിൽ സ്ഥിതി കൂടുതൽ മോശമായിട്ടേയുള്ളു. ഇതോടൊപ്പമുള്ള വിശകലന പട്ടികകൾ പരിശോധിക്കുമ്പോൾ വെളിപ്പെടുന്ന വസ്തുതകൾ ആശ്ചപ്പെടുത്തുന്നതാണ്; 80 കളിലും 90 കളിലും ജി.ഡി.പി സൂചകപ്രകാരമുള്ള രാജ്യത്തിന്‍റെ വളർച്ച വളരെ താഴ്ന്നതായിരുന്നുവെങ്കിലും തൊഴിൽസാധ്യതകളുടെ നിരക്ക് അത്യധികം ഉയർന്നതായിരുന്നു.

ചോദ്യമിതാണ്; ജി.ഡി.പി സൂചകപ്രകാരമുള്ള രാജ്യത്തിന്‍റെ വളർച്ച ഉയരുന്നതിനു അനുപാതികമായി തൊഴിൽസാധ്യതാ നിരക്കിൽ ഇടിവ് സംഭവിക്കുമെന്നുണ്ടെങ്കിൽ, ജി.എസ്.ടിയും നോട്ട് നിരോധനവും പ്രാബല്യത്തിൽ വന്നതിന്‍റെ ഫലമായി അനൗപചാരിക മേഖലകളിൽ രാജ്യം താഴ്ന്ന വളർച്ചാനിരക്കും തടസ്സങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, 2016-17, 2017-18 സാമ്പത്തിക വർഷങ്ങളിൽ സംഭവിക്കാനിരിക്കുന്നത് എന്തായിരിക്കും?

http://www.azhimukham.com/indian-economy-growth-rate-gdp-government-statistics-and-reality-demonetisation-epw/


Next Story

Related Stories