UPDATES

ഡോ. ഡി ധനുരാജ്

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

ഡോ. ഡി ധനുരാജ്

വിപണി/സാമ്പത്തികം

രാഷ്ട്രീയ നേതൃത്വത്തിന്റെ കാഴ്ചപ്പാട് മാറണം, ഘടനാപരമായ നവീകരണം നടക്കണം; പൊതു ബജറ്റിന് ശേഷം കേരളത്തിന് മുന്നിലുള്ള വഴികള്‍ ഇതാണ്

കേരളം കഴിഞ്ഞ കുറച്ച് വർഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്

കേരളം കഴിഞ്ഞ കുറച്ച് വർഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിപണിയിൽ നിന്ന് പണം കടം വാങ്ങുന്നതിനുള്ള നിയന്ത്രണം ദുരിതങ്ങൾ വർദ്ധിപ്പിക്കുകയും കേരളസമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുകയും ചെയ്തു. ഈ സാഹചര്യങ്ങൾക്കിടയിൽ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റ് സാമ്പത്തിക-രാഷ്ട്രീയ തലത്തിൽ വലിയ ചർച്ചകൾക്ക് സ്വാഭാവികമായും വഴിയൊരുക്കും.

വിവിധ പദ്ധതികൾക്കായി നീക്കി വച്ചിരിക്കുന്ന വിഹിതം എത്രയെന്നു പരാമർശിക്കാതെയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ ബജറ്റിൽ പ്രഖ്യാപിച്ച വിവിധ നയ-ദർശന പ്രസ്താവനകളെ കേരളം കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. വിവിധ പൊതുമേഖലാ ബോർഡുകൾക്കും കേന്ദ്ര സ്ഥാപനങ്ങൾക്കുമായി കേരളത്തിലേക്കുള്ള വിഹിതം വർധിപ്പിച്ചതായി കണക്കിൽ കാണിക്കുന്നുവെങ്കിലും രാജ്യത്തെ 5 ട്രില്യൺ സമ്പദ് വ്യവസ്ഥയാക്കാൻ കേന്ദ്രം സ്വീകരിക്കേണ്ടിവരുന്ന നടപടികൾ കേരളം എങ്ങനെ നോക്കിക്കാണുന്നു എന്നത് വെല്ലുവിളിയാണ്.

സമ്പദ് വ്യവസ്ഥയുടെ വളർച്ചാ സാധ്യതയുടെ വേഗത വർധിപ്പിക്കാൻ വിവിധമേഖലകളിലേക്ക് കൂടുതൽ വിദേശ നിക്ഷേപം കൊണ്ടുവരുന്നത് സഹായിക്കുമെന്ന് കേന്ദ്ര സർക്കാർ വിശ്വസിക്കുന്നു. എല്ലാ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നതിന് സർക്കാർ ധനസ്ഥിതിക്ക് വെല്ലുവിളികളും പരിമിതികളും ഉണ്ട്.

മത്സ്യബന്ധന മേഖലയുടെ നവീകരണം, റോഡ് വികസനം തുടങ്ങിമേഖലകളിൽ പൊതു-സ്വകാര്യപങ്കാളിത്ത മാതൃക ബജറ്റ് നിർദ്ദേശിക്കുന്നു. സിയാൽ മോഡൽ ഒഴികെ, പൊതു-സ്വകാര്യപങ്കാളിത്ത മാതൃകകളിൽ, പ്രത്യേകിച്ച് ദേശീയപാതവികസനത്തിൽ കേരളം എല്ലായ്പ്പോഴും വിമുഖത കാണിച്ചിരുന്നു. 44 തൊഴിൽ നിയമങ്ങളെ നാല് കോഡുകളായി ക്രമീകരിക്കാനും അതുവഴി ഒരു നിക്ഷേപ സൗഹൃദവിപണിയാക്കാനും ബജറ്റിൽ പ്രഖ്യാപിച്ചു. മുൻകാലങ്ങളിൽ ഈ നിർദ്ദേശത്തിന് വിവിധ യൂണിയനുകളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും എതിർപ്പ് ലഭിച്ചിരുന്നു. ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്ന ഭരണയന്ത്രവും, രാഷ്ട്രീയ നേതൃത്വത്തിന്റെ അമിത ഇടപെടലുകളും കേരളത്തിൽ നിലനിൽക്കുന്നു. അതിനാൽ, ഇക്കാര്യത്തിൽ പൗരന്മാരുടെയും സംരംഭകരുടെയും ആശങ്കകൾ നീക്കിയില്ലെങ്കിൽ കേരളത്തെ ഒരു നിക്ഷേപക-ബിസിനസ് സൗഹൃദ സംസ്ഥാനമായി മാറ്റാൻ സാധിക്കുകയില്ല.

ദേശീയ വിദ്യാഭ്യാസ നയത്തെകുറിച്ചു പരാമർശിക്കുന്ന ബജറ്റ് വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ വിഹിതം നീക്കിവച്ചിരിക്കുന്നു. സ്വകാര്യസർവകലാശാലകളെയും ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ സ്ഥാപനങ്ങളുടെ പ്രവേശനത്തെയും കുറച്ചുകാലമായി കേരളം എതിർക്കുന്ന രീതിയാണുള്ളത്. ഈ സമയത്താണ് കേന്ദ്രസർക്കാർ വിവിധ സ്ഥാപനങ്ങൾക്കായി കൂടുതൽ ‘സ്വയംഭരണാധികാരം’ മുന്നോട്ടു വക്കുന്നത്. റെയിൽവേ വികസനവും മുൻകാലങ്ങളിൽ സാമ്പത്തിക തടസ്സങ്ങൾ നേരിട്ടിരുന്നു. റോളിംഗ് സ്റ്റോക്കുകളിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം, റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം, പൊതുമേഖല, ഭൂമി, സ്വത്ത് തുടങ്ങിയവയുടെ പുനർവികസന ത്തിലേക്കുള്ള ചർച്ചക്ക് ബജറ്റ് വഴി തുറക്കുന്നു.

സംസ്ഥാനവും കേന്ദ്രവും നേരിടുന്ന പ്രധാന വെല്ലുവിളികളാണ് തൊഴിലില്ലായ്മയും കർഷകരുടെ ദുരിതവും. സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗവും സേവന മേഖലയാണ്. ദേശീയ തലത്തിൽ 2018-19 ലെ ഇക്കണോമിക് സർവേയിൽ ചൂണ്ടിക്കാണിച്ചതുപോലെ, കേരളത്തിലെ സംരംഭകരുടെ എണ്ണത്തിലും വലിയ കുറവുണ്ട്. സംസ്ഥാനത്തെ തൊഴിൽ നിയമങ്ങളും സ്വകാര്യഏജൻസികളിൽ നിന്നുള്ള നിക്ഷേപത്തിന്റെ അഭാവവും കാരണം എംഎസ്എംഇകൾക്കും ചെറുകിട സംരംഭകർക്കും അവരുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ കഴിയുന്നില്ല.

സാമ്പത്തിക അവലോകനത്തിൽ പരാമർശിക്കുന്നതുപോലെ നിലവിലുള്ള സാഹചര്യത്തെ പുനർനിർവചിക്കുന്നതിൽ സംസ്ഥാനത്തിന് ഒരു പ്രധാന പങ്കുണ്ട്. പൊതുനയപരിപാടികൾ നടപ്പിലാക്കുന്നതിൽ സജീവമായ നടപടികൾ കൈക്കൊള്ളുന്നതിലൂടെ രാജ്യത്തിന്റെ വിധി നിർണ്ണയിക്കുന്നതിൽ പൗരന്മാരുടെ പങ്കിനെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും ബജറ്റ് പറയുന്നു.

സർക്കാരിന്റെ വ്യവസ്ഥകളോടുള്ള പൊതുജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരുത്താൻ സർക്കാർ മുൻകൈ എടുക്കേണ്ടത് ആവശ്യമാണ്. ജീവിതത്തിന്റെ പല മേഖലകളിലും ഭരണയന്ത്രത്തിന്റെ ഇടപെടൽ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത് എളുപ്പമുള്ള കാര്യമല്ല. ബജറ്റിൽ കേരള സംസ്ഥാനത്തിനായി അനുവദിച്ച കാര്യങ്ങളിൽ മതിമറക്കാതെ കേന്ദ്രത്തിനോടുള്ള അമിത ആശ്രയത്വം മറികടന്ന് കേരളം കൂടുതൽ നവീകരണങ്ങൾക്കു വേണ്ടി ശ്രമിക്കേണ്ട സമയമാണിത്. സംസ്ഥാനത്തിന് അതിന്റെ വിഭവങ്ങളും കഴിവുകളും ഉണ്ട്. ഘടനാപരമായ നവീകരണവും രാഷ്ട്രീയ നേതൃത്വത്തിന്റെ കാഴ്ചപ്പാടിലെ മാറ്റവുമാണ് ഇനി മുന്നോട്ടു പോകാൻ ആവശ്യമായിട്ടുള്ളത്.

നെടുകണ്ടം കസ്റ്റഡി മരണം, കൂടുതല്‍ റിപ്പോര്‍ടുകള്‍ വായിക്കാം: ‘ആത്മവീര്യ’മുണര്‍ത്തുന്ന കൊലപാതകങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍