TopTop
Begin typing your search above and press return to search.

1900-ല്‍ അമേരിക്ക എങ്ങനെയായിരുന്നോ അതുപോലെയാണ് ഇന്നത്തെ ഇന്ത്യ; ജെയ്റ്റ്ലിയുടെ സത്യങ്ങള്‍, പച്ചക്കള്ളങ്ങളും

1900-ല്‍ അമേരിക്ക എങ്ങനെയായിരുന്നോ അതുപോലെയാണ് ഇന്നത്തെ ഇന്ത്യ; ജെയ്റ്റ്ലിയുടെ സത്യങ്ങള്‍, പച്ചക്കള്ളങ്ങളും

അഞ്ചാംവര്‍ഷ ബജറ്റ് ഏത് സര്‍ക്കാറിന്റേതാണെങ്കിലും പൊതുവെ പോപ്പുലിസ്റ്റ് ആയിരിക്കും. പ്രത്യേകിച്ചും തെരഞ്ഞെടുപ്പിന്റെ സമയം അടുത്തിരിക്കുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ എണ്ണത്തില്‍ വലിയ ജനവിഭാഗങ്ങളെ കൂടുതല്‍ സന്തോഷിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ്. രാജ്യത്തെ ജനസംഖ്യയുടെ 55 ശതമാനവും കര്‍ഷകരായതുകൊണ്ട് അവരെ കൂടുതല്‍ തൃപ്തിപ്പെടുത്തിയിട്ടുണ്ട്. മറ്റൊന്ന് കോര്‍പ്പറേറ്റ് മേഖലയാണ്. കോര്‍പ്പറേറ്റ് നികുതി 30 ശതമാനം എന്നതില്‍ നിന്നും 25 ശതമാനമായി കുറച്ചു. 250 കോടി രൂപയുടെ വിറ്റുവരവുളള കോര്‍പ്പറേറ്റുകള്‍ക്കാണ് ഈ ആനുകൂല്യം. രാജ്യത്തെ ഭുരിപക്ഷം വരുന്ന കോര്‍പ്പറേറ്റുകളും 250 കോടി രൂപയ്ക്ക് താഴെ വാര്‍ഷിക വിറ്റുവരവുളള കോര്‍പ്പറേറ്റുകളാണ്. അതുകൊണ്ട് തന്നെ വലിയ ഒരു വിഭാഗത്തിന് ഇത് ഗുണകരമാകും. പോപ്പുലിസ്റ്റ് ബജറ്റ് എന്ന് പറയുന്നത് അതുകൊണ്ടാണ്.

എന്നിരുന്നാലും, കാര്‍ഷിക മേഖലയില്‍ തന്നെ പല പ്രഖ്യാപനങ്ങളും വിശ്വസിക്കാനാവാത്തതാണെന്നതാണ് ഒരു മുഖ്യപ്രശ്‌നം. പച്ചക്കളളം അല്ലെങ്കില്‍ പറ്റിക്കുന്ന നുണ എന്നൊക്കെ വിശേഷിപ്പിക്കാന്‍ തോന്നുംവിധമാണ് പല പ്രഖ്യാപനങ്ങളും. അതില്‍ ഒന്ന് കര്‍ഷകരുടെ ഉത്പാദന ചെലവിന്റെ ഒന്നര ഇരട്ടി വില ഉറപ്പാക്കുമെന്നാണ്. അതായത് 300 രൂപയുടെ ഉല്‍പ്പന്നത്തിന് 150 രൂപയുടെ വില സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന്. അങ്ങനെ കൃത്യമായ മാര്‍ജിന്‍ ലോകത്തൊരിടത്തുമില്ല. അങ്ങനെയൊരു സാമ്പത്തികശാസ്ത്രമില്ല. അത് പ്രായോഗികമാണെങ്കില്‍ ആളുകള്‍ വീട്ടിലിരിക്കില്ലേ? മറ്റൊന്ന് ഈ വില ആരാണ് തിരുമാനിക്കുന്നതെന്നാണ്. ഒന്നര ഇരട്ടിയെന്നത് 50 ശതമാനം വരും. ഉല്‍പ്പന്നത്തിന്റെ 50 ശതമാനം മാര്‍ജിന്‍ കുറച്ച് നല്‍കുകയെന്നു പറയുന്നത് മുഖവിലക്കെടുക്കാനേ പറ്റില്ല. ഇങ്ങനെയുളള സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ചിലവായ തുക ആര് എങ്ങനെ നിര്‍ണ്ണയിക്കുമെന്നത് പ്രസക്തമായ ചോദ്യമാണ്.

ഇതിനൊക്കെ അപ്പുറത്താണ് കര്‍ഷകരുടെ വരുമാനം 2022 ല്‍ ഇരട്ടിയാക്കുമെന്ന മറ്റൊരു പ്രഖ്യാപനം. ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ സാങ്കേതിക വിദ്യയുടെ കാര്യം പരിശോധിച്ചാല്‍ വളരെ മോശം അവസ്ഥയാണ് ഉളളത്. നേരത്തെ തന്നെ അക്കാര്യത്തില്‍ നമ്മള്‍ പിറകിലാണ്. ഇപ്പോഴും സാങ്കേതിക വിദ്യയുടെ ഉപയോഗം ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ ഫലപ്രദമായി പ്രയോജനപെടുത്തുന്നില്ല. ഇന്നും നമ്മുടെ 52 ശതമാനം കാര്‍ഷിക ഭൂമിയും ജലസേചനസൗകര്യമില്ലാത്തതാണ്. ഈ പശ്ചാത്തലത്തില്‍ എങ്ങനെയാണ് നമ്മള്‍ 2022 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക? ഇതൊക്കൊയാണ് ബജറ്റിന്റെ വിശ്വാസ്യത തകര്‍ക്കുന്നു കാര്യങ്ങള്‍.

ബജറ്റില്‍ നല്ല കാര്യങ്ങളുമുണ്ട്. രാഷ്ട്രീയക്കാര്‍ പലപ്പോഴും പറയാത്ത ഒരു കാര്യം ഈ ബജറ്റ് തുറന്നുകാണിച്ചുവെന്നത് ഒരു നല്ലവശമാണ്. അതായത് നമ്മുടെ രാജ്യത്തെ 55 ശതാനം പേരും ഇപ്പോഴും കാര്‍ഷിക വൃത്തിയിലാണ്. നമ്മുടെ വീട്ടില്‍ 10 പേരുണ്ടെങ്കില്‍ അതില്‍ അഞ്ചര പേരും അടുക്കളയിലാണ് പ്രവര്‍ത്തിക്കുന്നതെന്നപോലെയാണിത്. നമ്മുടെ പ്രാപ്തി വളരെ മോശമാണെന്നാണ് ഇത് തെളിയിക്കുന്നത്. അത്രയും പേര്‍ ചേര്‍ന്നാണ് ഇതെല്ലാം ഉണ്ടാക്കുന്നത്. അവരുടെ കഴിവ് ഉദ്പാദനം വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ ഇനിയും ആയിട്ടില്ല. അടുത്ത ഘട്ടത്തിലേക്ക് മാറാന്‍ സമയമായിട്ടും യാതൊരു പുരോഗതിയും ഉണ്ടാകുന്നില്ല.

http://www.azhimukham.com/edit-unionbudget-winners-loosers/

ലോകജനതയുടെ അഭിവൃദ്ധിയുടെ ഘട്ടങ്ങള്‍ നോക്കിയാല്‍ കൃഷിയാണ് ആദ്യ ഘട്ടം. പിന്നീട് രാജ്യങ്ങളെല്ലാം വ്യാവസായിക ഘട്ടത്തിലേക്ക് മാറി. അങ്ങനെ പല ഘട്ടങ്ങള്‍ താണ്ടി ഇപ്പോള്‍ ആശയങ്ങളുടെ/ സങ്കല്‍പ്പങ്ങളുടെ നാലാം ഘട്ടത്തിലാണ് ഇന്ന് ലോകം ഉളളത്. നമ്മളിപ്പോഴും കൃഷിയിടങ്ങളിലാണെന്ന് ഈ ബജറ്റ് വളരെ കൃത്യമായി വ്യക്തമാക്കുന്നു. 1900 മാണ്ടില്‍ യുഎസില്‍ ഇത്തരം സാഹചര്യത്തെ അവര്‍ മറികടന്ന അനുഭവം ഉണ്ട്. അക്കാലത്ത് അവിടെ 58 ശതമാനം ആളുകള്‍ കൃഷിക്കാരായിരുന്നു. ഇപ്പോള്‍ അത് 2 ശതമാനം ആയി കുറഞ്ഞു. ലോകകമ്പോളത്തിലെ വലിയ ശതമാനം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നത് യുഎസിലെ രണ്ട് ശതമാനം മാത്രം വരുന്ന കര്‍ഷകരാണ്. യുഎസ് 100 വര്‍ഷം മുമ്പ് എങ്ങനെയായിരുന്നോ ആ അവസ്ഥയിലാണ് നമ്മുടെ രാജ്യത്ത്.

50 കോടി ജനങ്ങളുടെ ആരോഗ്യ സുരക്ഷയാണ് മറ്റൊന്ന്. അതും എങ്ങനെ നടപ്പിലാക്കുമെന്നതിനെ പറ്റി ആശങ്കകള്‍ ഉണ്ട്. ഇതിനെ കുറിച്ച് കൂടുതല്‍ വിശദീകരണം വന്നാല്‍ മാത്രമേ എങ്ങനെ സാധിക്കുമെന്ന് നമുക്ക് പറയാന്‍ പറ്റുകയുളളൂ. അതുപോലെ ഒരു കാര്യമാണ് നൈപുണ്യ വികസനത്തിനുളള നീക്കിയിരിപ്പ്. അത് വളരെ പ്രധാനമാണ്. രാജ്യത്ത് ജോലികള്‍ ചെയ്യാന്‍ പ്രാപ്തരായവരെ ലഭിക്കാനില്ല. ഉദാഹരണത്തിന് കഴിഞ്ഞ ദിവസം ഞാന്‍ ഒരു മാധ്യമ സ്ഥാപനത്തില്‍ ചെന്നപ്പോഴാണ് ഞെട്ടിക്കുന്ന ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത്. അവിടെ ജേര്‍ണലിസ്റ്റുകളെ എടുക്കുന്നതിനായി 31 പേരെ പരീക്ഷക്കിരുത്തി. അതില്‍ 15 പേരെ അഭിമുഖത്തിന് വിളിച്ചു. അതില്‍ നിന്നും നാല് പേരെ ജോലിക്ക് എടുക്കണം. പക്ഷെ, സ്ഥാപനം ആവശ്യപ്പെടുന്ന മികവുളള ഒരു ഉദ്യോഗാര്‍ത്ഥി പോലും അക്കൂട്ടത്തില്‍ ഇല്ലായിരുന്നു. ഇതാണ് നമ്മുടെ കഥ. ജേര്‍ണലിസം പഠിച്ച 31 പേരില്‍ യോഗ്യതയുളള ഒരാള്‍ പോലുമുണ്ടായിരുന്നില്ല. ഇത് ഒരു സാമ്പിള്‍ മാത്രമാണ്.

രാജ്യത്തെ നൈപുണ്യ വികസനത്തന്റെ കാര്യം വളരെ പരിതാപകരമാണ്. ഒന്നാം യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 2020 ആകുമ്പോഴേക്കും 50 കോടി പേരെ വിവിധ മേഖലയില്‍ നിപുണരാക്കുമെന്നായിരുന്നു. 2015 ല്‍ നരേന്ദ്രമോദി പറഞ്ഞു 2020 ആകുമ്പോഴേക്കും 40 കോടി പേരെ വിദ്ഗ്ധരാക്കുമെന്ന്. കഴിഞ്ഞ ദിവസം ജയ്റ്റ്‌ലി പറയുന്നു 2020 ആകുമ്പോഴേക്കും 40 ലക്ഷം പേരെ നിപുണരാക്കുമെന്ന്. ഒടുവില്‍ എത്ര പേരെ വിദഗ്ധരാക്കാന്‍ പട്ടുമെന്നത് ഇപ്പോഴും ആശയകുഴപ്പത്തിലാണ്. ഈ ബജറ്റില്‍ എംഎസ്എംഇ മേഖലയ്ക് ഏറെ ആശ്വാസമുണ്ടായി എന്നത് എടുത്തുപറയേണ്ടതാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഏറ്റവും ശക്തമായ ഒരു മേഖലയാണിത്.

(ജോ എ സ്ഖറിയയുമായി ന്യുസ് കോഡിനേറ്റര്‍ എഎം യാസിര്‍ സംസാരിച്ച് തയ്യാറാക്കിയത്)


Next Story

Related Stories