Top

കേന്ദ്ര ബജറ്റ് തൊഴില്‍ തരുമോ? രാജ്യത്തെ തൊഴിലില്ലായ്മ നാല് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നില്‍ക്കുമ്പോള്‍

കേന്ദ്ര ബജറ്റ് തൊഴില്‍ തരുമോ? രാജ്യത്തെ തൊഴിലില്ലായ്മ നാല് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നില്‍ക്കുമ്പോള്‍
ഇത്തവണത്തെ ബജറ്റില്‍ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് പുതിയ ചില പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും പഴയവ പരിഷ്‌ക്കരിക്കുകയും ചെയ്തിട്ടുണ്ട്. വേണ്ടത്ര പ്രയോജനം ചെയ്യാത്ത പദ്ധതികളാണ് പരിഷ്‌ക്കരിച്ചത്. ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, റോബോട്ടിക്‌സ്, വിദേശ ഭാഷ എന്നിവയിലെല്ലാം യുവാക്കള്‍ക്ക് പരിശീലനം നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വാഗ്ദാനം ചെയ്യുന്നു. വിദേശത്ത് കൂടുതല്‍ തോഴിലവസരങ്ങള്‍ സൃഷ്ടിച്ച് പ്രശ്‌നപരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിദേശ ഭാഷ പരിശീലനം ലക്ഷ്യമിടുന്നതിലൂടെ വ്യക്തമാകുന്നു.

കൌശല്‍ വികാസ് യോജനയെന്ന പദ്ധതിയുടെ ഭാഗമായി ഒരു കോടി യുവാക്കള്‍ക്ക് വ്യവസായങ്ങള്‍ക്കാവശ്യമായ പരിശീലനം സര്‍ക്കാര്‍ നല്‍കുമെന്ന് തന്റെ ആദ്യ ബജറ്റ് പ്രസംഗത്തില്‍ സീതാരാമന്‍ പറഞ്ഞു. "വിദേശത്ത് ജോലി നേടാന്‍ നമ്മുടെ യുവാക്കളെ സജ്ജമാക്കുന്നതിന് ഭാഷാ ജ്ഞാനം നേടുന്നതിനടക്കമുള്ള പരിശീലനം നല്‍കും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, 3-ഡി പ്രിന്റിംഗ്, വെര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്സ് തുടങ്ങിയവില്‍ പ്രാവിണ്യം നേടുന്നതിന് സഹായിക്കും." മന്ത്രി പറഞ്ഞു.
ഈ ശ്രമങ്ങള്‍ തൊഴിലന്വേഷകരെ ഇന്ത്യയില്‍ മാത്രമല്ല, ആഗോള തലത്തില്‍ തന്നെ തൊഴില്‍ നേടാന്‍ പ്രാപ്തിയുള്ളവരാക്കുകയും ചെയ്യും.

തൊഴിലില്ലായ്മയെ നേരിടാന്‍ കാര്‍ഷിക ഗ്രാമീണ വ്യവസായങ്ങളില്‍ 75,000 വ സംരംഭകരെ വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് സീതാരാമന്‍ പറഞ്ഞു. തൊഴിലില്ലായ്മയേയും, ഗ്രാമങ്ങളില്‍നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളേയും പരിഹരിക്കുകയെന്ന രണ്ട് ലക്ഷ്യംവെച്ചുള്ള പദ്ധതിയാണത്. പക്ഷെ, സര്‍ക്കാറിന്റെ ആഗ്രഹങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ മതിയായ ഫണ്ട് ഇതിനായി വകയിരുത്തിയിട്ടില്ല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നാല് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.1 ശതമാനത്തിലെത്തിയ സമയത്താണ് നിര്‍മ്മലാ സീതാരാമന്‍റെ ബജറ്റ് വരുന്നത്. രാജ്യത്ത് 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നിലനില്‍ക്കുന്നതെന്ന കാര്യം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഒരു മാധ്യമം പുറത്തുവിട്ടിരുന്നു. അന്ന് മന്ത്രിമാര്‍ ഈ കണക്കുകള്‍ നിഷേധിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാലെ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകള്‍ രാജ്യത്ത് ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് സ്ഥിരീകരിക്കുകയും ചെയ്തു.

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സി.എം.ഐ.ഇ) പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് 2019 മെയ് മാസത്തില്‍ 7.17 ശതമാനമായും 2019 ജൂണില്‍ 8.1 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്. ഒപ്പം, ഇന്ത്യയിലെ തൊഴിലന്വേഷകരുടെ എണ്ണം (15 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം) പ്രതിമാസം 13 ദശലക്ഷമെന്ന കണക്കില്‍ വര്‍ധിക്കുകയും ചെയ്യുന്നു. അതായത് തൊഴിലെടുക്കാന്‍ ശേഷിയുള്ള 7.8 ശതമാനം നഗരവാസികളും 5.3 ശതമാനം ഗ്രാമീണരും തൊഴില്‍ രഹിതരായി തുടരും.

രാജ്യത്തെ നിക്ഷേപം 15 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും താല്‍ക്കാലിക കണക്കുകളുടെ അടിസ്ഥാനത്തില്‍ സി.എം.ഐ.ഇ- മറ്റൊരു റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. 2019 ജൂണില്‍ ഇന്ത്യന്‍ കമ്പനികള്‍ 43,400 കോടിയുടെ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇത് കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ 87 ശതമാനവും, മാര്‍ച്ചില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 81 ശതമാനവും കുറവാണ്.

സാങ്കേതികവിദ്യാ ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും കാര്‍ഷിക വ്യവസായത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി നേരത്തെ ആസ്പയര്‍ എന്ന പേരില്‍ കഴിഞ്ഞ മോദി സര്‍ക്കാര്‍ പദ്ധതി കൊണ്ടുവന്നിരുന്നു. ഈ പദ്ധതി വീണ്ടും അവതരിപ്പിച്ച സീതാരാമന്‍ 2019-20 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ 20 ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററുകളും 80 ബിസിനസ് ഇന്‍കുബേറ്ററുകളും ആസ്പയറിന്റെ ഭാഗമായി സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു.

ആദ്യ മോദി സര്‍ക്കാറിന്റെ കാലത്ത്, 2015 ലാണ് നൈപുണ്യ വികസന മന്ത്രാലയം 'പ്രധാന്‍ മന്ത്രി കൌശല്‍ വികാസ് യോജന' (പിഎംകെവിവൈ) എന്ന പദ്ധതി ആരംഭിക്കുന്നത്. 14 ലക്ഷം നവാഗതകര്‍ ഉള്‍പ്പടെ 24 ലക്ഷം പേരെ പരിശീലിപ്പിക്കാന്‍ 1,500 കോടി രൂപയാണ് ഈ പദ്ധതിക്കായി നീക്കിവച്ചത്. അതില്‍ 18 ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കിയതായി ശരദ പ്രസാദ് കമ്മിറ്റി നടത്തിയ അവലോകനത്തില്‍ വ്യക്തമായിരുന്നു. 2016-ല്‍ ആരംഭിച്ച പിഎംകെവിവൈയുടെ രണ്ടാം ഘട്ടത്തില്‍ 2020 ആവുമ്പോഴേക്കും ഒരു കോടി യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിനായി 12,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

അതേസമയം, പിഎംകെവിവൈ-യുടെ ആദ്യ വര്‍ഷത്തെ പ്രവര്‍ത്തനം എത്രത്തോളം ലക്ഷ്യം കണ്ടുവെന്നത് സംബന്ധിച്ച് പരിശോധന ഉണ്ടായിട്ടില്ലെന്നും ശരദ പ്രസാദ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ദേശീയ നൈപുണ്യ വികസന കൗണ്‍സിലിന് 2017 സെപ്റ്റംബര്‍ വരെ ആറ് ലക്ഷത്തോളം യുവാക്കളെ പരിശീലിപ്പിക്കാന്‍ കഴിയുമെന്നും ഇതില്‍ 72,858 പേര്‍ക്ക് മാത്രമെ ജോലി ലഭ്യമാക്കാന്‍ കഴിയുവെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കിയത്. കൂടാതെ, പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ തൊഴിലവസര ലഭ്യത 18ശതമാനം മാത്രമായിരുന്നുവെന്നും സൂചിപ്പിക്കുന്നു.

2019-20 കേന്ദ്ര ബജറ്റ് 'ഇന്ത്യയിലെ യുവാക്കളെ ഒറ്റിക്കൊടുക്കുക'യാണ് ചെയ്യുന്നതെന്നാണ് കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് ചുമതലയുള്ള രണ്‍ദീപ് സുര്‍ജേവാല വിമര്‍ശിച്ചത്.

സ്ത്രീകള്‍ക്കുള്ള സംരംഭങ്ങള്‍

സ്ത്രീ ശാക്തീകരണത്തില്‍ ശ്രദ്ധയൂന്നിക്കൊണ്ടാണ് സീതാരാമന്‍ ജെന്‍ഡര്‍ ബജറ്റ് അവതരിപ്പിച്ചത്. ജന്‍ ധന്‍ ബാങ്ക് ആക്കൌണ്ട് ഉള്ള ഓരോ ഔദ്യോഗിക എസ്എച്ച്ജി അംഗത്തിനും അയ്യായിരം രൂപ ഓവര്‍ ഡ്രാഫ്റ്റ് അനുവദിക്കും. മുദ്ര പദ്ധതി പ്രകാരം ഓരോ സ്വാശ്രയ സംഘത്തിലേയും ഒരു സ്ത്രീക്ക് ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. മുദ്ര പദ്ധതിയുടെ 70 ശതമാനം ഗുണഭോക്താക്കളില്‍ 70 ശതമാനവും സ്ത്രീകളാണെന്നും അവര്‍ വ്യക്തമാക്കി.

ഉജ്ജ്വല യോജനയും സൗഭാഗ്യ യോജനയും ഗ്രാമീണ കുടുംബങ്ങളിലെ സ്ത്രീകളുടെ ജീവിതത്തെ മാറ്റിമറിച്ചതായും, അവരുടെ 'ജീവിതസൗകര്യം' മെച്ചപ്പെടുത്തിയാതായും സീതാരാമന്‍ അവകാശപ്പെടുന്നു. എന്നാല്‍, എല്‍പിജി കണക്ഷനുകളുള്ള കുടുംബങ്ങള്‍ പ്രതിവര്‍ഷം ശരാശരി 6.27 സിലിണ്ടറുകള്‍ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു 2015-16-ലെ സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. ഉജ്ജ്വല പദ്ധതി നടപ്പാക്കിയിട്ടും എല്‍പിജിയുടെ വാര്‍ഷിക ഉപഭോഗ വളര്‍ച്ച 5.6 ആയി കുറയുകയായിരുന്നു. സിലിണ്ടര്‍ വീണ്ടും നിറയ്ക്കുന്നതിനുള്ള ചെലവ് മിക്ക ഗ്രാമീണ കുടുംബങ്ങള്‍ക്കും താങ്ങാനാവാത്ത ഒന്നാണ് എന്ന വസ്തുത നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയതുമാണ്. അതുകൊണ്ട് അവര്‍ വീണ്ടും വിറകിലേക്കും തിരിച്ചു പോയി എന്നതാണ് യാഥാര്‍ത്ഥ്യം.

നെടുകണ്ടം കസ്റ്റഡി മരണം, കൂടുതല്‍ റിപ്പോര്‍ടുകള്‍ വായിക്കാം: 'ആത്മവീര്യ'മുണര്‍ത്തുന്ന കൊലപാതകങ്ങള്‍

Next Story

Related Stories