UPDATES

വിപണി/സാമ്പത്തികം

യുഎസ്-ചൈന വ്യാപാര സംഘര്‍ഷം മുറുകുന്നു; ആഗോളവല്‍ക്കരണത്തിന് അന്ത്യമായോ എന്ന് വിദഗ്ദര്‍

വ്യാപാരയുദ്ധം ആഗോളവല്‍ക്കരണത്തിന്റെ പ്രതിസന്ധിയുടെ ഫലമോ?

മുന്ന് പതിറ്റാണ്ടിലേറെക്കാലമായി വന്‍കിട രാജ്യങ്ങള്‍ക്കിടയില്‍ നിലനിന്ന സ്വതന്ത്ര വ്യാപാരം എന്ന ആശയത്തെ കൈയൊഴിഞ്ഞ് അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമായി. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 200 ബില്യണ്‍ ഡോളറിന്റെ (20000 കോടി ഡോളറിന്റെ) ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് മറുപടിയായി ജൂണ്‍ ഒന്നു മുതല്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് 60 ബില്ല്യണ്‍ ഡോളറിന്റെ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് ചൈനയും പ്രഖ്യാപിച്ചു.

ഇതോടെ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍വന്നതിന് ശേഷം വിവിധ ഘട്ടങ്ങളിലായി നടത്തിയ വ്യാപാരയുദ്ധ പ്രഖ്യാപനം പുതിയ തലത്തിലെത്തി. സ്വതന്ത്ര വ്യാപാരത്തെ ഹനിക്കുന്ന നടപടികളുമായി ലോകത്തെ രണ്ട് പ്രമുഖ സമ്പദ് വ്യവസ്ഥകള്‍ മുന്നോട്ടുവന്നതോടെ ഓഹരി വിപണിയില്‍ തകര്‍ച്ചയുണ്ടായി.

അമേരിക്കന്‍ ഓഹരി സൂചികയായ ഡോ ജോണ്‍സില്‍ ഈ വര്‍ഷം ആരംഭിച്ചതു മുതലുള്ള ഏറ്റവും വലിയ തകര്‍ച്ചയ്ക്കാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഇവിടുത്തെ ഇന്‍ഡസ്ട്രിയല്‍ ആവറേജ് 617 പോയിന്റാണ് ഇന്നലെ നഷ്ടമായത്. യുറോപ്യന്‍ ഓഹരി വിപണയിലും വലിയ തകര്‍ച്ചയാണുണ്ടായത്. ആറാഴ്ചകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്നലെ ഇവിടത്തെ വിപണികളില്‍ ഉണ്ടായത്. വ്യവസായ, സാങ്കേതിക, ധനകാര്യ കമ്പനികളുടെ ഓഹരികള്‍ക്കാണ് മുല്യ നഷ്ടം ഉണ്ടായത്.

ലോക വിപണിയില്‍ കടുത്ത പ്രത്യഘാതം ഉണ്ടാക്കുന്നുണ്ടെങ്കിലും വ്യാപാര യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൂചനയാണ് അമേരിക്കന്‍ പ്രസിഡന്റ് നല്‍കുന്നത്. ചൈനയില്‍ നിന്നുള്ള കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അടുത്ത മാസം തീരുമാനമെടുക്കുമെന്നാണ് അമേരിക്ക അറിയിച്ചത്. എന്നാല്‍ പുതിയ തീരുവകള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് അന്തിമ തിരുമാനെമെടുത്തിട്ടില്ലെന്ന് ട്രംപ് അറിയിച്ചു.

ചൈനയുമായി നടക്കുന്ന വ്യാപാര യുദ്ധത്തിന്റെ കെടുതി അമേരിക്കയിലെ ഉപഭോക്താക്കളായിരിക്കും നേരിടേണ്ടിവരികയെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. വ്യാപാര യുദ്ധം തകരാറിലാക്കുക ചൈനയെ മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ ട്രംപ് ഭരണകൂടത്തിലുള്ള അഭിപ്രായ ഭിന്നതയും പുറത്തുവന്നു. ട്രംപിന്റെ ദേശിയ സാമ്പത്തിക ഉപദേഷ്ടാവ് ലാറി കുഡ്‌ലോവാണ് പ്രസിഡന്റിനെ തിരുത്തി രംഗത്തെത്തിയത്. ഉപരോധ നടപടികള്‍ അമേരിക്കന്‍ നിക്ഷേപകരെയും ഉപഭോക്താക്കളെയും ബാധിക്കില്ലെ എന്ന ചോദ്യത്തിന് ആ നിഗമനത്തോട് വിയോജിക്കില്ലെന്നായിരുന്നു കുഡ്‌ലോവിന്റെ പ്രതികരണം. ഇരു രാജ്യങ്ങള്‍ക്കും തിരിച്ചടിയേല്‍ക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അമേരിക്കന്‍ നടപടികള്‍ക്ക് മറുപടിയായി ചൈന ഏര്‍പ്പെടുത്തിയ തീരുവകള്‍ യുഎസ് കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെതിരെ വിവിധ കാര്‍ഷിക സംഘടനകളും കൂട്ടായ്മകളും രംഗത്തെത്തി. സോയാബിന്‍ കര്‍ഷകരെയാണ് ചൈനീസ് തീരുവ കൂടുതലായി ബാധിക്കുക. ഇവര്‍ക്ക് ആശ്വാസ നടപടികള്‍ അമേരിക്കന്‍ ഭരണകൂടം ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. 1200 കോടി ഡോളര്‍ സഹായം ഇവര്‍ക്ക് നല്‍കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

ട്രംപിന്റെ വ്യാപാര ഉപരോധ സമീപനങ്ങള്‍ അമേരിക്കയിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് പാര്‍ട്ടികളില്‍ അഭിപ്രായ ഭിന്നത സൃഷ്ടിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സ്വതന്ത്ര വ്യാപാരത്തിന്റെ വക്താക്കളായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് തന്നെ അതിനെതിരായ നടപടികളുമായി മുന്നോട്ടുപോകുന്നതില്‍ ചില പാര്‍ട്ടി നേതാക്കള്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തുന്നു. ട്രംപിന്റെ പല വാദങ്ങളും സ്വതന്ത്ര വ്യപാരത്തിനെതിരായ വാദങ്ങളായി മാറുന്നുവെന്നതാണ് ഇവരുടെ ആക്ഷേപം. ചൈനയുമായി എത്രയും പെട്ടെന്ന് ധാരണയിലെത്തിയില്ലെങ്കില്‍ സാമ്പത്തിക മാന്ദ്യത്തിലേക്കായിരിക്കും രാജ്യം പോകുകയെന്ന് റിപ്പബ്ലിക്കന്‍ സെനറ്ററായ റാന്റ് പോള്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം ട്രംപിന്റെ നിശിതവിമര്‍ശകരായ ഡെമോക്രാറ്റുകളില്‍ ചിലരെങ്കിലും ചൈനയ്‌ക്കെതിരായ തീരുവകള്‍ ഏര്‍പ്പെടുത്തിയതിനെ അനുകൂലിക്കുകയാണ്. കറന്‍സി വിപണിയില്‍ ചൈന കൃത്രിമത്വം കാണിക്കുന്നുവെന്ന് ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ബെര്‍നി സാന്റേഴ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാപാര മേഖലയില്‍ ചൈനയുടെ നടപടികളിലും ഡെമോക്രാറ്റുകളില്‍ ചിലര്‍ നേരത്തെ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിരുന്നു. ട്രംപിന്റെ നടപടികളില്‍ ഇവര്‍ക്ക് കാര്യമായ എതിര്‍പ്പില്ലെന്നാണ് സൂചന. പ്രത്യേകിച്ചും ആഗോളവല്‍ക്കരണത്തോട് എതിര്‍പ്പ് പുലര്‍ത്തുന്ന ഡെമോക്രാറ്റുകള്‍ക്കാണ് ഇക്കാര്യത്തില്‍ യോജിപ്പ്.

മധ്യ നിലപാടുകള്‍ സ്വീകരിക്കുന്ന ഡെമോക്രാറ്റുകള്‍ ശക്തമായ നിലപാടുകളാണ് ട്രംപിന്റെ സമീപനങ്ങള്‍ക്കെതിരെ സ്വീകരിച്ചത്. എന്നാല്‍ ട്രംപിന്റ നടപടികള്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ലോകത്തെ വിവിധ രാജ്യങ്ങളില്‍ ശക്തിപ്പെടുന്ന ആഗോളവല്‍ക്കരണ വിരുദ്ധ സമീപനങ്ങളുടെ ഭാഗമായാണെന്ന് കരുതുന്നവരുമുണ്ട്. വ്യാപര രംഗത്തുണ്ടായ തകര്‍ച്ചയും, ജോലി നഷ്ടവും അസമത്വം ക്രമാതീതവുമായി വര്‍ധിച്ചതും ആഗോളവല്‍ക്കരണത്തിനെതിരായ എതിര്‍പ്പ് ശക്തമാക്കി. ഈ എതിര്‍പ്പിന്റെ കൂടെ ഫലമായാണ് പലയിടങ്ങളിലും തീവ്ര വലതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തില്‍ എത്തിയത്.

യുറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങാന്‍ ബ്രിട്ടന്‍ തീരുമാനിച്ചതും അതിന് ശേഷം ട്രംപിന്റെ സാമ്പത്തിക രാഷട്രീയ സമീപനങ്ങളും കഴിഞ്ഞ മൂന്നിലേറെ പതിറ്റാണ്ടുകാലമായി ലോക രാഷ്ട്രങ്ങളെ സ്വാധീനിച്ച ആഗോളവല്‍ക്കരണ നയങ്ങളുടെ സ്വാധീനം കുറയുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. അമേരിക്കയിലെ തൊഴില്‍ നഷ്ടത്തിന്റെ ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ചൈനയില്‍നിന്നുള്ള ഇറക്കുമതിയാണെന്ന വാദം ഉയര്‍ത്തിയാണ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയത്. ആഗോളവല്‍ക്കരണ നടപടികള്‍ മൂലം അസമത്വം ക്രമാതീതമായതിന്റെ ഫലമായ അതൃപ്തിയുടെയും ഗുണം ഉപയോഗിച്ചതും അമേരിക്കയില്‍ ട്രംപാണ്.

കഴിഞ്ഞ 30-40 വര്‍ഷത്തിനിടെ വിവിധ തീരുവകളുടെ ശരാശരി 35 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനം വരെ കുറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ വീണ്ടു വര്‍ധിക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെ കടുത്ത രാഷ്ട്രീയ എതിരാളികളായ ഇടതുപക്ഷക്കാരുടെ സമീപനങ്ങളല്ല, മറിച്ച് തീവ്രവലതുപക്ഷമാണ് ആഗോളവല്‍ക്കരണത്തിന്റെ അന്ത്യം കുറിച്ചേക്കുന്ന സമീപനങ്ങള്‍ സ്വീകരിക്കുന്നതെന്നാണ് വൈരുദ്ധ്യം. 2008ല്‍ ആഗോള മുതലാളിത്ത രാജ്യങ്ങളെ പിടിച്ചുലച്ച സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരത്തില്‍ ആഗോളവല്‍ക്കരണ സമീപനങ്ങള്‍ക്കെതിരായ സമീപനങ്ങള്‍ വലതുപക്ഷ നേതാക്കളെ സ്വാധീനിച്ചു തുടങ്ങിയത്. ബ്രക്‌സിറ്റുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് കാര്യമായ തിരുത്താണ് ലോകത്തെ വിവിധ രാജ്യങ്ങളിലെ സാമ്പത്തിക സമീപനങ്ങള്‍ കാണിക്കുന്നതെന്ന് ബ്രിട്ടനിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക് കാര്‍നെ പറഞ്ഞു.ധനനയത്തില്‍ പല രാജ്യങ്ങളും വരുത്തുന്ന മാറ്റങ്ങള്‍ ഇതിന്റെ സൂചനയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ആഗോളവല്‍ക്കരണ കാലഘട്ടമായി വിളിക്കാവുന്ന 1986 മുതല്‍ 2008 വരെ ലോക വ്യാപാരം 6.5 ശതമാനമായിരുന്നു ശരാശരി വളര്‍ച്ച രേഖപ്പെടുത്തിയത്. എന്നാല്‍ 2012- 15 കാലത്ത് ഇത് 3.2 ശതമാനമായി കുറഞ്ഞതായി ലോക വ്യാപാര സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സ്തംഭനാവസ്ഥയിലാണ് ലോക സാമ്പത്തിക വ്യവസ്ഥയെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇങ്ങനെ പല രാജ്യങ്ങളിലും അനുഭവപ്പെട്ട സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായാണ് പലയിടത്തും വലതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലെത്തിയതും വ്യാപാര സംരക്ഷണ നടപടികള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതും. ഇതുകൊണ്ടാണ് ഇപ്പോഴത്തെ വ്യപാരയുദ്ധം ആഗോളവല്‍ക്കരണത്തിന്റെ പിന്‍വാങ്ങലിനെക്കുറിക്കുന്നതായി പലരും കരുതുന്നത്.

Read More: ‘സാധ്യത ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക്; കോണ്‍ഗ്രസിന് 100 സീറ്റ് പോലും കിട്ടിയേക്കില്ല’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍