TopTop
Begin typing your search above and press return to search.

കുറച്ചൊരു ദയ ആ കുടുംബങ്ങളോടും ആകാമായിരുന്നു; ഒരു ദുരന്തം എങ്ങനെ നേരിടരുത്‌ എന്നതിന്റെ ഉദാഹരണം

കുറച്ചൊരു ദയ ആ കുടുംബങ്ങളോടും ആകാമായിരുന്നു; ഒരു ദുരന്തം എങ്ങനെ നേരിടരുത്‌ എന്നതിന്റെ ഉദാഹരണം
ഒരു ദുരന്തത്തെ എങ്ങനെ കൈകാര്യം ചെയ്യരുതെന്ന് എവിടെ നിന്നെങ്കിലും മനസിലാക്കണമെന്നുണ്ടെങ്കില്‍ അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ഇറാഖില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടി ക്രമങ്ങള്‍. തങ്ങളെങ്ങനെയാണ് ഈ വിഷയം കൈകാര്യം ചെയ്തതെന്നും 39 പേരും കൊല്ലപ്പെട്ടതായും ഇന്നലെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ അറിയിച്ചത്.

സുഷമ സ്വരാജ് ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിക്കുന്നതു വരെ ആ 39 കുടുംബങ്ങള്‍ക്കും ഇതു സംബന്ധിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. പാര്‍ലമെന്റില്‍ സുഷമ സ്വരാജ് നടത്തിയ പ്രസ്താവനയെ തുടര്‍ന്നുള്ള വാര്‍ത്തകളിലൂടെയാണ് ആ കുടുംബങ്ങള്‍ വിവരമറിഞ്ഞത്. പരസ്യമായി ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന് മുമ്പ് മിനിമം സഹാനുഭൂതിയെങ്കിലും ആ മനുഷ്യരോട് ഉണ്ടായിരുന്നെങ്കില്‍ അവര്‍ ആദ്യം ചെയ്യേണ്ടത് ഈ കുടുംബങ്ങളെ ഓരോരുത്തരെയായി ആദ്യം വിവരമറിയിക്കുകയായിരുന്നു. വ്യക്തികളുടെ സങ്കടങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും മേല്‍ പാര്‍ലമെന്റ് നടപടി ക്രമങ്ങളും ഒന്നും വരില്ല.

ദുരന്തങ്ങളെ കുറിച്ച് അത് നേരിടേണ്ടി വരുന്ന കുടുംബങ്ങളെ അറിയിക്കുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും നടപടിക്രമങ്ങളും നിലവിലുണ്ട്. സൈന്യത്തില്‍ ഇത് വ്യക്തമായി നടപ്പാക്കുന്നുണ്ട്. ഒരു സൈനികന്‍ മരിച്ചാല്‍ ആ വിവരം പുറത്തറിയിക്കുന്നതിന് മുമ്പ് ആദ്യം ചെയ്യുക അയാളുടെ കുടുംബത്തെ വിവരമറിയിക്കുക എന്നതാണ്. ഒരു സൈനികനെ കാണാതാവുകയും, വിവരങ്ങള്‍ ലഭ്യമല്ലാതിരിക്കുകയും ചെയ്താലും നടപടി ക്രമങ്ങള്‍ പാലിച്ചിരിക്കണം. കുടുംബത്തെ സമായാസമയങ്ങളില്‍ ഇക്കാര്യത്തെക്കുറിച്ച് അറിയിക്കുകയും തുടര്‍ തിരച്ചിലുകള്‍ നടത്തുന്നു എന്നുറപ്പു നല്‍കുകയും വേണം. ഒപ്പം, 'മിസിംഗ് ഇന്‍ ആക്ഷന്‍' എന്നായിരിക്കും പുറംലോകത്തെ അറിയിക്കുക.

യുദ്ധ സമയത്ത് ഒരു സൈനികനെ തടവുകാരനായി പിടിച്ചാല്‍ പോലും ആദ്യം കുടുംബത്തെ അറിയിക്കുക എന്നതാണ് അധികൃതര്‍ ചെയ്യുക. പുറത്ത് ഈ വിവരം നല്‍കുന്നതിനു മുമ്പ് കുടുംബത്തെ അറിയിച്ചിരിക്കും.

എന്നാല്‍ പാര്‍ലമെന്റില്‍ തന്റെ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ അക്കമിട്ടു പറയുമ്പോള്‍ ഇത്തരത്തിലുള്ള നടപടി ക്രമങ്ങളെ കുറിച്ചോ ആ കുടുംബങ്ങളെ കുറിച്ചോ സുഷമ സ്വരാജ് ആലോചിച്ചു പോലുമില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് ഈ 39 കുടുംബങ്ങളിലുമെത്തി വിവരം അവരെ അറിയിക്കാന്‍ ആവശ്യമായ മനുഷ്യവിഭവശേഷി ഇല്ലാത്തതൊന്നുമല്ലല്ലോ കാരണം, പോരാത്തതിന് ഈ കുടുംബങ്ങളൊക്കെ തന്നെ ജീവിക്കുന്നത് പഞ്ചാബിലും ഹിമാചല്‍ പ്രദേശിലുമൊക്കെയാണ്. അതോ, സൈന്യത്തിലൊക്കെ പിന്തുടരുന്ന അത്തരം നടപടി ക്രമങ്ങളൊന്നും ഈ പാവപ്പെട്ട കുടുംബങ്ങള്‍ അര്‍ഹിക്കുന്നില്ല എന്നാണോ?

http://www.azhimukham.com/story-of-nurses-rescued-from-tikrit-real-story-of-takeoff/

എന്തായാലും ഈ കാര്യത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടി ക്രമങ്ങള്‍ കുറച്ചുകൂടി മനുഷ്യത്വത്തോടെയാകാമായിരുന്നു. കാരണം, അവരുടെ പ്രസ്താവനകളില്‍ പോലും ആ അവസരവാദ നിലപാടുകള്‍ ഉണ്ടായിരുന്നു.

അവരെ തട്ടിക്കൊണ്ടു പോയി നാലു വര്‍ഷമായിട്ടും, അവരെ വെടിവച്ച് കൊല്ലുന്നത് താന്‍ കണ്ടുവെന്ന് രക്ഷപെട്ടു വന്ന ഒരാള്‍ പറഞ്ഞിട്ടു പോലും അതൊക്കെ നിഷേധിച്ച് ആ മനുഷ്യര്‍ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജ പ്രതീക്ഷ നല്‍കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. 2014 മെയ് മാസത്തില്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിട്ട ആദ്യത്തെ വലിയ വെല്ലുവിളികളിലൊന്നായിരുന്നു ഈ മനുഷ്യരെ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.

അതിനു പിന്നാലെ 2014 ജൂണ്‍ 23-ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഇങ്ങനെ പറഞ്ഞു: "തട്ടിക്കൊണ്ടു പോകപ്പെട്ട ഇന്ത്യക്കാര്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് ഞങ്ങള്‍ക്ക് വീണ്ടും ലഭിച്ചിരിക്കുന്ന വിവരം".

ഒരു മാസത്തിനു ശേഷം 2014 ജൂലൈ 25-ന് സുഷമ സ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞത് ഇങ്ങനെ: "ആ തട്ടിക്കൊണ്ടു പോകപ്പെട്ട 41 പേരെ സംബന്ധിച്ചിടത്തോളം, അവരുമായി നമുക്ക് നേരിട്ടു ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല എന്നത് ഞാന്‍ വ്യക്തമാക്കുന്നു. പക്ഷേ, മറ്റ് സോഴ്‌സുകള്‍ വഴി നമുക്ക് ലഭിച്ചിരിക്കുന്ന വിവരം അവര്‍ ജീവനോടെയിരിക്കുന്നുവെന്നും സുരക്ഷിതരാണെന്നും മാത്രമല്ല, അവര്‍ക്ക് സമയത്തിന് ഭഭക്ഷണം ലഭ്യമാകുന്നുണ്ട് എന്നുമാണ്".

കാണാതായവരുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷം 2015 ഫെബ്രുവരിയില്‍ സുഷമ സ്വരാജ് ഇങ്ങനെ പറഞ്ഞു: "ഇത് ആറാം തവണയാണ് ഞാന്‍ അവരുമായി കൂടിക്കാഴ്ച നടത്തുന്നത്. ആ മനുഷ്യരെ മോചിപ്പിക്കാന്‍ നമ്മള്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് ഓരോ കൂടിക്കാഴ്ചയിലും അവരെ ധരിപ്പിക്കുന്നുണ്ട്. ഞാന്‍ മുമ്പു പറഞ്ഞതു പോലെ ഈ സമയം വരെ അവര്‍ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് നമുക്ക് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ നമ്മള്‍ ഇക്കാര്യത്തില്‍ എടുത്തിട്ടുള്ള ശ്രമങ്ങള്‍ മൂലം വിവിധ സോഴ്‌സുകള്‍ നമ്മെ അറിയിച്ചിരിക്കുന്നത് അവര്‍ ഇപ്പോഴും ജീവനോടെയുണ്ട് എന്നാണ്. ആ വിവരം ശരിയാണ് എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അവരെ ഇപ്പോഴും തെരഞ്ഞെുകൊണ്ടിരിക്കുന്നു".

സുഷമ സ്വരാജ് ഈ വിവരങ്ങളൊക്കെ പറയുന്ന സമയത്തും 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന് കുര്‍ദിഷ് റിബലുകളും മറ്റ് സോഴ്‌സുകളും പറയുന്നുണ്ടായിരുന്നു. അതിനൊപ്പം, ഐഎസ് ഭീകരരില്‍ നിന്ന് രക്ഷപെട്ട ഹര്‍ജിത് മാസി തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്നത് മറ്റുള്ളവര്‍ കൊല്ലപ്പെട്ടു എന്നാണ്. പക്ഷേ, ആ പാവപ്പെട്ട മനുഷ്യന്റെ വാക്കുകള്‍ ചെവിക്കൊണ്ടില്ല എന്നു മാത്രമല്ല, ഇന്നലെ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലും സുഷമ സ്വരാജ് അയാളുടെ വാക്കുകളെ തള്ളിക്കളഞ്ഞു.

യഥാര്‍ത്ഥത്തില്‍ സുഷമ സ്വരാജും അവരുടെ ഉദ്യോഗസ്ഥരുമൊക്കെ ചെയ്തത് ഒരു തെറ്റായ കാര്യത്തെ മറച്ചു പിടിക്കാനായി മറ്റു പല കാര്യങ്ങളും ചെയ്യുകയായിരുന്നു എന്നതാണ് മനസിലാകുന്നത്. സത്യം വിളിച്ചു പറഞ്ഞതിന് മാസി നേരിടേണ്ടി വന്നത്, അയാളെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുക്കുകയും മനുഷ്യക്കടത്തിന് അയാളുടെ പേരില്‍ കേസെടുക്കുകയുമാണ് ചെയ്തത്. താന്‍ ആറു ദിവസം ജയിലിലും കഴിയേണ്ടി വന്നുവെന്ന് മാസി തന്നെ വ്യക്തമാക്കുന്നു.

https://www.azhimukham.com/india-harjit-masih-revealed-is-killing-of-indians-earlier/

സത്യം പലപ്പോഴും പുറത്തുവരുന്നത് ചിലപ്പോഴെങ്കിലും നമ്മള്‍ ആഗ്രഹിക്കുന്ന വിധത്തിലാകണമെന്നില്ല. അത് പാര്‍ലമെന്റിന്റെ അകത്തായാലും പുറത്തായാലും.

Next Story

Related Stories