UPDATES

ഇന്ത്യ ഒരു ‘ബനാന റിപ്പബ്ലിക്’ ആയി മാറിയോ? മെക്ക മസ്ജിദ് സ്ഫോടന കേസ് വിധി നല്‍കുന്ന സൂചനകള്‍

നിയമവാഴ്ച നിലവിലുള്ള, ഭരണഘടനയുടെയും എഴുതി വച്ച നിയമങ്ങളുടേയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുന്ന ഒരു രാജ്യമാണോ ഇന്ത്യ എന്നതാണ് പ്രശ്‌നം. അതല്ല നമ്മള്‍ ഒരു ബനാന റിപ്പബ്ലിക്കായി മാറിക്കഴിഞ്ഞോ?

അവസാനം ‘അച്ഛാ ദിന്‍’ (നല്ല ദിവസം) വന്നിരിക്കുന്നു. അതെങ്ങനെയിരിക്കുന്നു എന്ന് നോക്കാം. ആധുനിക ഇന്ത്യയെ ദിനംപ്രതിയെന്നോളം വിലയിരുത്താം. അതിന്‍റെ എല്ലാ ദിവസത്തേയും മെഗാഷോ എന്താണ് എന്ന് നോക്കാം. ഈ ഷോയില്‍ ചെറിയ കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ രക്ഷകരായി ഉയര്‍ത്തിക്കാട്ടി ആഘോഷിക്കുന്നു. ദേശീയ പതാക കൊണ്ട് അലങ്കരിക്കുന്നു. ബലാത്സംഗം ചെയ്യുന്നവര്‍ നിയമസഭ അംഗങ്ങളായിരിക്കും. ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ആരും ഉത്തരവാദികളല്ലെന്ന് കോടതികള്‍ നിരന്തരം സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തെ ചീഫ് ജസ്റ്റിസിന്‍റെ നടപടികളെക്കുറിച്ച് സംശയങ്ങള്‍ ഉയരുന്നു. വാചകമടിയിലൂടെ അധികാരം നേടിയ ഒരു മനുഷ്യന്‍, കത്തുന്ന പ്രശ്‌നങ്ങളെ നിശബ്ദത കൊണ്ട് അവഗണിക്കുന്നു.

‘അച്ഛേ ദിന്‍’ കാലത്തെ അന്വേഷണ ഏജന്‍സികള്‍ തെളിവുകള്‍ കുഴിച്ചുമൂടാന്‍ മത്സരിക്കുകയും ഭരിക്കുന്ന പാര്‍ട്ടിയുടെ താല്‍പര്യത്തിനനുസരിച്ച് കുറ്റവാളികളെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. ഉദ്യോഗസ്ഥര്‍ മുട്ടിലിഴയുകയും മാധ്യമങ്ങള്‍ ഭരണവര്‍ഗത്തിന്റെ പ്രചാരകരാവുകയും ചെയ്യുന്നു. ഇതില്‍ ഏറ്റവും പുതിയ ഷോയാണ് ഇന്നലെ ഹൈദരാബാദില്‍ കണ്ടത്. പ്രൈംടൈം കാഴ്ചക്കാരായ നമ്മളെയെല്ലാം പരിഹസിച്ചുകൊണ്ട് ഈ ആധുനിക ഇന്ത്യന്‍ തുടര്‍നാടകം അരങ്ങേറി.

മെക്ക മസ്ജിദ് സ്‌ഫോടന കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട വിധിക്ക് ശേഷം ഇന്നലെ തന്നെ ജഡ്ജി കെ രവീന്ദര്‍ റെഡ്ഡി രാജി വച്ചു. രവീന്ദര്‍ റെഡ്ഡിക്കെതിരെ അഴിമതി സംബന്ധിച്ച് പരാതി ഉയര്‍ന്നിട്ടുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മജിസ്‌ട്രേറ്റുമാരുടെ പ്രതിഷേധം നയിച്ചുകൊണ്ട് രവീന്ദര്‍ റെഡ്ഡി ശ്രദ്ധ നേടിയിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ അസീമാനന്ദ് നല്‍കിയ വിശദമായ കുറ്റസമ്മത മൊഴിയെ അവഗണിക്കാന്‍ എന്തായിരിക്കാം രവീന്ദര്‍ റെഡ്ഡിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. സിബിഐ നടത്തിയ ആദ്യ അന്വേഷണവും പിന്നീട് നടന്ന എന്‍ഐഎ അന്വേണവുമുണ്ട്. നിയമവൃത്തങ്ങളില്‍ ഉന്നയിക്കേണ്ട ചോദ്യമാണിത്. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥയായ പ്രതിഭ അംബേദ്കറെ മാറ്റിയത് എന്തിനായിരുന്നു എന്ന ചോദ്യമുണ്ട്.

ഒരു സ്‌ഫോടനത്തിന്‍റെ വിധി

സെല്‍ഫോണ്‍ നിയന്ത്രണത്തിലുള്ള ബോംബ് പൊട്ടിത്തെറിച്ച് മെക്ക മസ്ജിദില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 60ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് 2007 മേയ് 18ന്. സ്‌ഫോടനം നടന്നതിന് പിന്നാലെ ഇതിന് ഉത്തരവാദികള്‍ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന ഹുജിയാണ് (ഹര്‍കത് ഉള്‍ ജിഹാദ് ഇ ഇസ്ലാമി) എന്ന് പ്രഖ്യാപിച്ചു. 200ലധികം പേരെയാണ് ആന്ധ്രപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭൂരിഭാഗവും മുസ്ലീങ്ങള്‍. 21 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.

പൊലീസ്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വ്യാജ വിവരങ്ങളും കഥകളും തങ്ങളുടെ ഭാവനയും ചേര്‍ത്താണ് പ്രതികളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടുകള്‍ മെനഞ്ഞത്. എന്നാല്‍ രാജ്യത്തെ മറ്റ് ചില സ്‌ഫോടനങ്ങളേയും പോലെ ഹിന്ദു ഭീകര ഗ്രൂപ്പാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സിബിഐ കണ്ടെത്തി. 2006ലും 2008ലും മഹാരാഷ്ട്രയിലെ മാലേഗാവില്‍ നടന്ന സ്‌ഫോടനങ്ങള്‍, സംഝോത എക്‌സ്പ്രസ് സ്‌ഫോടനം (2007), അജ്മീര്‍ ഷരീഫ് സ്‌ഫോടനം (2007) എന്നിവ പോലെ. അഭിനവ് ഭാരത് എന്ന ഹിന്ദു തീവ്രവാദി സംഘടനയാണ് മാലേഗാവ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ എന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

മാലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് സ്വാമി അസീമാനന്ദ് എന്ന് പേര് മാറിയ നബ കുമാര്‍ സര്‍ക്കാര്‍, പ്രഗ്യ സിംഗ് ഠാക്കൂര്‍, ലെഫ്.കേണല്‍ ശ്രീകാന്ത് പുരോഹിത് എന്നിവരെ സ്‌ഫോടനത്തിന്റെ ആസൂത്രകര്‍ എന്ന സംശയത്തിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു. മെക്ക മസ്ജിദ്, സംഝോത സ്‌ഫോടന കേസുകളില്‍ ആരോപണ വിധേയനായ ആര്‍എസ്എസ് പ്രചാരകന്‍ സുനില്‍ ജോഷിയെ 2007 ഡിസംബറില്‍ മധ്യപ്രദേശിലെ ദേവസില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

2011ല്‍ എന്‍ഐഎ കേസ് ഏറ്റെടുത്തു. ഹിന്ദുത്വ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റ് മൂന്ന് കേസുകള്‍ കൂടി ഈ സമയം എന്‍ഐഎ ഏറ്റെടുത്തിരുന്നു. ഈ നാല് കേസുകളുടേയും ആസൂത്രണം ഒരേ രീതിയിലാണ് നടന്നിരിക്കുന്നത് എന്ന് എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും ബോധ്യപ്പെട്ടിരുന്നു. സെല്‍ഫോണ്‍ ട്രിഗര്‍ ചെയ്യുന്ന ബോംബുകള്‍, ഐഇഡികള്‍ തുടങ്ങിയവ. പൊലീസ് സംശയിക്കുന്നവരില്‍ നിരവധി പേര്‍ മധ്യപ്രദേശില്‍ നിന്നുള്ളവരും ഇന്‍ഡോര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരുമായിരുന്നു. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ അസീമാനന്ദ് ആണ് മെക്ക മസ്ജിദ് സ്‌ഫോടനത്തിന്റെ പ്രധാന ആസൂത്രകന്‍ എന്നായിരുന്നു എന്‍ഐഎ കണ്ടെത്തിയത്. 10 പേരെ എന്‍ഐഎ കേസില്‍ പ്രതി ചേര്‍ക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് സംഭവിച്ചത് മറ്റുചിലതാണ്. 2014ലെ വേനല്‍ക്കാലത്ത് തിരഞ്ഞടുപ്പ് ജയിച്ച നരേന്ദ്ര മോദി ഡല്‍ഹിയിലെത്തി. എന്‍ഐഎ അതിന്‍റെ പുതിയ യജമാനന് മുന്നില്‍ മുട്ടുകുത്തി നിന്ന ഭീകരാക്രമണ കേസുകളില്‍ നിന്ന് ഹിന്ദു ഭീകര ഗ്രൂപ്പുകള്‍ ഒരോന്നായി ഊരിപ്പോരാന്‍ തുടങ്ങി. മുംബയ് മുതല്‍ ഹൈദരാബാദ് വരെ അന്വേഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനായി എന്‍ഐഎ ധൃതിപ്പെട്ടു. അസീമാനന്ദ് ഉള്‍പ്പെട്ട എല്ലാ കേസുകളിലും അയാള്‍ കുറ്റവിമുക്തനാകുന്നു എന്ന് എന്‍ഐഎ ഉറപ്പുവരുത്തി.

പൊലീസിന് മുന്നിലും മാധ്യമങ്ങള്‍ക്ക് മുന്നിലും അസീമാനന്ദ് ഒരു പോലെ കുറ്റസമ്മതം നടത്തിയിരുന്നു എന്ന വസ്തുത മറക്കരുത്. കാരവാന്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ ബോംബ് സ്‌ഫോടനങ്ങളിലെ പങ്ക് അസീമാനന്ദ് തുറന്നുസമ്മതിച്ചിരുന്നു. 42 പേജുള്ള കുറ്റസമ്മത മൊഴിയാണ് അസീമാനന്ദ് അന്വേഷണ സംഘത്തിന് നല്‍കിയത്. സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമായ വിവിധ ഘട്ടങ്ങളെക്കുറിച്ച് അസീമാനന്ദ് വിശദീകരിച്ചിരുന്നു. 2010 ഡിസംബര്‍ 18ന് മജിസ്‌ട്രേറ്റിനോട് അസീമാനന്ദ് ഇങ്ങനെ പറഞ്ഞു – “എനിക്ക് വധശിക്ഷ കിട്ടാന്‍ സാധ്യതയുണ്ട് എന്ന് എനിക്കറിയാം. എന്നാലും കുറ്റം സമ്മതിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല”.

എന്താണ് അസീമാനന്ദ് പറഞ്ഞത്?

“2005ല്‍ ശബരി ധാമില്‍ (ഗുജറാത്തിലെ ദാംഗ്‌സ് ജില്ലയിലുള്ള അസീമാനന്ദിന്റെ ആശ്രമം) വന്ന് ഇന്ദ്രേഷ്ജി (മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍) എന്നെ കണ്ടിരുന്നു. ആര്‍എസ്എസിലെ അറിയപ്പെടുന്ന മറ്റ് ചിലരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ബോംബ് സ്‌ഫോടനം എന്റെ ചുമതലയല്ലെന്നും ഞാന്‍ ആര്‍എസ്എസ് ഏല്‍പ്പിച്ച ആദിവാസികള്‍ക്കിടയിലെ പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ബോംബ് സ്‌ഫോടനത്തിന്റെ ചുമതല സുനില്‍ ജോഷിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ആവശ്യമായ സഹായങ്ങളെല്ലാം താന്‍ ചെയ്‌തോളാം എന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു”.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി സുനില്‍ ജോഷിക്ക് എങ്ങനെയാണ് ഇന്ദ്രേഷ് കുമാര്‍ പണം നല്‍കിയും ബോംബ് വയ്ക്കാന്‍ ആളുകളെ നിയോഗിച്ചും സഹായിച്ചിരുന്നത് എന്നും അസീമാനന്ദ് പറഞ്ഞു. സ്‌ഫോടനങ്ങളില്‍ തന്റെ പങ്ക് എന്തായിരുന്നു എന്നും മാലേഗാവിലും ഹൈദരാബാദിലും അജ്മീറിലും ബോംബ് സ്‌ഫോടനങ്ങള്‍ നടത്താന്‍ ഒരു കൂട്ടം ആര്‍എസ്എസ് പ്രചാരകര്‍ക്കും ഹിന്ദു തീവ്രവാദികള്‍ക്കും എങ്ങനെയാണ് താന്‍ പ്രേരണയും പ്രോത്സാഹനവും നല്‍കിയതെന്നും അസീമാനന്ദ് കുറ്റസമ്മത മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.

ഇത് ഹിന്ദുവിനേയോ മുസ്ലീമിനേയോ സംബന്ധിച്ച പ്രശ്‌നമല്ല. നിര്‍ഭയയെ സംബന്ധിച്ചോ കത്വയിലെ ആസിഫയെ കുറിച്ചോ അല്ല. ഇത് ബീഫ് തിന്നതിനോ താടി വച്ചതിനോ തല്ലിക്കൊല്ലപ്പെട്ടവരെക്കുറിച്ചല്ല. ഇത് ഇന്ത്യയെക്കുറിച്ചാണ്. നിയമവാഴ്ച നിലവിലുള്ള, ഭരണഘടനയുടെയും എഴുതി വച്ച നിയമങ്ങളുടേയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുന്ന ഒരു രാജ്യമാണോ ഇന്ത്യ എന്നതാണ് പ്രശ്‌നം. അതല്ല നമ്മള്‍ ഒരു ബനാന റിപ്പബ്ലിക്കായി മാറിക്കഴിഞ്ഞോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍