TopTop
Begin typing your search above and press return to search.

ഒന്നുകില്‍ മോദിയും കൂട്ടരും തലതാഴ്ത്തും, അല്ലെങ്കില്‍ ഈ ജനാധിപത്യത്തെക്കുറിച്ചുള്ള കാല്‍പ്പനികതകള്‍ അവസാനിക്കും

ഒന്നുകില്‍ മോദിയും കൂട്ടരും തലതാഴ്ത്തും, അല്ലെങ്കില്‍ ഈ ജനാധിപത്യത്തെക്കുറിച്ചുള്ള കാല്‍പ്പനികതകള്‍ അവസാനിക്കും
ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്നത് വളരെ നിര്‍ണായകമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലാദ്യമായി രണ്ടു വിധത്തിലുള്ള നിര്‍ണായക ഘടകങ്ങളിലുടെ കടന്നു പോകുന്ന തെരഞ്ഞെടുപ്പ് കൂടിയാണ് വരുന്നത്. ഈ രണ്ടു ഘടകങ്ങളുമാകട്ടെ, തെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പ് ഫലത്തിലും നിര്‍ണായകമായ ഫലങ്ങള്‍ ഉണ്ടാക്കുന്നവയുമാണ്.

അതില്‍ ആദ്യത്തേത് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുമായി ബന്ധപ്പെട്ടതാണ്. രാജ്യത്ത് നിലനില്‍ക്കുന്ന അവസ്ഥ എന്താണെന്ന് പ്രതിഫലിപ്പിക്കാന്‍ അവര്‍ പരാജയപ്പെട്ടിരിക്കുന്നു, അല്ലെങ്കില്‍ അവര്‍ അതിന് തയാറാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രത്യേകിച്ച് അസാധാരണമായ വിധത്തില്‍ ഇന്ത്യയുടെ ഗ്രാമീണ മേഖലകള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും അതിനൊപ്പം, നമ്മുടെ സമ്പദ്‌വ്യവസ്ഥയേയും സമൂഹത്തേയും സംബന്ധിച്ചുള്ള വസ്തുതകളും. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ കൈയ്യാള്‍ എന്ന രീതിയിലാണ് ഈ മുഖ്യധാരാ മാധ്യമങ്ങളുടെ പ്രവര്‍ത്തനം. അതിനൊപ്പം ചേര്‍ത്ത് പറയേണ്ടതാണ്, പ്രധാനമന്ത്രിക്ക് വേണ്ടി പ്രൊപ്പഗണ്ടയുമായി ബോളിവുഡ് തന്നെ രംഗത്തെത്തിയിരിക്കുന്നതും. അവിടെ നിന്ന് ഇതുമായി ബന്ധപ്പെട്ട് ഇറങ്ങുന്ന ചിത്രങ്ങളുടെ നിലവാരം പരിഹാസ്യമാണെന്ന യാഥാര്‍ത്ഥ്യം ഉള്ളപ്പോള്‍ തന്നയാണിത്.

രണ്ടാമത്തേതും പ്രധാനപ്പെട്ടതുമായ കാര്യം നമ്മുടെ പ്രധാനമന്ത്രി തന്നെയാണ്. തന്റെ അധികാരപരിധിയില്‍ ഉള്ളതോ ഇല്ലാത്തതോ ആവട്ടെ, എന്തുകാര്യവും തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കുന്നതില്‍ അദ്ദേഹം വിശ്വസിക്കുന്നു എന്നതാണ് വസ്തുത. ഈ വിധത്തില്‍ അധികാരത്തില്‍ കടിച്ചു തുങ്ങാന്‍ വേണ്ടി നടത്തുന്ന ഇത്തരം പരിഭ്രാന്തി പിടിച്ച കാര്യങ്ങള്‍ കൊണ്ട് രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന ഉന്നതമായ പദവിക്ക് അതിന്റെ എല്ലാ മഹത്വവും നഷ്ടപ്പെടുന്നു. ഒരു രാജ്യത്തെ പ്രധാനമന്ത്രിക്ക് ഉണ്ടായിരിക്കേണ്ടതായ മഹത്വം ആ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതു കൂടിയാണ്. അവിടെയാണ് നമുക്ക് ഇടിവ് സംഭവിച്ചിരിക്കുന്നത്. അതിനൊപ്പമാണ്, ഈ അധികാരഭ്രാന്തിനു വേണ്ടി രാജ്യത്തെ മുഴുവന്‍ ഭരണഘടനാ സ്ഥാപനങ്ങളുടേയും അടിക്കല്ലിളക്കിയിട്ടുള്ളതും.

ഈ രണ്ടു ഘടകങ്ങളും - മുഖ്യധാരാ മാധ്യമങ്ങളും അധികാരത്തിനു വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ തന്ത്രങ്ങളും- ചേര്‍ന്ന് സംഭവിക്കുന്നത് ജനാധിപത്യത്തില്‍ ഒരു വലിയ തകരാര്‍ ഉണ്ടാക്കിയിരിക്കുന്നു എന്നതാണ്. രാജ്യത്തിന്റെ യഥാര്‍ത്ഥ അവസ്ഥ എന്ന നരേറ്റീവ് ഇരുകൂട്ടരുടേയും കൈയില്‍ നിന്നു പോയിട്ടും അത് ജനാധിപത്യത്തിന് ഏല്‍പ്പിക്കുന്ന ആഘാതം ചില്ലറയല്ല.

നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങള്‍, അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയോട് ഇത്രയും വിധേയത്വത്തോടെ പെരുമാറുന്നത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്തുള്ള ചെറുത്തുനില്‍പ്പുകള്‍ മുതല്‍ 1977-ല്‍ അത് പിന്‍വലിച്ചതിനു ശേഷവും ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യ പ്രവണതകള്‍ക്കും രാജ്യം അകപ്പെട്ടിരിക്കുന്ന അവസ്ഥയ്ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചവരാണ് ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍. അതാണ് നമ്മുടെ മാധ്യമങ്ങളുടെ ചരിത്രം.

2010 മുതല്‍, രണ്ടാം യുപിഎ സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ മുന്നില്‍ നിന്നു നയിച്ചത് ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങളായിരുന്നു. മിക്ക അഴിമതികളും പുറത്തുകൊണ്ടുവന്നത് ഇവിടുത്തെ മാധ്യമങ്ങളായിരുന്നു. അതെപ്പോഴും പൊതുജന വികാരത്തെ പ്രതിഫലിപ്പിച്ചിരുന്നു, ഒരു അഴിമതി വിരുദ്ധ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുമുണ്ടായിരുന്നു. അരവിന്ദ് കെജ്‌രിവാള്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തകനുണ്ടാകുന്നതിനും നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലേക്ക് വഴിതെളിയിക്കുന്നതിനും മാധ്യമങ്ങളുടെ ഇടപെടലിന് വലിയ പങ്കുണ്ടായിരുന്നു.

എന്നാല്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ മോദിയും അദ്ദേഹത്തിന്റെ പരിവാരവൃന്ദങ്ങളും ചെയ്തത് മുഖ്യധാരാ മാധ്യമങ്ങളെ എങ്ങനെ കാല്‍ക്കീഴിലാക്കാമെന്ന് തെളിയിക്കുകയാണ്. അതിനായി പ്രലോഭനങ്ങളും ഭീഷണികളും എന്നു വേണ്ട ഏതു മാര്‍ഗവും ഉപയോഗിച്ചു. അതിന്റെ അനന്തരഫലം എന്നത് സര്‍ക്കാര്‍ സ്വീകരിച്ച ചില സുപ്രധാന നടപടികളിലെ പൊള്ളത്തരങ്ങള്‍, അഴിമതി എന്ന് സംശയിക്കാവുന്ന കാര്യങ്ങള്‍, നോട്ട് നിരോധനം പോലെ നയപരമായ വിഡ്ഡിത്തങ്ങള്‍ തുടങ്ങിയവയൊക്കെ മാധ്യമങ്ങളുടെ സുക്ഷ്മപരിശോധനയില്‍ നിന്ന്, എന്തിനേറെ, വിമര്‍ശനാത്മകമായ റിപ്പോര്‍ട്ടിംഗില്‍ നിന്നുപോലും മാറി നിന്നു.

കാശ്മീരിനെ ചോരയില്‍ മുക്കുന്ന നയങ്ങള്‍, പാക്കിസ്ഥാനുമായുള്ള യുദ്ധസമാനമായ അന്തരീക്ഷം, വിവിധ സമുദായങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പും മതധ്രുവീകരണവും- ഇതുപോലുള്ള സര്‍ക്കാരിന്റെ പരാജയങ്ങളിലേക്കൊന്നുംതന്നെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രദ്ധയെത്തിയില്ല. അത് പലപ്പോഴും സര്‍ക്കാരിന്റെ പ്രൊപ്പഗണ്ട മെഷീനറിയിലെ ഒരു ഭാഗം മാത്രമായി, ചിലപ്പോള്‍ ബാലന്‍സിംഗിന് വേണ്ട ചില മിനുക്കു പണികള്‍ മാത്രമായി അവസാനിച്ചു. അതൊക്കെ കഴിഞ്ഞ്, തെരഞ്ഞെടുപ്പ് സമയമായിട്ടു പോലും മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ണു തുറന്ന് ചുറ്റും കാണാന്‍ കൂട്ടാക്കിയിട്ടില്ല. പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ ദുരിതങ്ങള്‍ അവര്‍ക്ക് വിഷയമേയല്ല.

Read More: ഡല്‍ഹിയില്‍ ഗീബല്‍സുമാര്‍ മുമ്പും ഉണ്ടായിട്ടുണ്ട്, പക്ഷേ ഇത്രയ്ക്ക് തരംതാണിട്ടില്ല

ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന്റെ മറുപുറത്ത് നില്‍ക്കുന്നത് പ്രധാനമന്ത്രി തന്നെയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ ചരിത്രത്തില്‍, അധികാരത്തെ ഇത്രയേറെ തന്റെ പ്രധാന ലക്ഷ്യമായി കാണുന്ന, അതിനോട് യാതൊരു വിധത്തിലുമുള്ള ഔചിത്യബോധവും കാണിക്കാത്ത ഒരാള്‍ മുമ്പുണ്ടായിട്ടില്ല എന്നു പറയേണ്ടി വരും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടു നടത്തിയ മിഷന്‍ ശക്തി പ്രഖ്യാപനം, പാക്കിസ്ഥാനുമായുള്ള അനാവശ്യ സംഘര്‍ഷങ്ങള്‍, രാജ്യത്തിനകത്തു തന്നെയുള്ള 'ശത്രു'ക്കളെ നേരിടാന്‍ തന്റെ അനുയായികള്‍ക്കുള്ള ആഹ്വാനം, പ്രതിപക്ഷത്തിനെതിരെ നടത്തുന്ന ദുരാരോപണങ്ങള്‍, പ്രധാനമന്ത്രിയുടെ പദവിക്ക് ഒരുവിധത്തിലും നിരക്കാത്ത പദപ്രയോഗങ്ങളിലൂടെയൊക്കെ മറ്റുള്ളവര്‍ക്ക് നേരെ നടത്തുന്ന അധിക്ഷേപങ്ങള്‍... പട്ടിക വലുതാണ്.

അതിന്റെ ഏറ്റവും ഒടുവില്‍ എത്തി നില്‍ക്കുന്നതാണ്, പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ അനുയായികളും തന്നെ നിരന്തരമായി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുക എന്നത്. അതൊരു സാധാരണ കാര്യമല്ല.

നമ്മള്‍ പ്രതീക്ഷിക്കുന്നതിലേറെ വലിയ അത്ഭുതങ്ങളായിരിക്കും ഈ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോള്‍ ഉണ്ടാകാന്‍ പോകുന്നത്. അവിടെ സാധ്യതകള്‍ നിരവധിയാണ്. അതു ചിലപ്പോള്‍ മോദിക്കും നമ്മള്‍ മുകളില്‍ സൂചിപ്പിച്ച മുഖ്യധാരാ മാധ്യമങ്ങള്‍ക്കുമൊക്കെ തലതാഴ്ത്താനുള്ള ഒന്നായിരിക്കും. അല്ലെങ്കില്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെക്കുറിച്ച് നമുക്കുള്ള കാല്‍പ്പനിക വിചാരങ്ങള്‍ക്കുള്ള അന്ത്യമായിരിക്കും.

Next Story

Related Stories