TopTop
Begin typing your search above and press return to search.

കപട പ്രചരണങ്ങളുമായി നാട് ചുറ്റുന്നതല്ല ഭരണമെന്ന് ബിജെപി ഇനി എന്നു പഠിക്കും?

കപട പ്രചരണങ്ങളുമായി നാട് ചുറ്റുന്നതല്ല ഭരണമെന്ന് ബിജെപി ഇനി എന്നു പഠിക്കും?

സെന്‍സിബിളായ ഏതെങ്കിലും നേതാക്കള്‍ ബാക്കിയുണ്ടെങ്കില്‍, അവര്‍ നട്ടെല്ല് പണയം വച്ചിട്ടില്ലെങ്കില്‍ ഇപ്പോഴെങ്കിലും നിങ്ങള്‍ സംസാരിച്ചേ മതിയാകൂ. അല്ലെങ്കില്‍ ഇന്ന് രാജ്യത്തെ ഏറ്റവും സ്വാധീന ശേഷിയുള്ള രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപി ചരിത്രത്തിന്റെ ഭാഗമാകാന്‍ അധികകാലം വേണ്ടിവരില്ല. ഇന്ത്യക്കാരുടെ ജീവിതത്തില്‍ യാതൊരു പ്രതിഫലനവും നിങ്ങള്‍ക്കുണ്ടാക്കാനും കഴിയില്ല.

രണ്ടേ രണ്ടു കാര്യങ്ങളിലാണ് പക്വതയില്ലാത്തതും ലക്ഷ്യം തെറ്റിയതുമായ ബിജെപി രാഷ്ട്രീയം കറങ്ങിത്തിരിയുന്നത്. പ്രൊപ്പഗണ്ട, വര്‍ഗീയതയും അധികാരം പിടിക്കാനായി അതിനെ എങ്ങനെയും ഉപയോഗിക്കലും.

ഇത് ഈയടുത്ത് ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച ഒരാളാണ് നമ്മുടെ ധനകാര്യ മന്ത്രിയും ബിജെപിയുടെ ഗുജറാത്ത് തെരഞ്ഞെടുപ്പ് ചുമതലയുള്ളയാളുമായ അരുണ്‍ ജയ്റ്റ്‌ലി. യാതൊരു ഉളുപ്പുമില്ലാതെ കഴിഞ്ഞ ദിവസം ജയ്റ്റ്‌ലി ഗുജറാത്തില്‍ പ്രസംഗിച്ചത് ഇങ്ങനെയാണ്: "കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം 'ഒരാളെ' തോല്‍പ്പിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് ലഷ്‌കര്‍-ഇ-തൊയ്ബയേയും മറ്റ് ഭീകരസംഘടനകളെയും ഉപയോഗിക്കുന്നു" എന്ന്.

കോണ്‍ഗ്രസ് ലഷ്‌കര്‍-ഇ-തൊയ്ബയെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നുവെന്ന്; ശ്രദ്ധിക്കണം, രാജ്യത്തിന്റെ ധനമന്ത്രി സംസാരിക്കുന്ന ഭാഷയാണിത്.

ജയ്റ്റ്‌ലി ഒരാളല്ല ആ പാര്‍ട്ടിയില്‍ ഇങ്ങനെ സംസാരിക്കുന്നത്. ജയ്റ്റ്‌ലി സംസാരിക്കുന്നത്, ഏതു വിധത്തിലും തെരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ മാത്രമുള്ള ഒരു യന്ത്രം കണക്കെ ബിജെപിയെ മാറ്റിയെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപം കൊടുത്ത പദ്ധതികള്‍ക്കനുസരിച്ചാണ്. എന്തു വില കൊടുത്തും തെരഞ്ഞെടുപ്പ് ജയിക്കുക എന്നതാണ് അത്. ഭരണം, ധാര്‍മികത, മറ്റ് മൂല്യങ്ങള്‍ എന്നിവയ്‌ക്കൊന്നും അതില്‍ സ്ഥാനമില്ല. ബിഹാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ജെഡി (യു)-ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യം വിജയിച്ചാല്‍ പടക്കം പൊട്ടുന്നത് അതിര്‍ത്തിക്ക് അപ്പുറതായിരിക്കുമെന്ന് പ്രസംഗിച്ചയാളാണ് ആ പാര്‍ട്ടിയുടെ ഇപ്പോഴത്തെ ദേശീയ അധ്യക്ഷന്‍.

അതുകൊണ്ടാണ് അധികാരത്തില്‍ വന്ന് മൂന്നര വര്‍ഷമായിട്ടും മോദിയും അദ്ദേഹത്തിന്റെ വലംകൈയായ അമിത് ഷായും പാര്‍ട്ടിയുടെ മറ്റ് വക്താക്കളുമെല്ലം രാജ്യത്തിന്റെ മോശം അവസ്ഥയ്ക്ക് ഇന്നും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

'ലവ് ജിഹാദ്' എന്ന ഉമ്മാക്കിയുണ്ടാക്കിയും പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുന്നതിന് ഒത്താശ ചെയ്തും മിശ്രവിവാഹം കഴിക്കുന്നവരുടെ പുറകെ എന്‍ഐഎയെ പറഞ്ഞുവിടുകയും ചെയ്യുന്നതിനു പകരം യഥാര്‍ത്ഥ ഭീകരത എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ അന്വേഷിക്കാത്തത്? അവര്‍ക്കതിന് കഴിയില്ല എന്നതാണ് നേര്. ഗുജറാത്ത് ഭരിച്ചിരുന്ന കാലം മുഴുവന്‍ ഇത്തരത്തിലുള്ള വ്യാജ ഭീകരാക്രമണ കഥകള്‍ മെനയുകയും നിരപരാധികളെ വേട്ടയാടുകയും കൊലപ്പെടുത്തുകയും ചെയ്ത കഥകള്‍ മാത്രമാണെല്ലോ അവിടെ നിന്ന് കേട്ടിരുന്നത്.

പശു സംരക്ഷണത്തിന്റെ പേരില്‍ ഗുണ്ടകളെ അഴിച്ചു വിടുന്നതിനു പകരം ഈ നിരത്തുകളില്‍ അലഞ്ഞു നടക്കുന്ന 'വിശുദ്ധ മൃഗങ്ങള്‍' പ്ലാസ്റ്റിക്കും പേപ്പറും തിന്ന് ചാകുന്നത് ഒഴിവാക്കാനെന്തെങ്കിലും ചെയ്തുകൂടെ? ദളിതരും മുസ്ലീങ്ങളും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന മാംസവ്യാപാര മേഖല ഒന്നടങ്കം അടച്ചു പൂട്ടാതെ ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് അത്തരം സ്ഥലങ്ങളിലെ വൃത്തിയും നിലവാരവും ഉറപ്പു വരുത്തുകയും കുറച്ചു കൂടി മനുഷ്യത്വപരമായി പെരുമാറുകയും ചെയ്തുകൂടെ?

ഓഹ്! അതൊക്കെ കേവലം ഭരണപരമായ നടപടികളാണെല്ലോ അല്ലേ, ബുദ്ധിമുട്ടുള്ള ജോലികളുമാണ്. 'പ്രചാരക്' എന്നുവിളിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ എന്നാല്‍ പ്രൊപ്പഗണ്ടയാണെല്ലോ. ഒരു ആത്മപരിശോധന ആര്‍എസ്എസിനും ആവാം. ഇത്രകാലവും നിക്കറുമിട്ട് മുളവടിയുമേന്തി നടക്കുന്ന ഈ പ്രവര്‍ത്തകര്‍ക്ക് ഇനി വേറെന്തെങ്കിലും പേര് നല്‍കുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്. മോദിയും അദ്ദേഹത്തിന്റെ കൂടെയുള്ളവരും കരുതിയിരിക്കുന്നത് ഭരണമെന്നാല്‍ പ്രചരണ പരിപാടിയാണ് എന്നാണ്. അതിനു വേണ്ടി അവര്‍ ഏതറ്റം വരെയും പോവുകയും ചെയ്യും.

ആലോചിച്ചു നോക്കൂ, ഈ രാജ്യത്തെ പ്രജകള്‍ എന്ന നിലയില്‍ നമ്മളെ നിരന്തരം ഏതു വിധത്തിലാണ് കൈാര്യം ചെയ്യുന്നതെന്ന്. തെറ്റായ അവകാശവാദങ്ങള്‍, വ്യാജ പ്രസ്താവനകള്‍ ഒക്കെ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരാളില്‍ വന്നാല്‍ ഈ രാജ്യത്തെ ജനങ്ങള്‍ എന്ന നിലയില്‍ നാമെങ്ങനെയാണ് അതിനെ കാണേണ്ടത്? അദ്ദേഹത്തിന്റെ ഒരവകാശവാദം ഇങ്ങനെയായിരുന്നു: ഗുജറാത്തിലെ റോ-റോ ഫെറി സര്‍വീസ് ലോകത്തില്‍ ആദ്യത്തേതാണ്. കേരളത്തെ സൊമാലിയയുമായി താരതമ്യപ്പെടുത്തുകയും ചെയ്തു അദ്ദേഹം, ഗുജറാത്ത് മോഡല്‍ വികസനമാണ് കേരളത്തില്‍ വേണ്ടതെന്ന് അദ്ദേഹം പറയും. കഴിഞ്ഞ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെയൊക്കെ ക്രെഡിറ്റ് അദ്ദേഹം അടിച്ചു മാറ്റും, വേദകാലഘട്ടത്തില്‍ പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നുവെന്ന് പൊതുമധ്യത്തില്‍ വീമ്പും വിഡ്ഡിത്വവും പറയും.

പക്ഷേ, ഇന്ത്യക്കാര്‍ അത്ര വിഡ്ഡികളല്ല. അതുകൊണ്ടാണ് ഇന്ന് 'വികസനം' എന്നു കേള്‍ക്കുമ്പോള്‍ ജനം മൂക്കത്ത് വിരല്‍ വച്ച് പരിഹസിച്ച് ചിരിക്കുന്നത്. അതുകൊണ്ടാണ് ഇന്ന് രാഹുല്‍ ഗാന്ധിയുടെ നായ പോലും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

ആര്‍എസ്എസ് എങ്കില്‍ ആര്‍എസ്എസ്, അല്ലെങ്കില്‍ ചുമതലാബോധമുള്ള ഏതെങ്കിലും നേതാക്കള്‍ സംഘപരിവാര്‍ കൂടാരത്തില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ മോദിയോടും കൂട്ടരോടും പറഞ്ഞു കൊടുക്കണം, വ്യാജ പ്രചരണങ്ങളുമായി നാടു ചുറ്റുന്നതല്ല ഭരണമെന്ന്. ഇന്ത്യ പോലെ വൈവിധ്യം നിറഞ്ഞ ഒരു രാജ്യം ഭരിക്കുന്നത് എങ്ങനെയെന്ന് കുത്തിയിരുന്ന് പഠിക്കാന്‍ പറയണം. അല്ലെങ്കില്‍ കഴിഞ്ഞയാഴ്ച രാഹുല്‍ ഗാന്ധിയുടെ നായ കാണിച്ച അതേ അവസ്ഥയായിരിക്കും നിങ്ങള്‍ക്ക് ഉണ്ടാകാന്‍ പോകുന്നതെന്ന് പറയണം.

അങ്ങനെയാകുമ്പോള്‍ അസാധാരണമായി ഉയര്‍ന്നു ചാടി ബിസ്‌ക്കറ്റ് പിടിച്ചെടുക്കുന്ന പട്ടി എന്ന വിധത്തിലൊക്കെയായി മാറും നമ്മുടെ ദേശീയ മാധ്യമങ്ങളില്‍ വരുന്ന പ്രധാന വാര്‍ത്തകള്‍. രാഹുല്‍ ഗാന്ധി വീണ്ടും രാജ്യത്തെ നയിക്കാന്‍ പ്രാപ്തിയുള്ള യുവാവായ നേതാവായി മാറും. രാജ്യം വീണ്ടും ആ കുടുംബഭരണ ഘടനയ്ക്കുള്ളിലേക്ക് പോകും. ബിജെപി വീണ്ടും പ്രതിപക്ഷ ബഞ്ചിലിരിക്കും, മുമ്പ് ചെയ്തിരുന്ന അതേ ഉത്തരവാദിത്തരഹിതമായ ആരോപണങ്ങളും ഉന്നയിച്ചു കൊണ്ട്.

അധികാരത്തിന് ചില ഉത്തരവാദിത്തങ്ങളുണ്ട്. അത് ജനങ്ങളെ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിലും ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലും വിശ്വാസത്തിന്റെ പേരിലും തല്ലിക്കൊല്ലുന്നതിന് കൂട്ടു നില്‍ക്കല്ല, മറിച്ച് ഓരോ ജനങ്ങളുടേയും ജീവനും സ്വത്തും സംരക്ഷിക്കുകയും അവര്‍ക്ക് അന്തസായി ജീവിക്കാന്‍ സാഹചര്യമൊരുക്കുകയുമാണ്. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തിന്റെ അന്തസ് കെടുത്തിക്കളയാതിരിക്കാന്‍ ആ ഉത്തരവാദിത്തം എന്താണ് എന്ന് ബിജെപിയും ആര്‍എസ്എസുമൊക്കെ ഇനിയെങ്കിലും പഠിച്ചാല്‍ നന്ന്.


Next Story

Related Stories