TopTop
Begin typing your search above and press return to search.

സിഎജി എന്ന ഭരണഘടനാ സ്ഥാപനത്തെ ഇല്ലാതാക്കി റാഫേല്‍ എന്ന തീവെട്ടിക്കൊള്ള രക്ഷിച്ചെടുക്കുന്ന വിധം

സിഎജി എന്ന ഭരണഘടനാ സ്ഥാപനത്തെ ഇല്ലാതാക്കി റാഫേല്‍ എന്ന തീവെട്ടിക്കൊള്ള രക്ഷിച്ചെടുക്കുന്ന വിധം
കണക്കുകള്‍ കൊണ്ട് എങ്ങനെ കളിക്കാം എന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. കണക്കുകളെ എങ്ങനെ വരുതിക്ക് നിര്‍ത്താം ഇല്ലെങ്കില്‍ എങ്ങനെ മറച്ചുവയ്ക്കാം എന്നാണ് ഈ റിപ്പോര്‍ട്ട് കാണിച്ചുതരുന്നത്. യജമാനന്മാരെ സംരക്ഷിക്കാനായി ആധികാരികമെന്ന് അവകാശപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുമായി ഒരു ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി സ്വയം എങ്ങനെ പരിഹാസ കഥാപാത്രങ്ങളായി ചുരുങ്ങാം എന്നതിനും ഈ റിപ്പോര്‍ട്ട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയ കരാര്‍ സംബന്ധിച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ടാണ് ഈ നിര്‍ദ്ദേശസംഹിത മുന്നോട്ടുവയ്ക്കുന്നത്. 2019ലെ ഈ ഓഡിറ്റ് റിപ്പോര്‍ട്ട് - നമ്പര്‍ 3 ഒരു റഫറന്‍സാണ്.

സ്റ്റെപ്പ് - 1 - മറച്ചുവയ്ക്കുക

2019-ലെ റിപ്പോര്‍ട്ട് നമ്പര്‍ 3 ആയ കാപ്പിറ്റല്‍ അക്വിസിഷന്‍ ഇന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്ന പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ ആറാം പേജ് തുടങ്ങുന്നത് സിഎജിയുടെ ജിംനാസ്റ്റിക്‌സ് നിലവാരത്തിലുള്ള പ്രകടനവുമായാണ്. ഓഡിറ്റിംഗിന് വിധേയമാക്കിയ ഇന്ത്യന്‍ വ്യോമസേനയുടെ കരാറുകള്‍ അവിടെ ലിസ്റ്റ് ചെയ്യുന്നു. ഇതില്‍ ആദ്യം വരുന്നത് മീഡിയം മള്‍ട്ടി റോള്‍ കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എംഎംആര്‍സിഎ) എന്ന വിവാദമായ റാഫേല്‍ കരാറാണ്. കരാര്‍ തീയതിയും ഒപ്പം കോണ്‍ട്രാക്ട് വാല്യു രൂപയില്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇതിന്റെ തുക ബിഎക്‌സ്എക്‌സ് എന്നാണ് കൊടുത്തിരിക്കുന്നത്. അതായത്, ഇത് പുറത്തുവിടരുത് എന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ട്.

രണ്ടാമതായി ലിസ്റ്റ് ചെയ്തിരിക്കുന്നത് യുഎസില്‍ നിന്നുള്ള അറ്റാക്ക് ഹെലികോപ്റ്ററുകള്‍- അപ്പാച്ചെ സംബന്ധിച്ചാണ്. കരാര്‍ തീയതിക്ക് ശേഷം നല്‍കിയിട്ടുള്ളത് മൊത്തം ചിലവ് 11,420.05 കോടി എന്നാണ്. പിന്നീട് ബേസിക് ട്രെയ്‌നര്‍ എയര്‍ക്രാഫ്റ്റിനുള്ള കരാര്‍ വരുന്നു. മിസൈലുകള്‍, നിരീക്ഷണ സംവിധാനങ്ങള്‍ തുടങ്ങിയ അതീവ രഹസ്യ സ്വഭാവമുള്ളവയ്ക്കുള്ള കരാര്‍ പിന്നീട് വരുന്നു. ഇവയ്‌ക്കെല്ലാത്തിനും എത്ര ചിലവ് വരും എന്നത് രൂപയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിവാദങ്ങളില്‍ നിന്ന് കരാര്‍ ഒഴിവാക്കാം, സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാക്കുന്ന, സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കണക്കുകള്‍ മറച്ചുവയ്ക്കാം എന്നാണ് ഇത് വ്യക്തമാക്കുന്നത്.

സ്റ്റെപ്പ് 2 - അവഗണിക്കുക

ഒരു കരാറുമായി ബന്ധപ്പെട്ട് ഏറ്റവും വിവാദമായി മാറിയ തീരുമാനത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ യജമാനന്മാരുടെ മുഖം രക്ഷിക്കണമെന്നുണ്ടെങ്കില്‍ ഇത് അവഗണിച്ചേ പറ്റൂ. ഇത് വളരെ എളുപ്പമാണ്. അനില്‍ അംബാനി ഗ്രൂപ്പിനെ ഓഫ്‌സെറ്റ് കരാറുകള്‍ക്കായി തിരഞ്ഞെടുത്തത് ഇതില്‍ അവഗണിക്കാവുന്നതാണ്. അത് വെറെ ഓഡിംഗിന് വിധേയമാക്കും എന്നും പറയാന്‍ കഴിയും. കാര്യങ്ങള്‍ വളരെ എളുപ്പമല്ലേ?

Read More: മോദിയുടെ ആലയില്‍ സിഎജിക്കുള്ള ചരമക്കുറിപ്പും തയാറാകുമ്പോള്‍


സ്റ്റെപ്പ് 3 - ആശയക്കുഴപ്പമുണ്ടാക്കുക, പിന്നെ അഭിനന്ദിക്കുക

നിങ്ങളുടെ യജമാനന്‍ നടത്തിയ ചിലവേറിയ വിമാനം വാങ്ങല്‍ മുന്‍ ടെണ്ടറിനേക്കാള്‍ ചിലവ് കുറഞ്ഞതായിരുന്നു എന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ നല്ല വഴി വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കുക എന്നതാണ്. ആര്‍ക്കും മനസിലാകാത്ത ഒരു ഫോര്‍മുല അവതരിപ്പിക്കുക, കണക്കുകളെ വളച്ചൊടിക്കുന്നതും പ്രധാനപ്പെട്ട ചില വസ്തുതകള്‍ അവഗണിക്കുന്നതും യജമാനന് കയ്യടിക്കുന്നതുമായ ഫോര്‍മുലകള്‍ അവതരിപ്പിക്കുക. ഉദാഹരണത്തിന് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ചിലവ് 2007-ലെ ഫ്‌ളൈ വേ (പൂര്‍ണ സജ്ജമായ) വിമാനങ്ങളുടെ വിലയുമായി താരതമ്യപ്പെടുത്തിയിരിക്കുന്നു. 2007-ലെ കരാര്‍ പ്രകാരം 18 വിമാനങ്ങള്‍ മാത്രമാണ് ഫ്രാന്‍സില്‍ നിന്ന് പൂര്‍ണസജ്ജമായ നിലയില്‍ ഇന്ത്യയിലെത്തിക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നത്. ബാക്കിയുള്ളത് എച്ച്എഎല്‍ (ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്) ഇന്ത്യയില്‍ നിര്‍മ്മിക്കും എന്നായിരുന്നു വ്യവസ്ഥ; ഒപ്പം സാങ്കേതിക വിദ്യയും ഇന്ത്യക്ക് കൈമാറാം എന്നും.

സിഎജി നടത്തിയിട്ടുള്ള ചില സര്‍ക്കസുകള്‍ കൂടി കാണണം. 2007ലെ കരാറില്‍ ദസോ കമ്പനി നല്‍കുന്ന ബാങ്ക് ഗാരണ്ടിയുടെ ചിലവ് കൂടി ഉള്‍പ്പെടുത്തിയിരുന്നു. 2016ലെ കരാറില്‍ ഇത്തരമൊരു ഗ്യാരണ്ടി സംബന്ധിച്ചേ പരാമര്‍ശമില്ല. ഇത് ദസോയെ സംബന്ധിച്ച് വളരെയധികം ലാഭകരമാണ്. ഇന്ത്യന്‍ നെഗോഷിയേറ്റിംഗ് ടീമിന്റെ (ഐഎന്‍ടി) കണക്ക് പ്രകാരം ഈ ബാങ്ക് ഗാരണ്ടിയുടെ ചിലവ് 574 മില്യണ്‍ യൂറോ ആകേണ്ടിയിരുന്നു. ഇതെല്ലാം അവഗണിച്ചുകൊണ്ട് 2.86 ശതമാനം വില നിങ്ങളുടെ യജമാനന്‍ ഇടപെട്ട് കുറച്ചു എന്ന് പറയാം.

സ്റ്റെപ്പ് നമ്പര്‍ 4 - വിഡ്ഢിത്തരം പറയുക

ഇന്ത്യ സ്‌പെസിഫിക് എന്‍ഹാന്‍സ്‌മെന്റില്‍ (ഇന്ത്യന്‍ സൈന്യത്തിന് ആവശ്യമുള്ള പ്രത്യേക സജ്ജീകരണങ്ങള്‍) 17.08 ശതമാനം ചിലവ് കുറഞ്ഞതായി നിങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അവകാശപ്പെടണം. എന്നാല്‍ ഇന്ത്യ സ്പെസിഫിക് ഡിസൈനിനും (ISE) ഡെവലപ്‌മെന്റിനുമുള്ളതായിരുന്നു ഈ ചിലവ്. 2007ലെ കരാറില്‍ 126 വിമാനങ്ങള്‍ക്കുള്ള നിശ്ചിത ചിലവായിരുന്നു ഇത് എന്ന വസ്തുത മറച്ചുവയ്ക്കാം. നിലവില്‍ 36 വിമാനങ്ങള്‍ക്ക് മാത്രമാണ് ഐഎസ്ഇ ബാധകം. ഈ കാര്യങ്ങളും കണക്കുകളുമൊന്നും പറയില്ലെന്ന് ഉറപ്പ് വരുത്താം.

അങ്ങനെ സിഎജി എന്ന ഇന്ത്യയിലെ മികച്ച ഒരു ഭരണഘടനാസ്ഥാപനത്തിന്റെ ചിലവില്‍ തീവെട്ടിക്കൊള്ള മനോഹരമായി മറച്ചുവയ്ക്കുകയും ഒപ്പം, ആ സ്ഥാപനത്തിന്റെ അസ്ഥിവാരം തന്നെ തോണ്ടുകയുമാവാം.

റാഫേല്‍ കരാറിലെ സിഎജി റിപ്പോര്‍ട്ട് എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കും, രാജ്യത്തിനും ഈ മേഖലയിലെ പ്രൊഫഷണലുകള്‍ക്കും എന്നു കൂടി പറയേണ്ടതുണ്ട്.

Next Story

Related Stories