UPDATES

ഉന്നതനായ അച്ഛന്റെ ഉന്നതനായ മകനുമേല്‍ സിബിഐ മുറുക്കുന്ന കുരുക്ക്

രാഷ്ട്രീയത്തിലായാലും ബിസിനസിലായാലും തന്റെ താത്പര്യങ്ങള്‍ മറച്ചുവയ്ക്കാത്ത ഒരാളാണ് കാര്‍ത്തി ചിദംബരം.

രാഷ്ട്രീയത്തിലായാലും ബിസിനസിലായാലും തന്റെ താത്പര്യങ്ങള്‍ മറച്ചുവയ്ക്കാത്ത ഒരാളാണ് കാര്‍ത്തി ചിദംബരം. സോഷ്യല്‍ മീഡിയ, ടെന്നീസ്, കോണ്‍ഗ്രസ് രാഷ്ട്രീയം, അഴിമതി വിരുദ്ധ പരിപാടികള്‍, പിന്നെ ബിസിനസും- കാര്‍ത്തി ചിദംബരം വളരെ സജീവമായ മേഖലകളാണിവയൊക്കെ.

കഴിഞ്ഞ വര്‍ഷം കാര്‍ത്തി രൂപീകരിച്ച ഒരു സംഘടനയാണ് G 67. 1967-നു ശേഷം ജനിച്ചവരുടെ ഈ കൂട്ടായ്മ ആര്‍കെ നഗര്‍ മണ്ഡലത്തിലെത്തുകയും തെരഞ്ഞെടുപ്പുകളിലെ അഴിമതിയെക്കുറിച്ച് ജനങ്ങളോട് സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. വീടു വീടാന്തരം കയറിയിറങ്ങി കാര്‍ത്തിയുടെ 500-ലേറെ വരുന്ന വോളന്റിയര്‍മാര്‍ വോട്ട് ചെയ്യാന്‍ പണം വാങ്ങില്ലെന്ന് ജനങ്ങളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് ഒപ്പു ശേഖരിച്ചു.

എന്നാല്‍ അത്തരം ഗിമ്മിക്കുകളൊന്നും സിബിഐ കസ്റ്റഡിയിലാകുന്നതില്‍ നിന്ന് കാര്‍ത്തി ചിദംബരത്തെ രക്ഷിച്ചില്ല. കാര്‍ത്തിയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണോ അന്വേഷണത്തോട് അയാള്‍ സഹകരിക്കുന്നുണ്ടോ എന്നതൊക്കെ ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണ്. എന്നാല്‍ കാര്‍ത്തിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍, അന്വേഷണ ഏജന്‍സികളുടെ അവകാശവാദങ്ങള്‍ ഒക്കെ പരിശോധിച്ചാല്‍ ഇന്ത്യയില്‍ നിത്യസംഭവമെന്നവണ്ണം അരങ്ങേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ബന്ധം കൂടി ഉള്‍പ്പെട്ടിട്ടുള്ള അഴിമതിയുടെ കഥകള്‍ കേള്‍ക്കാം.

ഇന്ത്യയിലുടനീളം പന്തലിച്ചു കിടക്കുന്ന വാസന്‍ ഐ കെയര്‍ എന്ന കണ്ണാശുപത്രി ശൃംഖലയെക്കുറിച്ച് കേട്ടിട്ടില്ലാത്തവരുണ്ടാകില്ല. ഈ ശൃംഖലയുടെ ഭൂരിഭാഗം ഓഹരികളുടെ ഉടമസ്ഥനാണ് കാര്‍ത്തി എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ കാര്‍ത്തിയുടെ ബിസിനസ് താത്പര്യങ്ങള്‍ ഇതൊക്കെ കടന്ന് ആഗോള തലത്തില്‍ തന്നെ നിരവധി ബിസിനസ് താത്പര്യങ്ങളുള്ള വലിയൊരു ശൃംഖലയുടെ ഭാഗമാണ് എന്നാണ് അന്വേഷണ ഏജന്‍സികള്‍ അടക്കമുള്ളവയുടെ കണ്ടെത്തലുകള്‍.

2015 ഡിസംബര്‍ ഒന്നിന് വാസന്‍ ഐ കെയറിന്റേയും പി. ചിദംബരത്തിന്റെയും ഓഫീസുകള്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റെയ്ഡ് ചെയ്തിരുന്നു. അതിനടുത്ത ദിവസം കാര്‍ത്തി ചിദംബരത്തിന്റെ പിതാവ് പറഞ്ഞത് ഇങ്ങനെയാണ്: “ഇപ്പോള്‍ സര്‍ക്കാര്‍ ലക്ഷ്യം വച്ചിരിക്കുന്ന ഏതെങ്കിലും സ്ഥാപത്തില്‍ എന്റെ കുടുംബത്തിലുള്ളവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ പങ്കാളിത്തമില്ല എന്നത് ഞാന്‍ ആവര്‍ത്തിക്കുകയാണ്… ഇതുമായി ബന്ധപ്പെടുത്തി എന്റെ മകനെ അപകീര്‍ത്തിപ്പെടുത്തുന്നതും വേട്ടയാടുന്നതും ഞാന്‍ അപലപിക്കുകയാണ്. സര്‍ക്കാരിന്റെ ലക്ഷ്യം ഞാനാണെങ്കില്‍ അത് നേരെ തന്നെ ചെയ്യൂ. ഈ സര്‍ക്കാര്‍ എനിക്കും എന്റെ കുടുംബത്തിനും എതിരെ ഉന്നമിട്ടിരിക്കുന്ന ‘വില കുറഞ്ഞ വേട്ടയാടലുകള്‍’ നേരിടാന്‍ ഞാനും കുടുംബവും തയാറാണ്”.

2015 ഡിസംബര്‍ 16-ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാര്‍ത്തി ചിദംബരത്തിന്റെ ലാപ്‌ടോപ്പും മറ്റ് രേഖകളും പിടിച്ചെടുത്തു. പിതാവിന്റെ വാക്കുകള്‍ കാര്‍ത്തിയും ആവര്‍ത്തിച്ചു. അതിങ്ങനെ: “അന്വേഷണ ഏജന്‍സികള്‍ പറയുന്ന ഏതെങ്കിലും സ്ഥാപനവുമായി എനിക്കോ എന്റെ കുടുംബത്തിലുള്ളവര്‍ക്കോ യാതൊരു ബന്ധവുമില്ലല്ല. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (FIPB) അനുമതി എയര്‍സെല്ലിന് ലഭിക്കുന്നതിന് തൊട്ടമുമ്പ് കാര്‍ത്തി ചിദംബരവും എയര്‍സെല്ലും തമ്മില്‍ നടന്ന ഇപാടുകളെക്കുറിച്ചാണ് തങ്ങള്‍ അന്വേഷിക്കുന്നത് എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേ് അന്ന് പറഞ്ഞത്.

2016 മെയില്‍ കാര്‍ത്തി ചിദംബരവുമായി ബന്ധമുണ്ടെന്ന് കരുതുന്ന വസ്തുക്കളുടേയും ഇടപാടുകളുടേയും വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ബ്രിട്ടന്‍, യുഎഇ, ദക്ഷിണാഫ്രിക്ക, അമേരിക്ക, ഗ്രീസ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഫ്രാന്‍സ്, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, ശ്രീലങ്ക, ബ്രീട്ടീഷ് വിര്‍ജീനിയ ഐലന്റ് എന്നീ രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ചു തുടങ്ങി.

2017 ജൂണില്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ (LoC) പുറപ്പെടുവിച്ചു. എന്നാല്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ പിറ്റേന്ന് ഇത്തരമൊരു സര്‍ക്കുലര്‍ പുറപ്പടുവിക്കുന്നത് അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി കാര്‍ത്തിക്കെതിരെയുള്ള സര്‍ക്കുലര്‍ സ്‌റ്റേ ചെയ്തു.

2017 ഓഗസ്റ്റില്‍ കാര്‍ത്തി ചിദംബരം സിബിഐക്കു മുമ്പാകെ ഹാജരായി. INX Media-യുടെ FIPB അനുമതിയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. കാര്‍ത്തി ചിദംബരത്തെ സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തതും ഈ കേസുമായി ബന്ധപ്പെട്ടാണ്.

സിബിഐ ഇപ്പോള്‍ അവരുടെ അവകാശവാദങ്ങള്‍ക്ക് പുതിയൊരു ട്വിസ്റ്റ് നല്‍കിയിരിക്കുകയാണ്. INX Media-യ്ക്ക് FIPB അനുമതി ലഭിക്കുന്നതിന് 1 മില്യണ്‍ ഡോളര്‍ (ഏകദേശം 6.5 കോടി രൂപ) കാര്‍ത്തിക്ക് കോഴയായി നല്‍കിയെന്ന്, മകള്‍ ഷീനയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജി സിആര്‍പിസി സെക്ഷന്‍ 164 അനുസരിച്ച് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട് എന്നാണ് സിബിഐ വാദം.

സിബിഐയുടേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും മറ്റൊരു വാദം, കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ കാര്‍ത്തിയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് INX Media പണം നല്‍കിയതിന്റെ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട് എന്നാണ്. ഇതിനൊപ്പം, ഗ്രീസിലും സ്‌പെയിനിലുമുള്ള കമ്പനികള്‍ക്ക് 70,000 ഡോളറോളം നല്‍കിയതിന്റെ രേഖകളും ഉണ്ടെന്നും ഈ വൗച്ചറുകളെല്ലാം ഒപ്പു വച്ചിരിക്കുന്നത് ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയാണെന്നും സിബിഐ പറയുന്നു.

INX Media-യ്ക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിക്കുന്നതിനായുള്ള FIPB അനുമതിക്കായി അന്ന് ധനമന്ത്രിയായിരുന്ന പി. ചിദംബരത്തെ തങ്ങള്‍ അദ്ദേഹത്തിന്റെ നോര്‍ത്ത് ബ്ലോക്ക് ഓഫീസില്‍ വച്ച് കണ്ടിരുന്നുവെന്നും പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണിയും മൊഴി നല്‍കിയിട്ടുണ്ടെന്നും സിബിഐ പറയുന്നു. മകന്‍ കാര്‍ത്തിയുടെ ബിസിനസിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും പ്രതിഫലം വിദേശത്ത് നല്‍കാനും ചിദംബരം മറുപടിയായി പറഞ്ഞുവെന്നുമാണ് സിബിഐയുടെ അവകാശവാദം.

തുടര്‍ന്ന് കാര്‍ത്തി ചിദംബരത്തെ ഡല്‍ഹിയിലെ ഹോട്ടല്‍ ഹയാത്തില്‍ വച്ച് കണ്ടുവെന്നും അവിടെ വച്ചാണ് ഒരു മില്യണ്‍ ഡോളര്‍ കൈമാറിയതെന്നും ഇന്ദ്രാണിയും പീറ്റവും മൊഴി നല്‍കിയെന്നും സിബിഐ പറയുന്നു. ബാക്കി പണമിടപാടുകള്‍ ചെസ് മാനേജ്‌മെന്റ്, അഡ്വന്റേജ് സ്ട്രാറ്റജിക്ക് എന്നീ കമ്പനികളുടെ പേരില്‍ നല്‍കാനും കാര്‍ത്തി ആവശ്യപ്പെട്ടെന്നും സിബിഐ കൂട്ടിച്ചേര്‍ക്കുന്നു.

ചെസ് മാനേജ്‌മെന്റ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി FIPB ഉപദേശം നല്‍കുകയും അഡ്വന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ 10 ലക്ഷം രൂപ കണ്‍സള്‍ട്ടന്‍സി ഫീസായി നല്‍കുകയും ചെയ്തു. ഈ കമ്പനി പരോക്ഷമായി നിയന്ത്രിക്കുന്നത് കാര്‍ത്തിയാണെന്നും സിബിഐ പറയുന്നു.

INX Media നല്‍കിയ തങ്ങളുടെ രേഖകളില്‍ 10 ലക്ഷം രൂപ നല്‍കിയിട്ടുള്ളത് FIPB വിജ്ഞാപനം, വിശദീകരണം എന്നതിന്റെ പേരിലാണ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും സിബിഐ പറയുന്നു.

INX New-ല്‍ 26 ശതമാനം നിക്ഷേപം കൊണ്ടുവരുന്നതിന് INX Media-യ്ക്ക് FIPB അനുമതി നല്‍കിയിരുന്നില്ലെന്നും സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും പറയുന്നു. എന്നാല്‍ 2007-ല്‍ തന്നെ ഈ കരാറുമായി അവര്‍ മുന്നോട്ടു പോയിരുന്നു. ഇതിനെ തുടര്‍ന്ന് ആദായനികുതി വകുപ്പ് ഈ കാര്യം പരിശോധിക്കുകയും FIPB വിഷയത്തില്‍ INX Media-യോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ഇത് പരിഹരിക്കാനാണ് മുഖര്‍ജി ദമ്പതിമാര്‍ കാര്‍ത്തിയുടെ സഹായം തേടിയത് എന്നാണ് സിബിഐ വാദം. കാര്‍ത്തിയാവട്ടെ, നിക്ഷേപം കൊണ്ടു വരുന്നതിന് പുതിയ അപേക്ഷ നല്‍കാന്‍ INX Mediaയെ സഹായിച്ചു എന്നും സിബിഐ പറയുന്നു. അതായത്, അതിനകം തന്നെ സ്വീകരിച്ച കഴിഞ്ഞ നിക്ഷേപത്തിന് അനുമതി തേടി പിന്നീട് അപേക്ഷ നല്‍കാന്‍ കാര്‍ത്തി സഹായിച്ചു എന്നാണ് സിബിഐ വാദം.

4.6 കോടി രുപ മാത്രം നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയുള്ളപ്പോള്‍ മൗറീഷ്യസ് കേന്ദ്രമായുള്ള കമ്പനികളില്‍ നിന്ന് 300 കോടി രൂപ കമ്പനി അനധികൃതമായി സ്വീകരിച്ചു എന്നുമാണ് സിബിഐ കേസ്.

പ്രശസ്തനായ പിതാവിന്റെ പ്രശസ്തനായ മകന് ഇനി എന്തു സംഭവിക്കും എന്നാണ് കാണാനുള്ളത്. കേസുകള്‍ കോടതിയിലെത്തുകയും  ഒടുവില്‍ കാര്‍ത്തി സ്വതന്ത്രനാക്കപ്പെടുകയും പിന്നാലെ രാഷ്ട്രീയത്തിലടക്കം പ്രവേശിച്ച് നമ്മുടെ ജനാധിപത്യത്തെ നോക്കി ഗോഷ്ടി കാണിക്കുമോ, അതോ, അന്വേഷണ ഏജന്‍സിയെന്ന വിശ്വാസ്യത സിബിഐ തിരിച്ചു പിടിക്കുമോ? മകന്റെ വഴിയെ ചിദംബരത്തിന് കുരുക്കു വീഴുമോ എന്നും കൂടി ഇതിന് ഒരു മറുവശമുണ്ട്.

ചിദംബരത്തെ സിബിഐ (മോദി) എന്തു ചെയ്യും?

സന്ദീപ് ടാംഗദ്ജെയെ സിബിഐ കുരുക്കുന്നത് അമിത് ഷായ്ക്കെതിരെ തെളിവുകള്‍ കണ്ടെത്തിയതിന്റെ പേരിലോ?

ഇങ്ങനെയാണ് അമിത് ഷാ സിബിഐ ഭരിക്കുന്നത്

സി.ബി.ഐക്കുള്ളില്‍ മോദിയുടെ സ്വന്തം ‘ഗുജറാത്ത് മോഡല്‍’; ചരമക്കുറിപ്പ് എഴുതാറായോ ഈ അന്വേഷണ ഏജന്‍സിക്ക്?

അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷേഖ് കൊലക്കേസ് വാദം കേട്ട ജഡ്ജിയുടെ മരണത്തില്‍ ദുരൂഹത

അമിത് ഷാ എന്ന ‘നിരപരാധി’: എവിടെ സി.ബി.ഐ? എവിടെ പ്രതിപക്ഷം?

സി ബി ഐയെ ഗുജറാത്ത് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആക്കുമ്പോള്‍

ഒരു മോദിഭക്തന്റെ കുമ്പസാരം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍