TopTop
Begin typing your search above and press return to search.

ക്രിസ്റ്റ്യന്‍ മിഷേലിനെ ദുബൈ ഇന്ത്യക്ക് വിട്ടുതന്നതില്‍ ഇനിയും നിഗൂഡതകള്‍? ഇടയില്‍ ഒരു മലയാളി ബിസിനസുകാരനും?

ക്രിസ്റ്റ്യന്‍ മിഷേലിനെ ദുബൈ ഇന്ത്യക്ക് വിട്ടുതന്നതില്‍ ഇനിയും നിഗൂഡതകള്‍? ഇടയില്‍ ഒരു മലയാളി ബിസിനസുകാരനും?

എന്തായാലും ആയുധ വ്യാപാരി ക്രിസ്റ്റ്യന്‍ മിഷേലിനെ ചുറ്റിപ്പറ്റി പുതിയൊരു രാഷ്ട്രീയ യുദ്ധത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. മിഷേല്‍ ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ പേര് പഞ്ഞോ ഇല്ലയോ എന്നതിനേക്കാള്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ ഈ വിഷയം കത്തി നില്‍ക്കുമെന്നുമുറപ്പ്. അതിനൊപ്പം, തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താനുള്ള എന്തും സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചെയ്യുമെന്നും ഉറപ്പാണ്, ഇന്നലെ അവര്‍ കോടതിയില്‍ കാണിച്ചതു പോലെ.

ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ രാഷ്ട്രീയ നാടകങ്ങള്‍ ചിലപ്പോള്‍ ബിജെപിയെ സഹായിച്ചേക്കാം, ചിലപ്പോള്‍ ഫലമുണ്ടായേക്കുകയുമില്ല. പക്ഷേ, തങ്ങളുടെ ജൈത്രയാത്ര തുടരുന്നതിന് ബിജെപിക്ക് ഇത് ആവശ്യമാണ്. ഇത് ചിലപ്പോള്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയും ആയേക്കാം. മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരുകളെ തഴെയിറക്കി ഭരണം പിടിച്ചതിന്റെ ആത്മവിശ്വാസവുമായി ഒരു തിരിച്ചുവരവ് ലക്ഷ്യമിടുന്ന കോണ്‍ഗ്രസിനെ ഇത് എങ്ങനെ വേണമെങ്കിലും ബാധിക്കാം.

എന്തൊക്കെ സംഭവിച്ചാലും ഉണ്ടാകാന്‍ പോകുന്ന ഒരു കാര്യം ക്രിസ്റ്റ്യന്‍ മിഷേലിനു ചുറ്റും കുറച്ചു കാലത്തേക്ക് ഇന്ത്യന്‍ രാഷ്ട്രീയം തിരിയാന്‍ പോവുന്നു എന്നതു തന്നെയായിരിക്കും.

മിഷേലിനെ ഇന്ത്യക്ക് കൈമാറിയതുമായി ബന്ധപ്പെട്ട് അതിന്റെ ഉള്ളറകളില്‍ നടന്നിരിക്കുന്ന കളികള്‍ കൂടി അറിഞ്ഞെങ്കില്‍ മാത്രമേ ഇതിലെ വാസ്തവങ്ങള്‍ മുഴുവനായി മനസിലാകൂ. അങ്ങനെ നോക്കുമ്പോള്‍ ഇതില്‍ നിരവധി സംഭവങ്ങള്‍ ഇഴചേര്‍ന്നിട്ടുണ്ട്, വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനമുണ്ട്, പണത്തിന്റെ വന്‍ സ്വാധീനമുണ്ട്, ചില പ്രധാനപ്പെട്ട ഇന്ത്യക്കാരെ ചുറ്റിപ്പറ്റി ഉയരുന്ന നിരവധി ചോദ്യങ്ങളുണ്ട്.

മിഷേലിന്റെ കൈമാറ്റത്തിന്റെ കാര്യങ്ങള്‍ പൂര്‍ണമായി അറിയണമെങ്കില്‍ അതിന് ആദ്യം മനസിലാക്കേണ്ടത് ദുബൈ രാജകുടുംബത്തിന്റെ ഉള്ളില്‍ നടക്കുന്ന അടിച്ചമര്‍ത്തലുകളുടേയും നിഗൂഡതകളുടേയും കാര്യങ്ങള്‍ കൂടിയാണ്. ദുബൈ ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മഖ്തൂമിന്റെ പെണ്‍മക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഉയര്‍ന്നിട്ടുള്ള ആശങ്കകളും മറ്റും ഇതിലുണ്ട്. അദ്ദേഹത്തിന്റെ രണ്ടു പെണ്‍മക്കള്‍ കുടുംബത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. തങ്ങള്‍ വീട്ടു തടങ്കലിലാണെന്ന കാര്യവും ഇവര്‍ തങ്ങളുടെ അടുപ്പക്കാരോട് പങ്കുവച്ചിരുന്നു.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഈ കുടുംബ പ്രശ്‌നത്തിലേക്ക് ഇന്ത്യ നേരിട്ട് കടന്നു ചെല്ലുകയാണ്. ദുബൈ ഭരണാധികാരിയുടെ മകള്‍ ഷെയ്ഖ ലത്തീഫ ബിന്ദ് മുഹമ്മദ് അല്‍-മഖ്തൂം ഏഴു വര്‍ഷമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ, കുടുംബത്തില്‍ നിന്നുള്ള രക്ഷപെടലുമായി ബന്ധപ്പെട്ടാണിത്. ഗോവന്‍ തീരത്തേക്ക് ഒരു യാച്ചില്‍ യാത്ര തിരിച്ച അവരെ പിടികൂടിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമുള്ള നാടകീയ നടപടിയായിരുന്നു അത്.

ഈ കാര്യത്തെക്കുറിച്ച് ഇന്ത്യ ഔദ്യോഗികമായി മൗനം പാലിച്ചെങ്കിലും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളും കടലില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലുകളും ചേര്‍ന്നാണ് അത് നടത്തിയത് എന്നതിന് ഇന്ന് വ്യക്തമായ സൂചനകള്‍ ഉണ്ട്. ആരാണ് ആ യാച്ചിലേക്ക് കടന്നു കയറി ദുബൈ രാജകുമാരിയെ കസ്റ്റഡിയിലെടുത്ത മുഖംമൂടിധാരികള്‍ എന്നത് ഇതുവരെ പുറത്തുവന്നിട്ടില്ല. അത് ചിലപ്പോള്‍ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരായിരിക്കാം, അല്ലെങ്കില്‍ ദുബൈ ഭരണകൂടം വിലയ്‌ക്കെടുത്ത ഗുണ്ടകളോ അല്ലെങ്കില്‍ അവരുടെ സുരക്ഷാ ഉദ്യോഗസ്ഥരോ ആവാം.

ദുബൈ രാജകുടുംബത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച കുടുംബാംഗങ്ങളില്‍ ലത്തീഫ മാത്രമല്ല ഉള്ളത്. വീട്ടുതടങ്കലിന്റേയും നിയന്ത്രണങ്ങളുടേയും പിടിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുകയും പിടികൂടപ്പെട്ട് തിരികെ അയയ്ക്കുകയും ചെയ്തതിനു പിന്നാലെ 'അപ്രത്യക്ഷ'മാവുകയും ചെയ്ത ലത്തീഫ, ദുബൈ ഭരണാധികാരിയുടെ ഇത്തരത്തില്‍ രക്ഷപെടാന്‍ ശ്രമിച്ച രണ്ടാത്തെ മകളാണ്. ഇത്തരത്തില്‍ തങ്ങളുടെ Surrey എസ്‌റ്റേറ്റില്‍ നിന്ന് 2000-ത്തില്‍ രക്ഷപെടാന്‍ ശ്രമിച്ച ലത്തീഫയുടെ മൂത്ത സഹോദരി ഷംസയെ കേംബ്രിഡ്ജിലെ തെരുവില്‍ നിന്നാണ് പിന്നീട് പിടികൂടുന്നത്. ഈ തട്ടിക്കൊണ്ടു പോകല്‍ ആകട്ടെ, ബ്രിട്ടീഷ് പോലീസ് കാര്യമായി അന്വേഷിച്ചിട്ടുമില്ല.

എന്തായാലും ദുബൈ രാജകുമാരിയെ ഇന്ത്യന്‍ കടലില്‍ നിന്ന് തിരികെ ദുബൈയിലെത്തിച്ചതോടെ കാര്യങ്ങള്‍ മോദി സര്‍ക്കാരിന് ഗുണകരമായി ഭവിക്കുകയായിരുന്നു. ക്രിസ്റ്റ്യന്‍ മിഷേലിനെ ഇതിനു പകരമായി ഇന്ത്യക്ക് വിട്ടുകിട്ടാന്‍ സാധ്യതയുണ്ട് എന്ന ചര്‍ച്ചകള്‍ അന്നു മുതലേ അന്തരീക്ഷത്തിലുണ്ട്.

Also Read: ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യക്ക് വിട്ടുകിട്ടിയത് ദുബൈ രാജകുമാരിയെ പിടിച്ചു കൊടുത്തതിന്റെ പ്രത്യുപകാരമോ?

എന്നാല്‍ ചില പുതിയ കാര്യങ്ങള്‍ കൂടി ഇപ്പോള്‍ ഡല്‍ഹിയിലെ ഇന്റലീജന്‍സ്, നയതന്ത്ര വൃത്തങ്ങളില്‍ പറന്നു നടക്കുന്നുണ്ട്. അത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കുടുംബത്തിന് ഗള്‍ഫിലെ രാജകുടുംബങ്ങളുമായുള്ള ബന്ധവും അതിനൊപ്പം, ഈ രാജാക്കന്മാരുമായി ഒരു പ്രമുഖ മലയാളി ബിസിനസുകാരനുള്ള അടുത്ത ബന്ധവുമാണ്.

ഈ അടുത്ത കാലത്ത് സിബിഐ ഡയറക്ടര്‍ അലോക് വര്‍മയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള പ്രശ്‌നം വഷളായതോടെ, സിബിഐ ഡിഐജിയായ മനീഷ് കുമാര്‍ സിന്‍ഹ സുപ്രീം കോടതിയില്‍ നല്‍കിയ രേഖയില്‍ ചില കാര്യങ്ങള്‍ ആരോപിച്ചിരുന്നു. അത് ദുബൈ ആസ്ഥാനമായ ബിസിനസുകാരന്‍ മനോജ് പ്രസാദ്, അജിത് ഡോവലിന് വ്യക്തിപരമായ സഹായം ചെയ്തു കൊടുത്തിരുന്നു എന്നാണ്. മനോജ് പ്രസാദ്- ഇന്ത്യയിലെത്തിയ ഒക്‌ടോബര്‍ 16-ന് സിബിഐ ഇയാളെ അറസ്റ്റ് ചെയ്യുകയും ഒക്‌ടോബര്‍ 31-ന് പോലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയയ്ക്കുകയും ചെയ്തിരുന്നു - ചെയ്ത ഈ 'സഹായം' എന്താണ് എന്നതു സംബന്ധിച്ച് ഇപ്പോള്‍ പുറത്തു വരുന്ന അഭ്യൂഹങ്ങള്‍ ഡോവലിന്റെ മൂത്ത മകന്റെ ബിസിനസ് താത്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് എന്നാണ്.

അജിത് ഡോവലിന്റെ മൂത്ത മകന്‍ ശൗര്യ ഡോവലിന് ദുബൈയിലും സൗദി അറേബ്യയിലും വലിയ തോതിലുള്ള ബിസിനസ് താത്പര്യങ്ങളുണ്ട്. ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായി തുടങ്ങിയ ഡോവല്‍ ജൂനിയര്‍ ഇന്ന് നിരവധി ധനകാര്യ സ്ഥാനങ്ങളുടെ മാനേജിംഗ് ഡയറക്ടറാണ്, അവയുടെയൊക്കെ ചെയര്‍മാന്‍ സൗദി രാജകുടുംബത്തിലെ ഒരംഗവും ആയിരിക്കും. മിഷാല്‍ ബിന്‍ അബ്ദുള്ള ബിന്‍ ടര്‍ക്കി ബിന്‍ അബ്ദുളസീസ് അല്‍ സൗദ് രാജകുമാരനാണ് Zeus Caps ഗ്രൂപ്പിന്റെ ചെയര്‍മാന്‍. പീന്നീട് Zeus Caps ഗ്രൂപ്പിനെ ഏറ്റെടുത്ത Torch ഗ്രൂപ്പിന്റെ ചെയര്‍മാനും അദ്ദേഹമാണ്. Torch Financial Services-ന്റെ ഇന്ത്യയിലെ ഓഫീസ് നോയിഡ സെക്ടര്‍ 44-ലുള്ള ഡോവലിന്റെ വീട്ടിലാണ്. അവര്‍ക്ക് ജിദ്ദയിലും ദുബൈയിലും സിംഗപ്പൂരും ഓഫീസുകളുണ്ട്. വലതുപക്ഷ തിങ്ക്‌-ടാങ്കായ 'ഇന്ത്യ ഫൌണ്ടേഷഷ'ന്റെ ഡയറക്ടറും ശൗര്യ ഡോവലാണ്. എന്തായാലും, ഡോവലിന്റെ മിഡില്‍ ഈസ്റ്റ് ബന്ധങ്ങള്‍ വളരെ ശക്തമാണ് എന്നതു വ്യക്തമാണ്.

ഇപ്പോള്‍ പുതിയ വിവരങ്ങള്‍ പുറത്തു വരുന്നത് അനുസരിച്ച് ഡോവലിന്റെ ഇളയ മകന്റെ ഉയര്‍ച്ചയുമായി ബന്ധപ്പെട്ടാണ്. ലഭ്യമായതും സ്ഥിരീകരിക്കാവുന്നതുമായ വിവരങ്ങള്‍ വച്ചു നോക്കിയാല്‍ അയാള്‍ക്ക് ദുബൈയില്‍ നിരവധി ബിസിനസ് താത്പര്യങ്ങളുണ്ട്. അതിനൊപ്പം, യുഎഇ ഭരണാധികാരികളുമായി വളരെ അടുത്ത ബന്ധമുള്ള ഒരു മലയാളി ബിസിനസ് കുടുംബവുമായും ഡോവലിന്റെ ഇളയ മകന് ബിസിനസ് ബന്ധങ്ങളുണ്ട് എന്നതാണ് വിവരങ്ങള്‍.

ബിസിനസ് ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, അതൊരിക്കലും മോശം കാര്യവുമല്ല. എന്നാല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ആള്‍ക്ക് ഇത്തരത്തില്‍ താത്പര്യങ്ങള്‍ ഉണ്ടാകുന്നത് ശരിയായ കാര്യമല്ല. അത്തരം കാര്യങ്ങളില്‍ ആ പദവികളില്‍ ഇരിക്കുന്നവര്‍ മാറിനിന്നേ മതിയാവൂ.

Also Read: അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കേസ്: ക്രിസ്റ്റ്യൻ മിഷേലിലൂടെ സിബിഐ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത്?

ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയില്‍ ശിക്ഷിക്കുന്ന പക്ഷം അത് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്കുണ്ടാകുന്ന വലിയ നേട്ടമായിരിക്കും. കാരണം, ഇതുവരെ ഉന്നതരായ ആയുധ ഇടപാടുകാരോ ഇടനിലക്കാരോ ഇന്ത്യയില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. പക്ഷേ, അത്തരം കാര്യങ്ങളിലേക്ക് എത്തണമെങ്കില്‍ വളരെ കണിശവും പ്രൊഫഷണലുമായ അന്വേഷണം ആവശ്യമുണ്ട്.

മിഷേലിന്റെ വിട്ടുകിട്ടലുമായി ബന്ധപ്പെട്ട് ഇത്തരം നിരവധി നിഗൂഡതകള്‍ ഉയന്നു വന്നുകൊണ്ടിരിക്കെ, നമുക്ക് പ്രതീക്ഷിക്കാവുന്നത് വലിയ തോതിലുള്ള രാഷട്രീയ ഏറ്റുമുട്ടലുകള്‍ക്ക് രാജ്യം വേദിയാവും എന്നതാണ്.

Also Read: അജിത്‌ ഡോവലിന്റെ മകന്‍, നാല് കേന്ദ്രമന്ത്രിമാര്‍, ബിജെപി ജന. സെക്രട്ടറി; ഇന്ത്യാ ഫൗണ്ടേഷന്‍ വളര്‍ന്നതിങ്ങനെ

https://www.azhimukham.com/edit-augusta-westand-helicopter-scam-christian-michel-extradition-gandhi-family-modi-politics/

https://www.azhimukham.com/india-ajit-dovals-intervention-in-asthana-probe-indicates-democracy-needs-better-guardians-edit/

https://www.azhimukham.com/india-agusta-westland-deal-middle-man-christian-michel-account-statement-unavailable-cbi-faces-hurdle-find-bank-transactions/


Next Story

Related Stories