UPDATES

ത്രിപുരയിലെ ബിജെപി വിജയം; ബംഗാളില്‍ മമതയും സിപിഎമ്മും ഒരുപോലെ ആശങ്കയില്‍

പ്രസേന്‍ജിത് ബോസിന്റെ അഭിപ്രായത്തില്‍ ബംഗാളില്‍ ബി ജെ പി ശക്തിപ്പെട്ടാല്‍ അതിന്റെ ആദ്യത്തെ ആഘാതം കമ്മ്യൂണിസ്റ്റ് പാര്‍ടിക്കായിരിക്കും എന്നാണ്. ”അവര്‍ (ബി ജെ പി) ത്രിപുരയില്‍ ചെയ്തത്, ടി എം സിയോട് ചെയ്യണമെന്നില്ല, പക്ഷേ നിശ്ചയമായും ഇടതിനോടും കോണ്‍ഗ്രസിനോടും ചെയ്യും.”

ത്രിപുരയില്‍ മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സിപിഎം ഭരണം വീണാല്‍ അത് പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സമവാക്യങ്ങളെ ബാധിക്കുമെന്ന്, തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പേ വ്യക്തമായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഇനി കുറച്ചു മാസങ്ങള്‍ കൂടിയേ ബാക്കിയുള്ളൂ എന്ന അവസ്ഥയില്‍ പ്രത്യേകിച്ചും. കാല്‍ നൂറ്റാണ്ട് കാലത്തെ ഇടതുഭരണത്തെ തകര്‍ത്ത് ബി ജെ പി അധികാരം പിടിച്ചെടുത്ത ത്രിപുരയില്‍ തങ്ങളുടെ കക്ഷി ഒരു സാന്നിധ്യമല്ലാതായി മാറി എന്നു ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചറിയുന്നുണ്ട്.

അഞ്ച് വര്‍ഷം മുമ്പ് ത്രിപുരയിലെ ഇടതുവിരുദ്ധ ബംഗാളി വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ തുടങ്ങിയ തൃണമൂല്‍ മേധാവി മമത ബാനര്‍ജിക്ക്, 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വലിയ പ്രാദേശിക ശക്തിയായി ഉയര്‍ന്നുവരാമെന്ന അവരുടെ മോഹങ്ങള്‍ക്കേറ്റ വലിയ തിരിച്ചടിയാണിത്.

2017-ല്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍, സമാജ്‌വാദി പാര്‍ടി, ജനതാദള്‍ നേതാക്കള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയ മമത, ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാരിനെതിരായ വലിയ പ്രകടനങ്ങളിലും പങ്കെടുത്തു. പാര്‍ലമെന്റില്‍ സി പി ഐ (എം) അംഗങ്ങള്‍ തൃണമൂല്‍ അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ബി ജെ പിയെ എതിര്‍ത്തു. ശനിയാഴ്ച, ബി ജെ പി ജയത്തെ ചെറുതാക്കിക്കണ്ട മമത, സി പി എമ്മിനെ കുറ്റപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ അടുത്ത ലക്ഷ്യം ബംഗാളാണ് എന്നുപറഞ്ഞ ബി ജെ പി അദ്ധ്യക്ഷന്‍ അമിത് ഷായെ ലക്ഷ്യം വെച്ചു, ‘ഒരു ഉറുമ്പിന് ചിറകുകള്‍ മുളച്ചാല്‍ അത് പക്ഷിയാകില്ല” എന്ന് പരിഹസിക്കുകയും ചെയ്തു. ”കയ്യൂക്കും കാശും കൊണ്ട് ഈ തിരഞ്ഞെടുപ്പ് ജയിച്ചവര്‍ ബംഗാളില്‍ ജയിക്കാമെന്ന് സ്വപ്നം കാണണ്ട. ഇത് സി പി ഐ (എം)- ന്റെ പരാജയമാണ്, ബി ജെ പിയുടെ വിജയമല്ല,” മമത പറഞ്ഞു.

സാമ്പത്തിക വിദഗ്ദ്ധനും മുന്‍ സി പി എം അംഗവുമായിരുന്ന പ്രസേന്‍ജിത് ബോസിന്റെ അഭിപ്രായത്തില്‍ ബംഗാളില്‍ ബി ജെ പി ശക്തിപ്പെട്ടാല്‍ അതിന്റെ ആദ്യത്തെ ആഘാതം കമ്മ്യൂണിസ്റ്റ് പാര്‍ടിക്കായിരിക്കും എന്നാണ്. ”അവര്‍ (ബി ജെ പി) ത്രിപുരയില്‍ ചെയ്തത്, ടി എം സിയോട് ചെയ്യണമെന്നില്ല, പക്ഷേ നിശ്ചയമായും ഇടതിനോടും കോണ്‍ഗ്രസിനോടും ചെയ്യും.”

സി പി എമ്മിന്റെ പറമ്മോന്നത സമിതിയായ കേന്ദ്ര കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള പല നേതാക്കളും, ബി ജെ പിയെ തടയാന്‍ കോണ്‍ഗ്രസടക്കം പ്രാദേശിക കക്ഷികളുമായി സഖ്യം വേണമെന്ന നിലപാടുള്ളവരാണ്. എന്നാല്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും കേരള ഘടകവും ഇതിനെ എതിര്‍ക്കുന്നു.

”ബി ജെ പിക്കെതിരായ പോരാട്ടത്തില്‍ മറ്റ് പ്രതിപക്ഷ കക്ഷികളെയും കൂടെ കൂട്ടേണ്ടതുണ്ടെന്നു പരിഗണിക്കാതിരുന്നതുകൊണ്ടാണ് സി പി എം ത്രിപുരയില്‍ പരാജയപ്പെട്ടത്. ബി ജെ പിയുടെ വിഭവസ്രോതസുകളുടെയും ശക്തിയുടെയും ഉപയോഗത്തിന്റെ ആഘാതത്തെ സി പി എമ്മിന് അളക്കാന്‍ കഴിഞ്ഞില്ല. സി പി എമ്മിന്റെ അഹങ്കാരവും വോട്ടര്‍മാരുടെ ആത്മവിശ്വാസക്കുറവുമാണ് ഈ ഫലത്തിലേക്ക് എത്തിച്ചത്,” തൃണമൂല്‍ സെക്രട്ടറി ജനറല്‍ പാര്‍ത്ഥ ചാറ്റര്‍ജി കൊല്‍ക്കത്തയില്‍ പറഞ്ഞു.

സി പി എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യക്ക് 73-ആം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മമത ബാനര്‍ജി പൂക്കളും കേക്കും അയച്ചുനല്‍കിയതിന് രണ്ടു ദിവസത്തിനുള്ളിലാണ് ചാറ്റര്‍ജിയുടെ ഈ പ്രസ്താവന. ഫെബ്രുവരി 28-നു ‘ജനങ്ങളുടെ വിശാല താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ത്രിപുരയില്‍ സി പി എം ജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മമത ബാനര്‍ജി ബംഗാള്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഭട്ടാചാര്യ താമസിക്കുന്ന വീട് ഉടനെ അറ്റകുറ്റപ്പണി നടത്താന്‍ കൊല്‍ക്കത്ത നഗരസഭയോട് ബാനര്‍ജി ആവശ്യപ്പെടുകയും ചെയ്തു.

ഇടതു ഭരണകാലത്ത് രണ്ടു നേതാക്കളും കടുത്ത ശത്രുതയിലായിരുന്നു എന്ന വസ്തുത കണക്കിലെടുത്താല്‍ മമതയുടെ ഈ നടപടികള്‍ ശ്രദ്ധേയമാണ്. അവര്‍ പരസ്പരം കണ്ടുമുട്ടുന്നതുപോലും ഒഴിവാക്കിയിരുന്നു. ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഒരിക്കല്‍ മാത്രമാണു അവര്‍ തമ്മില്‍ സംസാരിച്ചിട്ടുള്ളത്. രാഷ്ട്രീയ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുമ്പോഴോ പാര്‍ടിയിലെ സഹപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴോ ഭട്ടാചാര്യ അന്നത്തെ പ്രതിപക്ഷ നേതാവിന്റെ പേരുപോലും പരാമര്‍ശിക്കാറില്ലായിരുന്നു.
ബംഗാളിലെ തങ്ങളുടെ ശക്തി ചോരാതെ സൂക്ഷിക്കാനായി, ബി ജെ പിയുടെ വളര്‍ച്ചതടയാന്‍ തൃണമൂല്‍ പുതിയ തന്ത്രം അവലംബിച്ചേക്കും എന്ന ഊഹങ്ങള്‍ക്കാണ് പാര്‍ത്ഥ ചാറ്റര്‍ജിയുടെ ശനിയാഴ്ചത്തെ പ്രസ്താവന തുടക്കമിട്ടത്. അടുത്തിടെ ബംഗാളില്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും സി പി എമ്മിനെക്കാളും കോണ്‍ഗ്രസിനെക്കാളും മികച്ച പ്രകടനം കാഴ്ച്ച വച്ച ബി ജെ പി, രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

”ത്രിപുര തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് തൃണമൂല്‍ ഒരിയ്ക്കലും കരുതിയിരുന്നില്ല, കാരണം ഞങ്ങള്‍ക്ക് ഉള്ളില്‍ നിന്നും ചതിച്ച് ബി ജെ പിക്കായി പ്രവര്‍ത്തിച്ചിരുന്ന ഒരു വഞ്ചകനുണ്ടായിരുന്നു. പക്ഷേ സി പി എം കൂടുതല്‍ ജാഗ്രത കാണിക്കേണ്ടിയിരുന്നു,” ചാറ്റര്‍ജി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബി ജെ പിയില്‍ ചേര്‍ന്ന തന്റെ കക്ഷിയുടെ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുകുള്‍ റോയിയെ സൂചിപ്പിച്ചാണ് ചാറ്റര്‍ജി അത് പറഞ്ഞത്. ”പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ ജയിക്കുന്നതിനെക്കുറിച്ച് ബംഗാളിലെ ബി ജെ പി നേതാക്കള്‍ സ്വപ്നം കാണണ്ട. ജനങ്ങളുടെ വിശ്വാസം മമത ബാനര്‍ജിക്കൊപ്പമുണ്ട്,” ചാറ്റര്‍ജി കൂട്ടിച്ചേര്‍ത്തു.

അതേസമയം ”കോണ്‍ഗ്രസും തൃണമൂലും അവര്‍ക്കൊപ്പം ലയിച്ചതുകൊണ്ടാണ് ബി ജെ പിക്ക് ത്രിപുരയില്‍ ജയിക്കാനായത് എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം മൊഹമ്മദ് സലീം അഭിപ്രായപ്പെട്ടു. മാര്‍ക്‌സിസ്റ്റുകളെ നേരിടാന്‍ അവര്‍ ബി ജെ പിയെ പിന്തുണച്ചു. കയ്യൂക്കിനും പണക്കൊഴുപ്പിനും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സി പി എമ്മിനായില്ല. ബി ജെ പിയെ സഹായിക്കുന്നതിന് പകരം ബംഗാളില്‍ തങ്ങളുടെ കോട്ട കാക്കാനാണ് തൃണമൂല്‍ ശ്രമിക്കേണ്ടത്,” – മൊഹമ്മദ് സലീം പറഞ്ഞു. മുകുള്‍ റോയ് രൂക്ഷമായാണ് പ്രതികരിച്ചത്, ”ത്രിപുരക്കാര്‍ മാറ്റത്തിനായാണ് വോട്ട് ചെയ്തത്. മമത ബാനര്‍ജി ഈയിടെ പറഞ്ഞത് ത്രിപുരയില്‍ ഇടതുപക്ഷം ജയിച്ചാല്‍ താന്‍ സന്തോഷിക്കും എന്നാണ്. അപ്പോള്‍ ഇടതുപക്ഷം തോറ്റത്തിന്റെ ഇത്തരവാദിത്തവും ഏറ്റെടുക്കണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ വിജയത്തിന്റെ സ്വാധീനം എന്തായാലുമുണ്ടാകും.” ബുദ്ധദേബ് ഭട്ടാചാര്യക്ക് മമത ബാനര്‍ജി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത് സൂചിപ്പിച്ച് സി പി എമ്മും തൃണമൂലും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് റോയ് കുറ്റപ്പെടുത്തി.

”ത്രിപുരയിലെ വിജയം ബംഗാളില്‍ ബി ജെ പിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും എന്നതുറപ്പാണ്. അത് പഞ്ചായത്തുകളില്‍ നിന്ന് തുടങ്ങും,” ബിജെപി ബംഗാള്‍ അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. സംസ്ഥാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് മേയിലോ ജൂണിലോ ആണ് നടക്കേണ്ടത്. പ്രായമേറിയ നേതാക്കളെ മാറ്റി പുതുമുഖങ്ങളെ കൊണ്ടുവന്ന് വലിയ അഴിച്ചുപണി നടത്തിയ ബംഗാള്‍ സി പി എമ്മിന് ശനിയാഴ്ചത്തെ പരാജയം വലിയ തിരിച്ചടിയാണ്.

”ഞങ്ങള്‍ക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ്, ഞങ്ങളത് 2011 മുതല്‍ പറയുന്നുണ്ട്. ത്രിപുരയിലെ അതേ തന്ത്രം ഉപയോഗിച്ച് വടക്കന്‍ ബംഗാളിലെ പല ആദിവാസി മേഖലകളിലും സ്വാധീനമുണ്ടാക്കാന്‍ ബി ജെ പി ശ്രമിക്കും. പക്ഷേ രണ്ടു സംസ്ഥാനങളിലെയും അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ വിഭിന്നമാണ്,” മൊഹമ്മദ് സലീം പറയുന്നു.

ത്രിപുരയിലെ ഞെട്ടിക്കുന്ന പരാജയത്തിന്റെ അലകള്‍ കമ്മ്യൂണിസ്റ്റുകാരുടെ അവസാന ശക്തികേന്ദ്രമായ അകലെയുള്ള കേരളത്തിലും അനുഭവപ്പെടുന്നുണ്ട്. ഈ പരാജയം വിശദീകരിക്കാന്‍ അവര്‍ ബുദ്ധിമുട്ടുന്നു. ബി ജെ പിയാണെങ്കില്‍ ഇവിടെ ഉയര്‍ന്നുവരാനുള്ള വലിയ ശ്രമത്തിലുമാണ്. കോണ്‍ഗ്രസുമായി കൂട്ടുകൂടണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നയത്തെ എന്നും പിന്തുണയ്ക്കുന്ന പാര്‍ടിയുടെ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ ‘ആവശ്യമായ സ്വയം വിമര്‍ശനം നടത്താനും മുന്നിലുള്ള അപകടങ്ങള്‍ കാണാനും” സി പി എം നേതാക്കളോട് ആവശ്യപ്പെട്ടു. ബി ജെ പിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടത്തിന്റെ ആവശ്യകതയാണ് ഈ ഫലം കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. ”യെച്ചൂരി പറഞ്ഞത് ശരിയാണ്. കേരളത്തിലെ നേതാക്കള്‍ ഇനിയെങ്കിലും കണ്ണുതുറക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍