Top

ഡോ. അംബേദ്‌ക്കറിന്റെ പ്രതിമയ്ക്ക് സംരക്ഷണം കൊടുക്കേണ്ടി വരുന്ന ഇന്ത്യയിലാണ് നമ്മളിന്ന് ഭരണഘടനാ ദിനം ആഘോഷിക്കുന്നത്

ഡോ. അംബേദ്‌ക്കറിന്റെ പ്രതിമയ്ക്ക് സംരക്ഷണം കൊടുക്കേണ്ടി വരുന്ന ഇന്ത്യയിലാണ് നമ്മളിന്ന് ഭരണഘടനാ ദിനം ആഘോഷിക്കുന്നത്
ചരിത്രത്തിന് വിചിത്രമായ ഒരു സ്വഭാവമുണ്ട്. അത് ചരിത്രം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നവരുള്‍പ്പെടെയുള്ള സ്ത്രീകളുടേയും പുരുഷന്മാരുടേയുമൊക്കെ സംഭാവനകളെ ചിലപ്പോള്‍ ചെറുതാക്കിക്കാണിക്കും, ചിലപ്പോള്‍ ഒഴിവാക്കിത്തന്നെ കളയും. ഉദാഹരണത്തിന് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലേക്ക് തന്നെ നോക്കൂ. ദക്ഷിണേന്ത്യയില്‍ ജനിച്ച രണ്ടു മനുഷ്യരുടെ കാര്യത്തില്‍ നമ്മുടെ നിലവിലുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍ പുലര്‍ത്തുന്ന അവഗണനകളെ കുറിച്ച്.

ഒറ്റപ്പാലംകാരന്‍ വപ്പല പങ്കുണ്ണി മേനോന്‍ എന്ന വി.പി മേനോന്റെ നയതന്ത്രമിടുക്കും കാച്ചിക്കുറുക്കിയുള്ള ഇടപെടലുകളും ഇല്ലായിരുന്നെങ്കില്‍ 600-ഓളം വരുന്ന രാജകുടുംബങ്ങള്‍ ഒരു ആധുനിക ഇന്ത്യ കെട്ടിപ്പടുക്കാന്‍ അത്രയെളുപ്പം സമ്മതിക്കുമായിരുന്നില്ല. എന്നാല്‍ വി.പി മേനോന്റെ സംഭാവനകളെ വേണ്ട വിധത്തില്‍ ആദരിക്കുന്നതിലോ അംഗീകരിക്കുന്നതിലോ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

അതുപോലെ തന്നെയാണ് 1887 ഫെബ്രുവരി 26-ന് മംഗലാപുരത്ത് ജനിച്ച ബനെഗല്‍ നരസിംഗ് റാവുവിന്റെ കാര്യവും. ഇന്ത്യന്‍ സിവില്‍ സര്‍വീസിലെ ഒരു ജൂണിയര്‍ പദവിയില്‍ തന്റെ സര്‍ക്കാര്‍ ഉദ്യോഗം തുടങ്ങുന്നതിന് മുമ്പ് റെയില്‍വേ ഫയര്‍മാനായും കല്‍ക്കരിഖനിയിലും ബാംഗ്ലൂര്‍ ടുബാക്കോ കമ്പനി ക്ലര്‍ക്ക് ഒക്കെയായും ജോലി ചെയ്ത ചരിത്രം വി.പി മേനോനുമുണ്ടെങ്കില്‍ റാവുവിന്റേത് മറ്റൊരു വിധത്തില്‍ അസാധാരണമായ കരിയറായിരുന്നു.

കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പഠിച്ചിറങ്ങിയ റാവു തുടക്കം മുതല്‍ മിടുക്കനായ ഒരു വിദ്യാര്‍ത്ഥി എന്ന് പേരെടുത്തയാളാണ്. ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായ റാവുവിന്റെ ആദ്യ പോസ്റ്റിംഗ് ബംഗാളിലായിരുന്നു. തന്റെ കരിയറിലുടനീളം വിവിധ സ്ഥാനങ്ങള്‍, ജുഡീഷ്യറിയിലടക്കം അദ്ദേഹം വഹിച്ചു. 1938-ല്‍ അദ്ദേഹത്തിന് സര്‍ പദവി ലഭിച്ചു.

1946-ലാണ് റാവുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായ നിയമനം നടക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയ്ക്ക് രൂപം നല്‍കിയ, പുതുതായി രൂപം കൊടുത്ത കോണ്‍സ്റ്റിറ്റുവന്റ്  അസംബ്ലിയുടെ ഉപദേശകനായി അദ്ദേഹം നിയമിതനായി. ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തിനു വേണ്ടിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന- 1,45,000 വാക്കുകള്‍, വളരെ മികച്ച ഒരു ആമുഖം (Preamble), 448 അനുചേ്ഛദങ്ങള്‍ (Articles) 12 അനുബന്ധങ്ങള്‍ (Schedules), അഞ്ച് റഫറന്‍സുകള്‍ (Appendices)- യുടെ ആദ്യ കരടിന് രൂപം നല്‍കിയത് റാവുവായിരുന്നു.

ഇന്ന്, നവംബര്‍ 26. നാം ഭരണഘടനാദിനമായി ആഘോഷിക്കുന്ന ദിവസം. ഇതിന്റെ ഒരു പുതിയ ആഘോഷ പരിപാടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി- അദ്ദേഹത്തിന്റെ തലതൊട്ടപ്പനായ എല്‍.കെ അദ്വാനി മോദിയെ ഒരിക്കല്‍ വിശേഷിപ്പിച്ചത് ഉഗ്രന്‍ ഈവന്റ് മാനേജര്‍ എന്നാണ്- 2015-ല്‍ തുടക്കം കുറിച്ചിരുന്നു.

അങ്ങനെ ഔദ്യോഗിക ആഘോഷപരിപാടികള്‍ രാജ്യമെമ്പാടും നടക്കുമ്പോള്‍ ഈ രാജ്യത്തെ 125 കോടി ജനങ്ങള്‍, കുറഞ്ഞത് രണ്ടു നേരം വിശപ്പടക്കാന്‍ കഴിയുന്നവരും ദൈനംദിന ജീവിതം ഏതെങ്കിലും വിധത്തില്‍ പൊരുതിയെങ്കിലും മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുന്നവരെങ്കിലും ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. നമ്മള്‍, നമ്മുടെ നേതാക്കള്‍, നമ്മുടെ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ ഒക്കെ നമ്മുടെ ഭരണഘടനയോട് സത്യസന്ധതയും ആത്മാര്‍ത്ഥതയും കൂറും പുലര്‍ത്തുന്നുണ്ടോ? ആ മഹത്തായ ഭരണഘടനയെ അടിസ്ഥാനപ്പെടുത്തി ഒരു ഉദാര ജനാധിപത്യം എന്ന നിലയിലുള്ള ഇന്ത്യയുടെ ഉയര്‍ച്ച നാം കാണുന്നൂണ്ടോ? അതോ, എഴുതപ്പെട്ട ആ ഭരണഘടനയെ ഇല്ലാതാക്കാനും ഇന്ത്യയെ പിന്നോട്ടു നയിച്ച് ഇരുണ്ട യുഗത്തിലെത്തിക്കാനുമുള്ള ശ്രമങ്ങള്‍ക്കാണോ നാം സാക്ഷ്യം വഹിക്കുന്നത്?

കഴിഞ്ഞ രണ്ടാഴ്ചത്തെ കാര്യങ്ങളെടുക്കുക. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നമ്മുടെ മുമ്പാകെയുണ്ട്. അതിനെ ഏതുവിധത്തിലും നടപ്പാക്കാതിരിക്കാനും ആ ഉത്തരവിനെ തന്നെ ചോദ്യം ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുകയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയും അവരുടെ അനുബന്ധ സംഘടനകളും. പ്രതിപക്ഷമായ കോണ്‍ഗ്രസാകട്ടെ, ഇതിന് ചൂട്ടുപിടിച്ചു കൊടുക്കുകയും ചെയ്യുന്നു. സംസ്ഥാന സര്‍ക്കാരാകട്ടെ, ആ വിധി നടപ്പാക്കുന്നതില്‍ ആത്മാര്‍ത്ഥമായ ശ്രമമൊട്ടു നടത്തുന്നുമില്ല. മല കയറാന്‍ വന്ന സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതും തിരിച്ചയയ്ക്കപ്പെടുന്നതും അവരെ നിരുത്സാഹപ്പെടുത്തുന്നതും ഒക്കെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.

മറ്റൊന്ന് അയോധ്യാ ഭൂമി തര്‍ക്ക വിഷയത്തിലുള്ള സുപ്രീം കോടതി തീരുമാനമാണ്. ആ വിധിയെ പരിഹസിക്കുകയും രാജ്യത്തെ നിയമവാഴ്ചയെ തന്നെ ചോദ്യം ചെയ്യുകയുമാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയിലെ അംഗങ്ങള്‍.

ആന്ധ്രാ പ്രദേശിലും ബംഗാളിലുമൊക്കെ വിവിധ അന്വേഷണ ഏജന്‍സികള്‍ യാതൊരു വിധത്തിലുള്ള ഫെഡറല്‍ നിയമങ്ങളും പാലിക്കാതെ നടത്തുന്ന നടപടികള്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ ചോദ്യം ചെയ്യുന്നുണ്ട്.

സിബിഐയില്‍ നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് സുപ്രീം കോടതി എന്താണ് വിധി പറയുക എന്ന് നമുക്കറിയില്ല. എന്നാല്‍ നമുക്ക് ഒരു കാര്യം വ്യക്തമാണ്. 1997-ലെ വിനീത് നാരായണ്‍ വിധിയിലൂടെ സുപ്രീം കോടതി മുന്നോട്ടു വച്ച എല്ലാ നടപടി ക്രമങ്ങളും അട്ടിമറിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുള്ളത് എന്ന്.

നമ്മുടെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെയും സ്വയംഭരണം ഓരോ ദിവസമായി ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഭരണത്തില്‍ എത്രത്തോളം തരംതാഴാമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ ദിവസേനെയെന്നോണം തെളിയിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിലും നമ്മുടെ ഇന്‍സ്റ്റിറ്റ്യൂഷനുകളെ ആക്രമിക്കുന്ന കാര്യത്തില്‍ ഈ സര്‍ക്കാര്‍ മാത്രമല്ല ഉള്ളത്. മുമ്പ് ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും ഒക്കെ ഈ മാതൃക പിന്തുടര്‍ന്നിട്ടുള്ളവരാണ്.

ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ഇന്നത്തെ രൂപത്തിലേക്ക് പരിവര്‍ത്തപ്പെടുന്നതു സംബന്ധിച്ച് നേരിയ വ്യത്യാസമുള്ള വീക്ഷണമായിരുന്നു റാവുവിന് ഉണ്ടായിരുന്നത്. അതായത്, രാജ്യത്തിന്റെ പ്രസിഡന്റിനെ മുന്‍നിര്‍ത്തി കൂടുതല്‍ അധികാര കേന്ദ്രീകരണം ഉണ്ടാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അദ്ദേഹത്തിന്റെ ആദ്യ കരടിലുള്ള ആമുഖത്തില്‍ ഇങ്ങനെ പറയുന്നു: "We, the people of India, seeking to promote the common good, do hereby, through our chosen representatives, enact, adopt and give to ourselves this constitution". റാവുവിന്റെ ആശയങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാവുന്നതാണ്.

ഇപ്പോള്‍, ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ഭരണഘടനാദിനം ആഘോഷിക്കുന്ന വേളയില്‍ ഒരുകാര്യം നാം മറന്നു പോകരുത്. ഒരു ഭരണഘടന രൂപപ്പെടുത്തുന്നതില്‍ റാവു സഹായിച്ച ആദ്യ രാജ്യമല്ല ഇന്ത്യ. ബര്‍മ (ഇന്നത്തെ മ്യാന്‍മാര്‍)യുടെ ഭരണഘടന രൂപപ്പെടുത്തുന്നതില്‍ റാവു നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട് എന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. ബര്‍മയുടെ ഐതിഹാസിക വിപ്ലവ നേതാവ് ബോഗ്യോക് (മേജര്‍ ജനറല്‍) ആങ് സാനിനെ ഭരണഘടന ഉണ്ടാക്കുന്നതില്‍ സഹായിച്ചത് റാവുവാണ്. എന്നാല്‍ ഇന്ന് ബര്‍മയിലേക്ക് നോക്കൂ. അതിന്റെ ഭരണഘടന ആ രാജ്യത്തെ സൈന്യം അട്ടിമറിച്ചിരിക്കുന്നു. ആങ് സാനിന്റെ അതിപ്രശസ്തയായ മകള്‍, നോബല്‍ സമ്മാന ജേതാവു കൂടിയായ ആങ് സാന്‍ സൂ കിയുടെ ചെവിയില്‍ പോലും ആ രാജ്യത്തെ രോഹിംഗ്യകളുടെ കരച്ചില്‍ പതിക്കുന്നില്ല.

ഏതു ഭരണഘടനയ്ക്കും അതിന്റെ മൂല്യം കൈവരുന്നത് ഈ രാജ്യത്തെ സ്ത്രീയും പുരുഷനും ട്രാന്‍സ്‌ജെന്‍ഡറും ഒക്കെ അതിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സന്നദ്ധത കാണിക്കുകയും അത് നടപ്പാക്കുകയും ചെയ്യുമ്പോഴാണ്. എന്നാലിന്ന് നമ്മുടെ ഭരണഘടനയുടെ വിധിയെക്കുറിച്ചോര്‍ത്താല്‍ അത് ആഘോഷിക്കുന്നതിനേക്കാള്‍ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത് എന്നു നമുക്ക് മനസിലാകും.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ദളിതര്‍ അധിവസിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍ പ്രദേശില്‍ നമ്മുടെ ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍ അംബേദ്ക്കറിന്റെ പ്രതിമ അക്രമകാരികള്‍ തകര്‍ക്കാതിരിക്കാന്‍ സംരക്ഷണം കൊടുക്കേണ്ടി വരുന്നു എന്നത് തന്നെ സൂചിപ്പിക്കുന്നത് നമുക്ക് ആശങ്കപ്പെടാന്‍ കാരണങ്ങളുണ്ട് എന്നു തന്നെയാണ്.

https://www.azhimukham.com/india-constitution-jingoism-rss-democracy-deepak/

https://www.azhimukham.com/sree-padmanabha-temple-kerala-high-court-women-churidar-constitution-pramod/

https://www.azhimukham.com/opinion-2017-and-indian-democracy-will-survive-when-bjp-and-congress-fighting-harish-khare/

https://www.azhimukham.com/india-hadiya-case-and-nia-investigation-on-love-jihad/

https://www.azhimukham.com/sangh-parivar-leader-against-constitution/

https://www.azhimukham.com/video-protecting-indian-constitution-campaign-we-the-people-supported-by-sunil-p-ilayidom/

Next Story

Related Stories