Top

തെരഞ്ഞെടുപ്പ് കമ്മീഷനോട്‌; പേപ്പര്‍ ബാലറ്റിനുള്ള സമയമായി; ഇന്ത്യന്‍ ജനതയ്ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം ഇല്ലാതാക്കരുത്

തെരഞ്ഞെടുപ്പ് കമ്മീഷനോട്‌; പേപ്പര്‍ ബാലറ്റിനുള്ള സമയമായി; ഇന്ത്യന്‍ ജനതയ്ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം ഇല്ലാതാക്കരുത്
ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകളുടെ ഫലപ്രഖ്യാപനത്തോടെ അതിന്റെ ബഹളങ്ങളും അവസാനിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിലെ പ്രധാനപ്പെട്ട മറ്റൊരു പ്രധാന ഘടകത്തിനു മേല്‍ കൂടി ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്- ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍.

ഗുജറാത്തില്‍ ബിജെപിയുടെ വിജയം ഇപ്പോഴും ഉള്‍ക്കെള്ളാന്‍ തയാറാകാത്തവര്‍ പ്രധാനമായും ഉന്നയിക്കുന്ന വിമര്‍ശനങ്ങളിലൊന്ന് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ചാണ്. അവര്‍ കരുതുന്നത് വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപകമായല്ലാതെ, തെരഞ്ഞെടുത്ത ഒരു പാറ്റേണ്‍ അനുസരിച്ച്, എന്നാല്‍ തെളിവുകള്‍ അവശേഷിപ്പിക്കാതെ കൃത്രിമം നടത്തിയിട്ടുണ്ട് എന്നാണ്. അവര്‍ കരുതുന്നത്, അത് കോണ്‍ഗ്രസിന്റെ ചില ഉറച്ച സീറ്റുകളെ കൃത്യമായി ടാര്‍ജറ്റ് ചെയ്തു തന്നെയാണ് പ്രവര്‍ത്തിച്ചത് എന്നാണ്-അതിന് അവര്‍ ചൂണ്ടിക്കാണിക്കുന്നത് സംസ്ഥാനത്തെ മുതിര്‍ന്ന ഒരുകൂട്ടം കോണ്‍ഗ്രസ് നേതാക്കളുടെ തോല്‍വി തന്നെയാണ്- ശക്തി സിംഗ് ഗോഹില്‍, അര്‍ജുന്‍ മോദ്‌വാദിയ, സിദ്ധാര്‍ത്ഥ് പട്ടേല്‍, മുന്‍ കേന്ദ്രമന്ത്രി കൂടിയായ തുഷാര്‍ ചൗധരി തുടങ്ങിയവര്‍. അതോടൊപ്പം, ജി.എസ്.ടി പ്രതിഷേധത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന സൂറത്തില്‍ ബിജെപിയുടെ ശക്തമായ പ്രകടനത്തെയും തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റൊന്ന്, പട്ടേല്‍ പ്രതിഷേധം ശക്തമായിരുന്ന പല മേഖലകളിലേയും സീറ്റുകളില്‍ ബിജെപി അത്ഭുതകരമായ പ്രകടനം നടത്തി എന്നതും അവര്‍ പറയുന്നു.

http://www.azhimukham.com/evm-tampering-alegation-election-commission-manipulation-azhimukham/

വോട്ടിംഗ് യന്ത്രത്തിന്റെ കാര്യത്തില്‍ സംശയാലുക്കളായ മനുഷ്യരുടെ എണ്ണം ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും വര്‍ധിച്ചു വരികയാണ്. ഒപ്പം, ഈ വിഷയത്തില്‍ സുപ്രീം കോടതി ശരിയായ നിലപാടല്ല സ്വീകരിച്ചത് എന്ന പരാതിയും അവര്‍ക്കുണ്ട്. വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍, VVPAT (വോട്ട് ചെയ്തത് ഇന്നയാള്‍ക്കാണെന്ന് വോട്ടര്‍ക്ക് ലഭിക്കുന്ന ഉറപ്പ്) മായി താരതമ്യം ചെയ്ത് 25 ശതമാനമെങ്കിലും എണ്ണണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു.

മറ്റൊന്ന്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും അതിന്റെ മുഖ്യ കമ്മീഷണര്‍ എ.കെ ജോതിയുടെയും സംശയകരമായ പ്രവര്‍ത്തികളാണ്. ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ, മോദി കൈപിടിച്ച് കേന്ദ്രത്തിലേക്ക് കൊണ്ടുവന്നയാള്‍. ഗുജറാത്ത് ചീഫ് സെക്രട്ടറിയായിരുന്നയാളും ഒപ്പം സര്‍ക്കാര്‍ ഖജനാവിന് 20,000 കോടി രൂപയുടെ നഷ്ടം വരുത്തി വച്ച ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോളിയം കോര്‍പറേഷന്‍ (GSPC) ചെയര്‍മാനുമായി ഇരുന്നയാളാണ്. 2ജി കുംഭകോണത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് സി.എ.ജി തന്നെ ചൂണ്ടിക്കാട്ടിയ ഒന്നാണിത്. ശരിയായ അന്വേഷണം നടക്കുകയാണെങ്കില്‍ ഗൗരവകരമായ കുറ്റങ്ങള്‍ക്ക് അകത്തു പോകാന്‍ സാധ്യതയുള്ളയാള്‍.

http://www.azhimukham.com/modi-saurabh-patel-corruption-oil-gas-blocks-gujarat-energy-petrochemicals-minister/

വോട്ടിംഗ് യന്ത്രത്തില്‍ പൂര്‍ണ വിശ്വാസം ഉള്ളവരും സംശയം പ്രകടിപ്പിക്കുന്നവരുടെ അത്ര തന്നെയുണ്ട്, എന്നാല്‍ അവര്‍ ഇതിനു പറയുന്ന ന്യായം നാള്‍ക്കുനാള്‍ അംസബന്ധമായി മാറിക്കൊണ്ടിരിക്കുന്നുമുണ്ട്. ഉദാഹരണമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇന്നലെ പറഞ്ഞത്, വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്താമെങ്കില്‍ പഞ്ചാബില്‍ എന്തുകൊണ്ട് കോണ്‍ഗ്രസും ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും വിജയിച്ചു എന്നാണ്.

വോട്ടിംഗ് യന്ത്രത്തെ ശക്തമായി ന്യായീകരിച്ചു കൊണ്ട് ഇപ്പോള്‍ രംഗത്തുവന്നിട്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷനാകട്ടെ, ഇതില്‍ ക്രമക്കേട് നടത്താന്‍ സാധിക്കുമോ എന്ന കാര്യം സംശയാതീതമായി പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ തയാറുമല്ല.

വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടക്കുന്നുണ്ട്, ഇല്ല എന്നീ വാദഗതികള്‍ നിലനില്‍ക്കെ തന്നെ ഒരു കാര്യം ഉറപ്പിച്ചു പറയാം, ഒരുവിധപ്പെട്ട പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഇന്ന് അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു. ബിജെപി പ്രതിപക്ഷത്തിരുന്നപ്പോള്‍, വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യതയെ കുറിച്ച് സംശയമുയര്‍ത്തിയ പ്രധാന ശബ്ദങ്ങളിലൊന്ന് എല്‍.കെ അദ്വാനിയുടേതായിരുന്നു. 2014-നു ശേഷം ആം ആദ്മി പാര്‍ട്ടി മുതല്‍ കോണ്‍ഗ്രസ് വരെയുള്ള പാര്‍ട്ടികളെല്ലാം വോട്ടിംഗ് യന്ത്രത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. വോട്ടിംഗ് യന്ത്രത്തിന്റെ കാര്യത്തില്‍ യാതൊരു സംശയവുമില്ലാത്ത ഒരേയൊരു പാര്‍ട്ടി ഇന്ന് ബിജെപിയാണ് താനും.

http://www.azhimukham.com/evm-electronic-voting-machines-controversy-pravoor-election-keralam/

ഞങ്ങള്‍ സാങ്കേതിക വിദഗ്ധരല്ല. വോട്ടിംഗ് യന്ത്രങ്ങള്‍ യാതൊരു വിധത്തിലും ക്രമക്കേട് നടത്താന്‍ പറ്റാത്തവയാണ് എന്ന വാദഗതികള്‍ അംഗീകരിക്കുകയും ചെയ്യാം. എന്നാല്‍, ഈയൊരു കാര്യം പറയുന്നതിന് ഒരു സാങ്കേതിക ജ്ഞാനത്തിന്റേയും ആവശ്യമില്ല. അത്: തെരഞ്ഞെടുപ്പുകള്‍ സംശയത്തിന് അതീതമാകണം എന്നതാണ്.

അത് നമ്മുടെ ബാങ്കിംഗ് സംവിധാനങ്ങള്‍ പോലെയാണ്. അവ നിലനില്‍ക്കുന്നത് വിശ്വാസ്യതയുടേയും വിശ്വസ്തതയുടേയും പുറത്താണ്. അപ്പോള്‍ അവ ശരിയായി നടന്നാല്‍ മാത്രം പോര, ശരിയായി നടക്കുന്നുവെന്ന് തെളിയുകയും വേണം. വോട്ടിംഗ് യന്ത്രങ്ങളെ ശക്തമായി ന്യായീകരിക്കുന്നവര്‍ പോലും ഒരു കാര്യം തള്ളിക്കളയില്ല: രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകള്‍- യു.പി, ഗുജറാത്ത്- നടന്നിട്ടുള്ളതില്‍ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട് എന്ന കാര്യം. അതിനര്‍ത്ഥം: നമ്മുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിനു മേല്‍ സംശയത്തിന്റെ നിഴല്‍ വീണു കഴിഞ്ഞിരിക്കുന്നു എന്നാണ്.

അത്തരത്തില്‍ വിശ്വാസ്യതയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു കഴിഞ്ഞാല്‍, തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുന്ന മിക്ക പാര്‍ട്ടികളും സംശയം ഉന്നയിച്ചു കഴിഞ്ഞാല്‍, ആ വിശ്വാസ്യത വീണ്ടെടുക്കേണ്ടതും സംശയ നിവാരണം വരുത്തേണ്ടതും അതിന് ഉത്തരവാദിത്തപ്പെട്ട ഇന്‍സ്റ്റിറ്റ്യൂഷനുകളുടെ ചുമതലയാണ്. അതൊരു രാഷ്ട്രീയവും ഭരണപരവുമായ കാര്യമാണ്- സാങ്കേതിക പ്രശ്‌നമല്ല.

http://www.azhimukham.com/botswana-to-host-evm-hackathon-using-india-made-machines/

വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നതിനു ശേഷം അവര്‍ക്ക് വിശ്വാസം ഉണ്ടാക്കാന്‍ വേണ്ടി ആവശ്യമായ കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തിട്ടുണ്ടോ? അത് ചെയ്തില്ലെങ്കില്‍ എന്തുകൊണ്ട് ചെയ്തില്ല? അത് കേവലം വോട്ടിംഗ് യന്ത്രങ്ങള്‍ പിഴവില്ലാത്തതാണ്, അല്ലെങ്കില്‍ ഹാക്ക് ചെയ്യാം എന്ന വിഷയമല്ല. അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയായ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുക എന്നതിന്റെ ഭാഗമാണ്. അതിന് നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, അല്ലെങ്കില്‍ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെങ്കില്‍, എത്രയും വേഗം പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങിപ്പോവുക, അല്ലെങ്കില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന ഒരു മാതൃക സ്വീകരിക്കുക.

ഒരു പക്ഷേ, ഒരുവിധപ്പെട്ട ആധുനിക സമൂഹങ്ങളൊക്കെ സ്വീകരിച്ചിരിക്കുന്ന, അംഗീകരിച്ചിരിക്കുന്ന പേപ്പര്‍ ബാലറ്റ് തന്നെയായിരിക്കും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏക മാര്‍ഗം.

http://www.azhimukham.com/newsupdate-parliamentary-committee-seeks-opinion-from-politicalparties-and-election-commission-on-fptp-election-system/

http://www.azhimukham.com/technology-can-anybody-tamper-electronic-voting-machine-praveen/

Next Story

Related Stories