TopTop

നോട്ട് നിരോധനം, ജി.എസ്.ടി: നടുവൊടിയുന്ന ഇന്ത്യന്‍ ജീവിതങ്ങള്‍

നോട്ട് നിരോധനം, ജി.എസ്.ടി: നടുവൊടിയുന്ന ഇന്ത്യന്‍ ജീവിതങ്ങള്‍
ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിനു ശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നടത്തിയ വെള്ളിയാഴ്ച വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനം എല്ലാവരും കണ്ടു കാണുമല്ലോ.

ഇതിന് സാക്ഷിയായ ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെങ്കിലും ഓര്‍മ വന്നത് ധനമന്ത്രിമാരുടെ പഴയകാല ബജറ്റ് അവതരണമാണ്, ഓരോ വസ്തുക്കളുടേയും പേരുകളും അവയുടെ നികുതി നിരക്കുകളുമൊക്കെ അടങ്ങുന്ന നീണ്ട ലിസ്റ്റ് ഇങ്ങനെ വായിച്ചു പോകുന്ന മന്ത്രിയും ബോറടിച്ച് മന്ത്രിയെ തുറിച്ചു നോക്കിയിരിക്കുന്ന എം.പിമാരും. ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയ ജയ്റ്റ്‌ലി ഓര്‍മിപ്പിച്ചതും അതുതന്നെയായിരുന്നു. ജി.എസ്.ടി എന്ന വിപ്ലവാത്മകമായ നികുതി സമ്പ്രദായം നടപ്പില്‍ വരുത്തുന്നതിന് ചുക്കാന്‍ പിടിച്ച ദീര്‍ഘവീക്ഷണമുള്ള ഒരു ധനമന്ത്രി എന്ന നിലയിലായിരുന്നില്ല, മറിച്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള, പഴയ കളറുകള്‍ തേഞ്ഞു തുടങ്ങുന്ന ഒരു കാലത്തെ ഓര്‍മിപ്പിക്കുന്ന, ക്ഷീണിതനായ ഒരു ധനമന്ത്രി.

ജി.എസ്.ടി നിരക്കുകളില്‍ കൂടുതല്‍ കുറവുകള്‍ വരുത്തിയ കാര്യമാണ് സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചത്. അതില്‍ ഏറ്റവും പ്രധാനം ചെറുകിട വ്യാപാരികള്‍ക്ക് നല്‍കിയ ഇളവുകള്‍ തന്നെയാണ്. വാര്‍ഷിക വരുമാനം ഒന്നര കോടിയില്‍ കുറവുള്ള വ്യാപാരികള്‍ ഇനി മുതല്‍ മാസം തോറും റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതിനു പകരം ഒരു ക്വാര്‍ട്ടറില്‍ ഒരു തവണ ഫയല്‍ ചെയ്താല്‍ മതിയാകും.

നേരത്തെ ഒരു തവണ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടിയിരുന്നതിനു പകരം ഓരോ മാസവും മൂന്നു തവണ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട ക്ലേശകരമായ പ്രവര്‍ത്തിയായിരുന്നു ജി.എസ്.ടി നടപ്പിലാക്കപ്പെട്ടപ്പോള്‍ മുതല്‍ ചെറുകിട വ്യാപാരികള്‍ ചെയ്തിരുന്നത്. അതിനൊപ്പം, ഈ വിധത്തില്‍ ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യാനായി വലിയ തോതിലുള്ള സമയവും ചെലവഴിക്കേണ്ടിയിരുന്നു. അത്രമാത്രം ദുര്‍ഗ്രഹതയുള്ള, മനുഷ്യാധ്വാനം ആവശ്യപ്പെടുന്നതായിരുന്നു ജി.എസ്.ടി പോര്‍ട്ടലും.

എന്തായിരുന്നു ജി.എസ്.ടി നടപ്പിലാക്കിയപ്പോള്‍ മുതല്‍ നാം കണ്ടുകൊണ്ടിരുന്നത്?

- ചെറുകിട വ്യാപാരികള്‍ അവരുടെ നികുതി അടച്ചു, എന്നാല്‍ സമയത്തിന് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

- വന്‍കിട കമ്പനികള്‍ തങ്ങള്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ക്ക് ജി.എസ്.ടി നിരക്കു കൂടി ചേര്‍ക്കുകയും എന്നാല്‍ തങ്ങള്‍ക്ക് ലഭിക്കുന്ന നികുതി വിഹിതം കുറയ്ക്കാതിരിക്കുകയും ചെയ്ത അവസ്ഥയായിരുന്നു. ഇതുമൂലം ഉത്പന്നങ്ങളുടെ വില പലമടങ്ങ് വര്‍ധിച്ചു.

- ഉയര്‍ന്ന ജി.എസ്.ടി നിരക്ക് വ്യാപാരികളേയും ജനങ്ങളേയും വളരെയധികം ബുദ്ധിമുട്ടിച്ചു. ഇല്ലാതാക്കിയെന്ന് അവകാശപ്പെട്ട കരിഞ്ചന്ത അങ്ങനെയോ അതിലും വലുതായി തന്നെയോ മടങ്ങിവന്നു.

ഒരു രാജ്യത്തിന്റെ മൊത്തം ഭാഗധേയം നിര്‍ണയിക്കുന്ന വലിയൊരു പരിണാമത്തിലേക്കുള്ള ചുവടുവയ്പുകള്‍ യാതൊരു വിധത്തിലും ശാസ്ത്രീയമല്ലാതെ ചെയ്തതിന്റെ അനന്തരഫലമായിരുന്നു അത്.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കിതച്ചു തുടങ്ങിയിട്ട് നാളുകളേറെയായി. സാമ്പത്തിക മാന്ദ്യം ഇതിനകം തന്നെ പിടിമുറുക്കിയിരിക്കുന്നു. ജി.എസ്.ടി നടപ്പാക്കിയത് ഈ മാന്ദ്യത്തെ കൂടുതല്‍ രൂക്ഷമാക്കുമെന്ന മുന്നറിയിപ്പുകള്‍ ഇതിനകം തന്നെ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ജി.എസ്.ടി ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ അതിന്റെ മുഴുവന്‍ അളവില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടുമില്ല. അതായത്, കാത്തിരിക്കുന്നത് അത്ര നല്ല സമയമല്ല എന്നു ചുരുക്കം.

മറ്റുള്ളവരുടെ വാക്കുകള്‍ക്ക് വില കൊടുക്കാതിരിക്കുകയും ആഗോള സാഹചര്യങ്ങളെ ശരിയായ വിധത്തില്‍ മനസിലാക്കുകയും ചെയ്യാതെ കര്‍ക്കശമായ നേതൃത്വം കൊണ്ട് എല്ലാം ശരിയാക്കിയെടുക്കാമെന്ന തെറ്റിദ്ധാരണയാണ് പ്രധാനമന്ത്രിക്കുള്ളത്.1994-ലാണ് സിംഗപ്പൂര്‍ അവരുടെ ജി.എസ്.ടി നടപ്പാക്കിത്. മൂന്നു ശതമാനമായിരുന്നു നികുതി നിരക്ക് തുടക്കത്തില്‍. കുറഞ്ഞത് അഞ്ചു വര്‍ഷത്തേക്ക് നികുതി നിരക്ക് ഉയര്‍ത്തില്ല എന്നായിരുന്നു അന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്ന ഉറപ്പുകള്‍. അതിനൊപ്പം, ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും വിധത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് പ്രത്യേക പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കോര്‍പറേറ്റ് നികുതിയിലും ആദായ നികുതിയിലും ഉള്ള ഇളവുകള്‍ ഉള്‍പ്പെടെയായിരുന്നു ഇത്.

ഏതൊക്കെ സമയത്ത് സിംഗപ്പൂര്‍ ജി.എസ്.ടി നിരക്ക് ഉയര്‍ത്തിയോ ആ സമയത്തൊക്കെ ഒരു ആശ്വാസ പാക്കേജും അവര്‍ പ്രഖ്യാപിച്ചിരുന്നു. അങ്ങനെ സാധാരണ മനുഷ്യരുടെ ജീവിതത്തെ അതെങ്ങനെ മോശമായി ബാധിക്കാതിരിക്കാം എന്ന കരുതലായിരുന്നു ഇതിന്റെ അടിസ്ഥാനം.

2015-ലാണ് മലേഷ്യ ജി.എസ്.ടി നടപ്പാക്കിയത്. അതാകട്ടെ, വര്‍ഷങ്ങളെടുത്തുള്ള ചര്‍ച്ചകളുടേയും അതിന്റെ അടിസ്ഥാനത്തിലുള്ള തയാറെടുപ്പുകളുടേയും അടിസ്ഥാനത്തിലായിരുന്നു അത്.

എന്നാല്‍ ചര്‍ച്ചകള്‍ ധാരാളം നടന്നെങ്കിലും ജി.എസ്.ടി നടപ്പാക്കാനുള്ള പ്രാഥമിക തയാറെടുപ്പുകള്‍ പോലും പൂര്‍ണമായി കൈക്കൊള്ളാതെ നമ്മള്‍ അത് പ്രാവര്‍ത്തികമാക്കിയതിന്റെ പ്രതിഫലനം ഇന്ന് വിപണിയില്‍ തെളിഞ്ഞു കാണാം. ഉത്തരേന്ത്യയില്‍ ഉത്സവ, ആഘോഷങ്ങളുടെ സമയമായിട്ടു പോലും വിപണിയില്‍ യാതൊരു ചൂടുമുണ്ടായിട്ടില്ല എന്നതു തന്നെയാണ് അതിന്റെ പ്രാഥമിക ലക്ഷണങ്ങളിലൊന്ന്. കേരളത്തില്‍ അടക്കം ജി.എസ്.ടി ഉണ്ടാക്കിയിരിക്കുന്ന പൊല്ലാപ്പുകള്‍ ദിവസം പ്രതി നാം കാണുന്നുമുണ്ട്.

ഉയര്‍ന്ന നികുതി നിരക്ക് നിജപ്പെടുത്തുന്നതു വഴിയും ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതിനുള്ള അടിസ്ഥാന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാത്തതു വഴിയും കരിഞ്ചന്ത ഇല്ലാതാവുകയല്ല, മറിച്ച് കൂടുതല്‍ ശക്തമാവുകയാണ് ചെയ്യുന്നത് എന്നു കാണാം.

നോട്ട് നിരോധനം നടുവൊടിച്ച ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കാത്തിരിക്കുന്നത് വീണ്ടുമൊരു തിരിച്ചടിയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അതിന്റെ കാരണമാകട്ടെ, ദീര്‍ഘവീക്ഷണമില്ലായ്മയും അഹന്തയും കൈമുതലായുള്ള നമ്മുടെ നയരൂപകര്‍ത്താക്കളുടെ നിലപാടിന്റെ പ്രശ്‌നമായിരുന്നു. പക്ഷേ, നമ്മളെപ്പോലുള്ള സാധാരണ മനുഷ്യര്‍ക്ക് ഇതിനെയൊക്കെ അതിജീവിച്ചേ മതിയാകൂ, കാത്തിരിക്കുന്നത് അത്ര നല്ല സമയമല്ല എന്ന തിരിച്ചറിവോടു കൂടിത്തന്നെ.

Next Story

Related Stories