UPDATES

ഇന്ത്യ

കുനിയുകയോ മുട്ടിലിഴയുകയോ ചെയ്യേണ്ടതില്ല; അമേരിക്കന്‍ മാധ്യമങ്ങളില്‍ നിന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പഠിക്കാനുള്ളത്

ഇന്ത്യയില്‍ നാം നേരിടുന്നത് അസാധാരണമായ തരത്തില്‍ ലജ്ജാകരമായ ഒരു സ്ഥിതിവിശേഷമാണ്: എഴുതി നല്‍കിയ ചോദ്യങ്ങള്‍ക്ക് ലഭിക്കുന്ന ഉത്തരങ്ങള്‍ അഭിമുഖമായി പ്രസിദ്ധീകരിക്കാന്‍ വേണ്ടി മുഖ്യധാര മാധ്യമങ്ങള്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തിന് മുന്നില്‍ വരി നില്‍ക്കുകയാണ്.

യുഎസില്‍ നിന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് അസാധാരണമായ ഒരു മാര്‍ഗരേഖ ലഭിച്ചിരിക്കുന്നു. ജനാധിപത്യം സംരക്ഷിക്കുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനും സ്വതന്ത്ര മാധ്യമങ്ങള്‍ക്കുള്ള ഒരോര്‍മ്മപ്പെടുത്തലും. ഏതാണ്ട് 350 അമേരിക്കന്‍ മാധ്യമങ്ങള്‍, മാധ്യമങ്ങള്‍ക്കെതിരെയുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആക്രമണത്തിനെതിരെ വ്യാഴാഴ്ച്ച ഏകോപിതമായി മുഖപ്രസംഗങ്ങള്‍ പ്രസിദ്ധീകരിച്ചു. ‘സ്വതന്ത്ര മാധ്യമങ്ങള്‍ക്കെതിരായ വൃത്തികെട്ട യുദ്ധം’ എന്ന് Boston Globe വിശേഷിപ്പിച്ച അവസ്ഥയ്ക്കെതിരെ പത്രം തന്നെ ഏകോപിപ്പിച്ച മുഖപ്രംസംഗങ്ങളിലാണ് എല്ലാ മാധ്യമങ്ങളും പങ്കാളികളായത്. ബുധനാഴ്ച്ച രാവിലെ 343 പ്രസിദ്ധീകരണങ്ങള്‍ ഇതില്‍ പങ്കാളികളാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ‘തന്നെ എതിര്‍ക്കുന്നു എന്നതിന്റെ പേരില്‍ മാധ്യമങ്ങളെ ആക്രമിക്കുന്ന ആദ്യത്തെ യുഎസ് പ്രസിഡണ്ട് അല്ല ഡൊണാള്‍ഡ് ട്രംപ്’ എന്ന് ഗാര്‍ഡിയന്‍ മുഖപ്രംസംഗം പറയുന്നു. ‘പക്ഷെ കണക്കുകൂട്ടി, ആസൂത്രിതമായി മാധ്യമങ്ങളെ അവിശ്വസിപ്പിക്കാനും മാധ്യമപ്രവര്‍ത്തനത്തെ അപകടപ്പെടുത്താനും ശ്രമിക്കുന്ന ആദ്യത്തെയാളാണ് അദ്ദേഹം.’

ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു – ‘ഇതിനകം ചെയ്തിട്ടില്ലെങ്കില്‍, നിങ്ങളുടെ പ്രാദേശിക പത്രങ്ങളുടെ വരിക്കാരാകൂ. അവരൊരു നല്ല കാര്യം ചെയ്‌തെന്നു കരുതെന്നെങ്കില്‍ അവരെ അഭിനന്ദിക്കൂ. കൂടുതല്‍ മെച്ചപ്പെടുത്താം എന്ന് കരുതുന്നതെങ്കില്‍ വിമര്‍ശിക്കൂ. നമ്മളെല്ലാം ഇതില്‍ ഒരുമിച്ചാണ്.’ മാധ്യമങ്ങളെ ഒന്നടങ്കവും ചില ലേഖകരെ വ്യക്തിപരമായും ട്രംപ് നിരന്തരമായി ആക്രമിച്ചിരുന്നു. വസ്തുതാപരമായി ശരിയായ വാര്‍ത്തകളെ ‘വ്യാജ വാര്‍ത്തകളെന്നും’ മാധ്യമങ്ങളെ ‘ജനശത്രുക്കളെന്നും’ അയാള്‍ വിളിച്ചു. കഴിഞ്ഞ ആഴ്ച്ചകളില്‍ ട്രംപ് മാധ്യമങ്ങള്‍ക്കെതിരായ ആക്രമണം രൂക്ഷമാക്കിയിരുന്നു. പെന്‍സില്‍വാനിയയില്‍ നടന്ന പ്രകടനത്തില്‍ മാധ്യമ പ്രവര്‍ത്തകരെ ചൂണ്ടിക്കാട്ടി ‘വ്യാജം, വ്യാജം, മടുപ്പിക്കുന്ന വാര്‍ത്തകള്‍’ എന്നയാള്‍ പറഞ്ഞു. ട്രംപിനോട് ഒരു ചോദ്യം ചോദിച്ചതിന്റെ പേരില്‍ ഒരു CNN റിപ്പോര്‍ട്ടറെ ഒരു പൊതുപരിപാടി റിപ്പോര്‍ട് ചെയ്യുന്നതില്‍ നിന്നും വൈറ്റ് ഹൌസ് വിലക്കി. ട്രംപിന്റെ പരാമര്‍ശങ്ങള്‍ ‘അക്രമത്തിനു പ്രേരിപ്പിക്കുന്നതിന് അടുത്തു നില്‍ക്കുന്നു’ എന്നാണ് സ്ഥാനമൊഴിയുന്ന യു എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ സെയ്ദ് റാദ് അല്‍-ഹുസ്സൈന്‍ പറയുന്നത്. ‘തങ്ങളുടെ ജോലിക്കായി പോകുന്ന മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നതിനും ഒരു തരത്തിലുള്ള സ്വയം നിയന്ത്രണത്തിനും ഇത് വഴിവെക്കും’ എന്നാണു അദ്ദേഹം പറഞ്ഞത്.

എന്നാല്‍ ഇതിന് വിരുദ്ധമായി ഇന്ത്യയില്‍ നാം നേരിടുന്നത് അസാധാരണമായ തരത്തില്‍ ലജ്ജാകരമായ ഒരു സ്ഥിതിവിശേഷമാണ്: എഴുതി നല്‍കിയ ചോദ്യങ്ങള്‍ക്ക് ലഭിക്കുന്ന ഉത്തരങ്ങള്‍ അഭിമുഖമായി പ്രസിദ്ധീകരിക്കാന്‍ വേണ്ടി മുഖ്യധാര മാധ്യമങ്ങള്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തിന് മുന്നില്‍ വരി നില്‍ക്കുകയാണ്. ഒരു വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറല്ല. മാധ്യമ പ്രവര്‍ത്തകരുടെ സ്വതന്ത്ര നീക്കങ്ങളെ തടഞ്ഞും ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയം തടഞ്ഞുമൊക്കെ സര്‍ക്കാര്‍ വിവരങ്ങളുടെ സ്വതന്ത്ര വിനിമയം അസാധ്യമാക്കുകയാണ്. മോദി സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുടരുന്നവരും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളുമൊക്കെ എല്ലാ ദിവസവും സാമൂഹ്യ മാധ്യമങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും വ്യാജ വാര്‍ത്തകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ്.

സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നിന്നും മോദി വീണ്ടും വീണ്ടും ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും വിമതശബ്ദങ്ങളുടെ നേര്‍ക്കുള്ള ആക്രമണങ്ങളുടെയും കാര്യത്തില്‍ വ്യക്തമായ സൂചനകള്‍ നല്‍കി. അദ്ദേഹത്തിന്റെ നിശബ്ദത വളരെ ഉച്ചത്തിലുള്ളതായിരുന്നു. നിയന്ത്രിത ജനാധിപത്യത്തില്‍ പുതിയ പുതിയ മാതൃക ഉണ്ടാക്കുകയാണ്. അയാളുടെ എതിരാളികളടക്കമുള്ളവര്‍ വളരെവേഗം ഇത് പകര്‍ത്തും. ഈ പുതിയ സ്വാഭാവികതയ്ക്കെതിരെ ഇന്ത്യയിലെ മാധ്യമങ്ങള്‍ നിവര്‍ന്നുനില്‍ക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഈ കുഴഞ്ഞുമറിഞ്ഞ ജനാധിപത്യത്തില്‍ സ്വതന്ത്ര മാധ്യമങ്ങള്‍ ഒരു വിദൂര ചരിത്രമായി മാറും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍