TopTop
Begin typing your search above and press return to search.

രണ്ടാം ലോകമഹായുദ്ധകാലം മുതലുള്ള മഹത്തായ ചരിതം, ഇന്ന് ശമ്പളം കൊടുക്കാന്‍ പണമില്ല; റാഫേല്‍ കാലത്തെ HAL

രണ്ടാം ലോകമഹായുദ്ധകാലം മുതലുള്ള മഹത്തായ ചരിതം, ഇന്ന് ശമ്പളം കൊടുക്കാന്‍ പണമില്ല; റാഫേല്‍ കാലത്തെ HAL
ഒരു മഹത്തായ ചരിത്രമുള്ള സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (HAL). എന്നാല്‍ ലോകമെമ്പാടുമുള്ള ഈ മേഖലയിലെ സ്ഥാപനങ്ങള്‍ ചൊവ്വ പര്യവേഷണം അടക്കമുള്ളവ ലക്ഷ്യം വയ്ക്കുകയും അതിനായുള്ള മികച്ച എയര്‍ക്രാഫ്റ്റുകളും എഞ്ചിനുകളുമൊക്കെ രൂപപ്പെടുത്താനുള്ള ഗവേഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ എച്ച്എഎല്ലിന് ഇന്ന് ആഘോഷിക്കാന്‍ പറയത്തക്കതായ ഒന്നുമില്ല.

രണ്ടാം ലോകമഹായുദ്ധക്കാലത്താണ് എച്ച്എഎല്‍ രൂപമെടുക്കുന്നത്. പ്രശസ്തനായ വാല്‍ചന്ദ് ഹീരാചന്ദാണ് 1940 ഡിസംബര്‍ 23-ന് അന്നത്തെ മൈസൂര്‍ സര്‍ക്കാരുമായി ചേര്‍ന്ന് ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്റ്റ് ലിമിറ്റഡ് എന്ന പേരില്‍ ഈ സ്ഥാപനം ബാംഗ്ലൂരില്‍ ആരംഭിക്കുന്നത്. പിന്നീട് ഇന്ത്യന്‍ ഗവണ്‍മെന്റ് ഇതിന്റെ ഓഹരി ഉടമകളിലൊന്നായി. പിന്നീട് 1942-ല്‍ സര്‍ക്കാര്‍ ഇതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അമേരിക്കയിലെ ഇന്റര്‍ കോണ്ടിനെന്റല്‍ എയര്‍ക്രാഫ്റ്റ് കമ്പനിയുമായി സഹകരണത്തിലേര്‍പ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ഇവിടെ നിന്ന് Harlow Trainer, Curtiss Hawk Fighter, Vultee Bomber Aircraft പോലുള്ളവ ജനനമെടുക്കുന്നത്.

1943-ല്‍ ഈ ഫാക്ടറി അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമസേനാ വിഭാഗത്തിന് കൈമാറ്റം ചെയ്യപ്പെട്ടു. ഇതോടെ രണ്ടാം ലോകമഹായുദ്ധക്കാലത്ത് അമേരിക്കന്‍ സൈന്യത്തിന്റെ പൗരസ്ത്യമേഖലകളിലുള്ള ഓപ്പറേഷനുകളുടെ ചുക്കാന്‍ പിടിക്കാനും വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുമുള്ള പ്രധാന കേന്ദ്രങ്ങളിലൊന്നായി ഇത് മാറി. ഇത് അന്ന് അറിയപ്പെട്ടിരുന്നത് 84th Air Depot എന്നായിരുന്നു.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ എച്ച്എഎല്‍ വ്യോമായുധ മേലഖയിലെ സുപ്രധാനമായ സ്ഥാപനങ്ങളിലൊന്നായി മാറി. വിവിധ രൂപത്തിലുള്ള വിമാനങ്ങളുടെ നിര്‍മാണവും അറ്റകുറ്റപ്പണികളും നടത്തിയിരുന്ന ഇതുപോലുള്ള സ്ഥാനപങ്ങള്‍ അമേരിക്കയിലോ റഷ്യയിലോ യുകെയിലോ ഫ്രാന്‍സിലോ പോലും അത്രയധികമൊന്നും ഉണ്ടായിരുന്നില്ല.

എന്നാല്‍ ഈ ചരിത്രവും പശ്ചാത്തവുമൊക്കെ ഉണ്ടെങ്കിലും പൂര്‍ണമായും തദ്ദേശീയമായ ഒരു വിമാനം വികസിപ്പിച്ചെടുക്കുന്നതില്‍ എച്ച്എഎല്‍ പരാജയപ്പെടുകയായിരുന്നു. ഹെലികോപ്റ്ററുകളുടെ കാര്യത്തില്‍ അവര്‍ ശ്രമം നടത്തിയെങ്കിലും അതിലും പരാധീനതകള്‍ ഉണ്ടായിരുന്നു.

ഇന്ന് ലോകത്തെ എണ്ണം പറഞ്ഞ ഏവിയേഷന്‍ ഭീമന്മാരിലൊന്നായി മാറേണ്ടിയിരുന്ന എച്ച്എഎല്‍ ഇന്ന് വിദേശ വിമാനങ്ങള്‍ കൂട്ടിച്ചേര്‍ക്കലും അറ്റകുറ്റപ്പണിയും നടത്തുന്ന, ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുന്ന ഒന്നായി തന്നെ നിലനില്‍ക്കുന്നു. അതിന്റെ വിജയഘടകളിലൊന്ന് എന്നു പറയാവുന്നത് Light Combat Aircraft-ന്റെ രൂപീകരണമാണ്. എന്നാല്‍ വിദേശത്തു നിന്നുള്ള നിരവധി ഘടകങ്ങളാണ് ഇതിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.

ഇതൊക്കെയുണ്ടെങ്കിലു എച്ച്എഎല്‍ എന്നത് ഇന്ത്യയിലെ ഏറ്റവും പരിചയസമ്പന്നരായ വിമാന നിര്‍മാതാക്കള്‍ തന്നെയാണ്. അനില്‍ അംബാനിയുടെ കമ്പനി പോലെ ഇക്കാര്യത്തില്‍ യാതൊരു ധാരണകളും ഇല്ലാത്തവരല്ല.

ഈ കാര്യങ്ങള്‍ പരിഗണിക്കുമ്പോഴാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും എച്ച്എഎല്ലിനെ സംബന്ധിച്ച് ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ടത്.

അതായത്, അതിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കടക്കെണിയിലായതിനെ തുടര്‍ന്ന് ശമ്പളം കൊടുക്കാനായി എച്ച്എഎല്‍ 1000 കോടി രൂപ വായ്പയെടുക്കുന്നത്.

Also Read: ശമ്പളം നല്‍കാന്‍ പണമില്ല, HAL 1000 കോടി കടമെടുത്തു; റാഫേലിലെ പ്രതികാരമെന്ന് കോണ്‍ഗ്രസ്‌

എന്തുകൊണ്ടാണ് എച്ച്എഎല്‍ ഇത്തരമൊരു പ്രതിസന്ധിയിലേക്കെത്തി? എച്ച്എഎല്ലിന്റെ ഏറ്റവും വലിയ ക്ലൈന്റ് ഇന്ത്യന്‍ വ്യോമസേനയാണ്. കമ്പനിക്ക് നല്‍കേണ്ട 20,000 കോടി രൂപ ഇതുവരെ അവര്‍ നല്‍കിയിട്ടില്ല എന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങളിലൊന്ന്. അതിന്റെ തലേവര്‍ഷം നല്‍കാനുണ്ടായിരുന്ന 7,000 രൂപ കൂടി ഉള്‍പ്പെടെയാണിത്. എച്ച്എഎല്ലിന് നല്‍കാനുള്ള തുക നല്‍കാതിരുന്ന ഈ സമയത്തു തന്നെ വ്യേമസേന തങ്ങള്‍ സേവനം ഉപയോഗിക്കുന്ന വിദേശ കമ്പനികള്‍ക്കുള്ള പണം സമയത്തിന് നല്‍കുകയും ചെയ്തിട്ടുണ്ട്.

പ്രതിരോധ മന്ത്രായ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ച് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്നതിനായി 2016 സെപ്റ്റംബറില്‍ തന്നെ Dassault Aviation-ന് 20,000 കോടി രൂപയോളം നല്‍കിയിട്ടുണ്ട്. Apache അടക്കമുള്ള മറ്റ് എയര്‍ക്രാഫ്റ്റുകള്‍ക്കായി 2015-ല്‍ ഒപ്പിട്ട കരാര്‍ പ്രകാരം ബോയിംഗിന് വര്‍ഷം തോറും 2,000 കോടി രൂപയോളം നല്‍കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ എന്തുകൊണ്ട് എച്ച്എഎല്ലിന് നല്‍കേണ്ട തുക നല്‍കിയില്ല?

കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ റാഫേല്‍ വിവാദവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ എച്ച്എഎല്ലിന് നല്‍കിക്കഴിഞ്ഞു എന്നാണ്. എന്നാല്‍ ഇത് കള്ളമാണെന്നും മറിച്ച് എച്ച്എഎല്ലിനെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തു വന്നു. ശമ്പളം പോലും കൊടുക്കാന്‍ പണമില്ലാത്ത അവസ്ഥയില്‍ എച്ച്എഎല്ലിലെ മിടുക്കരായ എഞ്ചിനീയര്‍മാര്‍ അനില്‍ അംബാനിയുടെ സ്ഥാപനത്തിലേക്ക് ചേക്കേറുമെന്നും സര്‍ക്കാരും ഇതാണ് ലക്ഷ്യമാക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കുറ്റപ്പെടുത്തിയിരുന്നു. ഇതോടെ ഇന്ന് നിര്‍മല സീതാരാമന്‍ സ്വമേധയാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ നിര്‍ബന്ധിതയായി. ഇതുവരെ എച്ച്എഎല്ലുമായി 26,570.80 കോടി രൂപയുടെ കരാര്‍ ഒപ്പു വച്ചുവെന്നും 73,000 കോടി രൂപയുടെ പദ്ധതികള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു വരികയാണ് എന്നുമായിരുന്നു അവരുടെ വിശദീകരണം. പ്രതിരോധ മന്ത്രി വീണ്ടും കള്ളം പറയുന്നുവെന്ന് രാഹുല്‍ ഗാന്ധി വീണ്ടും ആരോപണം ഉന്നയിച്ചിട്ടുണ്ട്.

തങ്ങള്‍ ഉത്തരവാദിത്തപ്പെട്ട കാര്യങ്ങള്‍ക്കുള്ള മറുപടികള്‍ പറയുകയും അവ ചെയ്യുന്നതിനും പകരം എതിരാളികള്‍ക്കുള്ള കുറ്റവും കുറവുകളും ചൂണ്ടിക്കാട്ടുന്ന പരിപാടി (whataboutery) സര്‍ക്കാര്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. റാഫേലില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട് എന്ന് പ്രതിപക്ഷം പറയുമ്പോള്‍ ബോഫോഴ്‌സിലും അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ്  ഹെലികോപ്റ്റര്‍ ഇടപാടിലും അഴിമതി നടന്നിട്ടുണ്ട് എന്നതാണ് സര്‍ക്കാരിന്റെ ഉത്തരം. അതുകൊണ്ടു തന്നെ അത്തരം കാര്യങ്ങള്‍ ചികയുന്നതിന് പകരം സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടത് പുതിയ പ്രതിസന്ധിയെക്കുറിച്ചാണ്. അതില്‍ ഉള്‍പ്പെട്ടിട്ടുള്ള പുതിയ കക്ഷികളെക്കുറിച്ചാണ്, അല്ലാതെ ബോഫോഴ്‌സിന്റെ ദ്രവിച്ച ചരിത്രമല്ല.

കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ നിയമാനുസൃതമായി ചെയ്യേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് 126 യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് വാങ്ങാന്‍ തീരുമാനിച്ചത് ഒറ്റയടിക്ക് റദ്ദാക്കിക്കൊണ്ട് 36 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ച കാര്യം പുറത്തു വരുന്നത് മോദിയും ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാന്ദും തമ്മില്‍ 2015-ല്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ്. ആ കൂടിക്കാഴ്ചയുടെ രണ്ടു ദിവസം മുമ്പാണ് അന്നത്തെ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞത് 126 യുദ്ധ വിമാനങ്ങള്‍ വാങ്ങുന്ന കരാര്‍ കാര്യങ്ങള്‍ സര്‍ക്കാരും ഫ്രാന്‍സും എച്ച്എഎല്ലും ആയുള്ളത് മുന്നോട്ടു പോവുകയാണ്, അതിന്റെ സാങ്കേതിക കാര്യങ്ങളൊന്നുമല്ല രാഷ്ട്രത്തലവന്മാര്‍ സംസാരിക്കുന്നത്, മറിച്ച് കരാറിലെ കാര്യങ്ങള്‍ അതിന്റെ മുറയ്ക്ക് നടന്നോളും എന്നാണ്.

18 വിമാനങ്ങള്‍ ഒറ്റയടിക്ക് ഇന്ത്യക്ക് നിര്‍മിച്ചു നല്‍കാനും 118 എണ്ണം എച്ച്എഎല്ലിന് സാങ്കേതിക വിദ്യ കൈമാറി ഇവിടെ തന്നെ നിര്‍മിക്കാനുമായിരുന്നു പഴയ കരാര്‍ എങ്കില്‍ മോദി ഒപ്പുവച്ച കരാര്‍ 36 വിമാനങ്ങള്‍ ഫ്രാന്‍സ് തന്നെ നിര്‍മിച്ചു നല്‍കാനും സാങ്കേതിക വിദ്യ അടക്കമുള്ള കാര്യങ്ങള്‍ കൈമാറ്റമില്ല എന്നു മാത്രമല്ല, കരാര്‍ ഒപ്പു വയ്ക്കുന്നതിന് 10 ദിവസം മുമ്പ് മാത്രം രൂപീകരിച്ച അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് എച്ച്എഎല്ലിനെ ഒഴിവാക്കി കരാറിന്റെ ഇന്ത്യന്‍ പങ്കാളിത്തം നല്‍കുകയും ചെയ്യുന്നതാണ്. അതുപോലെ 560 കോടി രൂപയുടെ വിമാനം എങ്ങനെ 1600 കോടി രൂപയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചുവെന്നും ഇതുവഴി 30,000 കോടി രൂപ എങ്ങനെ അനില്‍ അംബാനിയുടെ പോക്കറ്റില്‍ എത്തിയെന്നും എന്തുകൊണ്ട് എച്ച്എഎല്ലിനെ ഒഴിവാക്കിയെന്നുമുള്ള കാര്യങ്ങളാണ് പ്രതിപക്ഷം ചോദിക്കുന്നത്. ശമ്പളം കൊടുക്കാന്‍ 1000 കോടി രൂപ വായ്പ വാങ്ങേണ്ടി വരുന്ന വിധത്തിലേക്ക് ഇത്രയും ചരിത്രമുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തെ എത്തിച്ചതിന്റെ ഉത്തരം അതിലുണ്ട് എന്നാണ് അവര്‍ പറയുന്നതും.

Next Story

Related Stories