TopTop
Begin typing your search above and press return to search.

നാം ജീവിക്കുന്നത് പേടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലാണ്; ക്രിമിനല്‍വത്ക്കരണം മുഖ്യധാരയാകുമ്പോള്‍

നാം ജീവിക്കുന്നത് പേടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലാണ്; ക്രിമിനല്‍വത്ക്കരണം മുഖ്യധാരയാകുമ്പോള്‍
"ക്രിമിനല്‍ സംഘങ്ങളും പോലീസും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തമ്മിലുള്ള കൂട്ടുകെട്ട് രാജ്യത്ത് പലയിടങ്ങളിലും ദൃശ്യമാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന ക്രിമിനല്‍ ജസ്റ്റിസ് നിയമം പ്രധാനമായും വ്യവസ്ഥ ചെയ്തിരിക്കുന്നത് വ്യക്തിഗതമായ കുറ്റകൃത്യങ്ങള്‍, ലംഘനങ്ങള്‍ എന്നിവയെ നേരിടാനാണ്. അതിന് മാഫിയയുടെ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ കഴിയില്ല. സാമ്പത്തിക കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടുന്നതിലും നിലവിലെ നിയമങ്ങള്‍ ഫലപ്രദമല്ല"
("The nexus between the criminal gangs, police, bureaucracy and politicians has come out clearly in various parts of the country. The existing criminal justice system, which was essentially designed to deal with the individual offences/crimes, is unable to deal with the activities of the Mafia; the provisions of law in regard economic offences are weak.”)


"സിബിഐ ഡയറക്ടര്‍, ഇന്റലീജന്‍സ് ബ്യൂറോ ഡയറക്ടര്‍ തുടങ്ങിയവരും വ്യക്തമാക്കിയിട്ടുള്ള ഒരു കാര്യം ക്രിമിനല്‍ സംഘങ്ങള്‍, സായുധ സംഘങ്ങള്‍, മയക്കുമരുന്നു സംഘങ്ങള്‍, കള്ളക്കടത്ത് സംഘങ്ങള്‍, സാമ്പത്തിക കൃറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വളര്‍ച്ചയുണ്ടായിട്ടുവുകയും രാജ്യമാകെ വ്യാപിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ്. അതോടൊപ്പം, ഈ സംഘങ്ങളില്‍ ഈ സമയത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍, പ്രാദേശിക തലങ്ങളിലെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, രാഷ്ട്രീയക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഒപ്പം, വിധ്വംസക പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള വ്യക്തികള്‍ തുടങ്ങിയവരുമായി ബന്ധം സ്ഥാപിക്കുകയും അവരുടേതായ ശൃംഖല സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ചില സംഘങ്ങള്‍ക്ക് അന്താരാഷ്ട്ര ബന്ധങ്ങള്‍ വരെയുണ്ട്. അതില്‍ വിദേശ ഇന്റലീജന്‍സ് ഏജന്‍സികളുമായി ബന്ധമുള്ളവരും ഉണ്ട്"- വോറ കമ്മിറ്റി റിപ്പോര്‍ട്ട്- 1993. ("
Like the Director CBI, the DIB (Director, Intelligence Bureau) has also stated that there has been a rapid spread and growth of criminal gangs, armed senas, drug Mafias, smuggling gangs, drug peddlers and economic lobbies in the country which have, over the years, developed an extensive network of contacts with the bureaucrats/Government functionaries at the local levels, politicians, media persons and strategically located individuals in the non-State sector. Some of these Syndicates also have international linkages, including the foreign intelligence agencies.
"—Vohra Committee Report 1993.)

എന്താണ് രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതിനെ പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി നിയമിച്ച ആദ്യ കമ്മിറ്റിയായ വോറ കമ്മിറ്റി 1993-ല്‍ നല്‍കിയ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. എന്നാല്‍ അതില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ഇന്നത്തെ കാലഘട്ടമനുസരിച്ച് പുതുക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു. വേണമെങ്കില്‍ നമുക്ക് ഒരു കാര്യം അന്വേഷിച്ചു കൊണ്ട് അക്കാര്യങ്ങള്‍ പുതുക്കാം, അതായത്, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഏതെങ്കിലും ഭാഗം ഭരണഘടനയില്‍ വിശ്വാസമര്‍പ്പിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ആധുനിക നിയമസംവിധാനത്തിന്റെ അടിസ്ഥാനത്തിലുള്ള ധാര്‍മികത പുലര്‍ത്തുന്നുണ്ടോ എന്നും പരിശോധിക്കലാണത്.

നമ്മള്‍ 2018-ന്റെ അവസാനത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാ വിധത്തിലും, അത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലും അക്കാദമിക് പിന്തുണയോടെയും ഒക്കെ, ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ഒന്ന്, ക്രിമിനല്‍വത്ക്കരണം ഇന്ത്യയില്‍ മുഖ്യധാരയുടെ ഭാഗമായി മാറിക്കഴിഞ്ഞു എന്നതാണ്. ഒരു പുതിയ ഇന്ത്യ 2019-ലേക്ക് കടക്കുക ക്രിമിനവത്ക്കരണം മുഖ്യധാരയായിക്കണ്ട് അതിനെ ആഘോഷിക്കുന്ന ഒരു സമൂഹമെന്ന നിലയിലാവും. ഇന്ത്യന്‍ ഭരണഘടനയുടെ ശത്രുക്കള്‍ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം അപ്പാടെ പിടിയിലൊതുക്കുന്ന, പേടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം നമ്മള്‍ അനുഭവിക്കേണ്ടി വന്നേക്കാം.

രാജ്യത്തെ നിയമവാഴ്ചയെ പൂര്‍ണമായ വിധത്തില്‍ ഇങ്ങനെ തകര്‍ത്തതിന് നിലവില്‍ ഭരിക്കുന്ന പാര്‍ട്ടിക്കും അവരുടെ അസംഖ്യം കൂട്ടു സംഘടനകള്‍ക്കും മുഖ്യപങ്കുണ്ട്. പ്രതിപക്ഷമായ കോണ്‍ഗ്രസും അക്കാര്യത്തില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയിട്ടുമുണ്ട്.

നമ്മളെവിടെയാണ് എത്തി നില്‍ക്കുന്നത്?,

ഒരേ സമയം പേടിക്കുകയും ഒപ്പം നാണം കെടുകയും ചെയ്യേണ്ട ഒരവസ്ഥയിലാണ് നമ്മുടെ 2018 കടന്നു പോകുന്നത്. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലുള്ള ആള്‍ക്കൂട്ടം ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചും വെടിവച്ചും കൊന്നിരിക്കുന്നു, പോലീസിനെ ആക്രമിക്കുന്ന സംഘത്തിലുണ്ടായിരുന്ന ഒരാള്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടിരിക്കുന്നു. സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആകട്ടെ, പശു കശാപ്പിനെ കുറിച്ച് അന്വേഷിക്കാനും കര്‍ശന നടപടി സ്വീകരിക്കാനും ഉത്തരവിട്ടു. ഒപ്പം, ആക്രമണത്തില്‍ പങ്കെടുക്കുന്നതിനിടെ കൊല്ലപ്പെട്ട അമിത് കുമാര്‍ എന്ന യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും പ്രഖ്യാപിച്ചെങ്കിലും കമാ എന്നൊരക്ഷരം കൊല്ലപ്പെട്ട ആ പോലീസ് ഉദ്യോഗസ്ഥനെ കുറിച്ച് പറഞ്ഞില്ല.

യോഗി ഇതിനിടയില്‍ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കാണാന്‍ പോയി, കായിക മത്സര വേദിയിലെത്തി, തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ച ദിവസം തെലങ്കാനയില്‍ പ്രചരണത്തിനെത്തി, അവിടെ കരിംനഗര്‍ ജില്ലയിലെ പ്രചരണത്തില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയ്‌ക്കെതിരെ ആഞ്ഞടിച്ചു, ബിജെപി അധികാരത്തില്‍ വന്നാല്‍ കരിംനഗറിന്റെ പേര് മാറ്റുമെന്ന് വാഗ്ദാനം നല്‍കി. രൂക്ഷമായ എതിര്‍പ്പുയര്‍ന്നതോടെ താന്‍ ആ പോലീസുകാരന്റെ വീട് സന്ദര്‍ശിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് രണ്ടു ദിവസത്തിനു ശേഷം വ്യക്തമാക്കി.

കൊല്ലപ്പെട്ട ഈ പോലീസ് ഉദ്യോഗസ്ഥന്‍, സുബോദ് കുമാര്‍ സിംഗ്, ഇതിനു മുമ്പുണ്ടായിരുന്ന സര്‍ക്കാരിന്റെ കീഴില്‍, അഖ്ലാക്കിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ആട്ടിറച്ചി പശുവിറച്ചിയാക്കാന്‍ സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍ ഉണ്ടായി. കുറ്റവാളികളെ ശിക്ഷിക്കാനും നിയമം നടപ്പക്കാനുമല്ല ഇവരാരും ശ്രമിച്ചത്. ബിജെപിയുടെ യോഗി ആദിത്യനാഥും സമാജ്‌വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവും തമ്മിലുള്ള വ്യത്യാസം യോഗിക്ക് ഇതിനകം തന്നെ ക്രിമിനലുകള്‍ നിറഞ്ഞ ഒരു സംഘം എന്തിനും തയാറായി ഉള്ളപ്പോള്‍, അഖിലേഷ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് പ്രത്യേകിച്ച് വിശേഷണങ്ങളൊന്നുമില്ലാത്ത ചെറു ചെറു നെറ്റ്‌വര്‍ക്കുകളില്‍ കൂടിയാണ് എന്നതേയുള്ളൂ. നിയമവാഴ്ച ഉറപ്പു വരുത്തുന്നതില്‍ തനിക്ക് താത്പര്യമില്ല എന്ന കാര്യം മറച്ചു വയ്ക്കാതെ തന്നെ യോഗി പ്രകടിപ്പിക്കുമ്പോള്‍ അഖിലേഷിന് ഉള്ളത് ഇരട്ട മുഖമാണ് എന്നതാണ് വ്യത്യാസം. യോഗി ഒരു മുരടനാണെങ്കില്‍ അഖിലേഷ് കുറച്ചു കൂടി മൃദുത്വം കാണിക്കുന്നയാളാണ്.

ഈ മുഖ്യധാരാവത്ക്കരിക്കപ്പെട്ട ക്രിമിനല്‍വത്ക്കരണവും അതുവഴി നാം എത്തിനില്‍ക്കുന്ന അരാജകത്വവും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കൂടുതല്‍ ശക്തിയാര്‍ജിക്കുകയായിരുന്നു. അവരുടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇതിലെ ക്രിമിനല്‍ സംഘങ്ങളെയും മതതീവ്രവാദികളെയും പിന്തുണയ്ക്കുകയും സോഷ്യല്‍ മീഡിയയില്‍ അടക്കം അവരെ പിന്തുടര്‍ന്ന് അവര്‍ക്ക് സ്വീകാര്യത ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു. നിയമസംവിധാനം നിലനില്‍ക്കുന്ന ഒരു നാട്ടില്‍ താരതമ്യേനെ അതനുസരിച്ച് ജീവിക്കുന്ന ഒരു ജനതയുടെ എല്ലാ ധാര്‍മികതകളെയും കെടുത്തിക്കളയുകയും ചെയ്യുന്നു.

ഒരു റിയാലിറ്റി ഷേ പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ കൊള്ളക്കൊടുക്കലുകള്‍ നമുക്ക് മുന്നില്‍ തെളിഞ്ഞു നില്‍ക്കുകയാണ്. ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ വ്യക്തമാക്കപ്പെട്ട ഒരു കാര്യം കഴിഞ്ഞ മൂന്നു ദശകത്തിനിടെ, നിലവിലുള്ളതും മുമ്പുണ്ടായിരുന്നതുമായ 4,122 പാര്‍ലമെന്റ്, നിയമസഭാ അംഗങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് എന്നതാണ്. കേരളവും ഈ പട്ടികയില്‍ മുകളില്‍ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.

വോറ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എത്രയും വേഗം പുതുക്കേണ്ട സമയമായിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നൈതികമായിട്ട് എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടതുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭൂരിഭാഗവും നമ്മുടെ ഭൂരിഭാഗം നേതാക്കളും അവരുടെ ഉറ്റ ചങ്ങാതിമാരായ കോര്‍പറേറ്റുകളും ഈ രാജ്യത്തെ ജനാധിപത്യത്തിന് വലിയ ഭീഷണി തന്നെയാണ്. മറ്റാരെയും കുറ്റപ്പെടുത്തുന്നതിന് മുമ്പ്, നമ്മുടെ ഏറ്റവും വലിയ ശത്രുക്കള്‍ നമുക്കിടയില്‍ തന്നെയാണെന്ന് തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

https://www.azhimukham.com/india-akhilesh-government-pressured-subodh-kumar-singh-to-change-fsl-report-akhlaq-case-beef/

https://www.azhimukham.com/india-bulandshahr-up-riot-mob-violence-police-inspector-murder-bajrang-dal-bjp-village-head-pradhan-prime-accused-cow-slaughter-allegation/

https://www.azhimukham.com/opinion-congress-need-not-be-apologetic-about-soft-hindutva/

https://www.azhimukham.com/edit-does-indian-constitution-faces-any-threat/

https://www.azhimukham.com/india-fears-of-violence-loom-large-ahead-of-election-2019-writes-kaybenedict/

https://www.azhimukham.com/edit-when-political-discourse-on-religion-cornering-peoples-issues-in-india/

Next Story

Related Stories