Top

വീണ്ടും ഭായി-ഭായി ആകാന്‍ ഇന്ത്യയും ചൈനയും

വീണ്ടും ഭായി-ഭായി ആകാന്‍ ഇന്ത്യയും ചൈനയും
ലോകത്ത് ഒരു ക്ഷാമവുമില്ലാത്ത ഒരു കാര്യമുണ്ടെങ്കില്‍, അത് യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും അര്‍ത്ഥശൂന്യതയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളാണ്. ഓരോ രാഷ്ട്രാതിര്‍ത്തിയും, ഓരോ മലമുകളും, ഓരോ വിദൂര ഗ്രാമവും ഓരോ കാടും ഇത്തരം സംഘര്‍ഷങ്ങളുടെ വേദിയായിട്ടുണ്ട്. ഒടുവില്‍ അതെല്ലാം തെളിയിച്ചത് ഒരു കാര്യമാണ് -  സംഘര്‍ഷം ഒന്നിന്നും ഒരു പരിഹാരമല്ല, മറിച്ച് മാനവപുരോഗതിയില്‍ നിന്നുള്ള വഴിമാറിപ്പോക്കാണ്. ലഡാക്കിലെ ചുഷുല്‍ താഴ്വരയിലെ റെസാംഗ് ലാ പാത എന്ന അതിസുന്ദര പ്രദേശം ഇത്തരത്തിലൊരു അര്‍ത്ഥശൂന്യതയുടെ നിദര്‍ശനമാണ്. ചുഷുലിന് 19 മൈല്‍ തെക്കുള്ള റെസാംഗ് ലാ 3000 യാര്‍ഡ് നീളത്തിലും 2000 യാര്‍ഡ് വീതിയിലും ശരാശരി 16,000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

1962 നവംബര്‍ 18ന് മേജര്‍ ശേയ്താന്‍ സിംഗ് നയിച്ച, ഡല്‍ഹിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ള പശുപാലക വീരന്മാരായ ആഹിറുകളും യാദവന്മാരും അടങ്ങിയ 13-കുമായോണ്‍ ബറ്റാലിയന്റെ സി കമ്പനിയെയാണ് അവിടെ വിന്യസിച്ചത്. ചൈനീസ് പടയാളികളുടെ ആര്‍ത്തിരമ്പിയ വരവില്‍ സി കമ്പനിയിലെ ഏതാണ്ട് എല്ലാവരും കൊല്ലപ്പെട്ടു. എന്നിട്ടും അവര്‍ വിട്ടുകൊടുത്തില്ല. ഇന്ത്യന്‍ സേനയുടെ കണക്കനുസരിച്ച്, 123 ഇന്ത്യന്‍ സൈനികരില്‍ 114 സൈനികരും കൊല്ലപ്പെട്ടു. യുദ്ധസ്ഥലത്ത് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഒരു ആടിടയനും പിന്നാലേ സൈന്യത്തിന്റെ തെരച്ചില്‍ സംഘവുമെത്തി. ഒരു അയഥാര്‍ത്ഥ മായാചിത്രം പോലെ തണുത്തു മരവിച്ചു കിടന്നിരുന്നു ആ യുദ്ധരംഗം. തങ്ങളുടെ പോരാട്ടത്തിന്റെ അന്ത്യനിമിഷങ്ങള്‍ മാര്‍വിച്ചുറഞ്ഞു നില്‍ക്കുന്ന സൈനികരുടെ മൃതദേഹങ്ങള്‍. കൈകളില്‍ ആയുധങ്ങളും, എറിയാന്‍ ഉയര്‍ത്തിയ ഗ്രനേഡുകളുമായി സൈനികരും, പരിക്കേറ്റവരെ ശുശ്രൂഷിക്കുന്ന ഡോക്ടറുമെല്ലാം മരിച്ചുറഞ്ഞ ശില്‍പങ്ങളായി.

ദുഷ്‌കരമായ അയല്‍പ്പക്കങ്ങളുമായി സമാധാനപരവും ക്ഷമാപൂര്‍ണവുമായ നയതന്ത്രത്തിന്റെ ആവശ്യകത മനസിലാക്കണമെങ്കില്‍ ഇത്തരം ബലികളെ ഓര്‍മ്മിക്കേണ്ടതുണ്ട്.
നാലുകൊല്ലത്തെ ദുരഭിമാനവും, യുഎസുമായുള്ള ഒട്ടിച്ചേരലും അനാവശ്യമായ പേശിപെരുപ്പിക്കലും അതിര്‍ത്തിയിലെ പല മോശം രംഗങ്ങളും കഴിഞ്ഞിട്ടിപ്പോള്‍ തങ്ങളുടെ ഭീമന്‍ കമ്മ്യൂണിസ്റ്റ് അയല്‍ക്കാരനുമായി നീണ്ടുനില്‍ക്കുന്ന സമാധാനത്തിന്റെ ആവശ്യകത നരേന്ദ്ര മോദി സര്‍ക്കാര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

ഇന്ത്യയും ചൈനയും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇതിന് അതിര്‍ത്തിയിലെ പല പ്രതിസന്ധികളും ഉണ്ടാകേണ്ടി വന്നത്, തൊട്ടയല്‍പ്പക്കത്തുള്ള ഭീമനുമായി ഇടപെടുമ്പോള്‍ കയ്യൂക്കിനും ബലം പിടിത്തത്തിനും ഇടമില്ലെന്നും സൂക്ഷ്മമായ രീതികളാണ് ആവശ്യമെന്നും ന്യൂ ഡല്‍ഹിക്ക് തിരിച്ചറിയാന്‍ നാലു വര്‍ഷം എടുത്തത്, എന്ന ചോദ്യം ചോദിക്കേണ്ടതുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങും തമ്മില്‍ നടത്തിയ വുഹാന്‍ ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ സൈന്യം അതിര്‍ത്തിയിലെ സേനാവിഭാഗങ്ങള്‍ക്ക് ഒരു കൂട്ടം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ''യുവാക്കളായ സൈനിക ഉദ്യോഗസ്ഥരുടെ തലത്തില്‍ നിന്നും ഒരു വിധത്തിലുള്ള ആക്രമണോത്സുകമായ പെരുമാറ്റവും' ഉണ്ടാകരുതെന്ന് ഇതില്‍ പറയുന്നുണ്ട്. 2005ല്‍ നിശ്ചയിച്ച പെരുമാറ്റച്ചട്ടം അനുസരിച്ചായിരിക്കണം വിന്യാസമെന്നും നിര്‍ദ്ദേശിക്കുന്നു.

ഇരു വിഭാഗവും 2005 ഏപ്രില് 11-നു ഒപ്പുവെച്ച 'ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ നിയന്ത്രണ രേഖക്ക് അരികിലുള്ള സൈനിക പ്രദേശത്ത്, പരസ്പരവിശ്വാസ സംവര്‍ധക നടപടികള്‍ നടപ്പാക്കുന്നതിനുള്ള രീതികള്‍'' സമാധാനവും ശാന്തതയും ഉറപ്പാക്കാന്‍ ഇരുകൂട്ടരും പാലിക്കേണ്ട ചില പെരുമാറ്റ നടപടികളാണ്. ''ഈ പെരുമാറ്റച്ചട്ടങ്ങള്‍ ഈയിടെ നിരന്തരം ലംഘിക്കപ്പെട്ടിരുന്നു,'' ഉയര്ന്ന ഇന്ത്യന്‍ സൈനികോദ്യഗസ്ഥന്‍ പറഞ്ഞു.

അതിര്‍ത്തി നിയന്ത്രണ രേഖയുടെ വ്യത്യാസങ്ങള്‍ മൂലം സൈനികര്‍ മുഖാമുഖം വന്നാല്‍ 'ആത്മസംയമനം പാലിക്കുകയും സാഹചര്യം വഷളാകാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്,'' എന്നതില്‍ പറയുന്നു.

2005-ലെ പെരുമാറ്റച്ചട്ടപ്രകാരം നാലു പടികളായാണ് ഇത് ചെയ്യേണ്ടത്:

ഇരുവിഭാഗവും പ്രദേശത്തുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയും കൂടുതലായി മുന്നോട്ട് നീങ്ങാതിരിക്കുകയും ഒപ്പം തന്നെ തങ്ങളുടെ താവളങ്ങളിലേക്ക് മടങ്ങുകയും വേണം.
ഇരു വിഭാഗവും തങ്ങളുടെ കേന്ദ്ര ആസ്ഥാനങ്ങളെ വിവരമറിയിക്കണം. ആവശ്യമാണെങ്കില്‍ സാഹചര്യം വഷളാകാതിരിക്കാന്‍ ഉടന്‍തന്നെ അതിര്‍ത്തി യോഗമോ നയതന്ത്ര മാര്‍ഗങ്ങള്‍ വഴിയോ ചര്‍ച്ചകള്‍ നടത്തുകയും വേണം.

മുഖാമുഖം കാണുന്ന സാഹചര്യങ്ങളില്‍ ഇരുവിഭാഗവും ബലം പ്രയോഗിക്കുകയോ ബലം പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കുകയോ ചെയ്യരുത്.

ഇരുകൂട്ടരും മറുഭാഗത്തെ മര്യാദയോടെ സമീപിക്കുകയും എന്തെങ്കിലും തരത്തിലുള്ള പ്രകോപനപരമായ പ്രവര്‍ത്തികള്‍ ചെയ്യുന്നത് ഒഴിവാക്കുകയും വേണം.
ഈ പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ ഫലമായാണ്, 4056 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തിയിലെ സമാധാനത്തിന് ഭീഷണിയായിക്കൊണ്ട് കയ്യാങ്കളിയും കല്ലെറിയലും അതുപോലുള്ള തെമ്മാടിത്തരങ്ങളും ഈയടുത്ത വര്‍ഷങ്ങളില്‍ അതിര്‍ത്തിയില്‍ ഉണ്ടാകുന്നത്.

അതിര്‍ത്തിയിലെ ഏതെങ്കിലും തരത്തിലുള്ള അനാവശ്യ സംഭവങ്ങളില്‍ സൈന്യം ഇടപെടരുതെന്ന് സേനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു.

http://www.azhimukham.com/india-history-of-boundary-dispute-between-india-and-china-and-recent-stand-off-in-doklam/
http://www.azhimukham.com/india-history-of-boundary-dispute-between-india-and-china-and-recent-stand-off-in-doklam-part2/
http://www.azhimukham.com/india-china-doklam-border-crisis-has-ended/

Next Story

Related Stories