Top

ഇന്ത്യയെ തിരികെ പിടിക്കാന്‍ വൃദ്ധരും ജ്ഞാനികളുമായ ആ കര്‍ഷകര്‍ കാണിച്ച വഴിയേ നാം നടന്നു തുടങ്ങേണ്ടതുണ്ട്

ഇന്ത്യയെ തിരികെ പിടിക്കാന്‍ വൃദ്ധരും ജ്ഞാനികളുമായ ആ കര്‍ഷകര്‍ കാണിച്ച വഴിയേ നാം നടന്നു തുടങ്ങേണ്ടതുണ്ട്
ഇതേതെങ്കിലും വിലകൂടിയ സ്‌കോച്ച് വിസ്‌കിയുടെ പരസ്യത്തില്‍ പറയുന്നതു പോലെ എപ്പോഴും നടന്നുകൊണ്ടിരിക്കാന്‍ പറയുന്നതല്ല, മഹാത്മാ ഗാന്ധിയെ കൂട്ടുപിടിച്ചതുമല്ല.

പക്ഷേ നമ്മള്‍ നടക്കേണ്ടതുണ്ട്. നാസിക്ക് മുതല്‍ മുംബൈ വരെ വിയര്‍ത്തൊട്ടിയ ശരീരവും മുറിഞ്ഞു കീറിയ കാലുകളുമായി ദളിതരും ആദിവാസികളുമടങ്ങുന്ന കര്‍ഷകര്‍ നടന്നതുപോലെ അധികാരത്തിന്റെ നഗരപ്രദേശങ്ങളിലേക്ക്, നമ്മുടെ ജനാധിപത്യത്തെ എല്ലായ്‌പ്പോഴും മറച്ചു പിടിക്കുന്ന നഗരങ്ങളിലേക്ക്, കൊളോണിയല്‍ ബംഗ്ലാവുകളുടെ ലോണുകളില്‍ വിശ്രമിക്കുന്ന അധികാരികളുടെ അടുത്തേക്ക് നീതിക്ക് വേണ്ടി നാം നടക്കേണ്ടതുണ്ട്.

നമുക്ക് മാര്‍ച്ച് ചെയ്യേണ്ടതുണ്ട്, സമാധാനപ്രിയരായി, മറ്റൊരു മനുഷ്യനും ബുദ്ധിമുട്ടുണ്ടാക്കാതെ, പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് അലോസരമുണ്ടാക്കാതെ അധികാരം ഏതാനും ആളുകളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ആഡംബര സൗധങ്ങള്‍ നിറഞ്ഞ നഗരങ്ങളിലേക്ക് നമുക്ക് നടക്കേണ്ടതുണ്ട്. എല്ലാ വിധത്തിലുമുള്ള പ്രിവിലേജുകള്‍- മുഴുവന്‍ സമയ വൈദ്യുതി മുതല്‍ സൗജന്യ ഇന്റര്‍നെറ്റ് സംവിധാനം വരെ, എയര്‍ കണ്ടീഷന്‍ഡ് ഹോട്ടല്‍ മുറികള്‍ മുതല്‍ കണ്ണഞ്ചിപ്പിക്കുന്ന മറ്റ് സൗകര്യങ്ങള്‍ വരെ അനുഭവിക്കുന്ന ഇടങ്ങള്‍ കൂടിയാണ് ഈ നഗരങ്ങള്‍. അതിലെ ഓരങ്ങളില്‍ ജീവിക്കുന്നവരുടെ പ്രതിനിധികളാണ്, ആ നഗരങ്ങളുടെ അഴുക്കുചാലുകള്‍ക്കു മുകളില്‍ കൂരകള്‍ കെട്ടിപ്പൊക്കിയവരുടെ ഗ്രാമങ്ങളിലുള്ളവരാണ് അനീതിയും ദുരിതവും കുടിയൊഴിപ്പിക്കലുകളും അക്രമവും ദിനേനെ എന്നവണ്ണം അനുഭവിക്കുന്ന അവരാണ് നമുക്ക് മുന്നേ നടന്ന് മാതൃക കാണിച്ചിരിക്കുന്നത്.

അട്ടപ്പാടിയിലെ ആദിവാസികള്‍ നമ്മുടെ തലസ്ഥാനത്തെ ഭരണസിരാ കേന്ദ്രത്തിലേക്ക് നടന്നു തുടങ്ങേണ്ടതുണ്ട്. വിശന്നിരിക്കുന്ന ഒരു ആദിവാസി കൂടി അക്രമാസക്തമായ ആള്‍ക്കൂട്ടത്തിന്റെ അതിക്രമങ്ങള്‍ക്ക് ഇരയായി കൊല്ലപ്പെടില്ലെന്ന് അധികാരികളില്‍ നിന്ന് അവര്‍ ഉറപ്പു വാങ്ങേണ്ടതുണ്ട്. ഒരാദിവാസിയും മറ്റൊന്നിനും വേണ്ടി ഒരാള്‍ക്കും മുമ്പില്‍ കൈനീട്ടേണ്ട അവസ്ഥയുണ്ടാകരുതെന്ന്, അവര്‍ക്ക് ഭക്ഷണം മോഷ്ടിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാകരുതെന്ന് നമ്മുടെ ഭരണകൂടവും ഉറപ്പാക്കേണ്ടതുണ്ട്. നമ്മുടെ സമൂഹത്തില്‍ തങ്ങള്‍ക്കും ഒരു ഭാവിയുണ്ടെന്ന് തോന്നാനുള്ള അവകാശം ആ ആദിവാസി സമൂഹത്തിന് ഉണ്ടാകുമോ? അവരുടെ പേരില്‍ ഇത്രകാലവും ചെലവഴിച്ച കോടികള്‍ എവിടെപ്പോയിയെന്ന് ഭരണകൂടം എന്നെങ്കിലും അന്വേഷിക്കുമോ? അതൊക്കെ ഉറപ്പാക്കേണ്ടതുണ്ട്.

http://www.azhimukham.com/india-kisan-long-march-reached-mumbai/

രാജ്യത്തിന്റെ മുഴുവന്‍ ഭാഗത്തുമുള്ള ആദിവാസികളും അടിച്ചമര്‍ത്തപ്പെട്ടവരുമെല്ലാം രാജ്യ തലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തേണ്ട സമയം കൂടിയാണിത്. തങ്ങളുടെ സ്ഥലങ്ങള്‍, വീടുകള്‍, വനങ്ങള്‍ ഒക്കെ അടുത്ത ഒരു കോര്‍പറേറ്റിന്, കോടീശ്വരന്, മൈനിംഗ് മാഫിയയ്ക്ക് എഴുതി നല്‍കുന്നതിന് മുമ്പ്. രാജ്യത്തെ ആദിവാസികളും ദളിതരുമടങ്ങുന്ന വലിയൊരു വിഭാഗം കര്‍ഷകരെയും ആത്മഹത്യാ മുനമ്പില്‍ നിന്ന് തിരികെ പിടിക്കുന്നതിന് അവരത് ചെയ്‌തേ മതിയാകൂ. ബാങ്കുകളും ടെലികോം കമ്പനികളും മറ്റ് ശതകോടികളുടെ വിറ്റുവരവുള്ള വ്യവസായങ്ങളുമൊക്കെ സര്‍ക്കാരിന്റെ കരുണയ്ക്ക് പാത്രമായി കോടികളുടെ സന്നദ്ധ പാക്കേജുകള്‍, നികുതി ഇളവുകള്‍ നേടുമ്പോള്‍, ഈ രാജ്യത്ത് ഏറ്റവുമധികം മനുഷ്യര്‍ ജോലി ചെയ്യുന്ന കാര്‍ഷിക മേലഖയെ ആശ്രയിച്ചു ജീവിക്കുന്നവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മനസു കാണിക്കുന്നില്ലെങ്കില്‍ അത് പിടിച്ചു വാങ്ങുക മാത്രമേ വഴിയുള്ളൂ എന്നാണ് മുംബൈയില്‍ എത്തിയ ആ ഒരു ലക്ഷത്തോളം മനുഷ്യരുടെ സഹനവും പോരാട്ടവും തെളിയിക്കുന്നത്. അത് ഏതാനും ലക്ഷങ്ങളുടെ കടമെഴുതിത്തള്ളലില്‍ മാത്രം ഒതുക്കാവുന്ന ഒന്നല്ല താനും.

http://www.azhimukham.com/india-long-march-to-mumbai/

ന്യൂഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താന്‍ ഈ രാജ്യത്ത് അധികാരസ്ഥാനങ്ങള്‍ക്കും ഹിന്ദുത്വയുടേയും മറ്റ് വര്‍ഗീയ അജണ്ടകളുടേയും തണലില്ലാതെ ജീവിക്കുന്ന ആര്‍ക്കും അധികാരമുണ്ട്, ആവശ്യമുണ്ട്, അതിനുള്ള സമയം കൂടിയാണിത്. നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍, നീതിന്യായ വ്യവസ്ഥ പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പാക്കാന്‍, നീതി ലഭിക്കുന്നുണ്ട് എന്നുറപ്പാക്കാന്‍, എന്തു കഴിക്കണമെന്നും എന്തു ധരിക്കണമെന്നുമൊക്കെ അനുശാസിക്കുന്നവരുടെ, ഭക്ഷണത്തിന്റെ പേരിലും ജാതിയുടേയും മതത്തിന്റെയുമൊക്കെ പേരില്‍ കൊലപ്പെടുത്തുന്നവരുടെ, പട്ടിണിയില്‍ നിന്ന്, ബാലവേലയില്‍ നിന്ന്, ചൂഷണത്തില്‍ നിന്ന് ഒക്കെ പുറത്തു വരാന്‍ ഉള്ള സമയം കൂടിയാണിത്. അധികാരത്തിന്റെ കേന്ദ്രങ്ങളിലേക്കുള്ള ആ വഴികളിലാണ് ഇനി ആ കാല്‍പ്പാടുകള്‍ പതിയേണ്ടത്.

http://www.azhimukham.com/india-sikar-farmer-agitation-how-the-cpim-created-a-red-base-in-rajasthan/

ജനാധിപത്യം അതിന്റെ ഓരോ തുള്ളിയായി ഇറ്റു തീര്‍ന്നുകൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യത്ത്. രാഷ്ട്രീയക്കാരെന്നും ഉദ്യോഗസ്ഥരെന്നും മുഖ്യധാരാ മാധ്യമങ്ങളെന്നുമൊക്കെ നടിക്കന്ന ഒരു ഗൂഡാലോചനാ സംഘത്തിന്റെ പിടിയിലാണത്, അവരുടെ താത്പര്യങ്ങളിലാണ് ഇന്നത്. അതിനെ തിരിച്ചു പിടിക്കണമെങ്കില്‍, ഇന്ത്യ എന്ന ആശയത്തെ നിലനിര്‍ത്തണമെങ്കില്‍ ഓരോ ഇന്ത്യക്കാരും അധികാര കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തേണ്ട സാഹചര്യമാണിന്നുളളത്. അല്ലെങ്കില്‍ ഭൂരിഭാഗം വരുന്ന നമ്മുടെ വലിയൊരു ജനത ഗ്രാമപ്രദേശങ്ങളിലും എല്ലാ വിധത്തിലുള്ള പ്രിവിലേജുകളും അനുഭവിക്കുന്ന, കള്ളം പറയാനും കൊല്ലാനും, തട്ടിപ്പു നടത്താനും ഒക്കെ കഴിയുന്ന അവര്‍, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഭിന്നിപ്പിച്ചു തകര്‍ക്കും. ജനാധിപത്യത്തിന് അന്ത്യകൂദാശ പാടും.

http://www.azhimukham.com/trending-farmers-longmarch-a-people-wonder-says-tmthomasisac/

അപ്പോള്‍, മഹാരാഷ്ട്രയിലെ ദളിതരും ആദിവാസികളുമടങ്ങുന്ന കര്‍ഷകര്‍ അഖിലേന്ത്യാ കിസാന്‍ സഭയ്ക്ക് കീഴില്‍ അണിനിരന്നതുപോലെ, നിര്‍ഭയ കൊലപാതകത്തിനു ശേഷം അധികാര കേന്ദ്രങ്ങളിലേക്ക് ഇരച്ചു കയറിയ നമ്മുടെ യുവത്വത്തെപ്പോലെ, നമ്മുടെ പൊതുതാത്പര്യങ്ങള്‍ക്കായി നിലകൊള്ളുന്നതിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടിട്ടും ശക്തമായി പൊരുതി നില്‍ക്കുന്നവരെ പോലെ നമ്മുടെ രാജ്യത്ത് ഒരു കൊടുങ്കാറ്റ് ഉയരേണ്ടതുണ്ട്. ഇന്ത്യ എന്ന ആശയത്തെ മുറുകെപ്പിടിച്ചു കൊണ്ട്, വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ താറുമാറാക്കാതെ, സമാധാനപരമായി ആ മനുഷ്യര്‍ കാണിച്ചു തന്ന വഴി നമ്മുടെ മുന്നിലുണ്ട്.

അധ്വാനിക്കുന്ന, വിയര്‍പ്പുറ്റുന്ന, ലക്ഷക്കണക്കിന് വരുന്ന അടിസ്ഥാന വര്‍ഗ ജനത നയിക്കുന്ന മാര്‍ച്ചിന് മാത്രമേ നമ്മുടെ ജനാധിപത്യത്തെ തിരിച്ചു പിടിക്കാന്‍ കഴിയൂ. ആ ജനാധിപത്യത്തെ സംരക്ഷിക്കേണ്ട ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ക്ക് അതു കഴിയാതെ പരാജയപ്പെടുന്നത് കണ്ടു കൊണ്ടിരിക്കുമ്പോള്‍ ആ വൃദ്ധരും ജ്ഞാനികളുമായ കര്‍ഷകര്‍ കാണിച്ചു തന്ന വഴി നമ്മുടെ മുന്നിലുണ്ട്, അതു മാത്രമാണ് ഏക വഴി.

http://www.azhimukham.com/fbpost-mumbai-kisan-long-march-and-cpim-by-pramod-puzhankara/

Next Story

Related Stories