Top

സര്‍ക്കാരിനേക്കാള്‍ ഉയരത്തില്‍ പറക്കുന്ന ഇന്ത്യയിലെ അധോലോക പരീക്ഷാ വിപണി

സര്‍ക്കാരിനേക്കാള്‍ ഉയരത്തില്‍ പറക്കുന്ന ഇന്ത്യയിലെ അധോലോക പരീക്ഷാ വിപണി
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വടക്കന്‍ ഡല്‍ഹിയിലെ തിമാര്‍പുര്‍ മേഖലയില്‍ പോലീസ്  എത്തുമ്പോഴേക്കും കാര്യങ്ങളൊക്കെ ഒരുവിധം തീരുമാനമായിരുന്നു. സിസ്റ്റം ഹാക്ക് ചെയ്ത് ചോദ്യ പേപ്പറുകള്‍ കൈവശപ്പെടുത്തിയ സംഘം ഇവയ്ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്താന്‍ 150-ലേറെ ആളുകളുമായും ബന്ധപ്പെട്ടിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ ക്ലാര്‍ക്കാകാന്‍ മോഹിച്ച് എത്തിയ ആളുകള്‍ക്ക് തങ്ങളുടെ 'സേവനം' നല്‍കാന്‍ സംഘം ഈടാക്കിയിരുന്നത് 10 ലക്ഷം മുതല്‍ 15 ലക്ഷം വരെ രൂപയാണ്.

ടാക്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍, ക്ലര്‍ക്ക്, അക്കൗണ്ടന്റ്‌സ് തുടങ്ങിയ പോസ്റ്റുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ എന്ന സര്‍ക്കാര്‍ സ്ഥാപനം നടത്തുന്ന SSC CGL പരീക്ഷയുടെ ചോദ്യ പേപ്പറുകളാണ് സംഘം കരസ്ഥമാക്കിയത്. റെയില്‍വേ റിക്രൂട്ട്‌മെന്റ് ഒക്കെ പേലെ ലക്ഷക്കണക്കിന് ആളുകള്‍ അപേക്ഷിക്കുന്നതാണ് ഈ പരീക്ഷയും.

ഈ വര്‍ഷം നടന്ന ചോദ്യ പേപ്പര്‍ ചോര്‍ച്ച വലിയ പ്രതിഷേധമാണ് രാജ്യത്തുണ്ടാക്കിയത്, പ്രത്യേകിച്ച് ദേശീയ തലസ്ഥാനത്ത്. ഒടുവില്‍ പോലീസും രംഗത്തിറങ്ങി. അങ്ങനെയാണ് അവര്‍ തിമാര്‍പൂരില്‍ എത്തുന്നത്. അവിടെ നിന്ന് ലഭിച്ചതാകട്ടെ, ഇന്ത്യയിലെ ചോദ്യപേപ്പര്‍, ജോലി കുംഭകോണത്തിന്റെ അധോലോക വിപണിയെക്കുറിച്ചുള്ള തുമ്പുകള്‍ മാത്രമായിരുന്നു.

ആ അണ്ടര്‍ഗ്രൗണ്ട് വിപണിയില്‍ ജോലിക്കു വേണ്ടി കാത്തിരിക്കുന്ന ചെറുപ്പക്കാരുണ്ട്, മക്കള്‍ക്ക് നല്ല മാര്‍ക്ക് ഉറപ്പാക്കണമെന്ന് കരുതുന്ന മാതാപിതാക്കളുണ്ട്, മികച്ച റിസള്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളുണ്ട്, എത്രയും പെട്ടെന്ന് 'റിസള്‍ട്ടുകള്‍' ഉണ്ടാക്കിക്കൊടുക്കാന്‍ ശേഷിയുള്ള ക്രിമിനല്‍ സംഘങ്ങളുണ്ട്. അവിടെ ചിലര്‍ക്ക് ചില പരീക്ഷകള്‍ പാസായാല്‍ മതി, ചിലര്‍ക്ക് ഡോക്ടറാകണം, ചിലര്‍ക്ക് ക്ലര്‍ക്ക് പരീക്ഷയിലാണ് വിജയിക്കേണ്ടത്, ചിലര്‍ക്ക് കുടുംബത്തെ കരകയറ്റാനുള്ള എന്തെങ്കിലും ജോലി...

ഈ ആധുനിക ഇന്ത്യയില്‍ നിരാശ ബാധിച്ചവര്‍ക്ക്, ആവശ്യമായ വിദ്യാഭ്യാസ യോഗ്യത നേടുക എന്നത് ബുദ്ധിമുട്ടാകുന്ന അവസ്ഥയില്‍, ഐ.ഐ.റ്റികളിലോ ഐ.ഐ.എമ്മുകളിലോ ഒരു സീറ്റ് തരപ്പെടുത്താന്‍, അവര്‍ക്കൊക്കെ ആശ്രയിക്കാന്‍ പറ്റുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ അണ്ടര്‍ഗ്രൗണ്ട് തൊഴില്‍ മാര്‍ക്കറ്റാണ് ഇവിടുത്തേത്. അവിടെ നിന്ന് 'മികച്ച' മാര്‍ക്കുകള്‍ വാങ്ങി പലരും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലേക്ക് വരെയെത്തുന്നു.

പത്താം ക്ലാസ് പരീക്ഷയെ പോലും ബാധിക്കുന്ന വിധത്തില്‍ ആ അധോലോക വിപണി പിടിമുറുക്കി കഴിഞ്ഞു എന്നതാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. തങ്ങളുടെ പരീക്ഷകള്‍ കഴിഞ്ഞ ആഹ്‌ളാദത്തിലും ആശ്വാസത്തിലും ഇരുന്ന ലക്ഷക്കണക്കിന് കുട്ടികളുടെ മുന്നിലേക്കാണ് കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നിരുന്നുവെന്നും അതുകൊണ്ട് തങ്ങള്‍ എഴുതിയ പരീക്ഷ സിബിഎസ്ഇ റദ്ദാക്കിയെന്നും കുട്ടികള്‍ അറിയുന്നത്. ഈ വിവരം കുട്ടികളെ മാത്രമല്ല മോശമായി ബാധിച്ചത്, പരീക്ഷയ്ക്ക് ശേഷം കുട്ടികളോടൊത്ത് കുടുംബ യാത്രകളും മറ്റും പദ്ധതിയിട്ടിരുന്നവരെ കൂടിയാണ്.

എന്നാല്‍ ഈ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വെറുതെയങ്ങ് കൈകഴുകി പോകാന്‍ സാധ്യമല്ല. ഇവരില്‍ പലരും വിപണിയില്‍ ഏതാനും ആയിരം രൂപകള്‍ക്ക് ലഭ്യമാകുന്ന ആ ചോദ്യ പേപ്പറുകളുടെ ഗുണഭോക്താക്കളാണ് എന്നതാണ് അതില്‍ പ്രധാനം.

http://www.azhimukham.com/india-employment-growth-at-8-year-low/

നിങ്ങള്‍ പണം നല്‍കാന്‍ തയാറുണ്ടെങ്കില്‍ ഇന്ത്യയിലെ ഏതു പരീക്ഷയുടേയും ചോദ്യ പേപ്പറുകള്‍ ലഭ്യമാകുന്ന വിധത്തിലുള്ള അധോലോക വിപണി ഇവിടെ നിലവിലുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഒപ്പം നിങ്ങള്‍ക്ക് വേണ്ടി പരീക്ഷയ്ക്ക് ഹാജരാക്കാന്‍ ആള്‍മാറാട്ടത്തിന് തയാറാകുന്നവരും സുലഭം. നിരവധി പേരെ കൊലയ്ക്ക് കൊടുത്ത മധ്യപ്രദേശിലെ വ്യാപം കുംഭകോണം മുതല്‍ ഏതൊരു എന്‍ട്രന്‍സ് പരീക്ഷയും ഒക്കെ നടന്നിട്ടുള്ളത് ഈ വിധത്തിലാണ്. ഒന്നുകില്‍ ചോദ്യങ്ങള്‍ ചോരും, അല്ലെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവര്‍ പരീക്ഷ എഴുതും.

മാറിമാറി വന്ന എല്ലാ സര്‍ക്കാരുകള്‍ക്കും ഈ അനധികൃത വിപണി വളര്‍ത്തിയെടുക്കുന്നതില്‍ പങ്കുണ്ട്. നല്ല വിദ്യാഭ്യാസത്തിനും മെച്ചപ്പെട്ട ജോലിക്കും വേണ്ടി അഭിലഷിക്കുന്ന യുവാക്കള്‍ക്ക് അത് നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ആവശ്യത്തിന് സ്‌കൂളുകളും കോളേജുകളും സ്ഥാപിക്കാന്‍ സര്‍ക്കാരിന് കഴിയാതെ വരുമ്പോള്‍, ആവശ്യത്തിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് സാധിക്കാതെ വരുമ്പോള്‍, അവിടെ നിന്നാണ് നിരാശരായ മനുഷ്യര്‍ ഇത്തരത്തിലുള്ള അധോലോക വിപണികളുടെ സഹായം തേടുന്നത്.

ജോലിക്ക് വേണ്ടി അലയുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ നേര്‍ക്കാഴ്ച കാണണമെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ നടക്കുന്ന റെയില്‍വേ റിക്രൂട്ടിംഗ് കാഴ്ചകളിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ മതി.

http://www.azhimukham.com/india-government-has-failed-us-protests-against-neet-intensify-in-tamil-nadu-after-candidates-suicide/

റെയില്‍വേയിലെ ഒരു ലക്ഷത്തോളം വരുന്ന ഒഴിവുകളിലേക്ക് രണ്ടര കോടിയിലധികം അപേക്ഷകളാണ് റെയില്‍വേയ്ക്ക് ലഭിച്ചത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തീരാനാകട്ടെ, ഇനിയും നാലു ദിവസം കൂടി ബാക്കിയുണ്ട്.

റെയില്‍വേ അതിന്റെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റുകളിലൊന്ന് നടത്തുന്ന ഈ സമയത്ത് 90,000 ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്തികയിലേക്കാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത്. ഒപ്പം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലേക്ക് 9,500 തസ്തികകളിലും. അസിസ്റ്റന്റ് ലോകോ പൈലറ്റ്, ടെക്‌നീഷ്യന്‍ ജോലികളിലേക്ക് 50 ലക്ഷത്തിലധികം ഓണ്‍ലൈന്‍ അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഒഴിവുള്ളതാകട്ടെ, ലോകോ പൈലറ്റുമാരുടേത് 26,502-ഉം, 62,907 ഗ്രൂപ്പ് ഡി ടെക്‌നീഷ്യന്‍ പോസ്റ്റുകളും.

ഹിന്ദി, ഇംഗ്ലീഷ്, മലയാളം, ഉറുദു, കന്നട, പഞ്ചാബി, ബംഗാളി, ഗുജറാത്തി, കൊങ്കിണി, അസാമീസ്, മണിപ്പൂരി, മറാത്തി, ഒഡിയ, തമിഴ്, തെലുങ്ക് തുടങ്ങിയ 15 ഭാഷകളില്‍ ചോദ്യ പേപ്പറുകള്‍ ഉണ്ട്.

ചോദ്യം ഇതാണ്, ഈ പരീക്ഷകള്‍ ഒക്കെ എങ്ങനെ സത്യസന്ധമായി നടത്തും? നമ്മുടെ യുവാക്കളുടെ തൊഴിലിനു വേണ്ടിയുള്ള അലച്ചില്‍ എങ്ങനെ പരിഹരിക്കും?

http://www.azhimukham.com/fbpost-cbse-question-paper-leak-and-fate-of-student-a-father-says/

Next Story

Related Stories