Top

കാശ്മീരി സ്ത്രീകളുടെ മുടി മുറിക്കുന്നതാര്? ദുരിതങ്ങള്‍ക്കും ഭീതികള്‍ക്കും നടുവില്‍ ഒരു ജനത

കാശ്മീരി സ്ത്രീകളുടെ മുടി മുറിക്കുന്നതാര്? ദുരിതങ്ങള്‍ക്കും ഭീതികള്‍ക്കും നടുവില്‍ ഒരു ജനത
കാശ്മീരില്‍ ഇപ്പോള്‍ മൂടി നില്‍ക്കുന്ന പേടിയുടെയും സംഘര്‍ഷത്തിന്റെയും ഇരുണ്ട പുകപടലം എത്രത്തോളം കട്ടി കൂടിയതാണെന്ന് ഒരുപക്ഷേ വിശദീകരിക്കാന്‍ പറ്റുന്ന ഏക മനുഷ്യര്‍ അവിടെ ജീവിക്കുന്നവരായിരിക്കും.

തീവ്രവാദി ആക്രമണങ്ങള്‍, സുരക്ഷാ കവചങ്ങളും പരിശോധനകളും, ദിവസം മുഴുവന്‍ നീളുന്ന കര്‍ഫ്യൂ... ഇതിനൊക്കെ ഇടയില്‍ അപ്രതീക്ഷിത ആക്രമണങ്ങളും അമ്പരപ്പിക്കുന്ന അഭ്യൂഹങ്ങളും വിശദീകരണങ്ങളില്ലാത്ത അവകാശവാദങ്ങളുമൊക്കെ അരങ്ങേറുന്നത് നമുക്ക് കാണാം. എന്നാല്‍ ഇതിനു പിന്നില്‍ ആരാണെന്ന് പറയുക അസാധ്യമാണ്: അത് ചിലപ്പോള്‍ തീവ്രവാദികളാവാം, സുരക്ഷാ സേനയാവാം, മറ്റു പലരുമാവാം.

ഇതിലെ ഏറ്റവുമവസാന സംഭവവികാസമാണ് സ്ത്രീകളുടെ മുടി മുറിക്കല്‍. ഇതിനോടുള്ള പ്രതികരണമെന്ന നിലയില്‍ ജനത്തിന്റെ പ്രതിഷേധം വീണ്ടും ഉയര്‍ന്നു. പക്ഷേ, ഇത്തവണ അവരെ സംബന്ധിച്ചിടത്തോളം, സ്ത്രീകളുടെ മുടി മുറിക്കുന്നതിനു പിന്നില്‍ ആരെന്ന് സംശയമുള്ളവരെയൊക്കെ ജനങ്ങള്‍ ലക്ഷ്യം വച്ചു.

ഇതുവരെ കാശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം മുടി മുറിക്കല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ള പേടിയും അരക്ഷിതാവസ്ഥയും ചില്ലറയല്ല.

ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ ആരെന്നതിന് സര്‍ക്കാരിന് ഉത്തരമില്ലാതിരിക്കുകയും ജനം തങ്ങളുടെ രോഷം പ്രകടിപ്പിക്കാന്‍ തെരുവിലിറങ്ങുകയും ചെയ്യുന്നതാണ് ഇപ്പോള്‍ കാശ്മീരില്‍ സംഭവിക്കുന്നത്. ഇത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇതില്‍ ഏറ്റവും പുതിയത് മുടി മുറിക്കുന്നതിനു പിന്നിലുള്ള ആളെന്ന് സംശയിച്ച് മാനസികാസ്വാസ്ഥ്യമുള്ള ഒരു ചെറുപ്പക്കാരനെ സോപോറില്‍ ജനം ആക്രമിക്കുകയും അയാളെ രക്ഷപെടുത്തുകയും ചെയ്തതാണ്. മറ്റൊരു യുവാവിനെ ദാല്‍ തടാകത്തില്‍ മുക്കി കൊല്ലുന്നതില്‍ നിന്നാണ് രക്ഷിച്ചത്.

മുടി മുറിക്കുന്നതിനു പിന്നിലെന്ന് ആരോപിച്ച് നേരത്തെ, ആറംഗ വിദേശ ടൂറിസ്റ്റുകളെ രോഷാകുലരായ ജനം ശ്രീനഗറിലെ റെയ്‌നാവാരി പ്രദേശത്ത് തടഞ്ഞുവച്ചത് ഏറെ പണിപ്പെട്ടാണ് പോലീസ് രക്ഷപെടുത്തിയത്. ഇതേ വിധത്തിലുള്ള സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. മുടി മുറിക്കുന്നുവെന്ന് സംശയിക്കപ്പെടുന്നവരെ തുണിയുരിഞ്ഞ്, മര്‍ദ്ദിച്ച് നഗ്നരായി നടത്തുകയാണ് ഇവിടെ ചെയ്യുന്നത്.

മുടി മുറിക്കുന്നവരെ കണ്ടെത്താന്‍ വിജിലാന്റെ ഗ്രൂപ്പുകള്‍ ഉണ്ടാവുകയും ഇവര്‍ നിരീക്ഷണം ശക്തിപ്പെടുത്തുകയും ഇവര്‍ നിരപരാധികളെ ആക്രമിക്കുന്നതും പതിവായിരിക്കുകയാണ്. അനന്ത്‌നാഗില്‍ 70 വയസുള്ള ഒരു വൃദ്ധനെ കൊലപ്പെടുത്തിയത് അയാള്‍ മുടി മുറിക്കുന്നയാളെന്ന് സംശയിച്ചാണ്. ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിയേറ്റ് ആ വൃദ്ധന്‍ കൊല്ലപ്പെടുകയായിരുന്നു.

നേരത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സമാനമായ മുടി മുറിക്കല്‍ല്‍ പേടി പരന്നിരുന്നു. യു.പി, ഡല്‍ഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും സംശയത്തിന്റെ പേരില്‍ ഒരു ദളിത് വൃദ്ധ അടക്കം മൂന്നോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇങ്ങനെയൊരു സംഭവം ഇല്ലെന്നുള്ള പ്രതികരണവുമായി സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തെത്തുകയും പോലീസ് ഊര്‍ജസ്വലമാവുകയും ചെയ്തതോടെയാണ് കിവംദന്തികള്‍ക്ക് ഒട്ടൊക്കെ അറുതിയായത്.

കുറ്റവാളികളെ കണ്ടെത്താന്‍ പോലീസ് സംവിധാനം പരാജയപ്പെടുമ്പോഴാണ് ഇത്തരത്തിലുള്ള വിജിലാന്റെ ഗ്രുപ്പുകള്‍ ഉണ്ടാകുന്നത്. കുറ്റവാളികളെ കുറിച്ച് വിവരം തരുന്നവര്‍ക്കുള്ള പ്രതിഫലം പോലീസ് ആറു ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടും ഇതുവരെ പ്രയോജനമൊന്നും ഉണ്ടായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരുടെ യോഗങ്ങളും പതിവായി നടക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കിവംദന്തികള്‍ പരക്കുന്നത് ശക്തമാവുകയും കാശ്മീര്‍ പോലെ ഇതിനകം തന്നെ സംഘര്‍ഷം നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രദേശത്ത് അന്തരീക്ഷം വീണ്ടും മോശമാവുകയും ചെയ്യും, അതിന് രാഷ്ട്രീയ മാനങ്ങളും കൈവരും.

ജനങ്ങളോട് ശാന്തരാകാനും കിംവദന്തികളില്‍ വിശ്വസിക്കാതിരിക്കാനും പോലീസും സിവില്‍ ഭരണകൂടവും ഒക്കെ അഭ്യര്‍ത്ഥിക്കുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല. പൊതുജനങ്ങളുടെ വിശ്വാസ്യതയും വിശ്വാസവും നേടിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതു തന്നെയാണ് കാരണം. ഭരണകൂടങ്ങളിലും നീതി നടത്തിപ്പ് സംവിധാനങ്ങളിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പടുമ്പോള്‍ സംഭവിക്കുന്നതിന്റെ ഒരുദാഹരണം കൂടിയാണിത്.ഈ സംഭവവികാസങ്ങളോട് വിഘടനാവാദി ഗ്രൂപ്പുകള്‍ പ്രതികരിച്ചത് പൂര്‍ണമായ അടച്ചിടല്‍ ആണ്. ഒരുവിധപ്പെട്ട കാര്യങ്ങളോടൊക്കെ അവര്‍ പ്രതികരിക്കുന്ന സ്ഥിരം കാര്യം.

ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്‌ന്ങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് കണ്ടെത്തുകയും പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്യുന്നതു വരെ ജനങ്ങള്‍ പരിഭ്രാന്തരായിക്കും എന്നതില്‍ സംശയമില്ല.

ഇത്തരത്തില്‍ വളരെ അസാധാരണമായ സംഭവങ്ങള്‍ക്ക് കാശ്മീര്‍ സാക്ഷ്യം വഹിക്കുന്നത് ആദ്യമായല്ല. നേരത്തെ മൊബൈല്‍ ടവറുകള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്, കാശ്മീര്‍ വിട്ടു പോകണമെന്ന് പുറത്തു നിന്നു വന്നവരോട് ആവശ്യപ്പെട്ടു കൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതാണ് മറ്റൊന്ന്.

ഇവിടെ ഒരു കാര്യം ശ്രദ്ധിക്കാനുള്ളത്, കാശ്മീരില്‍ നടക്കുന്ന ഇത്തരം കാര്യങ്ങള്‍ക്ക് പിന്നില്‍ ആരെന്നതിന് നിങ്ങള്‍ക്ക് ഒരു വിധത്തിലും ഉറപ്പിക്കാന്‍ സാധിക്കില്ല എന്നതാണ്.

കാശ്മീരില്‍ ആകെ ഉറപ്പിക്കാവുന്നത് ഒരേയൊരു കാര്യമാണ്. കുന്നു കൂടുന്ന മൃതദേഹങ്ങളുടെ എണ്ണം. അതാകട്ടെ, ഓരോ ദിവസവും കൂടിവരികയും ചെയ്യുന്നു.

Next Story

Related Stories