UPDATES

പരിഭ്രാന്തനായ മോദി പുതിയ ശത്രുക്കള്‍ക്കായുള്ള തിരച്ചിലിലാണ്

ഒരു നിമിഷത്തേക്ക് നമ്മൾ കരുതിയത് പ്രളയം മൂടിയ മലയാളികളാകാം സാധ്യതാ ശത്രുക്കൾ എന്നാണ്. അവരാ ആശയം മാറ്റിവെച്ചു. മോദി ഭരണകൂടം പുതിയ ശത്രുക്കൾക്കായുള്ള തെരച്ചിലിലാണ്- എഡിറ്റോറിയല്‍

കേരളത്തിനെതിരെയുള്ള മോദി സര്‍ക്കാരിന്റെ നിലപാടുകളുമായി ബന്ധപ്പെട്ട് ഭക്തരുടെ ഉറഞ്ഞുതുള്ളലിനും ഇന്നലെ രാജ്യത്ത് പലയിടത്തുമായി നടന്ന, പ്രശസ്തരായ സാമൂഹ്യപ്രവർത്തകർക്കെതിരായ നാടകീയമായ പൊലീസ് നടപടിക്കും തമ്മിൽ എന്താണ് പൊതുവായുള്ളത്?

ഭരണകക്ഷിയുടെ ഇപ്പോഴത്തെ രാഷ്ട്രീയം ഓരോ ദിവസവും ഓരോ ആഴ്ച്ചയും ഓരോ തെരഞ്ഞെടുപ്പിനും വേണ്ടി ഒരു ശത്രുവിനെ കണ്ടെത്താനുള്ള പരക്കംപാച്ചിലാണ് എന്നതാണ്. സമ്മതിദായകരെ വിറളിപിടിപ്പിക്കാൻ, ഭൂരിപക്ഷമതത്തിൽപ്പെട്ട ആളുകൾ അരക്ഷിതരാണെന്ന് തോന്നിപ്പിക്കാൻ, മുസ്ലീങ്ങളും മറ്റു ന്യൂനപക്ഷങ്ങളും ഈ രാജ്യം കയ്യടക്കുമെന്ന തോന്നലുണ്ടാക്കാൻ, തങ്ങളുടെ കഴിവുകേടുകളും വെറുപ്പും മറച്ചുവെക്കാൻ അവർക്കൊരു ശത്രുവിനെ ആവശ്യമുണ്ട്. അക്രമവും വെറുപ്പും പ്രാഥമിക പരിപാടിയായിയെടുക്കാതെ, സാമൂഹ്യ-സാമ്പത്തിക നയങ്ങൾ നിശ്ചയിക്കുകയും വിപണിയുടെ മൂല്യങ്ങൾക്കും വലതുപക്ഷ പ്രത്യയശാസ്ത്രത്തിനുമായി നിലകൊള്ളുകയും ചെയ്ത വാജ്‌പേയി കാലത്തുനിന്നും തികച്ചും വ്യത്യസ്തമാണിത്.

വാസ്തവത്തിൽ വെറുപ്പിലാണ് മോദി നയിക്കുന്ന ബിജെപിയുടെ രാഷ്ട്രീയവും അവരുടെ ലോകവീക്ഷണവും നിലയുറപ്പിച്ചിരിക്കുന്നത്. ബിജെപിക്കുള്ളിൽ പലരും ഇതിനെക്കുറിച്ച് പരസ്യമായി പറഞ്ഞുതുടങ്ങിയെങ്കിലും നിലവിലെ നേതൃത്വം മാറിയാൽ മാത്രമേ ഇക്കാര്യങ്ങള്‍ പുറത്തുവരൂ.

വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഒരു പ്രത്യേക സ്വഭാവവിശേഷമുണ്ട്: അത് ദുർബലരോട് മാത്രമാണ് തങ്ങളുടെ വെറുപ്പ് പുറത്തുകാണിക്കുക. അവർ തിണ്ണമിടുക്ക് കാണിക്കുന്ന ഗുണ്ടകളെപ്പോലെയാണ്, ചൈനയെപ്പോലുള്ള ഒരു കരുത്തൻ അയൽക്കാരൻ നേർക്കുനേരെ വന്നാൽ അവർ വാലും ചുരുട്ടി അകത്തേക്കോടും.

ഒരു ജനത സർവ്വതും നഷ്ടപ്പെട്ട വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോൾ, വിദേശ സഹായത്തിനായുള്ള നമ്മുടെ ആവശ്യത്ത അപഹസിക്കുന്നതിന്, മഹത്തായ ഈ രാജ്യം മോദിക്ക് കീഴില്‍ ചെറുതായി പോകുന്നുവെന്ന് പറയുന്നതിന് ഈ ജനാധിപത്യ വിരുദ്ധ സംഘത്തിലെ പേപ്പട്ടികൾ കുരച്ചു തുടങ്ങും. ചെറിയൊരു തുകയെക്കുറിച്ചുള്ള കണക്കുപറച്ചിലായി മാറ്റി എല്ലാ ശ്രദ്ധയും തിരിച്ചുവിടും, തങ്ങളുടെ കൈവിട്ടുപോയി കാര്യങ്ങൾ എന്നറിയുമ്പോൾ അവർ നമ്മെ ഭിന്നിപ്പിക്കാൻ നോക്കും; തങ്ങളുടെ വെറും ആക്രോശങ്ങൾ മാത്രമായ ചർച്ചാപ്രഹസനങ്ങളിൽ അവർ കപടമായ കൃത്യതയുണ്ടെന്നു വരുത്താൻ ശ്രമിക്കും. എല്ലാ മലയാളികളെയും അധിക്ഷേപിച്ചില്ലെന്നും ലജ്ജാഹീനരും ദേശവിരുദ്ധരുമായ കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റുകാരെയുമാണ് ആക്രമിച്ചതെന്നും അവർ പറയും. ഒരു ജനാധിപത്യവാദിക്ക് നമ്മൾ അംഗീകരിക്കാത്ത പ്രത്യയശാസ്ത്രവും ദേശവിരുദ്ധമാകുന്നില്ല എന്ന് അവർക്കു മനസിലാവുകയേ ഇല്ല.

ഭരണകക്ഷിയുടെയും അതിന്റെ കൂട്ടാളികളുടെയും ഇന്നത്തെ രാഷ്ട്രീയത്തിന്റെ വളരെ പ്രകടമായ രൂപം രീതി ഇതാണ്. ഈ രാഷ്ട്രീയത്തിനൊരു ചരിത്രമുണ്ട്, അതിന്റെ ആധുനിക ആഖ്യാനം നരേന്ദ്ര മോദിയുമായി ഇഴചേർന്നു കിടക്കുന്നു. മോദിയെ ജനം രാഷ്ട്രീയത്തിൽ കാണാൻ തുടങ്ങിയ കാലം മുതൽ മോദി ഈ ഇര പരിവേഷവും ‘ഭാരതമാതാവിന്റെ ശത്രുക്കളെ’ തിരിച്ചറിയുന്നതിനെക്കുറിച്ചും പറയുന്നുണ്ട്.

മോദിയുടെ ഭരണത്തിൽ ഗുജറാത്തിൽ സംഭവിച്ചതിനെക്കുറിച്ച് ഇനിയും കൂടുതൽ വിശദീകരിക്കേണ്ടതില്ല, പക്ഷെ സുപ്രീം കോടതി മോദിയെ നീറോ എന്ന് വിളിച്ചത് നമ്മളോർക്കണം. അക്ഷർധാം ആക്രമണക്കേസിൽ നിരപരാധികളെ കുറ്റവിചാരണ ചെയ്യുന്നതിന്റെ പേരിൽ 2014-ൽ മോദി അധികാരത്തിലേറിയ ദിവസം പരമോന്നത കോടതി വിമർശിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷനും മോദിയെ തുടർച്ചയായി കുറ്റപ്പെടുത്തി. വെറുപ്പിലും കഷ്ടപ്പാടിലും മറ്റുള്ളവരെ സംശയക്കണ്ണോടെ മാത്രം കാണുന്നതിലും ആണ്ടുപോയ, മുന്നോട്ടുപോകാൻ, കൈപിടിച്ചു നടത്തിക്കാൻ മറ്റൊരു മഹാത്മാ ഗാന്ധിയെങ്കിലും വേണ്ടിവരുന്ന ഒരു ഗുജറാത്തിനെയാണ് മോദി ബാക്കിയാക്കി വന്നത്.

ഇന്ത്യയിലെമ്പാടും ഉയർന്ന അഴിമതി വിരുദ്ധ വികാരത്തിന്റെ ബലത്തിൽ വിജയിച്ച, അതിനെ വളരെ ഉദാരമായി ഹിന്ദുത്വ രാഷ്ട്രീയത്തിലും വെറുപ്പിലും മിശ്രണം ചെയ്ത മോദി കഴിഞ്ഞ നാലുകൊല്ലമായി വാചകക്കസർത്തിൽ മാത്രമാണ് നിലനിൽക്കുന്നത്. അദ്ദേഹം പുതിയ ശത്രുക്കളെ കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു, ഒരെണ്ണം വേണ്ടത്ര വിജയിച്ചില്ലെങ്കിൽ മറ്റൊന്ന്.

പ്രധാനമന്ത്രിയായ ആദ്യകാലത്ത് കോൺഗ്രസ് മുക്ത ഭാരതമായിരുന്നു മോദിയുടെ മുദ്രാവാക്യം. പിന്നെ അഴിമതിക്കെതിരായ തന്റെ പടപ്പുറപ്പാടായി നോട്ടുനിരോധനം കൊണ്ടുവന്നു. പക്ഷെ ഗ്രാമപ്രദേശങ്ങളെയടക്കം അത് ദുരിതത്തിലാക്കിയപ്പോള്‍ മോദി അഴിമതിവിരുദ്ധയുദ്ധം ഉപേക്ഷിച്ചു. പിന്നീട് ബിജെപി ഭരിക്കുന്ന അസം സർക്കാർ, ആധുനിക ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യദുരന്തത്തിന് വഴിവെക്കും വിധം 40 ലക്ഷം മനുഷ്യരെ ഇന്ത്യക്കാരല്ല എന്ന് പ്രഖ്യാപിച്ചു. ഓരോ സംസ്ഥാനത്തുമുള്ള മോദിയുടെ കൂട്ടുകക്ഷികള്‍ ശത്രുക്കളെ കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു.

തന്റെ സ്വസ്ഥമായ നിലയെ ഇളക്കാത്തിടത്തോളം, ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ചോ അതിലെ വെറുപ്പിനെക്കുറിച്ചോ മോദി നിശബ്ദനായിരിക്കും.

കാശ്മീരിൽ അന്തിമയുദ്ധത്തിന് വെമ്പി നിൽക്കുകയായിരുന്നു മോദിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. പക്ഷെ അത് നടക്കാതെ വന്നപ്പോൾ, ഇപ്പോളവർ ഒരു രാഷ്ട്രീയക്കാരൻ ഗവർണറെ നിയമിച്ചു. തങ്ങളുടെ പഴയ ഏറ്റുമുട്ടലുകളിലേക്കു മടങ്ങുന്നു. മഹാരാഷ്ട്രയിൽ പശുക്കൾ, ദളിതർ, മുസ്ലീങ്ങൾ എല്ലാം ഈ ആഖ്യാനത്തിന്റെ ഭാഗമാണ്. രാജസ്ഥാനിലും ഹരിയാനയിലും ആൾക്കൂട്ട അക്രമി സംഘങ്ങൾ സംസ്ഥാന പൊലീസിന്റെ ഭാഗം പോലെയാണ്.
ഉത്തർപ്രദേശിൽ കുറ്റവാളികൾ എന്ന് പറഞ്ഞാൽ വെടിവെച്ചുകൊല്ലുക എന്നതിലെത്തി പൊലീസ്; കൊല്ലപ്പെടുന്നതിൽ ഏറെയും മുസ്ലീങ്ങളും. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽവേണം മഹാരാഷ്ട്ര പൊലീസ് രാജ്യത്തിന്റെ പല ഭാഗത്തായി ചൊവ്വാഴ്ച്ച നടത്തിയ നാടകം കാണാൻ. സാന്ദർഭികമായി പറയാം, അന്ന് വൈകിട്ട് മഹാരാഷ്ട്ര ഡിജിപിക്ക് രണ്ടു മാസം കാലാവധി നീട്ടിക്കൊടുത്തു-അത്ര ലളിതമാണ് ഇതൊക്കെ. ഒരു രാഷ്ട്രീയ ചോറ്റുപട്ടിയായി വാലാട്ടിയാൽ എല്ലിൻകഷ്ണങ്ങൾ ഇടക്കിടെ എറിഞ്ഞുകിട്ടും.

കഴിഞ്ഞ വർഷം ഡിസംബർ 31-ന് പൂനെയിൽ നടന്ന എൽഗാർ പരിഷദിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പേരിൽ ഒമ്പത് ഇടതുപക്ഷ പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലും പോലീസ് പരിശോധന നടത്തിയതും അഞ്ചു പേരെ അറസ്റ്റിലും കസ്റ്റഡിയിലുമാക്കിയതും.

ധാരാളം ദളിതരടങ്ങിയ ബ്രിട്ടീഷ് സൈന്യം, ജാതിവെറിക്കാരായ മറാത്താ പേഷ്വാകളെ പരാജയപ്പെടുത്തിയ 1818 ജനുവരി 1-നു നടന്ന ഭീമ കോരേഗാവ് പോരാട്ടത്തിന്റെ 200-ആം വാർഷികാനുസ്മരണമായാണ് എൽഗാർ പരിഷദ് സംഘടിപ്പിച്ചത്. ആ പോരാട്ടത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായുള്ള സ്മാരകമുള്ള കോരേഗാവിലേക്ക് എല്ലാ വർഷവും ജനുവരി 1-നു ആയിരക്കണക്കിന് ദളിതർ പൂനെയിൽ ഒത്തുകൂടി ജാഥയായി പോകാറുണ്ട്. എൽഗാർ പരിഷദിൽ സംസാരിച്ചവരിൽ ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി, ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് എന്നിവരുമുണ്ട്. എൽഗാർ പരിഷദ് സംഘടിപ്പിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തത് നിരോധിക്കപ്പെട്ട മാവോവാദി സംഘങ്ങളാണ് എന്ന് തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് എന്നാണു പോലീസിന്റെ അവകാശവാദം.

എന്നാല്‍ ദളിതര്‍ക്കെതിരെ ജനുവരി ഒന്നിന് അക്രമം അഴിച്ചുവിട്ട ഹിന്ദുത്വ തീവ്രവാദ സംഘങ്ങളുടെ പങ്കിനെ കുറിച്ച് ആരുമൊന്നും സംസാരിക്കുന്നില്ല. അതിനു നേതൃത്വം കൊടുത്തവരൊക്കെ ഇന്നും സ്വതന്ത്രമായി നടക്കുന്നു.

ചൊവ്വാഴ്ച്ച നടന്ന പോലീസ് നടപടിയില്‍ പല സൂചനകളുമുണ്ട്. മോദി പരിഭ്രാന്തിയിലാണ്. തന്റെ സമ്മതിദായകർക്കു കാണാനും തിരിച്ചറിയാനും കഴിയുന്ന ഒരു ശത്രുവിനെത്തേടി പരക്കം പായുകയാണ് മോദി. പാകിസ്ഥാനും കാശ്മീരും ഫലിക്കുന്നില്ല. പൗരസമൂഹം വഴങ്ങുന്നില്ല. മോദി പരിഭ്രാന്തിയിലാണ്, തെരഞ്ഞെടുപ്പ് അടക്കുന്തോറും മോദി കൂടുതൽ നിരാശ കലർന്ന ഉന്മാദത്തിലാകും.

ഒരു നിമിഷത്തേക്ക് നമ്മൾ കരുതിയത് പ്രളയം മൂടിയ മലയാളികളാകാം സാധ്യതാ ശത്രുക്കൾ എന്നാണ്. അവരാ ആശയം മാറ്റിവെച്ചു. മോദി ഭരണകൂടം പുതിയ ശത്രുക്കൾക്കായുള്ള തെരച്ചിലിലാണ്; അതാരുമാകാം. ഇന്ത്യ നാടകീയമായ വഴികളിലേക്ക് തിരിയുകയാണെന്ന് കഴിഞ്ഞ ഉപതെരഞ്ഞെടുകൾക്കു ശേഷം പ്രസിദ്ധീകരിച്ച ഒരു മുഖപ്രസംഗത്തിൽ ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. അതിതാ, ഇതാണാ വഴി.

മോദി-ഷാ പരിഭ്രാന്തരാണ്; രാജ്യം പലതും പ്രതീക്ഷിക്കേണ്ട സമയമായി

മുംബൈയെ വീണ്ടും കലാപഭൂമി ആക്കാന്‍ തീ പകര്‍ന്നത് ആര്‍എസ്എസ് ബന്ധമുള്ള ഇവര്‍ രണ്ട് പേര്‍

പ്രധാനമന്ത്രിക്ക് നേരെ വധശ്രമം? പൂനെ പോലീസിന്റെ നടപടികള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

‘മാസ്റ്റര്‍ സ്‌ട്രോക്ക്’ തരുന്നവര്‍ക്ക് മോദി സര്‍ക്കാരിന്റെ മുന്നറിയിപ്പ്: വിമര്‍ശിച്ച പരിപാടിയും അവതാരകനും ചാനലിന് പുറത്ത്

മോദി, താങ്കള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്; ആര്‍എസ്എസിന്റെ കവല പ്രാസംഗികനല്ല

ഗോള്‍വാള്‍ക്കര്‍ ദര്‍ശനത്തിലെ മോദി ഭാരതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍