TopTop
Begin typing your search above and press return to search.

മോദി, താങ്കള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്; ആര്‍എസ്എസിന്റെ കവല പ്രാസംഗികനല്ല

മോദി, താങ്കള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്; ആര്‍എസ്എസിന്റെ കവല പ്രാസംഗികനല്ല
തന്നെക്കുറിച്ച് കടുത്ത വിമര്‍ശകര്‍ ഉന്നയിക്കുന്ന ആരോപണങ്ങളൊക്കെ പൂര്‍ണമായും ശരിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കല്‍ കൂടി തെളിയിച്ചു. യാതൊരു ധാര്‍മികതയുമില്ലാത്ത, അധികാരം ലഭിക്കുന്നതിനു വേണ്ടി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത സത്യസന്ധതയില്ലാത്ത ഒരു രാഷ്ട്രീക്കാരന്‍. സംസ്‌കാരവും ആര്‍ജവുമുള്ളയാളെന്ന നാട്യങ്ങളൊക്കെ വോട്ടര്‍മാരെ കബളിപ്പിക്കാനുള്ള വെറും നാടകങ്ങള്‍ മാത്രമാണെന്നും അദ്ദേഹം തന്നെ തെളിയിച്ചിരിക്കുകയാണ്.

രാജ്യത്തിന്റെ പ്രധാനമന്ത്രി പദം എത്രത്തോളം തരംതാഴ്ത്താന്‍ കഴിയുമെന്ന് മോദി ഇന്നലെ വീണ്ടും തെളിയിച്ചു. ഒരുപക്ഷേ ആ സ്ഥാനം വഹിച്ചിട്ടുള്ള മറ്റൊരാളും ഇതുവരെ ചെയ്യാത്ത കാര്യം. യഥാര്‍ത്ഥത്തില്‍ ഇന്നലെ മാത്രമല്ല, ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണം മുഴുവന്‍ മോദി സ്വയം വെളിപ്പെടുകയായിരുന്നു. അതുവഴി വിമര്‍ശകര്‍ തന്നെക്കുറിച്ച് പറയുന്ന കാര്യങ്ങളൊക്കെ അക്ഷരംപ്രതി ശരിയാണെന്ന് അദ്ദേഹം തന്നെ ഉറപ്പിക്കുകയും ചെയ്തു. അദ്ദേഹം വലിയ രാജ്യതന്ത്രജ്ഞനും രാഷ്ട്രീയത്തിലെ അതികായനുമാണെന്ന് ഭക്തര്‍ പാടിപ്പുകഴ്ത്തുന്നതൊക്കെ വെറും തട്ടിപ്പ് മാത്രമാണെന്നും കൂടിയാണ് വെളിപ്പെട്ടത്.

ഇന്നലെ ഗുജറാത്തിലെ പാക് അതിര്‍ത്തി ജില്ലയായ ബനസ്‌കന്തയില്‍ സംസാരിക്കുമ്പോള്‍ ഒരു മുന്‍ പാക് ആര്‍മി ഉദ്യോഗസ്ഥന്റേത് എന്ന് 'ചൂണ്ടിക്കാട്ടി' മോദി പറഞ്ഞത് അയല്‍രാജ്യം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ അസാധാരണ താത്പര്യം കാണിക്കുന്നു എന്നാണ്. മണി ശങ്കര്‍ അയ്യരുടെ വീട്ടില്‍ പാക്കിസ്ഥാനികളും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. അസംബന്ധവും നാണംകെട്ടതും യുക്തിഹീനവുമായ ഇത്തരമൊരു അവകാശവാദം പുറപ്പെടുവിച്ചത് തെളിയിക്കുന്നത് ഗുജറാത്ത് തെരഞ്ഞെടുപ്പ് മോദിയുടെ എല്ലാ രാഷ്ട്രീയ അടിത്തറയും തകര്‍ക്കുന്നു എന്നതു തന്നെയാണ്.

http://www.azhimukham.com/edit-brilliantly-flawed-aiyer/

ഇങ്ങനെയായിരുന്നു ആ പ്രസംഗം: "പാക്കിസ്ഥാന്‍ ആര്‍മി മുന്‍ ഡയറക്ടര്‍ ജനറല്‍ അര്‍ഷാദ് റഫീഖ് പറഞ്ഞത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കണമെന്നാണ്. എന്തിനാണ് പാക്കിസ്ഥാനിലെ ഒരു മുതിര്‍ന്ന, വിരമിച്ച പട്ടാളക്കാരന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഇത്ര താത്പര്യം കാണിക്കുന്നത്? ഇതിന് അടുത്ത ദിവസം ഒരു പാക്കിസ്ഥാന്‍ സംഘം കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ ഒത്തുകൂടുകയും ചെയ്തു. മണിശങ്കര്‍ അയ്യര്‍ ആരാണ്? ഗുജറാത്ത് സമൂഹത്തെ മുഴുവന്‍ അപമാനിച്ച, ഇവിടുത്തെ പിന്നോക്കക്കാരെ അവഹേളിച്ച, ഇവിടുത്തെ പാവപ്പെട്ടവരേയും മോദിയേയും അപമാനിച്ചയാള്‍. ഇക്കാര്യങ്ങളൊക്കെ ചോദ്യങ്ങളും ആശങ്കകളും ഉയര്‍ത്തുന്നില്ലേ? കോണ്‍ഗ്രസ് മറുപടി പറഞ്ഞേ മതിയാകൂ"
.

എന്തായിരുന്നു മോദിയുടെ പ്രസ്താവന? അതായത്, ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടുന്നു എന്ന്. ഇത്തരമൊരു അവകാശവാദത്തിനു പിന്നിലുള്ള സോഴ്‌സ് എന്തായിരുന്നു? ഡിസംബര്‍ ആറിന് ചില ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ പിന്തുടരുന്ന ചില ട്വിറ്റര്‍ ഹാന്‍ഡിലുകളിലെ പോസ്റ്റുകള്‍. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചെന്നും അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകണമെന്നും 'റഫീഖി'ന്റെ പോസ്റ്റ് പറഞ്ഞു എന്നായിരുന്നു ഈ ആര്‍എസ്എസ്-ബിജെപി ട്വീറ്റുകളുടെ അവകാശവാദം; ഒരു പൊതുപ്രസംഗത്തില്‍ ഇത്ര വലിയ ആരോപണം ഉന്നയിക്കാനുള്ള മോദിയുടെ സോഴ്‌സ്!

http://www.azhimukham.com/nationalwrap-india-modi-slams-nehru-somnathtemple/

അതിലേറെ പരിതാപകരമായിരുന്നു അയ്യരുടെ വീട്ടിലെ രഹസ്യ കൂടിക്കാഴ്ചചയെക്കുറിച്ചുള്ള മോദിയുടെ ഇന്നലത്തെ കസര്‍ത്തുകള്‍. "കഴിഞ്ഞ ദിവസമുണ്ടായ ഒരു കാര്യം നിങ്ങള്‍ പത്രത്തിലും ടി.വിയിലുമൊക്കെ കണ്ടിട്ടുണ്ടാകും. മണിശങ്കര്‍ അയ്യരുടെ വീട്ടില്‍- അയാള്‍ എന്നെ അപമാനിച്ചില്ലേ, ഗുജറാത്തികളെ അപമാനിച്ചില്ലേ?- പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍, മുന്‍ വിദേശകാര്യ മന്ത്രി, ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അവരൊക്കെയാണ് മൂന്നു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയത്. അതിന്റെ പിറ്റേന്നാണ് അയ്യര്‍ മോദിയെ 'നീച്' എന്നു വിളിച്ചത്. പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തുക എന്നത് ഗൗരവതരവും സെന്‍സിറ്റീവുമായ പ്രശ്‌നമാണ്. ഈ ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഇത്തരമൊരു രഹസ്യ കൂടിക്കാഴ്ചയുടെ കാര്യമെന്താണ്?"
മോദി ആള്‍ക്കൂട്ടത്തോട് പറഞ്ഞത് ഇതാണ്.

എന്നാല്‍ മോദി പറഞ്ഞ രഹസ്യ കൂടിക്കാഴ്ച എന്തായിരുന്നു? ഡല്‍ഹിയില്‍ ആനന്ദ സെന്റര്‍ എന്ന തിങ്ക് ടാങ്ക് സംഘടിപ്പിച്ച "ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധത്തിലെ നിലവിലെ അവസ്ഥ" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താന്‍ വന്ന പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹമൂദ് കസൂരിയുടെ ബഹുമാനാര്‍ത്ഥം അയ്യര്‍ സംഘടിപ്പിച്ച വിരുന്നായിരുന്നു അത്. പാക്കിസ്ഥാനിലെ ലാഹോറില്‍ ജനിച്ച, ഇന്ത്യ കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞരില്‍ ഒരാള്‍ കൂടിയായ അയ്യര്‍, പാക്കിസ്ഥാനിലെ ഇന്ത്യയുടെ ആദ്യത്തെ കൗണ്‍സല്‍ ജനറല്‍ കൂടിയായിരുന്നു. പാക്കിസ്ഥാനുമുള്ള പ്രശ്‌നങ്ങളില്‍ മികച്ച ധാരണയും ആഴത്തില്‍ അറിവുമുള്ള അയ്യര്‍ ആ നിലയ്ക്കായിരുന്നു വിരുന്ന് സംഘടിപ്പിച്ചതും.

http://www.azhimukham.com/edit-rahul-can-be-branded-easily-than-modi-and-political-narrative-is-changing/

ഇതില്‍ പങ്കെടുത്തതാകട്ടെ, മുന്‍ ഇന്ത്യന്‍ ആര്‍മി ചീഫ് ദീപക് കപൂര്‍, മുന്‍ വിദേകാര്യ മന്ത്രി കെ. നട്‌വര്‍ സിംഗ്, മുന്‍ നയതന്ത്രജ്ഞരായ സല്‍മാന്‍ ഹൈദര്‍, ടി.സി.എ രാഘവന്‍, ശരത് സബര്‍വാള്‍, കെ. ശങ്കര്‍ ബാജ്‌പേയി, ചിന്മയ ഖരേഖാന്‍ തുടങ്ങിയവര്‍. ഇതില്‍ ബാജ്‌പേയിയും രാഘവനും സബര്‍വാളും പാക്കിസ്ഥാനിലെ ഇന്ത്യയുടെ മുന്‍ സ്ഥാനപതികളുമായിരുന്നു. ഒപ്പം മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി തുടങ്ങിയവരും വിരുന്നിനെത്തിയിരുന്നു.

തെരഞ്ഞെടുപ്പുകള്‍ വിജയിക്കുക രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനം തന്നെയാണ്. എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും വലിയ പദവിയായ പ്രധാനമന്ത്രി പദം വഹിക്കുമ്പോള്‍ നിങ്ങളുടെ പ്രാഥമികമായ കര്‍ത്തവ്യം ആ പദവിയുടെ മാന്യതയും അതിന് ഭരണഘടനാപരമായുള്ള ഉത്തവാദിത്തങ്ങളും നിറവേറ്റുക എന്നതാണ്. മോദി എല്ലാ വിധത്തിലും ആ പദവിയെ അത്രയേറെ ഇടിച്ചുതാഴ്ത്തിക്കഴിഞ്ഞു.

http://www.azhimukham.com/when-pm-modi-skipped-a-times-group-event/

http://www.azhimukham.com/edit-rahul-can-be-branded-easily-than-modi-and-political-narrative-is-changing/

http://www.azhimukham.com/viral-trending-twitterati-mocks-modi-constitution-video/

http://www.azhimukham.com/india-kerala-sanghparivar-rss-modi-yogi-adityanath-hindu-muslim-maya/

http://www.azhimukham.com/the-real-modi-emerged-after-yogi-adityanath-took-over-as-uttar-pradesh-cm/

http://www.azhimukham.com/india-azhimukham-edit-asking-why-mr-modi-conducting-35-rallies-in-poll-bounded-gujrath/

Next Story

Related Stories