TopTop
Begin typing your search above and press return to search.

കാശ്മീര്‍ വെടിനിര്‍ത്തലിന് വേണ്ടത് രാഷ്ട്രീയ തന്ത്രം

കാശ്മീര്‍ വെടിനിര്‍ത്തലിന് വേണ്ടത് രാഷ്ട്രീയ തന്ത്രം

റംസാന്‍ മാസത്തില്‍ കാശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹമാണ്. താഴ്‌വരയിലെ സ്ഥിതിഗതികള്‍ അത്രയേറെ മോശമായതുകൊണ്ട് ദേശീയ തലത്തിലെ ധീരമായ തരത്തിലുള്ള രാഷ്ട്രീയ ഇടപെടലിനേ അതിലെന്തെങ്കിലും ചെയ്യാനാകൂ എന്നതുകൊണ്ട് ഈ നീക്കം വലിയ നേട്ടങ്ങള്‍ ഉണ്ടാക്കും എന്നു കരുതുക വയ്യ. വളരെ വേഗത്തില്‍ കാശ്മീരിലെ ഒരു തലമുറയെക്കൂടി ഇന്ത്യക്ക് നഷ്ടമാവുകയാണ്. അതിന് പരിഹാരം കാണാന്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍ പോര.

വിശുദ്ധ മാസത്തില്‍ ജമ്മു കാശ്മീരിലെ സുരക്ഷാ ഓപ്പറേഷനുകള്‍ നിര്‍ത്തിവെക്കാനാണ് സര്‍ക്കാര്‍ ബുധനാഴ്ച സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. 2000-2001 കാലത്ത് അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിന്റെ ആവര്‍ത്തനം പോലെയാണിത്. ആക്രമിക്കപ്പെട്ടാലോ, ജനങ്ങളുടെ ജീവന്‍ സരക്ഷിക്കാനോ വേണ്ടി തിരിച്ചാക്രമിക്കാനുള്ള അവകാശം സുരക്ഷാ സേനകള്‍ നിലനിര്‍ത്തുന്നുണ്ട്. സര്‍വകക്ഷി സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇത്തരമൊരു ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം വന്നത്.

സുരക്ഷാ സേനയുടെ മനോവീര്യം കെടുത്തരുതെന്ന് പറഞ്ഞ് ബിജെപി സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തടയാന്‍ ശ്രമിച്ചിരുന്നു. വെടിനിര്‍ത്തലിന് വാദിക്കുന്നവര്‍ 'രാഷ്ട്രീയം കളിക്കുകയാണ്' എന്നാണ് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വാദത്തോട് യോജിച്ചില്ല. തീവ്രവാദികളെ നേരിടുന്ന സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് വെടിനിര്‍ത്തല്‍ ശമനമുണ്ടാക്കുമെന്നാണ് ന്യൂഡല്‍ഹിയുടെ കണക്കുകൂട്ടല്‍. ഇത്തരത്തിലുള്ള ഏറ്റുമുട്ടലുകള്‍ ഈ വര്‍ഷം നിരവധി ജീവനുകള്‍ അപഹരിച്ചിരുന്നു. വെറുപ്പിന്റെ അവസാനിക്കാത്ത ചക്രം അത് വീണ്ടും തിരിച്ചു. ശാന്തമായ ഒരു റംസാന്‍ സമാധാനപരമായ ഒരു അമര്‍നാഥ് യാത്രയ്ക്ക് വഴിയൊരുക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഒപ്പം മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് ശ്വാസം വിടാനുള്ള സമയവും.

2014ല്‍ മോദി അധികാരത്തിലേറിയ ഉടനെ പാകിസ്ഥാന്റെ ഓരോ ഷെല്ലിനും വെടിയുണ്ടയ്ക്കും നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കി. അതോടൊപ്പം താഴ്‌വരയിലെ സുരക്ഷാ ദൗത്യങ്ങളിലും സൈന്യം കാര്‍ക്കശ്യം കാണിച്ചുതുടങ്ങി. 2016-ല്‍ നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുള്ള തീവ്രവാദി താവളങ്ങളില്‍ മിന്നലാക്രമണം നടത്താനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ആക്രമണം നടത്തിയ വിവരമറിയിക്കാന്‍ വിളിച്ചപ്പോള്‍ പാകിസ്ഥാന്‍ ജനറല്‍മാര്‍ ഫോണെടുക്കാന്‍ ഭയന്നു എന്ന് പോലും അയാള്‍ വീമ്പിളക്കി. അത് കഥയുടെ ഒരു ഭാഗം മാത്രമാണ്. ലഷ്‌കര്‍ ഇ തയ്ബ, ജൈഷ് ഇ മുഹമ്മദ് തുടങ്ങിയ സംഘങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള പാകിസ്ഥാന്‍ സേനയുടെ കാശ്മീരില്‍ സംഘര്‍ഷം രൂക്ഷമാക്കുന്നതിനുള്ള ഇടപെടല്‍ കൂടി എന്നതാണ് വസ്തുത.

മോദി അധികാരത്തില്‍ വന്നത് മുതല്‍ കാശ്മീരില്‍ അക്രമം പെരുകുകയാണ്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും സംഘര്‍ഷഭരിതമായ വര്‍ഷമാണ് 2017. നാട്ടുകാരായ ചെറുപ്പക്കാര്‍ മുമ്പില്ലാത്ത തരത്തില്‍ തീവ്രവാദത്തിലേക്ക് തിരിയുകയാണ്. കഴിഞ്ഞ വര്‍ഷം കാശ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം 209 ആണ്. 2016ല്‍ ഇത് 136 ആയിരുന്നു. കൊല്ലപ്പെടുന്ന സുരക്ഷാ സൈനികരുടെ എണ്ണത്തിലും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2016-ല്‍ 81, 2017-ല്‍ 83. സാധാരണക്കാര്‍ കൊല്ലപ്പെട്ടത് 17-ല്‍ നിന്നും 23 ആയി.

വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് നിന്നുമുള്ള കാശ്മീരിലെ പാഠങ്ങള്‍ ഇതാണ്, ന്യൂഡല്‍ഹിയില്‍ ആരെങ്കിലും ശ്രദ്ധിക്കുമെങ്കില്‍. കൈവിട്ടുപോയിക്കൊണ്ടിരുന്ന സംഘര്‍ഷം നിയന്ത്രിക്കാനായത് 2002 അവസാനം ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലില്‍ എത്തിയതോടെയാണ്. അതോടെ രൂക്ഷമായ സംഘര്‍ഷങ്ങള്‍ക്ക് ശമനം വന്നുതുടങ്ങി. ഇത് മോദി സര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമായ നിലപാടെടുത്ത് തുടങ്ങിയ 2014 വരെ നിലനില്‍ക്കുകയും ചെയ്തു.

കാശ്മീരിലെ സംഘര്‍ഷം പാകിസ്ഥാനിലെ സൈനിക വിഭാഗത്തെ സഹായിക്കുകയെ ഉള്ളൂ. തങ്ങളുടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ജനകീയ നേതൃത്വത്തിനെതിരായ പോരാട്ടത്തില്‍ വില പിടിപ്പുള്ള പങ്കാളികളായ ജിഹാദി വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ പാകിസ്ഥാന്‍ ജനറല്‍മാര്‍ കാശ്മീരിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കാശ്മീര്‍ സന്ദര്‍ശിക്കാനിരിക്കുകയാണ്. മോദിയുടെ മറ്റെല്ലാ പൊതു പരിപാടിയും പോലെ ഇതും ഒരു പ്രദര്‍ശനമാകും. എന്തായാലും കാശ്മീരിനാവശ്യം ഇത്തരം പ്രദര്‍ശന നാടകങ്ങളല്ല. അവിടുത്തെ ജനതയോട് സംവദിക്കുന്ന ആത്മാര്‍ഥമായ ശ്രമങ്ങളാണ്. അതിനു വേണ്ടത് രാഷ്ട്രതന്ത്രജ്ഞതയാണ്, സങ്കുചിതമായ രാഷ്ട്രീയ കുബുദ്ധിയല്ല.

Next Story

Related Stories