TopTop
Begin typing your search above and press return to search.

കോളേജ് അധ്യാപകരുടെ ശമ്പളം കൂട്ടുന്നത് നല്ല കാര്യം; പക്ഷേ നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അവസ്ഥയോ?

കോളേജ് അധ്യാപകരുടെ ശമ്പളം കൂട്ടുന്നത് നല്ല കാര്യം; പക്ഷേ നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അവസ്ഥയോ?
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എട്ടു ലക്ഷത്തോളം വരുന്ന അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. നമുക്ക് നമ്മുടെ അധ്യാപകരെ ബഹുമാനിച്ചേ മതിയാകൂ, അവരുടെ അന്തസ് സംരക്ഷിച്ചേ മതിയാകൂ.

നമ്മുടെ വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലയിലല്ല അതിന്റെ അടിസ്ഥാന കാര്യങ്ങള്‍ നിലനില്‍ക്കുന്നത്. സാമ്പത്തികമായും മികച്ച ഭാവിയെക്കരുതിയും ഒക്കെ നമ്മുടെ വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം ചെയ്യേണ്ടത് നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുക എന്നതാണ്. പരിഷ്‌കരണ നടപടികള്‍ അത്രത്തോളം ആവശ്യപ്പെടുന്നതാണ് ഈ മേഖല.

പ്രതിസന്ധിയുണ്ട്

സ്‌കൂളില്‍ പോകുന്ന 26 കോടി കുട്ടികള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. അത്തരത്തില്‍ നോക്കിയാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം ആവശ്യമുള്ള കുട്ടികളും കൗമാരക്കാരുമായവര്‍ ലോകത്ത് ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. 1980-കളൂടെ തുടക്കം മുതല്‍ സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ എണ്ണത്തില്‍ നാടകീയമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് കാണാം. സ്‌കൂളില്‍ പോകാത്ത ഇന്ത്യന്‍ കുട്ടികള്‍ 10 ശതമാനത്തിനു താഴെയേ ഉള്ളൂ എന്നാണ് കണക്ക്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നമ്മെ സന്തോഷിപ്പിക്കാന്‍ പറയാവുന്ന ഒരു കാര്യമായിരിക്കാം ഇത്. എന്നാല്‍ ഈ കണക്കുകള്‍ക്ക് പുറത്ത് സ്ഥിതിഗതികള്‍ അത്ര മെച്ചമാണോ? അല്ല എന്നു മാത്രമല്ല, ആശങ്കാജനകമാണ് എന്നതാണ് വാസ്തവം. കാരണം നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അത്രമാത്രം പരിതാപകരമാണ്. വളര്‍ന്നു വരുന്ന ഒരു തലമുറയ്ക്ക് കൊടുക്കേണ്ട ഗൗരവവും ഉത്തരവാദിത്തവും നമ്മുടെ കുഞ്ഞുങ്ങളോട് കാണിക്കുന്നുണ്ടോ എന്നതാണ് ചോദ്യം.

അതായത്, ഒമ്പതു വയസുള്ള ഇന്ത്യന്‍ കുട്ടികളില്‍ പകുതി പേര്‍ക്കും എട്ടും ഒമ്പതും കൂട്ടിയാല്‍ എത്ര കിട്ടും എന്നറിയില്ല. പത്തു വയസുള്ള കുട്ടികളില്‍ പകുതി പേര്‍ക്കും ഏഴു വയസുള്ള കുട്ടികളെ ഉദ്ദേശിച്ച് തയാറാക്കിയിട്ടുള്ള പാഠഭാഗങ്ങളിലെ ഒരു പാരഗ്രാഫ് വായിക്കാന്‍ കഴിയില്ല. ഷാംഗ്ഹായിലെ കുട്ടികളുമായി താരതമ്യപ്പെടുത്തിയാല്‍ തമിഴ്‌നാട്ടിലേയും ഹിമാചല്‍ പ്രദേശിലേയും 15 വയസുള്ള കുട്ടികള്‍ അഞ്ചു വര്‍ഷം പിന്നിലാണ്. ഈ രണ്ടു സംസ്ഥാനങ്ങളിലേയും ശരാശരി 15 വയസുകാര്‍ അമേരിക്കന്‍ ക്ലാസുകളിലെ ഏറ്റവും താഴേക്കിടയിലുള്ള രണ്ടു ശതമാനത്തിനൊപ്പമാണ്.

യുവത്വത്തിന്റെ ആഘോഷമാണ് ഇന്ത്യ: 13 ശതമാനം ഇന്ത്യക്കാര്‍ കൗമാരപ്രായക്കാരാണ്. ചൈനയില്‍ ഇത് എട്ടു ശതമാനവും യൂറോപ്പില്‍ ഇത് ഏഴു ശതമാനവുമാണ്. എന്നാല്‍ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ വേണ്ടത പരിഷ്‌കരണങ്ങള്‍ കൊണ്ടു വന്നില്ലെങ്കില്‍ ഈ കണക്കുകളില്‍ യാതൊരു കാര്യവുമില്ല.

ഇന്ത്യന്‍ വിദ്യാഭ്യാസ മേഖല എക്കാലത്തും ഇത്തരം പ്രതിസന്ധികള്‍ അനുഭവിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നത് ലക്ഷ്യം വച്ച് ബ്രിട്ടീഷുകാര്‍ യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിച്ചു. എന്നാല്‍ അവര്‍ സ്‌കൂളുകളെ അവഗണിച്ചു. ഇതേ സമ്പ്രദായം കുറെക്കൂടി വികസിപ്പിക്കുകാണ് ജവഹര്‍ലാല്‍ നെഹ്‌റു ചെയ്തത്. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളും അല്ലാത്തതും ഒക്കെയായവയ്ക്കുള്ള എഞ്ചിനീയര്‍മാരെ വിരിയിച്ചെടുക്കാന്‍ ഐഐറ്റികള്‍, ഐഐഎമ്മുകള്‍ തുടങ്ങിയവയിലേക്ക് പണം ഒഴുകി. ഇതിന് വിരുദ്ധമായി ഏഷ്യന്‍ കടുവകളായ ദക്ഷിണ കൊറിയയും തായ്‌വാനും ചെയ്തത് സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തന്നെയാണ് നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. പല അധ്യാപകരും സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ എത്രത്തോളം പ്രഗത്ഭരാണ് എന്നത് പരിശോധിക്കേണ്ട കാര്യമാണ്. അധ്യാപകരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സര്‍ക്കാര്‍ 2011 മുതല്‍ ഏര്‍പ്പെടുത്തിയ പരീക്ഷയില്‍ ഓരോ വര്‍ഷവും 99 ശതമാനം അപേക്ഷരും പരാജയപ്പെടുന്നു. നമ്മുടെ പാഠ്യപദ്ധതികള്‍ക്ക് അനുസരിച്ച് ഈ അധ്യാപകര്‍ പരിശീലിപ്പിക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രശ്‌നം. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് കുട്ടികള്‍ ഓരോ വര്‍ഷവും ഓരോ ക്ലാസുകളായി മുന്നോട്ടു പോകുന്നുണ്ടെങ്കിലും തങ്ങള്‍ പഠിപ്പിക്കേണ്ടി വരുന്ന പാഠഭാഗങ്ങളെ കുറിച്ച് അധ്യാപകര്‍ക്ക് എത്രത്തോളം ധാരണയുണ്ട് എന്നത് പരിശോധിക്കേണ്ട വിഷയം തന്നെയാണ്.നമ്മുടെ ജി.ഡി.പിയുടെ 2.7 ശതമാനമാണ് നാം സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നത്. മറ്റേത് രാജ്യത്തേക്കാളും കുറവാണ് ഇത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള വിഹിതം ആറു ശതമാനമാക്കുമെന്ന് നരേന്ദ്ര മോദി ഒരിക്കല്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു കാര്യം സംഭവിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല എന്നു മാത്രമല്ല, ഇത്തരത്തില്‍ പണം അനുവദിച്ചാല്‍ തന്നെ വേണ്ടത്ര പരിഷ്‌കരണ നടപടികള്‍ ഇല്ലാത്തതിനാല്‍ ഇതിലെ ഭൂരിഭാഗം തുകയും പാഴായിപ്പോകാനാണ് സാധ്യത.

ഇക്കാര്യത്തില്‍ പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും: അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കുട്ടികള്‍ അവര്‍ക്ക് സാധിക്കുന്ന, പ്രാപ്തിയുള്ള തലത്തിലാണോ പഠിക്കുന്നത് എന്ന് ഉറപ്പാക്കുകയാണ്, അതനുസരിച്ചുള്ള പാഠഭാഗങ്ങളാണോ അവര്‍ക്ക് ലഭ്യമാകുന്നത് എന്നുറപ്പിക്കുകയാണ്. മറ്റൊന്ന് കുട്ടികളുടെ കഴിവുകള്‍ക്ക് പ്രാമുഖ്യം നല്‍കുകയും സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം കൂടുതല്‍ അക്കൗണ്ടബിള്‍ ആക്കുകയും ചെയ്യുക എന്നതാണ്. അധ്യാപകരെ മെച്ചപ്പെടുത്തിയെടുക്കുക, മികച്ച അധ്യാപകരെ സ്‌കൂളുകളിലേക്ക് വിടുക എന്നതാണ് മറ്റൊന്ന്. അത് പക്ഷേ ഇന്ന് നടക്കുന്ന പോലെയാവരുത്. നമുക്കറിയാം, എങ്ങനെയാണ് നമ്മുടെ പല അധ്യാപകരും ജോലിയില്‍ പ്രവേശിക്കുന്നത് എന്ന്. അത് കേരളമായാലും ഇന്ത്യയുടെ മറ്റേത് ഭാഗങ്ങളായാലും ഒരുപോലെ തന്നെ.

ശരി, ദീപാവലിക്കാലമാണ്. നമ്മുടെ കോളേജ് അധ്യാപകര്‍ക്ക് മികച്ച ശമ്പളം ലഭിക്കട്ടെ, ആഗോള സാഹചര്യങ്ങള്‍ വച്ചു നോക്കിയാല്‍ പോലും മോശമല്ലാത്ത ശമ്പളമാണ് അവര്‍ക്ക് ലഭിക്കുന്നത്. പക്ഷേ, നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയെ കൂടി ഇക്കൂട്ടത്തില്‍ ആലോചിക്കാനുള്ള സമയമാണിത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളും ഫിന്‍ലാന്‍ഡും മറ്റ് വികസിത രാജ്യങ്ങളുമൊക്കെ ഇക്കാര്യത്തില്‍ മാതൃകകളായ നമ്മുടെ മുന്നിലുണ്ട്.

നമ്മുടെ കുട്ടികള്‍ നമ്മുടെ ഭാരമാകരുത്, മറിച്ച് അവര്‍ നമ്മുടെ അഭിമാനമായിരിക്കും എന്നുറപ്പു വരുത്തുക.

Next Story

Related Stories