UPDATES

ANI എന്ന വിചിത്ര ഏജന്‍സിക്ക് മോദി എന്ന പിന്തിരിപ്പന്‍ പുരുഷന്‍ നല്‍കിയത് അഭിമുഖമല്ല, പ്രചരണ നോട്ടീസാണ്

മുത്തലാഖ്, ശബരിമല വിഷയത്തില്‍ മോദി കൈക്കണ്ട നിലപാടുകള്‍ മാത്രം മതി അദ്ദേഹം യഥാര്‍ത്ഥത്തില്‍ ആരാണെന്ന് മനസിലാകാന്‍

ഇന്ത്യൻ മാധ്യമ ലോകത്ത് Asian News International (ANI) ഒരു വിചിത്ര ജീവിയാണ്. യാതൊരുവിധ സർക്കാർ നിയന്തണവും ഇല്ലാത്ത, ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു വാര്‍ത്താ ഏജന്‍സിയാണത്. പക്ഷെ സർക്കാരിന്റെ ദൃശ്യങ്ങളുടെ കാര്യത്തിൽ അതിന് ഏതാണ്ടൊരു കുത്തക തന്നെയാണുള്ളത്. അത് വാർത്താ സമ്മേളനങ്ങളോ, മന്ത്രിമാരുടെ വിദേശ സന്ദർശനങ്ങളോ, സർക്കാരിലെ പ്രധാന വ്യക്തികളുടെ ബൈറ്റുകളോ, പ്രധാനമന്ത്രിയുടെ അഭിമുഖമോ എന്തുമാകട്ടെ ANI-ക്കാണ് അതെല്ലാം ലഭിക്കുന്നത്. അധികാരത്തിലുള്ള ഏതു സർക്കാരുമായും, ഇപ്പോൾ അതിലേറെയായി മോദി സർക്കാരുമായും അവർക്ക് അസാധാരണമായ വിധത്തിൽ അടുത്ത ബന്ധമാണുള്ളത്. ചുരുക്കം പറഞ്ഞാൽ ANI -യുമായി കരാറില്ലാതെ നിങ്ങൾക്ക് ഇന്ത്യയിൽ ഒരു ടെലിവിഷൻ വാർത്താ ചാനല്‍ നടത്തുക അസാധ്യമാണ്. നിങ്ങൾക്കൊരു മൾട്ടിമീഡിയ കമ്പനി നടത്തണമെങ്കിൽ നിങ്ങൾക്ക് ANI ദൃശ്യങ്ങൾ വേണം. മഹത്തായ മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായതുകൊണ്ടല്ല, പക്ഷെ അധികാരകേന്ദ്രങ്ങളുമായി അവർക്കുള്ള അസാധാരണമായ അടുപ്പത്തിന്റെ ഭാഗമാണ് അത് എന്നതു കൊണ്ട്.

ഗണ്യമായ പല പുതിയ സംഗതികളും ANI കൊണ്ടുവരുന്നുണ്ട് എന്നും ഇതിനൊപ്പം പറയേണ്ടതുണ്ട്. ഹിന്ദി പ്രദേശത്തുനിന്നുള്ള ഏതാണ്ടെല്ലാ ദൃശ്യങ്ങളും ANI വഴിയാണ് ലഭിക്കുന്നത്. ബിബിസി, റോയിട്ടേഴ്‌സ് തുടങ്ങിയ അന്താരാഷ്‌ട്ര വാർത്ത ഭീമന്മാർക്കും ഇന്ത്യൻ വാർത്തകൾ ലഭിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള വഴിയും ANI ആണ്.

അതുകൊണ്ടുതന്നെ, മാധ്യമങ്ങൾക്ക് അപ്രാപ്യൻ എന്ന തന്റെ പ്രതിച്ഛായ ഒന്ന് മാറ്റാൻ പുതുവർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ശ്രമത്തിന്റെ ഭാഗമായി ANI എഡിറ്ററും ആ സ്ഥാപനത്തിന്റെ ഉടമസ്ഥതയുള്ള കുടുംബാംഗവുമായ സ്മിത പ്രകാശിന് അഭിമുഖം നല്‍കിയതിൽ അത്ഭുതമില്ല. തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായി നടത്തിയ അഭിമുഖം എന്ന് വ്യക്തമാക്കുന്ന പോലെ, ഉപചോദ്യങ്ങളൊന്നും ചോദിക്കാതെ, പ്രധാനമന്ത്രിയുടെ തെറ്റായ അവകാശവാദങ്ങളെയോ ശബരിമല പോലുള്ള വിഷയങ്ങളിലടക്കമുള്ള തെറ്റായ ന്യായീകരണങ്ങളെയോ എതിർക്കാതെയാണ് സ്മിത പ്രകാശ് അഭിമുഖം പൂർത്തിയാക്കിയത്. അതൊരു പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള തിരക്കഥയാണ്, ഒരു മാധ്യമ അഭിമുഖമല്ല.

എന്നാൽ ഇതിൽ പല സംഗതികളും ശ്രദ്ധേയമാണ്. വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഇന്ത്യയിൽ വലിയ വിപണിയില്ല എന്ന് മനസ്സിലാക്കിക്കൊണ്ട് തന്റെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിൽ നിന്നും അല്പമൊന്ന് മാറാൻ മോദി ശ്രമിക്കുന്നു എന്നതാണ് ഒരു കാര്യം. ആളുകളെ ധ്രുവീകരിക്കാൻ ബിജെപിയും സംഘപരിവാറും കടുത്ത ശ്രമങ്ങൾ നടത്തിയിട്ടും അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അവർക്കേറ്റ പരാജയം ആളുകൾക്ക് അത് മടുത്തു എന്നതിന്റെകൂടി തെളിവാണ്. മോദി ആ വസ്തുത വിമ്മിട്ടത്തോടെ മനസിലാക്കുകയാണ് എന്നുവേണം കരുതാൻ. അഭിമുഖത്തിൽ സമ്പദ്‌രംഗം, ഭരണനിർവഹണം തുടങ്ങിയവയ്ക്ക് ഊന്നൽ നൽകാനാണ് മോദി ശ്രമിച്ചത്, അതിലൊന്നും അദ്ദേഹത്തിന് ഏറെയൊന്നും എടുത്തുകാണിക്കാനില്ലെങ്കിലും.

എന്നാൽ മോദി ചെയ്തത് ചെറിയ തിരുത്തൽ മാത്രമാണ്. വാസ്തവത്തിൽ ബിജെപിയിലെ എല്ലാ നേതാക്കളെക്കാളും പ്രത്യയശാസ്ത്രത്തേക്കാൾ അധികാരത്തോട് ആസക്തിയുള്ള വ്യക്തിയാണ് മോദി. അതുകൊണ്ടുതന്നെ 2019-ലെ പൊതുതെരഞ്ഞെടുപ്പിൽ എങ്ങനെയെങ്കിലും ജയിക്കുന്നതിനുവേണ്ടി മോദി നിലപാടുകൾ മാറ്റിക്കൊണ്ടേയിരിക്കും. അതുവരെ അദ്ദേഹമിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുന്നത് നമ്മൾ കാണും.

അതുകൊണ്ടാണ് 2018-ലെ തെരഞ്ഞടുപ്പ് തിരിച്ചടികളെക്കുറിച്ച് ചോദിച്ചപ്പോൾ മോദി പറഞ്ഞത് 2018 ഒരു വിജയമായിരുന്നു എന്ന്. കാരണം, “രാജ്യത്തെ പലവിധ ഘടകങ്ങളിൽ ഒരു ഘടകമാണ് തെരഞ്ഞെടുപ്പുകൾ. ഈ രാജ്യത്ത് ഒരു ദരിദ്രന് ആയുഷ്മാൻ ഭാരത് യോജനയിലൂടെ 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് നല്കുന്നുണ്ടെങ്കിൽ, അത്തരത്തിൽ 100 എണ്ണം നടപ്പാക്കുന്നെങ്കിൽ 6-7 ലക്ഷം പേർക്ക് ഗുണം ലഭിക്കും. ഇത്തരത്തിൽ വലിയതോതിൽ ആളുകൾക്ക് ഇന്നിപ്പോൾ ചികിത്സ ലഭിക്കുന്നു. ഇതെങ്ങനെയാണ് എനിക്ക് പരാജയമായി കണക്കാക്കാനാവുക? ഇതാണെന്റെ ഏറ്റവും വലിയ നേട്ടം.”

എത്ര ശ്രമിച്ചിട്ടും മോദിയുടെ പിന്തിരിപ്പൻ വലതുപക്ഷ നിലപാടുകൾ അഭിമുഖത്തിനിടയിൽ ഇടക്കിടെ തെളിഞ്ഞുവന്നു. മുത്തലാഖ്, ശബരിമല വിഷയങ്ങളിലാണ് ഇതേറ്റവും വ്യക്തമായത്. മുത്തലാഖിൽ ലിംഗനീതിയെക്കുറിച്ചാണ് മോദി പറഞ്ഞത്. “സുപ്രീം കോടതി വിധിക്ക് ശേഷമാണ് മുത്തലാഖ് ഓർഡിനൻസ് കൊണ്ടുവന്നത്. ഭരണഘടനയ്ക്ക് കീഴിൽ ഇതിനൊരു പരിഹാരം ബിജെപി പ്രകടനപത്രികയിൽ പറഞ്ഞിരുന്നു.” മിക്ക മുസ്‌ലീം രാജ്യങ്ങളും മുത്തലാഖ് നിരോധിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇത് ‘മതത്തിന്റെയോ വിശ്വാസത്തിന്റെയോ വിഷയമല്ലെന്നും’ മോദി പറഞ്ഞു.

ശബരിമല ക്ഷേത്രത്തിൽ 10-നും 50-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളുടെ പ്രവേശന വിഷയത്തിൽ പ്രധാനമന്ത്രി പറഞ്ഞത്, അത് ആചാരവുമായി ബന്ധപ്പെട്ടതാണെന്നും ഇക്കാര്യത്തിലെ സുപ്രീം കോടതി വിധിയിൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിയോജന വിധി കാണണമെന്നുമാണ്.

“എല്ലാവർക്കും നീതി കിട്ടണമെന്ന കാര്യത്തിൽ ഇന്ത്യയിൽ ഒരൊറ്റ അഭിപ്രായമാണ്. പുരുഷന്മാർക്ക് പോകാൻ കഴിയില്ല എന്ന ആചാരമുള്ള ചില ക്ഷേത്രങ്ങളുണ്ട്. ഇവിടെ സുപ്രീം കോടതിയിലെ ഒരു വനിതാ ജഡ്ജി ചില നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അത് വളരെ സൂക്ഷ്‌മമായി വായിക്കണം. അതൊരു രാഷ്ട്രീയകക്ഷിയുടെ പേരിൽ നൽകേണ്ടതില്ല. ഒരു സ്ത്രീയെന്ന നിലയിൽ അവർ ചില നിർദ്ദേശങ്ങൾ വെച്ചു. അതിനെക്കുറിച്ചും പലപ്പോളും ചർച്ച നടത്തേണ്ടതുണ്ട്,” പ്രധാനമന്ത്രി പറഞ്ഞു.

ചുരുക്കത്തിൽ മോദിയുടെ വാദമിതാണ്: മുസ്‌ലിം സ്ത്രീകൾക്ക് വിശ്വാസത്തെ മറികടന്നുകൊണ്ട് തുല്യതയ്ക്കും നീതിക്കും അര്‍ഹതയുണ്ടെങ്കിലും, തുല്യതയേയും നീതിയെയും മറികടക്കുന്ന ആചാരങ്ങളുള്ളതിനാൽ ഹിന്ദു സ്ത്രീകൾക്ക് അതിന് അവകാശമില്ല.

മോദിയുടെ ഈയൊരു വാദവും താരതമ്യവും അദ്ദേഹത്തിന്റെ നേതൃത്വത്തെയും വിശ്വാസങ്ങളേയും കുറിച്ച് വ്യക്തത നൽകുകയും അദ്ദേഹം ഒരു അറുപിന്തിരിപ്പൻ പുരുഷനും അധികാരത്തോടുള്ള ആർത്തിയുടെ അടിമയും സ്ത്രീകളുടെ അവകാശങ്ങളെ താൻ വളർന്നുവന്ന മതഭ്രാന്തിൽ നിന്നും വേർതിരിച്ചു കാണാൻ കഴിയാത്ത ഒരാളാണെന്നും ബോധ്യമാക്കിത്തരുന്നതാണ്. സ്ത്രീകളുടെ അവകാശത്തിന്റെ കാര്യത്തിൽ മോദിയെപ്പോലുള്ള നേതാക്കളാണ് ഇന്ത്യയെ സൗദി അറേബ്യ, അഫ്‌ഗാനിസ്ഥാൻ എന്നിവക്കൊപ്പം കൂട്ടിനിർത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍