TopTop

ഡല്‍ഹിയില്‍ ഗീബല്‍സുമാര്‍ മുമ്പും ഉണ്ടായിട്ടുണ്ട്, പക്ഷേ ഇത്രയ്ക്ക് തരംതാണിട്ടില്ല

ഡല്‍ഹിയില്‍ ഗീബല്‍സുമാര്‍ മുമ്പും ഉണ്ടായിട്ടുണ്ട്, പക്ഷേ ഇത്രയ്ക്ക് തരംതാണിട്ടില്ല
കരുതിയിരിക്കുക, പ്രൊപ്പഗണ്ടക്കാരെ അഴിച്ചു വിട്ടിരിക്കുകയാണ്. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നുണകളുടേയും വ്യാജപ്രചരണങ്ങളുടേയും ഒരു സമയത്തേക്ക് നാം അടുത്തുകൊണ്ടിരിക്കുകയാണ്. പ്രൊഫഷണലുകളെന്ന് നാം കരുതുന്നവരൊക്കെ ഇന്ന് അധികാരത്തിന്റെ അപ്പക്കക്ഷ്ണങ്ങള്‍ക്ക് പുറകെ പോകുന്നതും അത് നല്‍കുന്നവരെ സുഖിപ്പിക്കുന്നതിനായി ഏതു വിധത്തിലുള്ള നുണകള്‍ പ്രചരിപ്പിക്കുന്നതിനും തയാറായി നില്‍ക്കുന്നതാണ് നമ്മുടെ സമൂഹം. യാതൊരു കഴമ്പുമില്ലാത്ത രാഷ്ട്രീയക്കാര്‍ തങ്ങള്‍ മികച്ച ഭരണാധികാരികളെന്ന് നടിക്കും. തെരഞ്ഞെടുപ്പ് വെറും മൂന്ന് മാസം അകലെയാണ്.

ജോസഫ് ഗീബല്‍സ് ഡല്‍ഹിയുടെ പൂര്‍ണ അധികാരം ഏറ്റെടുത്തിരിക്കുകയാണ്. അല്ലെങ്കില്‍ അസ്ഥി മരവിപ്പിക്കുന്ന ഈ തണുപ്പിലും ദേശീയ തലസ്ഥാനത്തു നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെ ഒന്നു സൂക്ഷ്മമായി നോക്കുക, നിങ്ങള്‍ക്കത് മനസിലാകും.

അതില്‍ ആദ്യത്തേത് നാഷണല്‍ സാമ്പിള്‍ സര്‍വെ ഓഫീസ് (NSSO) 2017-18 വര്‍ഷത്തെ തൊഴിലുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വെയാണ്. അത് പുറത്തു വിടാതെ പൂഴ്ത്തി വച്ചതുതന്നെ നരേന്ദ്ര മോദി സര്‍ക്കാര്‍ എന്താണ് എന്നു വ്യക്തമാക്കുന്നതാണ്. 45 കൊല്ലത്തെ ചരിത്രത്തിനിടയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ ഉണ്ടായിരിക്കുന്ന വര്‍ഷമാണ്- അതായത് 6.1 ശതമാനത്തിലേക്ക്- അത് എന്നതായിരുന്നു സര്‍വെ റിപ്പോര്‍ട്ട് പൂഴ്ത്തി വയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

വാര്‍ത്ത പുറത്തു വന്ന് മണിക്കൂറുകള്‍ കഴിഞ്ഞില്ല. കേന്ദ്ര ആസൂത്രണ കമ്മീഷന്‍ എന്ന രാജ്യത്തിന്റെ ഭാഗധേയം തന്നെ തീരുമാനിച്ചിരുന്ന നയരൂപീകരണ സ്ഥാപനം അടച്ചു പൂട്ടിയിട്ട് രൂപം കൊടുത്ത നീതി ആയോഗ് എന്ന പ്രചരണ സ്ഥാപനം ഉടന്‍ തന്നെ സര്‍ക്കാരിനുള്ള ന്യായീകരണവുമായി രംഗത്തെത്തി. NSSOയുടെ റിപ്പോര്‍ട്ട് ഒരു 'കരട് റിപ്പോര്‍ട്ട്' മാത്രമാണ് എന്നായിരുന്നു അവരുടെ ന്യായീകരണം.

എന്നാല്‍ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാജിവച്ച നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷ (NSC) ന്റെ ആക്ടിംഗ് ചെയര്‍മാനായിരുന്ന പി.സി മോഹനന്‍ ഇത് അപ്പാടെ തള്ളിക്കളഞ്ഞു. NSSO-യുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് അംഗീകാരം നല്‍കാന്‍ അധികാരപ്പെട്ടിട്ടുള്ള സ്റ്റാറ്റ്യൂട്ടറി ബോഡിയാണ് NSC. "
ഇപ്പോള്‍ സര്‍ക്കാരിന്റെ പക്കലുള്ളത് 'ഫൈനല്‍' ആയിട്ടുള്ള റിപ്പോര്‍ട്ട് ആണെന്നും അത് പുറത്തുവിടാന്‍ ഇനി ആരുടേയും അനുമതി ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ NSSO റിപ്പോര്‍ട്ട് പൂര്‍ണവും ഫൈനലുമായിട്ടുള്ളതാണ്. നിയമപ്രകാരം തന്നെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ഇതിന് അനുമതി നല്‍കിയിട്ടുമുണ്ട്. ഞങ്ങള്‍ അതിന് അനുമതി നല്‍കിയ സാഹചര്യത്തില്‍ ഇതിന് മറ്റാരുടേയും അനുമതി ആവശ്യമില്ല. NSSO റിപ്പോര്‍ട്ട് പുറത്തു വിടുകയും അതിനു ശേഷം അക്കാര്യത്തിലുള്ള വിശകലനങ്ങള്‍ നടത്തുകയുമാണ് ആദ്യം ചെയ്യേണ്ടത്"
- അദ്ദേഹം പറഞ്ഞു.

നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത്, തൊഴില്‍ ലഭ്യത സംബന്ധിച്ച 2018 ജൂലൈ-ഡിസംബര്‍ പാദത്തിലെ ഡാറ്റ പൂര്‍ണമായി പരിശോധിച്ചു കഴിഞ്ഞിട്ടില്ലെന്നും ഇത് കൂടി പരിശോധിച്ച ശേഷം മാര്‍ച്ച് മാസത്തില്‍ സര്‍ക്കാര്‍ NSSO റിപ്പോര്‍ട്ട് പുറത്തുവിടുമെന്നുമാണ്. അതായത്, ആ പാദത്തിലെ വിവരങ്ങള്‍ കൂടി 'ഒത്തുനോക്കിയ ശേഷം' റിപ്പോര്‍ട്ട് പുറത്തു വിടുമെന്ന്. കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനും മോദി ഭരണത്തെ പ്രകീര്‍ത്തിക്കുന്നതില്‍ മത്സരിക്കുന്നയാളുമായ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് ആകട്ടെ ഒരു പടി കൂടി കടന്ന് ചില കാര്യങ്ങള്‍ പറഞ്ഞു. ആപ്പ് അടിസ്ഥാനമാക്കിയുള്ള ടാക്‌സി സര്‍വീസുകളായ ഒലയും ഊബറുമൊക്കെ തൊഴില്‍ സൃഷ്ടിക്കുന്നുണ്ട് എന്നത് തന്നെ രാജ്യത്ത് തൊഴിലില്ലായ്മ എന്നതിന്റെ തെളിവാണെന്ന്.

Also Read: 1973നു ശേഷമുള്ള രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്; നോട്ട് നിരോധനത്തിന് ശേഷമുള്ള സര്‍വേ റിപ്പോര്‍ട്ട് പൂഴ്ത്തി മോദി സര്‍ക്കാര്‍

മറ്റൊരു കാര്യം അമിതാഭ് കാന്ത് പറഞ്ഞത്, 7.2 ശതമാനം വളര്‍ച്ചാ നിരക്കുള്ള ഒരു സമയത്ത് യാതൊരു കാരണവശാലും ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള തൊഴിലില്ലായ്മ കണക്കുകള്‍ ശരിയാകില്ല എന്നായിരുന്നു. അവിടെയാണ് വീണ്ടുമൊരു ഒളിച്ചു കളി നടന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനം മാത്രമുണ്ടായിരുന്ന ജിഡിപി നിരക്ക് 7.2 ശതമാനം നിരക്കിലേക്ക് സര്‍ക്കാര്‍ ഉയര്‍ത്തിയത് ഇന്നലെയാണ്. അതിനു മുന്നത്തെ വര്‍ഷം, നോട്ട് നിരോധനം നടപ്പാക്കിയ 2016-17 കാലത്തെ വളര്‍ച്ചാ നിരക്കായിരുന്ന 7.1 ശതമാനമാകട്ടെ 8.2 ശതമാനമായും പുതുക്കി നിശ്ചയിച്ചു. സാമ്പത്തിക ശാസ്ത്ത്രിന്റെ അടിസ്ഥാന ധാരണയെങ്കിലുമുള്ളവര്‍ മൂക്കത്ത് വിരല്‍ വയ്ക്കുന്ന നടപടിയായിരുന്നു ഇന്നലെയുണ്ടായത്. ജിഡിപി പുതുക്കി നിശ്ചയിക്കല്‍ ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ആദ്യമായുണ്ടായതല്ല. ജിഡിപി നിശ്ചയിക്കാനുള്ള അന്താരാഷ്ട്ര മാനദണ്ഡമായ അടിസ്ഥാന വര്‍ഷം കണക്കുന്നതില്‍ മാറ്റം വരുത്തിക്കൊണ്ട് തുടക്കത്തില്‍ തന്നെ കൂടിയ വളര്‍ച്ചാ നിരക്ക് കാണിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തതെന്ന് നിരവധി സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അങ്ങനെ പെരുപ്പിച്ച ജിഡിപി നിരക്കാണ് ഇന്നലെ വീണ്ടും ഉയര്‍ത്തി, അത് ചൂണ്ടിക്കാട്ടി ഇവിടെ തൊഴിലില്ലായ്മ ഇല്ല എന്ന് അമിതാഭ് കാന്ത് പറയുന്നത്.

ഒല, ഉബര്‍ പോലുള്ള കമ്പനികളെയാണ് നീതി ആയോഗ് പോലൊരു സ്ഥാപനം തങ്ങളുടെ വാദത്തിനുള്ള തെളിവുകളായി അവതരിപ്പിക്കുന്നതെങ്കില്‍ രാഷ്ട്രപതി രാം നാഥ് ഗോവിന്ദ് ഇന്നലെ സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച സര്‍ക്കാരിന്റെ നയപ്രഖ്യാപനം പ്രൊപ്പഗണ്ട പ്രസ്താവനകള്‍ മാത്രം നിറഞ്ഞതായിരുന്നു. കള്ളപ്പണത്തിനെതിരെയുള്ള സര്‍ക്കാരിന്റെ പോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരേടായിരുന്നു നോട്ട് നിരോധനമെന്നും കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ അഴിമതിക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടി വരുന്നതോടെ ഇന്ത്യന്‍ വ്യോമസേന ശക്തമാകുമെന്നുമൊക്കെയായിരുന്നു ആ പ്രസംഗം.

Also Read: വളര്‍ച്ച നിരക്ക് 7.2 ആക്കി കൂട്ടിക്കാണിച്ച് കേന്ദ്ര സര്‍ക്കാര്‍; നോട്ട് നിരോധന വര്‍ഷം 8.2

എന്നാല്‍ രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഇല്ലാതെ പോയ ചില കാര്യങ്ങളുണ്ട്. നോട്ട് നിരോധനം എങ്ങനെയാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന അസംഘടിത മേഖലയെ തകര്‍ത്തത് എന്ന്, ഈ സര്‍ക്കാരിന്റെ കീഴില്‍ ഉന്നതതലങ്ങളില്‍ അഴിമതി സാര്‍വത്രികവും വന്‍തോതിലുമായി എന്ന്, നമ്മുടെ പൊതുമേഖലാ ബാങ്കുകള്‍ തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ് എന്ന്, ബാങ്കുകളില്‍ നിന്ന് കോടികളുമായി ശതകോടീശ്വരന്മാര്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന്, ഇന്ത്യന്‍ വ്യോമസേനയുടെ ആധുനീകരണത്തെ പൂര്‍ണമായി തകിടം മറിക്കുന്നതാണ് ഇപ്പോഴത്തെ റാഫേല്‍ കരാര്‍ എന്ന്. ഇതൊന്നും രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഇല്ലായിരുന്നു.

വ്യാജപ്രചരണങ്ങളുടെ വന്‍ കുത്തൊഴുക്കിലേക്കാണ് ഇന്ത്യന്‍ രാഷ്ട്രീയം കുറച്ചു ദിവസങ്ങളായി വീണിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട ഒരു തെരഞ്ഞെടുപ്പിനെയാണ് നരേന്ദ്ര മോദി ഇത്തവണ നേരിടാന്‍ പോകുന്നത് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ, അതിനു വേണ്ടി സമൂഹത്തില്‍ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ഒക്കെ ചെയ്യുന്നവര്‍ കള്ളങ്ങളും വ്യാജപ്രചരണങ്ങളും നടത്തുകയും അവയ്ക്ക് ചൂട്ടുപിടിക്കുകയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഒക്കെ ചെയ്യുന്നത് നാണക്കേടു കൂടിയാണ്.

ഡല്‍ഹിയുടെ അധികാര മേഖല ഇതുപോലുള്ള കാര്യങ്ങള്‍ക്ക് പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ തരംതാഴുന്നത് ആദ്യമാണ്.

(ചിത്രം കടപ്പാട്: കാച്ച് ന്യൂസ്)

Also Read: ഇന്ത്യന്‍ വളര്‍ച്ചയുടെ ‘ഊഹക്കണക്കുകള്‍’- ഇപിഡബ്ല്യു എഡിറ്റോറിയല്‍

Also Read: ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ യുവാക്കളുടേതല്ല; കൂട്ട പിരിച്ചുവിടലിനൊപ്പം തൊഴിലവസരങ്ങളും ഇടിയുന്നു

Also Read: രാജ്യം ഒരു വമ്പന്‍ അഴിമതിയുടെ വിവരങ്ങള്‍ക്കായി കാതോര്‍ക്കുകയാണ്

Next Story

Related Stories