UPDATES

പ്രധാനമന്ത്രിക്ക് നേരെ വധശ്രമം? പൂനെ പോലീസിന്റെ നടപടികള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ഭീമ കൊറേഗാവ് സംഭവം കഴിഞ്ഞ് ആദ്യ ഘട്ടത്തില്‍ മഹാരാഷ്ട്ര പോലീസിന്റെ അന്വേഷണത്തിന്റെ കുന്തമുന അവിടുത്തെ ഹിന്ദുത്വ നേതാക്കള്‍ക്ക് നേരെയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ നടക്കാന്‍ സാധ്യതയുണ്ടായിരുന്ന ഒരു വധശ്രമം പൂനെ പോലീസ് തടഞ്ഞോ? അതോ, അരികുവത്ക്കരിക്കപ്പെട്ട കുറെ മനുഷ്യര്‍ക്ക് വേണ്ടി വാദിക്കുന്ന കുറച്ചു മനുഷ്യരെ മാവോയിസ്‌റ്റെന്നു മുദ്രകുത്തുന്ന അപഹാസ്യമായ സ്ഥിരം പരിപാടിയാണോ?

ഇതിനുള്ള അന്തിമ ഉത്തരം പുറത്തു വരാന്‍ എന്തായാലും കുറച്ചു സമയമെടുക്കും. എന്നാല്‍ ഭീമ കൊറിഗാവ് അക്രമങ്ങളുമായി ബന്ധപ്പെട്ട് പൂനെ പോലീസ് സ്വീകരിച്ചിട്ടുള്ള നടപടികളില്‍ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അഞ്ചു മാസം മുമ്പ് നടന്ന ഭീമ കൊറിഗാവ് സംഭവവും തുടര്‍ന്ന് മഹാരാഷ്ട്രയെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ പ്രതിഷേധങ്ങളും ഈ അക്രമങ്ങളുമായി ബന്ധപ്പെട്ട് രണ്ട് ഹിന്ദുത്വ പ്രവര്‍ത്തകര്‍ തുടക്കത്തില്‍ പ്രതിയാക്കപ്പെട്ടതും അതിനിടെ സംഭവിച്ച ഒരു മരണവും എല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ അത് മനസിലാകും.

1991-ല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ വിവരം പരാമര്‍ശിച്ചുകൊണ്ടാണ് റോണ വിത്സന്റെ വീട്ടില്‍ നിന്നു കണ്ടെടുക്കപ്പെട്ട ഒരു കത്തിലെ വിവരങ്ങളാണെന്ന് പറഞ്ഞ് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ പവാര്‍ കത്തില്‍ നിന്നു ഇങ്ങനെ വായിച്ചത്: “രാജീവ് ഗാന്ധിയെ വധിച്ചതുപോലെ ഒരു കാര്യമാണ് ഞങ്ങള്‍ ആലോചിക്കുന്നത്. അതൊരു ആത്മഹത്യാപരമായ കാര്യം ആയിരിക്കാം, നമ്മള്‍ അതില്‍ പരാജയപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍ പാര്‍ട്ടി ഈ പദ്ധതി പരിഗണിച്ചേ മതിയാവൂ”. ഒളിവിലുള്ള മാവോയിസ്റ്റ് നേതാവ് മിലിന്ദ് ടെല്‍തുംബ്‌ഡേ അയച്ച കത്താണ് ഇതെന്നാണ് ജോയിന്റ് കമ്മീഷണര്‍ രവീന്ദ കദം മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാല്‍ മഹാരാഷ്ട്ര പോലീസിന്റെ നടപടികള്‍ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ഗുരുതരമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു വരും.

ഭീമ കൊറേഗാവ് സംഭവം കഴിഞ്ഞ് ആദ്യ ഘട്ടത്തില്‍ മഹാരാഷ്ട്ര പോലീസിന്റെ അന്വേഷണത്തിന്റെ കുന്തമുന അവിടുത്തെ ഹിന്ദുത്വ നേതാക്കള്‍ക്ക് നേരെയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഈ അന്വേഷണം നേരെ തിരിച്ച പോലീസ് ദളിത്, ആദിവാസി, രാഷ്ട്രീയ തടവുകാര്‍ എന്നിവര്‍ക്കൊക്കെ വേണ്ടി പ്രവര്‍ത്തിക്കുന്ന അഞ്ച് സാമൂഹ്യ പ്രവര്‍ത്തകരില്‍ എത്തിക്കുകയായിരുന്നു. മലയാളിയായ സാമൂഹിക പ്രവര്‍ത്തകന്‍ റോണയും അങ്ങനെയാണ് അറസ്റ്റിലാകുന്നത്.

അറസ്റ്റിലായ അഞ്ചു പേര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് കുപ്രസിദ്ധമായ യുഎപിഎ നിയമവും ഇവര്‍ക്ക് മേല്‍ ചുമത്തി. പൂനെ കോടതി മുമ്പാകെ വ്യാഴാഴ്ച ഹാജരാക്കിയ ഇവരെ ജൂണ്‍ 14 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ജനുവരി ഒന്നിന് നടന്ന ഭീമ കൊറേഗാവ് അക്രമങ്ങള്‍ തലേദിവസം പൂനെയില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തില്‍ ദളിത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തെ തുടര്‍ന്നാണെന്നും ഈ സമ്മേളനത്തിന് പണം നല്‍കിയത് മാവോയിസ്റ്റുകളാണ് എന്നുമാണ് പോലീസ് ഇപ്പോള്‍ ആരോപിക്കുക്കുന്നത്.

പൂനെയില്‍ നിന്ന് 30 കിലോ മീറ്റര്‍ അകലെയുള്ള ഭീമെ കുറെഗാവില്‍ ലക്ഷക്കണക്കിന് ദളിതര്‍ പുതുവര്‍ഷ ദിനത്തില്‍ സംഘടിച്ചത് പൂനെയില്‍ ക്രൂരമായ ജാതി അടിച്ചമര്‍ത്തലുകള്‍ നടത്തിയിരുന്ന പേഷ്വാകളുടെ നേതൃത്വത്തിലുള്ള മറാത്താ സാമ്രാജ്യത്തോട് പോരാടി ജയിച്ച ബ്രിട്ടീഷ് സൈന്യത്തിലുള്‍പ്പെട്ട ദളിത് സൈനികരുടെ ഓര്‍മ പുതുക്കാനാണ്.

ജനുവരി ഒന്നിന് ഭീമ കൊറേഗാവിലും പരിസരങ്ങളിലും സംഘര്‍ഷം പൊട്ടിപ്പുപ്പെട്ടു. കാവിക്കൊടിയും ഏറി വന്നവര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ദളിതരും അതല്ല, ദളിതര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് സംഘപരിവാര്‍ സംഘടനകളും ആരോപിച്ചു. തുടര്‍ന്നുണ്ടായ ദളിത് പ്രതിഷേധം സംസ്ഥാനത്തുടനീളം പരക്കുകയും തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയുമായിരുന്നു.

എന്നാല്‍ ഈ സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് നടന്ന ഒരു പരിപാടിക്കിടെ ഹിന്ദുത്വ നേതാക്കള്‍ ദളിത് വിരുദ്ധവും പ്രകോപനപരവുമായി നടത്തിയ പ്രസംഗങ്ങളാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് നിരവധി ദളിത് സംഘടനകളും നേതാക്കളും ചൂണ്ടിക്കാട്ടുന്നുണ്ട്. ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് ഹിന്ദു ഏക്താ മഞ്ചിന്റെ തലവന്‍ മിലിന്ദ് ഏക്‌ബോഡെ, ശിവ് പ്രതിഷ്താന്‍ ഹിന്ദുസ്ഥാന്‍ തലവന്‍ സാംഭാജി ഭിഡെ എന്നിവര്‍ക്കെതിരെ ജനുവരി മൂന്നിന് പോലീസ് കേസെടുത്തു. എന്നാല്‍ മാര്‍ച്ചില്‍ അറസ്റ്റിലായെങ്കിലും എക്‌ബോഡെ ഉടന്‍ തന്നെ ജാമ്യത്തില്‍ പുറത്തിറങ്ങി. അറസ്റ്റ് ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടു പോലും ഭിഡെയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഇതിനിടെയാണ് പൂനെ പോലീസ് വിചിത്രമായ വാദങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതും സാമൂഹിക പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നതും. അവരെക്കുറിച്ചുള്ള വിവരങ്ങള്‍ നോക്കുക.

റോണ വിത്സന്‍

മലയാളിയായ റോണ ഡല്‍ഹിയില്‍ കമ്മിറ്റി ഫോര്‍ ദി റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് എന്ന സംഘടനയുടെ പബ്ലിക് റിലേഷന്‍സ് സെക്രട്ടറിയാണ്. 2001-ലെ പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രതിയാക്കപ്പെടുകയും പിന്നീട് വെറുതെ വിടുകയും ചെയ്ത എസ്എആര്‍ ഗിലാനി സ്ഥാപിച്ച സംഘടനയാണിത്.

വ്യാജമായി ഭീകരവാദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്ന കാശ്മീരികള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആളാണ് റോണയെന്ന് ഗിലാനി പറയുന്നു. പി.എച്ച്.ഡി ഗവേഷകന്‍ കൂടിയായിരുന്ന റോണയുടെ ഗവേഷണ വിഷയവും ഇതില്‍ തന്നെയാണ്. “ഭീമ കൊറേഗാവ് സംഭവവുമായോ എല്‍ഗാര്‍ പരിഷത്തുമായോ റോണയ്ക്ക് വിദൂര ബന്ധം പോലുമില്ല”- ഗിലാനി പറയുന്നു. “ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇങ്ങനെയാണ് നമ്മുടെ സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത്. ഭരണകൂടത്തെ വിമര്‍ശിക്കുന്ന ആരേയും ഒന്നുകില്‍ മുസ്ലീം ആക്കും അല്ലെങ്കില്‍ മാവോയിസ്റ്റാക്കും”- ഗിലാനി പറയുന്നു.

മിലിന്ദ് ടെല്‍തുംബടെയുടെ സഹോദരനും പ്രശസ്തമായ ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രൊഫസറുമായ ആനന്ദ് ടെല്‍തുംബ്‌ടെ സകാല്‍ടൈംസിനോട് പറഞ്ഞത് ഇങ്ങനെയാണ്: “തീര്‍ത്തും വിഡ്ഡിത്തരമാണിത്. അവരുടെ ഭാവനയില്‍ വിരിഞ്ഞ കാര്യം, എല്ലാവര്‍ക്കും അറിയാം പോലീസിന് എന്തൊക്കെ സാധിക്കുമെന്ന്. ഇത് പോലീസ് തന്നെ സൃഷ്ടിച്ച കത്താണ്. ഒരു മാവോയിസ്റ്റും ഇത്തരത്തില്‍ ഒരു കത്തെഴുതുകയോ അത് മറ്റൊരാള്‍ക്ക് അയയ്ക്കുകയോ ചെയ്യില്ല. ഒരു കത്ത് എങ്ങനെ പകര്‍ത്തണമെന്ന മിനിമം ബോധം പോലുമില്ല പോലീസിന്. റോണ വില്‍സണ്‍ ചിലപ്പോള്‍ മാവോയിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുള്ള ആളായിരിക്കാം, പക്ഷേ, അയാള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. മോദിയുടെ കടുത്ത വിമര്‍ശകന്‍ ആണ് എന്നതിനാലാണ് ജിഗ്‌നേഷ് മേവാനിയേയു ഇതില്‍ ഉന്നം വച്ചിരിക്കുന്നത്. ഇത്തരം രാഷ്ട്രീയം കളിക്കുന്നതില്‍ ഏതൊരു ജനാധിപത്യ സര്‍ക്കാരും തലകുനിക്കണം”.

സുരേന്ദ്ര ഗാഡ്‌ലിംഗ്

മാവോയിസ്റ്റ് എന്നും നക്‌സലുകളെന്നും ആരോപിക്കപ്പെട്ട് അറസ്റ്റിലായിട്ടുള്ള നിരവധി പേര്‍ക്ക് വേണ്ടി ഹാജരാകുന്ന, കഴിഞ്ഞ 25 വര്‍ഷമായി നാഗ്പൂരില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണ് ഗാഡ്‌ലിംഗ്. മാവോയിസ്റ്റ് ബന്ധമാരോപിച്ച് ജയിലില്‍ അടച്ചിട്ടുള്ള, വീല്‍ച്ചെയറില്‍ കഴിയുന്ന ഡല്‍ഹി യുണിവേഴ്‌സിറ്റി പ്രൊഫസര്‍ ജി.എന്‍ സായിബാബയുടെ കേസുകള്‍ വാദിക്കുന്നത് ഗാഡ്‌ലിംഗ് ആണ്. മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോളി, ഗോണ്ട്യ ജില്ലകളില്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന ആദിവാസികളെയും പ്രതിനിധീകരിക്കുന്നത് അദ്ദേഹമാണ്. അഭിഭാഷകനായ അരുണ്‍ ഫെരാരിയയ്ക്ക് വേണ്ടി ഹാജരായതും ഗാഡ്‌ലിംഗ് ആണ്. ഫെരാരിയ പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തു. മഹാരാഷ്ട്ര പോലീസിനെയും അവരുടെ പല നടപടികളെയും തുടര്‍ച്ചയായി തുറന്നു കാണിച്ചു കൊണ്ടിരുന്ന അഭിഭാഷകനാണ് ഗാഡ്‌ലിംഗ്.

അഭിഭാഷകന്‍ എന്നതിനു പുറമെ ഒരു പ്രമുഖ ദളിത് അവകാശ പ്രവര്‍ത്തകന്‍ കൂടിയാണ് ഗാഡ്‌ലിംഗ്. ഏപ്രിലില്‍ ഗഡ്ച്ചിറോളിയില്‍ മാവോയിസ്റ്റുകള്‍ എന്ന പേരില്‍ 40 പേരെ വെടിവച്ച കൊന്ന സംഭവം അന്വേഷിക്കുന്ന സ്വതന്ത്ര തെളിവെടുപ്പ് സംഘത്തിലൂം അദ്ദേഹം അംഗമായിരുന്നു. കാശ്മീരില്‍ മനുഷ്യാവകാ സംരക്ഷണത്തിന് വേണ്ടി വാദിക്കുന്ന അഭിഭാഷകരെ പീഡിപ്പിക്കുന്നതിനെതിരെ അവിടം സന്ദര്‍ശിച്ച സംഘത്തിലും ഗാഡ്‌ലിംഗ് ഉണ്ടായിരുന്നു.

2016-ല്‍ പ്രൊഫ. സായിബാബയുടെ കേസില്‍ ഒരു ദിവസം വാദം കഴിഞ്ഞപ്പോള്‍ ഒരു മുന്‍ ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഗാഡ്‌ലി,ഗിനെ ഭീഷണിപ്പെടുത്തിയിരുന്നതായി ഫെരാരിയ പറയുന്നു. “നീയായിരിക്കും അടുത്തത് എന്നായിരുന്നു ഡി.ഐ.ജി ഭീഷണിപ്പെടുത്തിയത്. ആ ഡി.ഐ.ജിയാണ് ഇപ്പോള്‍ ഈ അഞ്ചു പേരെയും അറസ്റ്റ് ചെയ്ത പൂനെയിലെ ജോയിന്റ് പോലീസ് കമ്മീഷണര്‍”- ഫെരാരിയ പറയുന്നു.

സുധീര്‍ ധാവലെ

അറിയപ്പെടുന്ന കവിയും എഴുത്തുകാരനും രാഷ്ട്രീയ കോളമിസ്റ്റും. തൊഴില്‍, ഭൂമി, വിദ്യാഭ്യാസം, ആരോഗ്യം, ജാതി തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ഇടതുപക്ഷ ചായ്‌വുള്ള മറാത്തി മാഗസിന്‍ ‘വിരോധി’യുടെ പബ്ലീഷറാണ് സുധീര്‍ ധാവലെ. റിപ്പബ്ലിക്കന്‍ പാന്തേഴ്‌സ് എന്ന ദലിത് സംഘടനയുടെ സ്ഥാപകന്‍. 2011ല്‍ മാവോയിസ്റ്റ് ബന്ധം ചുമത്തി അറസ്റ്റ് ചെയ്ത അദ്ദേഹത്തെ 40 മാസം ജയിലിലിട്ടതിന് ശേഷം പൂര്‍ണമായും കുറ്റവിമുക്തനാക്കി. 2017 ഡിസംബറില്‍ എല്‍ഗര്‍ പരിഷദിന്റെ സംഘാടകരില്‍ ഒരാളായി.

2018 ജനുവരി ഒന്നിന് ഭീമ കൊറിഗാവില്‍ ദലിതര്‍ക്കെതിരെ മറാത്ത സമുദായക്കാര്‍ അഴിച്ചുവിട്ട അക്രമവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും അന്വേഷിക്കാന്‍ റിട്ട. ജഡ്ജിയെ അധ്യക്ഷനാക്കി സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. ഇതിന്റെ ഭാഗമായി സുധീര്‍ ധാവലയും മറ്റ് ചില ആക്ടിവിസ്റ്റുകളും അഭിഭാഷകരും കമ്മീഷന്റെ മുന്നില്‍ ഹാജരാക്കുന്നതിനുള്ള തെളിവുകള്‍ ശേഖരിക്കുന്നതിനായി സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

മഹേഷ് റാവുത്ത്

മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലക്കാരന്‍. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പഠിച്ചു. ഗഡ്ചിറോളിയില്‍ പ്രധാനമന്ത്രിയുടെ ഗ്രാമീണ വികസന പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു. ജില്ലയില്‍ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്ന ആക്ടിവിസ്റ്റാണ് മഹേഷ് റാവുത്ത്. ദലിത്, ആദിവാസി വിഭാഗങ്ങളുടെ കുടിയൊഴിപ്പിക്കലുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വിസ്ഥാപന്‍ വിരോധി ജന്‍ ആന്ദോളന്റെ കണ്‍വീനര്‍മാരില്‍ ഒരാള്‍. മനുഷ്യാവകാശ സംഘടനയായ ഭാരത് ജന്‍ ആന്ദോളനില്‍ അംഗം. ഗ്രാമസഭകള്‍ ശക്തിപ്പെടുത്തുക, വനാവകാശ നിയമത്തെക്കുറിച്ച് ആദിവാസികള്‍ക്കിടയില്‍ അവബോധമുണ്ടാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ മഹേഷ് റാവുത്ത് ശ്രദ്ധിക്കുന്നു. ജാതിവിരുദ്ധ പ്രസ്ഥാനങ്ങളിലും ഗഡ്ചിറോളിയിലേതടക്കമുള്ള അനധികൃത ഖനികള്‍ക്കെതിരായ പ്രക്ഷോഭങ്ങളിലും നേതൃനിരയില്‍.

മുന്‍ പ്രധാനമന്ത്രിയുടെ റൂറല്‍ ഡെവലപ്‌മെന്റ് പ്രോജക്ടില്‍ ഭാഗമായിരുന്നവര്‍ പ്രസ്താവനയില്‍ ഇങ്ങനെ ചോദിക്കുന്നു: ഈ കേസില്‍ മഹേഷ് എങ്ങനെ പ്രതി ചേര്‍ക്കപ്പെട്ടു എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. ആദ്യ കുറ്റപത്രത്തില്‍ മഹേഷ് ഉള്‍പ്പെട്ടിരുന്നില്ല. മഹേഷിന്റെ കേന്ദ്രങ്ങള്‍ സര്‍ച്ച് ചെയ്യാന്‍ ഏതെങ്കിലും കോടതിയുടെ ഉത്തരവുണ്ടായിരുന്നില്ല. ഒരു വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് മഹേഷിന്റെ അറസ്റ്റ് അടക്കമുള്ള നടപടികള്‍. ജാതീയമായ അതിക്രമങ്ങള്‍ക്കെതിരായി വളര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നീക്കങ്ങളുടെ ഭാഗമാണ് ഇതെന്ന് മഹേഷ് റാവുത്തിന്റെ സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ഷോമ സെന്‍

നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് പ്രൊഫസര്‍. വനിതാവകാശ പ്രവര്‍ത്തക. രാജ്യത്തെ അറിയപ്പെടുന്ന നിരവധി ഫെമിനിസ്റ്റ് സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. സിപിഡിആറിലും (കമ്മിറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ്) അംഗം. ഇടതുപക്ഷ സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഷോമ സെന്‍ പിന്നീട് അധ്യാപനത്തിലേയ്ക്ക് തിരിഞ്ഞു. ഷോമ സെന്നിന്റെ ഭര്‍ത്താവ് തുഷാര്‍കാന്തി ഭട്ടാചാര്യയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് പല തവണ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയയ്ക്കുക.

 

ഭീമ കൊറിഗാവ്: ദലിതര്‍ക്കെതിരായ അക്രമത്തിന് ഉത്തരവാദികളായവര്‍ക്ക് സുഖവാസം; ബിജെപി ‘ബലിയാടു’കളെ തേടുന്നു

മറാത്തകള്‍ ആക്രോശിച്ചു, ‘മഹറുകള്‍ക്ക് യുദ്ധം ചെയ്യുന്ന ചരിത്രമില്ല’; കൊറിഗാവില്‍ സംഭവിച്ചതെന്ത്?

ദളിതര്‍ എന്ന പുതിയ ‘മുസ്ലീം’-ഹരീഷ് ഖരെ എഴുതുന്നു

പൂനെയില്‍ ദലിതര്‍ക്കെതിരായ അതിക്രമം ആര്‍എസ്എസിന്റെ ഫാഷിസ്റ്റ് പരിപാടി: രാഹുല്‍ ഗാന്ധി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍