UPDATES

ഇന്ത്യന്‍ സ്ത്രീ എന്ന ‘ദേവി, കുടുംബത്തിന്റെ ആണിക്കല്ല്’; വഞ്ചനയുടെ 2 ദശകങ്ങള്‍

വനിതാ സംവരണ ബില്‍ എന്നാ മിഥ്യ – എഡിറ്റോറിയല്‍

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 സംവരണം സര്‍ക്കാര്‍ ജോലികളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ഉറപ്പാക്കുന്ന 124-മത് ഭരണഘടനാ ഭേദഗതി എന്ന സങ്കീര്‍ണമായ നിയമനിര്‍മാണത്തിന് എടുത്തത് വെറും മൂന്നു ദിവസമാണ്. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, ലോക്‌സഭയിലും രാജ്യസഭയിലും ചര്‍ച്ച, ഭേദഗതി ബില്‍ പാസാക്കല്‍ എന്നിവയായിരുന്നു ആ നടപടി ക്രമങ്ങള്‍.

മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മനുഷ്യര്‍ ഉണ്ടെന്നുള്ളത് ഒരു വസ്തുതയാണ്, അവര്‍ക്ക് നമ്മുടെ വ്യവസ്ഥാപിതമായ സ്ഥാപനങ്ങളുടെ പിന്തുണയും ആവശ്യമാണ്. എന്നാല്‍ അത്തരം കാര്യങ്ങളെ അഡ്രസ് ചെയ്യലാണോ ഭരണഘടനയില്‍ സംവരണം എന്നതുകൊണ്ട്‌ വ്യവസ്ഥ ചെയ്തിരിക്കുന്നത് അതോ, കാലാകാലങ്ങളായി അടിച്ചമര്‍ത്തപ്പെടുകയും വിവേചനം നേരിടുകയും ചെയ്യുന്ന സമുദായങ്ങളെ ഉദ്ധരിക്കാനുള്ള മാര്‍ഗമെന്ന നിലയിലാണോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഈ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള പരാധീനതകള്‍ നേരിടുന്നതിന് ചെയ്യേണ്ടിയിരുന്നത് മറ്റു വിധത്തിലുള്ള പിന്തുണകള്‍- വിദ്യാഭ്യാസ മേഖലയില്‍ നല്‍കുന്ന സ്‌കോളര്‍പ്പുകള്‍ പോലുള്ളവ – ഏര്‍പ്പെടുത്തുക എന്നതായിരുന്നു.

എന്തായാലും ഒരു കാര്യം യാഥാര്‍ത്ഥ്യമാണ്. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ ചരിത്രപരമായി ഏതെങ്കിലും വിധത്തിലുള്ള മാറ്റി നിര്‍ത്തലുകളോ അരികുവത്ക്കരണമോ നേരിട്ടിട്ടുള്ളവരാണ് എന്നതിന് അക്കാദമിക്കലായോ ഡാറ്റയുടെ അടിസ്ഥാനത്തിലോ യാതൊരു തെളിവുകളും ലഭ്യമല്ല എന്നിരിക്കെയാണ് ഇപ്പോള്‍ ഈ ബില്ല് പാസാക്കിയിരിക്കുന്നത്. അതോടാപ്പം, ഇപ്പോള്‍ സംവരണം നിശ്ചയിച്ചിരിക്കുന്നതും – വാര്‍ഷിക വരുമാനം എട്ടു ലക്ഷത്തില്‍ താഴെയുളളത് ഉള്‍പ്പെടെ- യാതൊരു വിധ ഡാറ്റയുടേയും പിന്‍ബലത്തോടെയല്ല. എന്നാല്‍ ഇതിലൊക്കെ തെളിഞ്ഞു കാണാവുന്ന ഒരേയൊരു കാര്യം ഇതിനു പിന്നിലുള്ള രാഷ്ട്രീയ കാരണങ്ങള്‍ മാത്രമാണ്; അതിന്റെ തിടുക്കവും.

എന്നാല്‍ ഇവിടെ മറ്റൊരു കാര്യം പരിശോധിക്കേണ്ടതുണ്ട്. രാജ്യത്തെ 130 കോടി മനുഷ്യരിലെ 48 ശതമാനം പേരെയും നേരിട്ടു ബാധിക്കുന്ന ഒരു ബില്ലിന് ഈ പറയുന്ന ശ്രദ്ധയോ പരിഗണനയോ കഴിഞ്ഞ രണ്ടു ദശകങ്ങളായി ലഭിച്ചിട്ടില്ല എന്നത് ഓര്‍ക്കേണ്ടതുണ്ട്. അവര്‍ ചരിത്രപരമായി തന്നെ എല്ലാ വിധത്തിലുള്ള വിവേചനങ്ങളും അനുഭവിക്കുന്നവരാണ് എന്നതിന് മതിയായ ഡാറ്റകള്‍ നിലവിലുണ്ട്. നമ്മുടെ രാജ്യത്തെ പൊതു ജീവിതത്തിലെ വിവിധ മേഖലകളില്‍ യാതൊരു വിധത്തിലും തുല്യമായ പങ്കാളിത്തം അവര്‍ക്ക് ലഭിച്ചിട്ടില്ല എന്നതിനും മതിയായ തെളിവുകളുണ്ട്. ലോകത്തെ ഏറ്റവും മോശമായ സാമൂഹികസ്ഥിതിയുള്ള ചില രാഷ്ട്രങ്ങളുടേതിനു തുല്യമാണ് അവര്‍ ഇവിടെ അനുഭവിക്കുന്ന കാര്യങ്ങള്‍ എന്നതിനും കണക്കുകളുണ്ട്.

അതെ, നമ്മള്‍ സംസാരിക്കുന്നത് വനിതാ സംവരണ ബില്ലിനെ കുറിച്ചു തന്നെയാണ്.

ജനനം മുതല്‍ മാറ്റി നിര്‍ത്തലുകള്‍ അനുഭവിച്ചു കൊണ്ടാണ് ഓരോ പെണ്‍കുട്ടിയും വളര്‍ന്നു വരുന്നത്. പെണ്‍ഭ്രൂണഹത്യക്കെതിരായ നിയമങ്ങളും അവബോധ പരിപാടികളും ഒക്കെ ധാരാളമെന്ന രീതിയില്‍ നടക്കുമ്പോഴും ജനിക്കാനിരിക്കുന്നത് പെണ്‍കുഞ്ഞാണോ എന്നു പരിശോധിക്കാനുള്ള രഹസ്യ സംവിധാനങ്ങള്‍ ഈ രാജ്യത്ത് നിലവിലുണ്ട്. ഗര്‍ഭപാത്രത്തിനുള്ളില്‍ വച്ചു തന്നെ ഇത്തരത്തില്‍ ഓരോ ദിവസവും ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നുണ്ട്- അത് ഔദ്യോഗികമായി ആരും അംഗീകരിക്കുന്നില്ല എന്നേയുള്ളൂ.

2017-ലെ കണക്കനുസരിച്ച് ഇന്ത്യയുടെ തൊഴില്‍ ശക്തിയുടെ 28.5 ശതമാനം മാത്രമാണ് സ്ത്രീകളുള്ളത്. കണക്കുകള്‍ പറയുന്നത് ഇന്ത്യന്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 10 ശതമാനം കണ്ട് വര്‍ധിപ്പിച്ചാല്‍ 2025-ഓടെ ഇന്ത്യന്‍ ജി.ഡി.പിയിലേക്ക് 700 ബില്യണ്‍ ഡോളര്‍ (49 ലക്ഷം കോടി) രൂപ കൂടുതലായി ചേര്‍ക്കാന്‍ അവര്‍ക്കാകും എന്നാണ്. ലിംഗസമത്വം കൈവരുന്നതോടു കൂടി ലോകത്തിന്റെ മറ്റേത് മേഖലയിലും ഉള്ളതിലുമധികം വ്യത്യാസമായിരിക്കും ഇന്ത്യന്‍ പൊതുജീവിതത്തില്‍ ഉണ്ടാവുക എന്നതിനും കണക്കുകളുണ്ട്.

ഈ രാജ്യത്ത് ഒരേ ജോലി പുരുഷനും സ്ത്രീയും ചെയ്യുമ്പോള്‍ സ്ത്രീക്ക് കിട്ടുന്ന വേതനം പുരുഷന് കിട്ടുന്ന വേതനത്തിന്റെ 62 ശതമാനം മാത്രമാണ്. രാജ്യത്തെ വിവിധ സര്‍ക്കാര്‍ ബോര്‍ഡുകളില്‍ 12.4 ശതമാനത്തില്‍ മാത്രം സ്ത്രീകള്‍ തലപ്പത്തിരിക്കുമ്പോള്‍ കമ്പനി ബോര്‍ഡുകളില്‍ അവരുടെ പ്രാതിനിധ്യം എന്നത് 3.2 ശതമാനം മാത്രമാണ്.

എങ്ങനെയാണ് വ്യവസ്ഥാപിതമായി തന്നെ സ്ത്രീകള്‍ വിവേചനത്തിന് ഇരയാകുന്നത് എന്നതിന് ഇനിയും നമ്മള്‍ ചരിത്രം ചികയേണ്ട ആവശ്യമുണ്ടോ?

Also Read: ആവണിയുടെ ഒറ്റയ്ക്കുള്ള പറക്കല്‍ നാം എന്തുകൊണ്ട് ആഘോഷമാക്കേണ്ടതുണ്ട്

ഇത്രയൊക്കെ തെളിവുകള്‍ ലഭ്യമായിട്ടും നിയമനിര്‍മാണ സഭകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ എങ്ങും എത്തിയിട്ടില്ല എന്നു കാണാം.

1993-ലാണ് ഒരു വില്ലേജ് കൗണ്‍സിലിന്റെ നേതാവ്, അല്ലെങ്കില്‍ വില്ലേജ് പ്രധാന്‍, എന്നത് മൂന്നിലൊന്ന് സ്ത്രീകളായിരിക്കണം എന്ന ഭരണഘടനാ ഭേദഗതി ബില്‍ ഇന്ത്യ പാസാക്കുന്നത്. ഇത് പതിയെ പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും വ്യാപിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.

പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുക എന്നതായിരുന്നു വനിതാ സംവരണ ബില്‍ അഥവാ ഭരണഘടനയുടെ 108-മാത് ഭേദഗതി ബില്‍. റൊട്ടേഷന്‍ മാര്‍ഗത്തില്‍ സീറ്റുകള്‍ സ്ത്രീകള്‍ക്ക് അനുവദിക്കുക എന്നായിരുന്നു ബില്ലില്‍ പറഞ്ഞിരുന്നത്. അതായത്, ഒരോ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്കിടക്കും നറുക്കെടുപ്പിലൂടെ ഓരോ സീറ്റും സ്ത്രീകള്‍ക്ക് ഒരു തവണ ലഭ്യമാക്കുക.

1996-ലാണ് ഈ ബില്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. 2010 മാര്‍ച്ച് ഒമ്പതിന് ഈ ബില്‍ രാജ്യസഭ പാസാക്കി. എന്നാല്‍ ലോക്‌സഭയില്‍ ആവട്ടെ, ബില്‍ പാസാകുന്നത് ഓരോ തവണയും തടസപ്പെട്ടു. ഒരിക്കല്‍ പോലും ഇക്കാര്യത്തില്‍ വോട്ടെടുപ്പ് ഉണ്ടായില്ല. 2014-ല്‍ 15-ാം ലോക്‌സഭയുടെ കാലാവധി അവസാനിച്ചതോടെ ബില്ല് കാലഹരണപ്പെട്ടു.

‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’ തുടങ്ങിയ ആകര്‍ഷകമായ മുദ്രാവാക്യങ്ങളുയര്‍ത്തി 2014-ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരാകട്ടെ, നിയമ നിര്‍മാണ സഭകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പിക്കേണ്ടത് അത്ര പ്രാധാന്യം കൊടുക്കേണ്ട കാര്യമായി ഒരിക്കലും കണ്ടിട്ടില്ല.

ഒരുപക്ഷേ, തെരഞ്ഞെടുപ്പുകള്‍ വിജയിക്കുക എന്ന ലക്ഷ്യമിട്ടിട്ടുള്ള മറ്റു പാര്‍ട്ടികളെ പോലെ ബിജെപിയും ഒരു പക്ഷേ തിരിച്ചറിഞ്ഞിട്ടുണ്ടാവും, സ്ത്രീകള്‍ ഒരു സംഘടിത വോട്ട് ബാങ്ക് അല്ല എന്ന്. ‘കുടുംബത്തിന്റെ ആണിക്കല്ല്’ എന്ന വിശേഷണ പദവിയും ‘സ്ത്രീ അമ്മയാണ്, സ്ത്രീ ദേവിയാണ്’ തുടങ്ങിയ പ്രയോഗങ്ങളുമൊക്കെ ചാര്‍ത്തി അവരെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഒരു പോളിംഗ് ബൂത്തിന്റെ രഹസ്യാത്മകതയില്‍ പോലും തന്റെ ജനാധിപത്യ അവകാശം സ്വതന്ത്രമായി വിനിയോഗിക്കുന്നതിന് തന്റെ ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പുരുഷാധിപത്യം (patriarchy) എന്ന യാഥാര്‍ത്ഥ്യം സ്ത്രീകളെ തടയുന്നുണ്ട്. രാഷ്ട്രീയക്കാര്‍ക്കും അത് വളരെ വ്യക്തമായി അറിയാം. അതവര്‍ കൃത്യമായി പരിപാലിക്കുകയും ചെയ്യുന്നു.

ആവണിയുടെ ഒറ്റയ്ക്കുള്ള പറക്കല്‍ നാം എന്തുകൊണ്ട് ആഘോഷമാക്കേണ്ടതുണ്ട്

യോഗിതയെ പരിചയപ്പെടൂ; ജീവിതം ഒറ്റയ്ക്ക് കെട്ടിപ്പടുത്ത, ഒരു ഗ്രാമത്തെ രക്ഷിച്ചെടുത്ത 17-കാരിയെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍