Top

പെരുപ്പിച്ചു വിറ്റഴിച്ച ഒരുല്‍പ്പന്നമാണ് മോദിയെങ്കില്‍ ഇന്ന് എളുപ്പം ചെലവാകുന്ന ബ്രാന്‍ഡാണ് രാഹുല്‍

പെരുപ്പിച്ചു വിറ്റഴിച്ച ഒരുല്‍പ്പന്നമാണ് മോദിയെങ്കില്‍ ഇന്ന് എളുപ്പം ചെലവാകുന്ന ബ്രാന്‍ഡാണ് രാഹുല്‍
കൊള്ളാവുന്ന ഒരു സ്റ്റാര്‍ട്ട്അപ് സംരംഭമായിരുന്നു ജ്യൂസെറോ (Juicero). അല്ലെങ്കില്‍ ഗൂഗിളിന്റെ നിക്ഷേപക വിഭാഗത്തെ നയിക്കുന്നവരുള്‍പ്പെടെയുള്ള ലോകത്തിലെ ബുദ്ധിമാന്‍മാരെന്ന് കരുതുന്ന വലിയൊരു വിഭാഗമെങ്കിലും കരുതിയത് അങ്ങനെയാണ്.

ശുദ്ധവും ജൈവികവുമായ ഭക്ഷണശീലങ്ങളിലേക്ക് ഉപഭോക്താക്കളെ മാറ്റുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ഇന്റര്‍നെറ്റ് ബന്ധിത സംരംഭത്തിന്റെ നിക്ഷേപത്തിനായി 780 കോടി രൂപയോളം കമ്പനി സ്വരൂപിച്ചെടുക്കുകയും ചെയ്തു.

വലിയ മാധ്യമ ശ്രദ്ധയും നിക്ഷേപങ്ങളും ഉള്‍പ്പെടെ സകല കോലാഹലങ്ങളോടും കൂടിയാണ് ദശലക്ഷക്കണക്കിന് ഡോളറിന്റെ സ്റ്റാര്‍ട്ട്അപ്പ് ആരംഭിച്ചത്. എന്നാല്‍ ദ്രുതവളര്‍ച്ചയുള്ള ഒരു വാണീജ്യ അത്ഭുതം ആകുന്നതിന് പകരം സാവധാനത്തില്‍ അതൊരു പരിഹാസ്യവസ്തുവായി മാറുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. അമേരിക്കയുടെ ദൈനംദിന ജീവിതത്തില്‍ നിന്നും അകന്നുമാറി എത്രത്തോളം ഭാവനാശൂന്യവും അടിസ്ഥാനമില്ലാത്തതുമാണ് സിലിക്കണ്‍ വാലി എന്നതിന്റെ മുദ്രയായും അത് നിലകൊണ്ടു. ബ്ലൂംബെര്‍ഗ് ന്യൂസ് ഏജന്‍സിയാണ് ഈ ഉത്പന്നത്തിന്റെ അര്‍ത്ഥശൂന്യത പുറത്തുകൊണ്ടുവന്നത്. ജ്യൂസിറോ കമ്പനി വാഗ്ദാനം ചെയ്യുന്നത് പോലെ ഗുണനിലവാരമുള്ള പഴച്ചാറ് ഉണ്ടാക്കണമെങ്കില്‍ അവരുടെ 400 ഡോളര്‍ വില വരുന്ന ഉപകരണം വാങ്ങേണ്ട ആവശ്യമില്ല, മറിച്ച് പഴങ്ങള്‍ മുറിച്ച് ഇടുന്ന പായ്ക്കറ്റില്‍ വെറും കൈ കൊണ്ട് അമര്‍ത്തിയാല്‍ അത് ജ്യൂസായി മാറും എന്ന വെളിപ്പെടുത്തലായിരുന്നു അവരുടേത്. എന്തായാലും ജ്യൂസിറോ ഈ മാസമാദ്യം അടച്ചുപൂട്ടി.ഇപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുമ്പോള്‍ പല നിരീക്ഷകര്‍ക്കും 'ജ്യൂസെറോ വികാരം' ഉണ്ടാവുന്നുണ്ട്. എന്തൊക്കെ വിശേഷണങ്ങളാണ് മോദിക്ക് ചാര്‍ത്തി നല്‍കിയത്? നിശ്ചയദാര്‍ഢ്യവും ബദ്ധശ്രദ്ധയുമുള്ള, അഴിമതിക്കറ തൊട്ടുതീണ്ടിയിട്ടില്ലാത്തയാള്‍ മുതല്‍ സ്വന്തം ജീവിതം ഇന്ത്യക്ക് വേണ്ടി ഉഴിഞ്ഞു വച്ച നിസ്വാര്‍ത്ഥനായ ദേശസ്‌നേഹി എന്നിങ്ങനെ പോകുന്നു ആ വിശേഷണങ്ങള്‍. ഓരോ റാലി കഴിയുമ്പോഴും ഇതു തന്നെ നാം ആവര്‍ത്തിച്ചു പറഞ്ഞും കേട്ടുകൊണ്ടുമിരിക്കുന്നു.

വമ്പന്‍ കോര്‍പറേറ്റ് ഹൗസുകളാണ് ആ സ്തുതിഗീതങ്ങള്‍ ആദ്യം തുടങ്ങിയത്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും അതേറ്റെടുക്കാന്‍ അധികം വൈകിയില്ല. എന്തിനേറെ, പാശ്ചാത്യ രാജ്യങ്ങള്‍ പോലും മോദി പ്രഭയില്‍ കണ്ണു മഞ്ഞളിച്ചു.  അങ്ങനെയെന്തെങ്കിലും പ്രഭ മോദി പരത്തുന്നുണ്ടോ എന്ന യാഥാര്‍ത്ഥ്യം അവിടെ നില്‍ക്കട്ടെ, പക്ഷേ, ഇന്ത്യയെ മുന്നോട്ടു നയിക്കുന്നതില്‍ അസാമാന്യനായ ഒരു നേതാവ് എന്ന പ്രതീതി നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. രണ്ടാം ഗാന്ധിയായി സ്വയം പ്രതിഷ്ഠിക്കാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും മോദിയും വേണ്ടെന്നു വച്ചില്ല.

ഹിന്ദുത്വ ദേശീയവാദികള്‍ കരുതിയത് മോദി ആ 'പുണ്യപുരാതന ആര്‍ഷഭാരത സംസ്‌കാര'ത്തിലേക്ക് രാജ്യത്തെ കൈപിടിച്ചു നടത്തുമെന്നാണ്. അങ്ങനെ ആഗോള ശക്തിയായി ഇന്ത്യയെ മാറ്റുമെന്നും. ലിബറലുകള്‍ കരുതിയത്, എത്ര കുഴപ്പങ്ങള്‍ നിറഞ്ഞതാണെങ്കിലും രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥയേയും ലിബറല്‍ മൂല്യങ്ങളേയും ഇല്ലാതാക്കി ഇന്ത്യയെ ഒരു അസഹിഷ്ണുവായ ഏകാധിപത്യ രാജ്യമാക്കി തീര്‍ക്കുമെന്നാണ്.

രണ്ടു കൂട്ടരും വിചാരിച്ചതല്ല നടക്കുന്നത്; മോദി എടുക്കുന്ന ഓരോ തീരുമാനങ്ങളും ഒന്നിനു പിന്നാലെ ഒന്നായി ദുരന്തമായി അവസാനിക്കുകയോ പി.ആര്‍ നാടകങ്ങളായി അധ:പതിക്കുകയോ ചെയ്തു. നോട്ട് നിരോധനം അസംഘടിത മേഖലയെ പൂര്‍ണമായി തകര്‍ത്തപ്പോഴും മോദി ഒട്ടും മടിച്ചില്ല. വീണ്ടുവിചാരമില്ലാതെ ജി.എസ്.ടി നടപ്പാക്കി സംഘടിത മേഖലയേയും വെള്ളത്തിലാക്കി. മോദി നിശ്ചയദാര്‍ഢ്യമുള്ള ഒരു നേതാവല്ലെന്നും സാമ്പത്തികരംഗത്തെ കുറിച്ച് ഒരു ധാരണയുമില്ലാത്ത മര്‍ക്കടമുഷ്ടിക്കാരനാണെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ പോലും ഇപ്പോള്‍ സമ്മതിക്കുന്നു.

അദ്ദേഹവും കൂട്ടാളികളും വെറുക്കുന്ന അതേ മുഖ്യധാര മാധ്യമങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ വര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങളാണ് അദ്ദേഹത്തിന്റെ മിക്ക പരിപാടികളും. കാരണം, എല്ലാ തരത്തിലുമുള്ള സര്‍ക്കാര്‍ പരിപാടികള്‍ക്കും പ്രചരിപ്പിക്കുന്നതിനായി മുമ്പില്ലാത്ത വിധം ചിലവഴിക്കപ്പെടുന്ന വലിയ സംഖ്യ, മാധ്യമ വ്യവസായത്തിന്റെ സാമ്പത്തികാവസ്ഥ ആരോഗ്യകരമാണെന്ന് ഇന്ന് ഉറപ്പാക്കുന്നു.

അമിത പ്രോത്സാഹനത്തോടെ അമിതമായി വില്‍ക്കപ്പെട്ട ഒരു ഉല്‍പ്പന്നമാണ് മോദി എന്ന കാഴ്ചയാണ് കഴിഞ്ഞ മുന്ന് വര്‍ഷങ്ങള്‍ നമുക്ക് സമ്മാനിക്കുന്നത്. ഇല്ലാത്ത ഒന്നിനെ ആക്രമണോത്സുകമായ പ്രചാരണപ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ത്തിക്കാണിച്ചത്തിലൂടെ സൃഷ്ടിക്കപ്പെട്ട അന്ത:സാരശൂന്യവും നിരവധി കുറവുകളുമുള്ള ഒരു ഉല്‍പ്പന്നം. ഈ ബിംബനിര്‍മ്മിതിക്കായി പണവും അധികാരവും സ്വാധീനവും ഭീഷണിപ്പെടുത്തലുമൊക്കെ സമാസമം ചേര്‍ക്കപ്പെട്ടു.ഒരു ഉല്‍പ്പന്നം അമിതമായി വില്‍ക്കപ്പെട്ടാല്‍ പിന്നീട് അത് വില്‍ക്കുക പ്രയാസമാണെന്ന് വിപണന വിദഗ്ധര്‍ നിങ്ങളോട് പറയും. ഒരു ഉല്‍പ്പന്നം ഒരിക്കല്‍ മാത്രമേ നിങ്ങള്‍ക്ക് അമിതമായി വില്‍ക്കാന്‍ സാധിക്കൂ. ആ ഉല്‍പ്പന്നം അര്‍ഹിക്കുന്നതിനേക്കള്‍ അധികമായി മോദി ഇതിനകം തന്നെ വില്‍ക്കപ്പെട്ടിരിക്കുന്നു.

ഇവിടെയാണ് രാഹുല്‍ ഗാന്ധിയുടെ സാധ്യതകള്‍ നിലനില്‍ക്കുന്നത്. ഇതുവരെ ശരിയായ രീതിയില്‍ വില്‍ക്കപ്പെട്ടിട്ടില്ലാത്ത ഒരു ഉല്‍പ്പന്നമാണ് രാഹുല്‍. എന്നുമാത്രമല്ല, 2014 തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹത്തിനെതിരായ വിഷലിപ്തമായ പ്രചാരണം അഴിച്ചുവിട്ട ആക്രമണോത്സുക സംഘപരിവാര്‍ ട്രോളുകളുടെ ഫലമായി പലപ്പോഴും പരിഹാസ്യനായി മാറുന്ന ഒരു വ്യക്തിത്വം കൂടിയാണ് ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരന്‍. ആ ആക്രമണം സംഘടിതമായിരുന്നു. അത് വിജയിക്കുകയും ചെയ്തു. നിരവധി കോണ്‍ഗ്രസുകാര്‍ പോലും അതില്‍ വീണു.

ഗാന്ധികുടുംബത്തില്‍ പിറന്നതുകൊണ്ടുമാത്രം നേതാവാകാനുള്ള അവകാശം ലഭിച്ച മനുസുറപ്പില്ലാത്ത 'പപ്പു'വായി രാഹുല്‍ തരംതാഴ്ത്തപ്പെട്ടു. താന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്നും രാഹുല്‍ ദുര്‍ബലനാണെന്നും ചിത്രീകരിക്കുന്ന തരത്തില്‍ മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായ മോദി അഴിച്ചുവിട്ട കൗശലപൂര്‍ണമായ ഒരു വിപണന തന്ത്രമായിരുന്നു അത്.

പക്ഷെ ആ ദിവസങ്ങള്‍ കടന്നുപോയിരിക്കുന്നു. ഭംഗയായി പൊതിഞ്ഞ് വില്‍ക്കാവുന്ന ഒരു ഉല്‍പ്പന്നമാണ് രാഹുല്‍. പൊതുവില്‍ കരുതപ്പെടുന്നതിനേക്കാള്‍ ആഴമുള്ള വ്യക്തിത്വമാണ് രാഹുലെന്നതിനുള്ള പ്രത്യക്ഷ ഉദാഹരണമായിരുന്നു അദ്ദേഹത്തിന്റെ സമീപകാലത്തെ യുഎസ് സന്ദര്‍ശനവും പ്രവാസി ഇന്ത്യക്കാരുമായുള്ള സംവാദങ്ങളും. അനുകമ്പയുടെയും നാനാത്വത്തിന്റെയും ഭരണഘടനയോടുള്ള പ്രതിബദ്ധതയും അടങ്ങുന്ന യഥാര്‍ത്ഥ ഇന്ത്യന്‍ മൂല്യങ്ങളെ മോദിയെക്കാള്‍ ഭംഗിയായി പ്രതിനിധാനം ചെയ്യുന്നത് രാഹുല്‍ ഗാന്ധിയാണ്.

നിലവില്‍ എളുപ്പത്തില്‍ വിപണനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒരു ഉല്‍പ്പന്നമാണ് രാഹുല്‍. കോണ്‍ഗ്രസ് അണികളുടെ വന്യമായ സ്വപ്‌നങ്ങള്‍ക്കും മോദി ഭക്തരുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തേക്ക് നാടകീയമായ രീതിയില്‍ രാഹുലിന്റെ രാഷ്ട്രീയരേഖ വളരുകയാണെങ്കില്‍ അതില്‍ അത്ഭുതത്തിന് അവകാശമില്ല. രണ്ട് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ഒരു നിര്‍ണായക വഴിത്തിരിവായേക്കാം.

പക്ഷെ അഴിമുഖത്തെ പോലെയുള്ള ലിബറല്‍ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു ആഘോഷവേളയൊന്നുമല്ല. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തില്‍ നിന്നും നമ്മള്‍ കുടുംബ വാഴ്ചയുടെ നേതൃത്വത്തിലേക്ക് മടങ്ങിപ്പോകുന്നു എന്ന് മാത്രമേ ജനാധിപത്യത്തിത്തിന്റെ യഥാര്‍ത്ഥ സത്തയില്‍ വിശ്വസിക്കുന്ന ഞങ്ങളെ പോലുള്ളവര്‍ക്ക് കരുതാനാവൂ. വിദ്വേഷത്തിന്റെ രാഷ്ട്രീയവും കുടുംബാധിപത്യവും യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ജനാധിപത്യമല്ല. അതുകൊണ്ട് തന്നെ ഒരു സ്വതന്ത്ര ജനാധിപത്യമായി മാറാന്‍ ഇന്ത്യയ്ക്ക് ഏറെ കാത്തിരിക്കേണ്ടി വരും.

Next Story

Related Stories