TopTop
Begin typing your search above and press return to search.

വിജയ മല്യ മുതല്‍ മെഹുല്‍ ചോക്സി വരെ; എന്തുകൊണ്ട് ഇവര്‍ ഇന്ത്യയുടെ പുത്തന്‍ കാലത്തിലേക്കുള്ള യാത്രയിലെ കൊള്ളത്തലവന്മാരാണ്

വിജയ മല്യ മുതല്‍ മെഹുല്‍ ചോക്സി വരെ; എന്തുകൊണ്ട് ഇവര്‍ ഇന്ത്യയുടെ പുത്തന്‍ കാലത്തിലേക്കുള്ള യാത്രയിലെ കൊള്ളത്തലവന്മാരാണ്
ഇന്ത്യയിലെ അതിധനികരില്‍ ചിലരാണവര്‍, പക്ഷെ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്താനാവില്ല, അല്ലെങ്കില്‍ അവര്‍ക്കതിനാഗ്രഹമില്ല. ഇന്ത്യയിലെ ബാങ്കുകളെ പറ്റിച്ച്, തക്കം നോക്കി വിദേശത്തേക്ക് കടന്ന്, അവസാനം ഇന്ത്യന്‍ പാസ്പോര്‍ട്ടും വേണ്ടെന്നുവെച്ച കോടീശ്വരന്മാരുടെ പട്ടികയില്‍ അവസാനം കയറിയത് രത്‌ന വ്യാപാരിയായ മെഹുല്‍ ചോക്സിയാണ്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി ബാങ്ക് വായ്പ പ്രതിസന്ധി ഒരു മഹാദുരന്തമായി വലുതായതോടെ ഇന്ത്യയിലെ പല പ്രശസ്തരായ ധനികരും രാജ്യം വിട്ടു. പുതിയ കണക്കനുസരിച്ച് ഏതാണ്ട് അര ഡസനോളം വരും ആ ഗണത്തില്‍ ഇപ്പോഴുള്ളവര്‍. പക്ഷെ ഇന്ത്യയുടെ പുത്തന്‍ കാലത്തിലേക്കുള്ള യാത്രയിലെ കൊള്ളത്തലവന്മാരാണ് വാസ്തവത്തിലവര്‍. അവരില്‍ മിക്കവരും ഇന്ത്യന്‍ ബാങ്കുകളെ ഭീമമായ തോതില്‍ സാമ്പത്തികമായി വെട്ടിച്ചവരാണ്, തങ്ങളുടെ കച്ചവടങ്ങള്‍ തകരുന്നത് കണ്ടവരാണ്, നിയമ, അന്വേഷണ ഏജന്‍സികള്‍ പിടിമുറുക്കിയപ്പോള്‍ ഇന്ത്യയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടവരുമാണ്.

ഇപ്പോളവര്‍ ലണ്ടന്‍, സെയിന്റ് കിറ്റ്‌സ്, സിംഗപ്പൂര്‍, അങ്ങനെ പലയിടങ്ങളിലുമുണ്ട്. അവരെല്ലാവരും തങ്ങളെ ഇന്ത്യയിലേക്ക് തിരിച്ചയക്കാതിരിക്കാന്‍ അതാതിടങ്ങളിലെ കോടതികളില്‍ നിയമയുദ്ധം നടത്തുകയാണ്. ചിലര്‍ രാഷ്ട്രീയാഭയം ആവശ്യപ്പെടുന്നു. മറ്റു ചിലര്‍ ഇന്ത്യന്‍ തടവറകളുടെ മോശം സാഹചര്യങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയുമൊക്കെ ഇന്ത്യയിലെത്തി വിചാരണ നേരിടാനുള്ള ബുദ്ധിമുട്ടുകളായി അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഒളിച്ചോടിയ ഇന്ത്യന്‍ ധനികര്‍ ഇവരാണ്:

വിജയ് മല്യ: കൊട്ടാരം പോലുള്ള വീടുകളുടെയും സുന്ദരികളായ യുവതികളുമൊത്തുള്ള ആഘോഷങ്ങളുടേയും, ഒടുവില്‍ ഇന്ത്യന്‍ ബാങ്കുകളെ 7000 കോടി രൂപയോളം പറ്റിച്ച ഒരു വിമാന കമ്പനിയുടെയും പേരില്‍ അറിയപ്പെടുന്നു ഈ മദ്യ രാജാവ്. അയാള്‍ ഇന്ത്യന്‍ ധനികരുടെ നേര്‍പ്പകര്‍പ്പാണ്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ അംഗമായിരുന്നു. ഒരു F1 കാറോട്ട സംഘമുണ്ടായിരുന്നു. ഒരു വിലയേറിയ ക്രിക്കറ്റ് ടീമുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും ധനികരും താരപ്പൊലിമയുള്ളവരുമായി അയാള്‍ ആഘോഷരാവുകള്‍ നടത്തി-ഗോവ ബീച്ചില്‍ ഒരിക്കലയാളുടെ പിറന്നാളോഘോഷത്തില്‍ പാട്ടുപാടിയത് എന്റിക്ക ഇഗ്ലേസിയാസ് ആയിരുന്നു.അതിന്റെ നല്ല കാലത്ത് അയാളുടെ UB ഗ്രൂപ്പിന് 9 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വിറ്റുവരവുണ്ടായിരുന്നു. പക്ഷെ എന്നയാളുടെ മിക്ക വസ്തുവഹകളും സര്‍ക്കാര്‍ ഏജന്‍സികള്‍ കണ്ടുകെട്ടിയിരിക്കുന്നു. ഇന്ത്യയിലെ കൊള്ളക്കാരായ വ്യാപാര ഭീമന്മാരുടെ പ്രതീകമാണിന്നയാള്‍. ആള്‍താമസമില്ലാത്ത മാളികകളും, ചാര്‍ട്ടര്‍ വിമാനങ്ങളുമെല്ലാം, അയാളുടെ പ്രതാപകാലത്തിന്റെ മങ്ങുന്ന ബാക്കിപത്രങ്ങളായി കിടക്കുന്നു. അവസാന നിമിഷം രക്ഷപ്പെടാന്‍ അയാള്‍ക്കെങ്ങനെ കഴിഞ്ഞു എന്നാണ് ബാക്കിയാകുന്ന ചോദ്യം. ആരാണയാളെ സഹായിച്ചത്?

ജതിന്‍ മേത്ത: അയാളുടെ വിന്‍സം ഡയമന്‍ഡ്സ് പല തരത്തിലും തരംഗം സൃഷ്ടിച്ചുകൊണ്ടിരുന്നു, കണ്ണും പൂട്ടിയുള്ള വ്യാപാര വിപുലീകരണത്തിലും, ആഭരണ വ്യവസായത്തിലെ പുത്തന്‍ മാതൃകകളിലും. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി അയാളുടെ കച്ചവടത്തിന്റെ ഉള്ളറകള്‍ തുറന്നുതുടങ്ങി. ബാങ്കുകള്‍ക്കുള്ള 7000 കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടക്കിയെന്നു മാത്രമല്ല, ആഗോള പ്രാകൃതിക രത്‌ന വിതരണ ശൃംഖലയില്‍ മേത്ത സിന്തറ്റിക് രത്‌നങ്ങള്‍ തള്ളിക്കയറ്റുന്നു എന്ന് ആഗോള രത്ന വ്യവസായം സംശയിക്കാനും തുടങ്ങിയിരുന്നു. സിംഗപ്പൂരില്‍ അയാള്‍ നടത്തിയിരുന്ന പരീക്ഷണശാലയിലേക്കായിരുന്നു അന്വേഷണം ചെന്നെത്തിയത്. വിവാദങ്ങള്‍ പെരുകിയതോടെ അയാള്‍ വായ്പ തിരിച്ചടവ് മുടക്കി, ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു, ഇപ്പോള്‍ കരീബിയന്‍ ദ്വീപില്‍ എവിടെയോ ആണ്. മേഹുല്‍ ചോക്സിയുടെ മാതൃക ഇയാളാണ്.ലളിത് മോദി: അയാളൊരു കുഴപ്പക്കാരന്‍ കുട്ടിയായിരുന്നു. സ്‌കൂളില്‍ നിന്നും പുറത്താക്കി. യുഎസില്‍ മയക്കുമരുന്ന് കടത്തിനും തട്ടിക്കൊണ്ടുപോകലിനും പിടിയിലായി. കുടുംബത്തിന്റെ ആഗ്രഹങ്ങളെ മറികടന്ന് അമ്മയുടെ അടുത്ത കൂട്ടുകാരിയെ വിവാഹം കഴിച്ചു. കെട്ടുകഥ പോലൊരു വ്യാപാര കുടുംബത്തിലെ ഈ അംഗം രണ്ടു ദശാബ്ദത്തോളം ക്രിക്കറ്റ് ഭരണ സമിതികളിലേക്കുമെത്തി. 2008ല്‍ ക്രിക്കറ്റിലെ പണമൊഴുകുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങി. ഇന്ത്യയിലെ സമ്പന്നര്‍ക്കൊപ്പം സ്വകാര്യ വിമാനത്തില്‍ പറന്നു നടന്ന മോഡി ഉത്സവം പോലെയുള്ള ഐ പി എല്‍ മത്സരങ്ങളിലൂടെ രാജ്യത്തിന്റെ കളിനിയമങ്ങളെ മാറ്റിമറിച്ചു. വെറും രണ്ടു വര്‍ഷത്തിനുളളില്‍ ക്രിക്കറ്റ് ഭരണസമിതിയില്‍ നിന്നും മോഡി പുറത്തായി. നിരവധി തട്ടിപ്പുകള്‍ ആരോപിക്കപ്പെട്ട അയാള്‍ ലണ്ടനിലേക്ക് മുങ്ങി. അവിടെയും അയാളിപ്പോഴും രാജാവിനെപ്പോലെ ജീവിക്കുന്നു, പൊതുദൃഷ്ടിയില്‍ നിന്നും അല്പം മാറി.നിരവ് മോദി: ഒരു കാലത്ത് Christie's, Sothbey എന്നിവയുടെ വില്‍പ്പന പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്ന മോദിയുടെ ബ്രാന്‍ഡിന് മാഡിസണ്‍ അവന്യൂവിലും എം ജി എം മക്കാവുവിലും സ്വന്തം വില്‍പ്പന ശാലകളുണ്ടായിരുന്നു. ഒരു ബാങ്ക് തട്ടിപ്പിന്റെ പുറത്താണ് അയാള്‍ ശതകോടികളുടെ ആഗോള രത്‌ന വ്യാപാരം കെട്ടിപ്പടുത്തത്.ഇന്നിപ്പോള്‍ ഇന്റര്‍പോള്‍ തിരയുന്ന കുറ്റവാളിയാണയാള്‍. യുകെയില്‍ എവിടെയോ ഒളിവിലുണ്ടെന്ന് കരുതുന്നു. അയാളുടെ ബാങ്ക് തട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയ സമയത്ത് അയാള്‍ ദാവോസില്‍ ലോക സാമ്പത്തിക സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കയ്യെത്താവുന്ന അത്ര അടുത്ത് നിന്നുകൊണ്ട് പ്രത്യക്ഷപ്പെട്ടിരുന്നു.സന്ദേശരാസ്: അസാധാരണക്കാരായ ഒരു ഗുജറാത്തി വ്യാപാര കുടുംബമാണവര്‍. കാരണം എരുമക്കൊമ്പുകളില്‍ നിന്നും ജെലാറ്റിന്‍ നിര്‍മ്മിച്ച് തുടങ്ങിയ അവര്‍ അതിശക്തമായ ബന്ധങ്ങളുള്ള വമ്പന്‍ വ്യാപാര സാമ്രാജ്യമാണ് കെട്ടിപ്പടുത്തത്. സ്വകാര്യ വിമാനങ്ങള്‍, ബോളിവുഡ് താരപ്പകിട്ടുള്ള വിരുന്നുകള്‍, വലിയ വിപുലീകരണങ്ങള്‍, നൈജീരിയയില്‍ എണ്ണപ്പാടങ്ങള്‍, രഹസ്യമായി രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈമാറിയ കോടികള്‍.ബാങ്ക് വായ്പകള്‍ തിരിച്ചടക്കാതെയായി, ബാങ്കുകള്‍ പതുക്കെ ശബ്ദമുണ്ടാക്കിത്തുടങ്ങി, പുതിയ ഇന്ത്യയിലെ പതിവ് സമ്പ്രദായത്തില്‍ സഹോദരന്മാരും കുടുംബങ്ങളും നാടുവിട്ടു. ഇപ്പോള്‍ നൈജീരിയയില്‍ ആണെന്നു സംശയിക്കുന്നു. ഇപ്പോള്‍ സി ബി ഐയില്‍ നടക്കുന്ന പ്രതിസന്ധിയിലും അവര്‍ കേന്ദ്രസ്ഥാനത്തുണ്ട്. അന്വേഷണ ഏജന്‍സികളുടെ കൈവശമുള്ള, സഹോദരന്മാരുടെ രഹസ്യ കുറിപ്പുകളിലെ സ്വാധീനമുള്ള വ്യക്തികളുടെ പേരുകളുടെ കൂട്ടത്തില്‍ സി ബി ഐ മുന്‍ പ്രത്യേക ഡയറക്ടര്‍ രാകേഷ് അസ്താനയുടെ പേരുമുണ്ട്.

Next Story

Related Stories