Top

ശബരിമല വിധി ഒരു മുന്നറിയിപ്പാണ്; ജീർണത ബാധിച്ച ക്രിസ്ത്യൻ, മുസ്‌ലിം മത വൈതാളികര്‍ക്കും

ശബരിമല വിധി ഒരു മുന്നറിയിപ്പാണ്; ജീർണത ബാധിച്ച ക്രിസ്ത്യൻ, മുസ്‌ലിം മത വൈതാളികര്‍ക്കും
പരിഷ്കരണങ്ങളും പുരോഗമന മൂല്യങ്ങളും, വിപ്ലവങ്ങളും ചരിത്ര മാറ്റങ്ങളും പോലെ, തീർത്തും അപ്രതീക്ഷിതമായ കോണുകളിൽ നിന്നായിരിക്കും വരുന്നത്. അത് വർണവെറിയുടെ പേരിൽ ഒരു ഒന്നാം ക്ലാസ് തീവണ്ടി മുറിയിൽ നിന്നും വലിച്ചുപുറത്തിട്ട ഒരു അഭിഭാഷകനിൽ നിന്നാകാം; ജറുസലേം ദേവാലയത്തിനെ വ്യാപാരശാലയാക്കിയതിൽ ക്ഷോഭം കൊണ്ട ഒരു ചെറുപ്പക്കാരനിൽ നിന്നാകാം; തങ്ങളുടെ ജനതയുടെ ജീവിതം മെച്ചപ്പെടുത്താൻ ഒരു ചായക്കടയിൽ കൂടിയ ഒരു ചെറുസംഘത്തിൽ നിന്നാകാം; തൊഴിലാളിവർഗത്തെക്കുറിച്ച് ചിന്തിച്ച ഒരു അസ്വസ്ഥനായ മനുഷ്യന്റെ വിസ്ഫോടനാത്മകമായ ചിന്തകളിൽ നിന്നാകാം.

ഈയടുത്തായി, നമ്മുടേതു പോലുള്ള അപൂർണമായ ജനാധിപത്യങ്ങളിൽ അത്തരം പരിഷ്കരണങ്ങൾ വരുന്നത് കോടതികളിൽ നിന്നുമാണ്. എഴുതിവെച്ച, കൃത്യമായ, ആധുനിക നീതിചിന്തയിൽ നിന്നും.

നൂറ്റാണ്ടുകൾ നീണ്ട സ്ത്രീവിരുദ്ധതയെയും പുരുഷാധിപത്യ കാഴ്ച്ചപ്പാടുകളുടെ ആചാരങ്ങളേയും, ഇക്കഴിഞ്ഞ എത്രയോ കാലങ്ങളായി അധികാരത്തിലിരിക്കുന്നവർക്കുവേണ്ടി വളച്ചൊടിച്ച മതവ്യാഖ്യാനങ്ങളെയും തള്ളിക്കളയുന്ന നാഴികകക്കല്ലാണ് ശബരിമല വിധി. അതിന്റെ വൈവിധ്യമാർന്ന സ്വഭാവവിശേഷം കൊണ്ടാകാം ഹിന്ദുമതത്തിലെ പല പരിഷ്‌കാരങ്ങളും വരുന്നത് കോടതി വിധികളിലൂടെയാണ്. ആ മതത്തിന്റെ ഉദാരമായ അടിത്തറകൾ മൂലം അത് പിന്തുടരുന്നവര്‍ മിക്കവാറും ആ വിധികളെ സ്വീകരിക്കുകയും മുന്നോട്ട് നീങ്ങുകയും ചെയ്തു.

പക്ഷെ നമ്മുടെ രാജ്യത്തെ മറ്റു പ്രധാന മതങ്ങളുടെ കാര്യത്തിൽ സ്ഥിതി ആശങ്കാജനകമാണ്. ക്രിസ്ത്യൻ, മുസ്‌ലിം മതങ്ങൾ പല പിന്തിരിപ്പൻ രീതികളും സംരക്ഷിച്ചു നിർത്തുന്നതിനും, അപലപനീയമായ അധികാരഘടനകളും ആളുകളെ ചൂഷണം ചെയ്യുന്നതും നിലനിർത്താനും തങ്ങളുടെ ന്യൂനപക്ഷ പരിരക്ഷ ഉപയോഗിക്കുന്നുണ്ട്. ആ മതങ്ങളിലെ അധികാരകേന്ദ്രങ്ങൾക്കും വിശ്വാസികൾക്കും ശബരിമല വിധി ഒരു മുന്നറിയിപ്പാണ്.

ക്രിസ്ത്യൻ മതത്തിലെ സംഘടിത വിഭാഗങ്ങളെ നോക്കുക. കുട്ടികൾക്കെതിരായ പുരോഹിതന്മാരുടെ ലൈംഗിക പീഡനങ്ങൾക്കെതിരെ പടിഞ്ഞാറൻ രാജ്യങ്ങളിലെ സഭകളിൽ വലിയ പരിഷ്ക്കാരങ്ങളും മുന്നേറ്റങ്ങളും നടക്കുമ്പോൾ ഇന്ത്യൻ സഭ നിശബ്ദമാണ്‌. അതിന്റെ ഘടനയെ സരംക്ഷിക്കാനെന്ന പേരിൽ അത് കുറ്റകൃത്യങ്ങൾ വരെ ചെയ്യുമ്പോഴും ആഭ്യന്തര പരിഷ്ക്കരണങ്ങളോട് തീർത്തും അടഞ്ഞ സമീപനമാണ് അവർ സ്വീകരിക്കുന്നത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തിൽ കാത്തലിക് സഭയുടെ നിലപാട് അപലപനീയമാണ്. ഗുരുതരമായ ആരോപണങ്ങളിൽ അവർ മൗനം പാലിക്കുക മാത്രമല്ല, അവരിൽ മിക്കവരും, പലതവണ ബലാത്സംഗം നടത്തി എന്ന കുറ്റാരോപണം നേരിടുന്ന ബിഷപ്പിനെ സംരക്ഷിക്കാനാണ് സകലശ്രമവും നടത്തിയത്.

മുതിർന്നതിനു ശേഷമുള്ള ജീവിതം മുഴുവൻ കന്യാസ്ത്രീ മഠത്തിൽ കഴിച്ചുകൂട്ടിയ ഒരു സ്ത്രീയെ, അവർ ബലാത്സംഗം ചെയ്യപ്പെട്ടതിനെതിരെ പരാതി നൽകാൻ വൈകിയതിനെ ചോദ്യം ചെയ്തും, അവരുടെ സ്വഭാവശുദ്ധിയെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചും, അവരെ നിശ്ശബ്ദയാക്കാൻ കോഴ വാഗ്ദാനം ചെയ്തും, രാഷ്ട്രീയ ബന്ധങ്ങൾ ഇതിനൊക്കെയായി ദുരുപയോഗം ചെയ്തതുമൊക്കെ സഭാനേതൃത്വത്തിന്റെ വലിയ പിഴകളും കുറ്റങ്ങളുമാണ്.

സീറോ മലബാർ സഭ, കർദിനാൾ ആലഞ്ചേരി ഉൾപ്പെട്ട ഭൂമിവിവാദത്തിൽ നാണംകെട്ടു നിൽക്കുമ്പോഴാണ് ബിഷപ്പ് ഫ്രാങ്കോ സംഭവത്തിൽ സഭ ഇങ്ങനെ ഇടപെടുന്നത് എന്നുമോർക്കണം. സഭയിൽ എന്താണ് സംഭവിക്കുന്നത് എന്നതിനൊരു ഘടനയുണ്ടെങ്കിൽ അത് വളരെ ലളിതമാണ്: സമ്പത്തും, ആത്മീയ കുത്തകയും, വലിയ വിഭവസ്രോതസുകളും കൊണ്ട് ലഹരിപിടിച്ച അതിന്റെ നേതൃത്വം, ഇപ്പോൾ ഒരുകൂട്ടം അസാന്മാർഗികളും അധാർമ്മികളുമായ പുരുഷന്മാരുടെ ഗൂഢസംഘമായിരിക്കുന്നു. അതെ, അധികാരപ്രമത്തരായ ഒരുകൂട്ടവും പുരുഷന്മാരുടെ കേളീശാലയാണത്.

യേശു ക്രിസ്തു തിരിച്ചറിയുന്ന സഭയല്ല ഇത്. ദേവാലയത്തിനെ വാണിജ്യശാലയാക്കി മാറ്റിയവരെ ചാട്ടക്കടിച്ചു പുറത്താക്കാൻ കുപിതനായ യേശു പാഞ്ഞുകയറിയ ആ ജറുസലേം ദേവാലയം പോലെയാണ് സഭയിപ്പോൾ.

ഇസ്ളാമിലെ അവസ്ഥ ഇതിലും മോശമാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭൂരിപക്ഷപ്രീയ സ്വഭാവവും, അവരുടെ ന്യൂനപക്ഷ അവസ്ഥയും, ഏറ്റവും നിർണായകമായി ഹിന്ദുത്വ ഭൂരിപക്ഷ രാഷ്ട്രീയം അവരെ പ്രതിനായകരാക്കി ചിത്രീകരിക്കുന്ന പ്രക്രിയയും മൂലം ആ മതം ആഭ്യന്തരവും ബാഹ്യവുമായ പ്രതിസന്ധികളെ നേരിടുകയാണ്. പക്ഷെ, ഇസ്ളാമിക നേതൃത്വം അവരുടെ പ്രശ്നങ്ങളുടെ പരിഹാരത്തിനു സഹായിക്കുന്നില്ല. ആ സമുദായം പുരോഗതിയിലേക്ക് നടക്കാൻ പൊരുതുമ്പോഴും അതിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ നേതൃത്വത്തിലെ ഭൂരിപക്ഷം പേരും, അടിച്ചമർത്തലിന്റെയും വെറുപ്പിന്റെയും അസംബന്ധ ധാരണകളുടെയും ദല്ലാളുകളാണ്. ഒരു തനി ഇസ്‌ലാമിക പ്രചാരകന്റെ പ്രസംഗം കേട്ടാൽ മതി ഇത് മനസിലാക്കാൻ.

ഇസ്‌ലാമിക ചരിത്രത്തിൽ നിന്നും തെരഞ്ഞെടുത്ത ചില ഭാഗങ്ങൾ പൊലിപ്പിച്ചുപറഞ്ഞു, ഉദാരവും അനുതാപഭരിതവുമായ നിരവധി ചിന്തകളെ അവഗണിച്ചുകൊണ്ട്, മുല്ലമാർ ആ മതത്തെ കയ്യേറുകയും അതിനെ ഏതാണ്ട് നാശമാക്കുകയും ചെയ്തിരിക്കുന്നു. ഇതിന്റെ ഇരകളാകട്ടെ സാധാരണക്കാരായ മുസ്ലീങ്ങളാണ്. ഈ മതപ്രഭാഷകർ ഉണ്ടാക്കുന്ന മുൻവിധികളിൽപ്പെട്ട് ഉലഞ്ഞുപോവുകയാണ് അവരുടെ സാധാരണ ജീവിതത്തിലെ സ്വപ്നങ്ങൾ. ഒരേ സമയം ഹിന്ദുമതത്തിലെ ഗോപൂജക്കാരും സംരക്ഷകരും മനുഷ്യരോടുള്ള വെറുപ്പിന്റെയും പ്രചാരകരായിരിക്കുന്ന അതെ സ്ഥിതിയാണ് ഇസ്‌ലാമിനെ ദുരുപയോഗം ചെയ്യുകയും വിഢിത്തം നിറഞ്ഞ ചിന്തകൾ കുത്തിക്കയറ്റാൻ ശ്രമിക്കുന്ന ഇവരും ചെയ്യുന്നത്.

ഇസ്‌ലാമിൽ പരിഷ്കരണം ആവശ്യമാണ്. അവരുടെ സവിശേഷമായ സ്ഥാനംകൊണ്ട് ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിൽ നിന്നുതന്നെ അതുണ്ടാകണം. ഇന്ത്യയുടെ അതിർത്തിക്കപ്പുറത്തേക്കും വ്യാപിക്കാനുള്ള ശേഷി ആ പരിഷ്‌ക്കരണത്തിനുണ്ടാകും.

ഇന്ത്യയിലെ ഇസ്‌ലാമിനും ക്രിസ്ത്യൻ മതത്തിനും ഇത് സ്വയംവിമർശനത്തിനുള്ള കാലമാണ്. അല്ലെങ്കിൽ ഈയടുത്ത മാസങ്ങളിൽ നാം കണ്ടതുപോലുള്ള അവരെ പിടിച്ചുലയ്ക്കുന്ന സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും.

ഇപ്പോൾ ജീർണത ബാധിച്ച ഈ സംഘങ്ങളിൽ നിന്നും ദുർഗന്ധം പരക്കുകയാണ്. ഒരു അടിയന്തര ശസ്ത്രക്രിയക്ക് അവരെ രക്ഷിക്കാൻ കഴിഞ്ഞേക്കും. അല്ലെങ്കില്‍ നമുക്ക് കിട്ടുന്നത് നിയന്ത്രിക്കാനാകാത്ത പകർച്ചവ്യാധിയായിരിക്കും.

https://www.azhimukham.com/edit-when-india-becomes-a-hindu-taliban-state/

https://www.azhimukham.com/edit-stand-up-and-give-solidarity-for-the-right-of-dissent-and-press-freedom/

https://www.azhimukham.com/india-rss-leader-tarun-vijays-racial-comments-on-south-indians/


Next Story

Related Stories